കേരളം നമ്മുടെ അഭിമാനം
text_fieldsഇത് കേരളമാണ് എന്ന് കേൾക്കുമ്പോൾ കേരളീയരായ കേരളീയരൊക്കെയും സാധാരണഗതിയിൽ ആവേശഭരിതരാവും. ഭാരതമെന്ന് കേൾക്കുമ്പോൾ നമ്മെ അഭിമാനഭരിതമാക്കുന്ന അതേ മാനസികാവസ്ഥയുടെ സൂക്ഷ്മപ്രയോഗമാണ്, കേരളമെന്ന് കേൾക്കുമ്പോൾ നമ്മുടെ ഞരമ്പുകളെ തീ പിടിപ്പിക്കുന്നത്. ഒന്ന് വിശാലവാദവും മറ്റൊന്ന് സങ്കുചിതവാദവുമല്ല. പ്രാദേശികതയിൽനിന്നാണ് ദേശീയതയിലേക്കും സാർവദേശീയതയിലേക്കും എന്തിന് പ്രാപഞ്ചികതയിലേക്കുപോലും മനുഷ്യർ പ്രവേശിക്കുന്നത്. അതുകൊണ്ടാണ് ജനകീയ ദേശീയതകൾ എല്ലാതരത്തിലുള്ള ഉൾക്കൊള്ളലുകളെയും ഉയർത്തിപ്പിടിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നത്. അതേസമയം, സ്വന്തമെന്ന് കരുതുന്നതൊഴിച്ച്, മറ്റെല്ലാറ്റിനെയും തള്ളിക്കളയുന്ന, മേൽക്കോയ്മാ ദേശീയത, ഇത് കേരളമാണെന്ന് കേൾക്കുമ്പോൾ കിടിലംകൊള്ളും. ഭാഷാസംസ്ഥാന രൂപവത്കരണത്തെതന്നെ വിഘടനവാദമായി മുദ്രചാർത്തിയ സംഘ്പരിവാർ ശക്തികളെ സംബന്ധിച്ചിടത്തോളം കേരളം നിരവധി സംസ്ഥാനങ്ങളിൽ ഒന്നെന്നതിനപ്പുറം മുമ്പും ഇന്നും ഒരു പ്രശ്നസംസ്ഥാനമാണ്. മലയാളികളുടെ സാംസ്കാരിക പ്രബുദ്ധതയുടെ ഭാഗമായ കൊച്ചി ബിനാലെ, മുസിരിസ് ഗവേഷണം, നേറ്റിവിറ്റികാർഡ്, കേന്ദ്രസർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള നിരന്തര ഇടപെടലുകൾ എന്നിവയാണ് ഫാഷിസ്റ്റുകളെ ആഴത്തിൽ അസ്വസ്ഥമാക്കുന്നത്. ഏപ്രിൽ ഒമ്പതിന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനെപ്പോലും അവർ അടയാളപ്പെടുത്തുന്നത്, തങ്ങൾ ദേശീയമുഖ്യധാരയെന്ന് വിളിക്കുന്ന മേൽക്കോയ്മാ ദേശീയതയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലുള്ള ഒരേറ്റുമുട്ടലായാണ്.
കേരളീയ സമൂഹം ദേശീയ മുഖ്യധാരയോട് ചേരുന്നതിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലുള്ള മത്സരംകൂടിയാണ് ഇപ്പോൾ നടക്കുന്നത്. ബി.ജെ.പി നയിക്കുന്ന ദേശീയ ജനാധിപത്യസഖ്യം ആ പേര് സൂചിപ്പിക്കുന്നതുപോലെ ഭാരതത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും യഥാർഥ ജനക്ഷേമത്തിനും വേണ്ടി നിലക്കൊള്ളുന്നുവെന്ന് പറയുന്നു! കേരള കേരളം ആയതിനെ സ്വാഗതം ചെയ്യുമ്പോഴും, അതിൽപോലും കമ്യൂണിസ്റ്റ് വിരുദ്ധതയുടെ സാന്നിധ്യമാണ് ഫാഷിസ്റ്റുകൾ കാണുന്നത്. മലയാളിയുടെ ആത്മബോധത്തെ ആകാശത്തോളമുയർത്താൻ സഹായിച്ച, അതുവഴി കേരളംകൂടി ഉൾപ്പെടുന്ന ഇന്ത്യൻ ദേശീയതക്ക് ഊർജം പകർന്ന ഇ.എം.എസിന്റെ ‘കേരളം മലയാളികളുടെ മാതൃഭൂമി’ എന്ന പുസ്തകം അവരുടെ കാഴ്ചപ്പാടിൽ പേരുകൊണ്ടും ഉള്ളടക്കംകൊണ്ടും വേറിടൽ വാദത്തെ പിൻപറ്റുന്നതാണ്.
വിഷ്ണു നമ്പൂതിരി, ജാതിവാലിന് തീകൊളുത്തി വിഷ്ണുഭാരതീയനായപ്പോൾ; മറ്റൊരു സ്വാതന്ത്ര്യസമര പോരാളിയായ കുഞ്ഞപ്പൻ നമ്പ്യാർ, ആ നമ്പ്യാരെ പറത്തി കെ.എ. കേരളീയനായും മാറി! ‘Some said Bharatheeyan, I said Keraleeyan’. ഇതാണ് ജനകീയ ദേശീയതയുടെ ഉജ്ജ്വല പ്രഖ്യാപനം!
ഇന്ത്യയെ സ്വതന്ത്രമാക്കാനുള്ള നിസ്സഹകരണ സമരസന്ദർഭത്തിലാണ്, പേര് ചോദിച്ച മജിസ്േട്രറ്റിനോട്, എന്റെ പേര് കേരളീയൻ എന്ന് കുഞ്ഞപ്പൻ നമ്പ്യാർ അഭിമാനത്തോടെ പറഞ്ഞത്. നിങ്ങൾ ഭാരതീയനാണെങ്കിൽ, ഞാൻ കേരളീയനാണ് എന്ന ആ പ്രഖ്യാപനംകൂടി ചേരുമ്പോഴാണ് ജനകീയ ദേശീയത സമ്മോഹനമാകുന്നത്. എന്നാൽ, പലവിധ കാരണത്താൽ നവഫാഷിസ്റ്റുകൾ പുലർത്തുന്ന മുൻവിധികളിൽ മാത്രം അധിഷ്ഠിതമായ രോഗത്തിന്, കൂടുതൽ കൂടുതൽ മതേതരത്വ കഷായമല്ലാതെ മറ്റൊരു മരുന്നുമില്ല. ആറ്റം പിളർക്കുന്നതിനേക്കാൾ എത്രയോ പ്രയാസകരമാണ് മുൻവിധികൾ പൊളിക്കുന്നത് എന്ന് ആൽബർട്ട് ഐൻസ്റ്റൈൻ പറഞ്ഞത്, വർത്തമാനകാല നവഫാഷിസ്റ്റ് പശ്ചാത്തലത്തിൽ എത്രയോ പ്രസക്തമാണ്.
അയോധ്യയെന്ന ഒരു ചെറിയ സ്ഥലത്തെ ഇന്ത്യ മുഴുവനുമാക്കി ഫാഷിസ്റ്റുകൾ മാറ്റിയത് സർവത്ര വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിത്തുകൾ വിതച്ചുകൊണ്ടാണ്. അന്നും ഇന്നും പരിമിതികളോടെ അതിനെ പ്രതിരോധിക്കുന്നതിൽ മുന്നിൽ നിൽക്കുന്നത് മതനിരപേക്ഷ ഇടതുപക്ഷ കേരളമാണ്. കേരളം കേരളമായി നിൽക്കുന്നതോടൊപ്പം, അയോധ്യക്കു പകരം പ്രബുദ്ധ കേരളത്തെ ഇന്ത്യയാക്കി സ്നേഹസൗഹൃദ പിൻബലത്തിൽ പുനർ നിർമിക്കാനാവശ്യമായ ജനായത്ത ആശയങ്ങളുടെ ഉൽപാദന കേന്ദ്രമായതുകൊണ്ടാണ്, കേരളമെന്ന് കേൾക്കുമ്പോൾ ചോര തിളക്കുന്നതിനു പകരം, ഫാഷിസ്റ്റുകൾ ചോര ഒഴുക്കാനുള്ള അവസരങ്ങൾ തിരക്കുന്നത്. അവരുടെ ശത്രു പട്ടികയിൽ മുസ്‍ലിം, ക്രിസ്ത്യൻ, കമ്യൂണിസ്റ്റ്, ഗാന്ധിയൻ, നെഹ്റുവിയൻ തുടങ്ങിയ പതിവ് വിഭാഗങ്ങൾക്കൊപ്പം മല്ലു എന്ന മലയാള ഭാഷാസ്വത്വവും ഇപ്പോൾ ചേർക്കപ്പെട്ടിരുന്നു. എൻ.എസ്. മാധവന്റെ ‘പാല് പിരിയും കാലം’ എന്ന കിടിലം കൊള്ളിക്കുന്ന കഥയിലെ പ്രധാന കഥാപാത്രമായ സാബുവിനെ പരാമർശിക്കുന്നിടത്ത്, മുസ്‍ലിമല്ല പക്ഷേ മല്ലു ആണ് എന്ന പ്രയോഗം ആ അർഥത്തിലാണ് ശ്രദ്ധേയമായൊരു അപകടചിഹ്നമാവുന്നത്.
ഇംഗ്ലീഷിലെ, Tea എന്നെഴുതിയ കപ്പിലെ ‘ടി’ക്ക് കുരിശിന്റെ രൂപം ഉള്ളതുകൊണ്ട് തിരുപ്പതിയിൽ ആ കട അടപ്പിച്ചു! മുസ്‍ലിമിനെ വാഹനത്തിൽ കയറ്റില്ലെന്ന് റാപിഡോടാക്സി ൈഡ്രവർ സുഭാഷ് റാവത്ത് ശഠിച്ചതും ഫോണിലൂടെ അസഭ്യവർഷം നടത്തിയതും സാക്ഷാൽ തലസ്ഥാന നഗരിയിലാണ് അരങ്ങേറിയത്. കർണാടകയിലെ ചിക്കമഗളൂരു ജില്ലയിലെ മുഡിേഗ്രയിലെ സി.എസ്.ബി.ജി കോളജിലെ ധന്യശ്രീക്ക് ആത്മഹത്യ ചെയ്യേണ്ടിവന്നത്, അയൽക്കാരനായ മുഹമ്മദ് ഹനീഫയുമായി സൗഹൃദം പങ്കുവെച്ചതിനാണ്. ഹരിദ്വാറിൽ നടന്ന ധർമസംസദിലാണ് യതിനരസിംഹാനന്ദ, മുസ്‍ലിംകളെ കൂട്ടക്കൊല ചെയ്യുന്നവർക്ക് ഒരുകോടി രൂപ ഇനാം പ്രഖ്യാപിച്ചത്. 2021 ഡിസംബർ 17നാണ്, ഒരു ആത്മീയ നേതാവ് ഈ വിധം ആേക്രാശിച്ചത്. ആത്മശുദ്ധീകരണം ആത്മനശീകരണമാവുന്ന, വിമലീകരണത്തിലും ഉദാത്തവത്കരണത്തിലും ഊന്നിയിരുന്ന മതാത്മകത കൊലവിളിയിലേക്കും അപരവിദ്വേഷത്തിലേക്കും മറിഞ്ഞുവീഴുന്ന ഒരവസ്ഥക്കാണ് ഹരിദ്വാർ അലർച്ചകൾ സാക്ഷ്യം വഹിച്ചത്. സെക്യൂരിറ്റി സേവനം നൽകുന്ന മംഗളൂരുവിലെ, ഈശ്വരി മാൻപവർ സൊലൂഷൻസ് ലിമിറ്റഡ് എന്ന കമ്പനിയുടെ മൂലധനം മുസ്‍ലിം വ്യവസായികൾക്കും കച്ചവടക്കാർക്കും ഞങ്ങളോടുള്ള ഭയമാണെന്ന് പറയുന്നത് കമ്പനിസ്ഥാപകനും ബജ്റംഗ് ദൾ നേതാവുമായ ശരൺ പംപ് വെല്ലാണ്! ഭയം ഒരു വിഭാഗത്തെ അരക്ഷിതരാക്കുകയും മറ്റൊരു വിഭാഗത്തെ സമ്പന്നമാക്കുകയും ചെയ്യുന്ന ഒരവസ്ഥ ഒരു ജനാധിപത്യ പരിേപ്രക്ഷ്യത്തിൽ എത്ര സഹതാപാർഹമാണ്. പ്രണയവിവാഹത്തിൽ അകപ്പെടുന്ന ഒരു ഹിന്ദു യുവതിയെ ആ കുടുക്കിൽനിന്ന് രക്ഷപ്പെടുത്തിയാൽ നൂറ് പശുവിനെ രക്ഷിച്ച പുണ്യമുണ്ടെന്ന് പ്രചരിപ്പിക്കുന്ന ലഘുലേഖകളാണ് കേരളത്തിന് പുറത്ത് വ്യാപകമായി വിതരണം ചെയ്യപ്പെടുന്നത്.
ഇത് ഒരു സാംസ്കാരിക രാഷ്ട്രമാണ്. ഇനി ഞെട്ടിക്കുന്ന ഒരു വിവരംകൂടി പറയാം. ലോകത്ത് ഒരു രാഷ്ട്രമേ നിലനിൽക്കുന്നുള്ളൂ. അത് ഭാരതമാണ് ഭാരതം വിശ്വഗുരു എന്ന ഒരടിസ്ഥാനവുമില്ലാത്ത സ്വന്തം സൈദ്ധാന്തിക ഗ്രന്ഥത്തിലെ ആശയമാണ്, പത്രപ്രസ്താവനകളും പ്രബന്ധങ്ങളും പോസ്റ്ററുകളും പാട്ടും മറ്റുമായി യുദ്ധകാലാടിസ്ഥാനത്തിൽ നവഫാഷിസ്റ്റുകൾ ഔദ്യോഗികമായും അല്ലാതെയും ഒരു ഭാഗത്ത് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. മറുഭാഗത്ത് ബുൾഡോസർ മാമൻമാരുടെ കൊലച്ചിരികളും ആൾക്കൂട്ടക്കൊലകളും പ്രാഥമിക ജനായത്ത ആശയങ്ങളെപ്പോലും വെല്ലുവിളിക്കുന്ന പ്രകോപന പ്രഭാഷണങ്ങളും ജനവിരുദ്ധനയങ്ങളും പൊടിപറത്തുകയാണ്.
ഹിന്ദുമതത്തെ മറയാക്കി ബ്രാഹ്മണിക് ജാതി പാർട്ടി അടിച്ചേൽപിക്കുന്ന ജാതിമേൽക്കോയ്മക്കെതിരെ അടിച്ചമർത്തപ്പെട്ട സ്വത്വവിഭാഗങ്ങൾ നടത്തുന്ന സമരത്തെ മറ്റെല്ലാ അഭിപ്രായവ്യത്യാസങ്ങൾക്കുമപ്പുറം ജനായത്തവാദികളൊക്കെയും അഭിവാദ്യം ചെയ്യേണ്ടതുണ്ട്. എന്തു നിസ്സഹായതകൊണ്ടായാലും സവർണരായി അഭിനയിക്കേണ്ടിവരുന്ന അവർണരേക്കാൾ, അവർണർ തന്നെയായി പ്രതിസന്ധികൾക്കിടയിലും പതറാതെ നിവർന്നുനിൽക്കുന്ന അവർണ സമൂഹങ്ങളോട് ഐക്യം പ്രഖ്യാപിക്കേണ്ടതുണ്ട്. അങ്ങനെ നോക്കുമ്പോൾ ഏതർഥത്തിലും ജ്വലിക്കുന്ന ജനപക്ഷപ്രതിഭകളിൽ ശ്രദ്ധേയനെന്ന് നിസ്സംശയം വിശേഷിപ്പിക്കാവുന്ന സണ്ണി എം. കപിക്കാടിനെതിരെയുള്ള അധിക്ഷേപങ്ങളെ ജനായത്തം ചോദ്യംചെയ്യേണ്ടതുണ്ട്. അധികാരപദവികളിലേക്ക് കപിക്കാടിനെപ്പോലുള്ള ജനപക്ഷ പ്രക്ഷോഭ പ്രതിഭകളെ എടുത്തുയർത്തണമെന്നല്ല, അവരിപ്പോൾതന്നെ ധൈഷണിക തലത്തിൽ ഉയർന്നുതന്നെയാണിരിക്കുന്നത്, അതിനാൽ അവരെ തട്ടിമാറ്റരുതെന്നാണ്, സ്വന്തം സൗകര്യാർഥം അവരെയിട്ട് തട്ടിക്കളിക്കുന്ന പതിവ് കളികൾ അവസാനിപ്പിക്കണമെന്നാണ്, ഇന്ന് ജനായത്തവാദികൾ മുഴുവൻ ഉറക്കെ പറയേണ്ടത്.
മല്ലു ജിഹാദി തുടങ്ങി സംഘ്പരിവാർ കുത്തുന്ന ചാപ്പകളൊക്കെയും ആ കുത്തേറ്റവർ തങ്ങളെ തേടി വഴിതെറ്റിവരുന്ന പുരസ്കാരങ്ങൾ കൂടിയാണെന്ന് തിരിച്ചറിയുമ്പോഴാണ്, കേരളം നമ്മുടെ അഭിമാനമാവുന്നത്. തത്ത്വത്തിലും പ്രയോഗത്തിലും ആരെന്തൊക്കെ പറഞ്ഞാലും ഇടതുപക്ഷ മതനിരപേക്ഷ കേരളം സംഘ്പരിവാറിന്റെ പേടിസ്വപ്നമാണ്. അതുകൊണ്ടുതന്നെ ഇടതുപക്ഷം നേതൃത്വം നൽകുന്ന മതനിരപേക്ഷ കേരളം പൊളിക്കാനുള്ള പണികളാണവർ പലവിധത്തിൽ ചെയ്തുകൊണ്ടിരിക്കുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ മുതൽ ആദിത്യനാഥ് യോഗി വരെയുള്ളവരുടെ പ്രത്യക്ഷ ഇടപെടലുകൾ മാത്രം മതിയാവും ഇക്കാര്യം മനസ്സിലാക്കാൻ. ഇന്ത്യയിൽ ഒരേയൊരു മുഖ്യമന്ത്രിയുടെ തലക്ക് ഒരു ഫാഷിസ്റ്റ് ബോറൻ ഒരുകോടി രൂപ വിലയിട്ട് അട്ടഹസിച്ചപ്പോൾ നമ്മുടെ പ്രധാനമന്ത്രിപോലും മൗനംപാലിച്ചു. ഒമ്പതുകൊല്ലം മുമ്പാണ്, 2017ൽ മഹാകവി കാളിദാസസ്മരണകൾ ഇരമ്പിമറിയുന്ന ഉജ്ജയിനിയിൽവെച്ച്, കുന്ദൻ ചന്ദ്രാവത്ത് എന്ന ഫാഷിസ്റ്റ്, സഖാവ് പിണറായി വിജയന്റെ തലക്ക് ഒരുകോടി വില കെട്ടിയത്. ഒരൊറ്റ മനസ്സും ഉടലുമായി മിനിമം മലയാളികളെങ്കിലും അപ്പോൾ അതിനെതിരെ മറ്റെല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റിവെച്ച് ഉണർന്നെണീക്കണമായിരുന്നു. അന്നും അതുണ്ടായില്ല. ഇപ്പോഴും അതുണ്ടാവുന്നില്ല. സഖാവ് സീതാറാം യെച്ചൂരി അന്നതിനെക്കുറിച്ച് പ്രതികരിച്ചത് ആർ.എസ്.എസ് ഒരിക്കൽകൂടി സ്വന്തം ഭീകരമുഖം വെളിപ്പെടുത്തി എന്നായിരുന്നിട്ടും, കേരളത്തിലെ സെക്കുലറിസ്റ്റുകൾക്ക് അതിന്റെ സൂക്ഷ്മപൊരുൾ വേണ്ടവിധം മനസ്സിലാക്കാൻ കഴിഞ്ഞില്ല. ‘In fact RSS is the mother of terrorism in India’ എന്ന് ഡോ. ശ്യാംചന്ദ് ‘സാഫ്രൻ ഫാഷിസം’ എന്ന കൃതിയിലെഴുതിയിരുന്നതും ഇത്തരുണത്തിൽ ഓർമിക്കാവുന്നതാണ്. സച്ചിദാനന്ദൻ മാഷും ഡോ. ഖദീജാ മുംതാസും നേതൃത്വം നൽകുന്ന, ‘ഫാഷിസ്റ്റുകളെ കെട്ടുകെട്ടിക്കുക’ എന്ന ആശയപ്രചാരണ പ്രവർത്തനം ഇത്തരമൊരു പശ്ചാത്തലത്തിലാണ് ഏറെ ശ്രദ്ധേയമാവുന്നത്. ഏതു പാർട്ടിക്കാർ ജയിച്ചാലും അതതിന്റെ പരിമിതി സാധ്യതകൾ ഉണ്ടാവും. എന്നാൽ, കേരളത്തിൽ ഫാഷിസ്റ്റുകൾ ജയിക്കുക എന്നതിനർഥം ഒരു പാർട്ടി ജയിച്ചു എന്നല്ല നമ്മുടെ കേരളം തോറ്റു എന്നാണ്. മുസ്‍ലിം ലീഗിനുള്ള സീറ്റൊന്നും ഇപ്പോഴും കേരളത്തിൽ ആർ.എസ്.എസിന് കിട്ടിയിട്ടില്ലല്ലോ എന്നാശ്വസിക്കുന്ന, ചാമ്മുണ്ണികളോട് ഒന്നും പറയാനില്ല!
തെരഞ്ഞെടുപ്പ് കമീഷന്റെ കത്തിൽ ബി.ജെ.പിയുടെ സീലിനു പകരം മറ്റേതെങ്കിലുമൊരു പാർട്ടിയുടെ സീലാണ് വന്നിരുന്നതെങ്കിൽ, അത് അനിവാര്യമായും രാജ്യേദ്രാഹമായി അടയാളപ്പെടുത്തപ്പെടുമായിരുന്നു! ബി.ജെ.പിയായതുകൊണ്ട് അതൊരു ചെറിയ ക്ലറിക്കൽ പിശകുമാത്രം! കാക്കത്തൊള്ളായിരം പാർട്ടികളിൽ ഒരു പാർട്ടിയല്ല ബി.ജെ.പിയെന്ന് സ്വയം പഠിക്കുന്നതിലും പഠിപ്പിക്കുന്നതിലും ജനായത്ത പ്രസ്ഥാനങ്ങൾ തോറ്റാൽ, തെരഞ്ഞെടുപ്പിൽ ജയിച്ചാലും സാംസ്കാരികാർഥത്തിൽ ശിരസ്സുയർത്താൻ കഴിയില്ല. അത്രമാത്രം ഫാഷിസ്റ്റാശയങ്ങൾ ഇപ്പോൾ കേരളസമൂഹത്തിലും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഒരു പുസ്തകവും വായിക്കണ്ട, പ്രഭാഷണങ്ങൾ കേൾക്കണ്ട, കേരളസ്റ്റോറി മോഡൽ സിനിമകളും കാണണ്ട, ചുറ്റുമൊന്ന് ശരിക്കും ശ്രദ്ധിച്ചാൽ മാത്രംമതി ഫാഷിസ്റ്റ് ആശയപ്രചാരണത്തിന്റെ രൂക്ഷത തിരിയാൻ!
ആ വിധമുള്ള ഫാഷിസ്റ്റ് പ്രചാരണത്തെ പ്രതിരോധിക്കാൻ തെരഞ്ഞെടുപ്പ് വിജയപരാജയങ്ങൾക്കപ്പുറമുള്ള ജനകീയ കൂട്ടായ്മകൾ അനിവാര്യമാണ്. ഒരുഭാഗത്ത് നവഫാസിസ്റ്റ് ശക്തികളും മറുഭാഗത്ത് അതിനോട് എതിരിടുന്ന മുഴുവൻ മനുഷ്യരും ഒന്നിച്ചുചേർന്ന്, വെറുപ്പിനും വിദ്വേഷത്തിനും വിഭജനത്തിനുമെതിരെ, വികേന്ദ്രിതമായി, അടിയിൽനിന്ന്, ഒരു വിജയത്തിനും പരാജയത്തിനുമല്ലാതെ, സർവരുടെയും ആരോഗ്യകരമായ നിലനിൽപിനുവേണ്ടി രൂപംകൊള്ളുന്ന സംഘടനയല്ലാത്ത ഒരു സംഘടനയെക്കുറിച്ചാണ് ഇന്ന് നാം ഗൗരവമായി ആലോചിക്കേണ്ടത്.
നമ്മുടെ കേരളം, എരിയുന്ന മഹാവനങ്ങൾക്കിടയിൽ, ഏതർഥത്തിലും ഒരു ശീതള നീർത്തടാകമാണ്. ആദിത്യനാഥ് യോഗിയും അമിത് ഷായും മറ്റും പറയുന്നത് ദാരിദ്യ്രം തുടച്ചുനീക്കുന്നതിനെക്കുറിച്ചല്ല, സനാതനരാഷ്ട്രം സ്ഥാപിക്കുന്നതിനെക്കുറിച്ചാണ്. എന്നാൽ, കേരളത്തിലെ ഇടതുപക്ഷ സർക്കാർ അതിദാരിദ്യ്ര നിർമാർജനമാണ്, സർവ സാമൂഹികവിഭാഗങ്ങൾക്കും സുരക്ഷിതത്വമാണ് മുന്നോട്ടുവെക്കുന്നത്. ആഗോള പട്ടിണി സൂചികയിൽ നൂറ്റിമുപ്പത്താറ് രാഷ്ട്രങ്ങൾക്കിടയിൽ നമ്മുടെ സ്ഥാനം നൂറ്റിരണ്ടിലെത്തി നിൽക്കുമ്പോഴാണ് ഇടതുപക്ഷ സർക്കാറിന്റെ ഗംഭീര ചുവടുവെപ്പെന്നുള്ളത് മറക്കരുത്. പലനിലകളിൽ ശ്രദ്ധേയമായ, പ്രശസ്ത കഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്ത്തും കടവിന്റെ ‘മതഭ്രാന്തൻ’ എന്ന കഥയിലെ വിശപ്പിനെക്കുറിച്ചുള്ള ഒരൊറ്റ പരാമർശം മതി, യാഥാർഥ്യബോധത്തിലേക്ക് നമ്മെ തിരിച്ചുനടത്താൻ. സംഘ്പരിവാർ സൃഷ്ടിക്കുന്ന മതവിടവിൽ വിള്ളലുണ്ടാക്കുന്ന ജീവിതപരമാർഥത്തിന്റെ ആഴങ്ങളിലേക്കാണ് ആ കഥ മനുഷ്യരായ മനുഷ്യരെയൊക്കെയും പിടിച്ചു തള്ളുന്നത്. ശരിക്കുള്ള യാഥാർഥ്യത്തിനുമേൽ ഒരു ഭ്രാന്തന്റെ യാഥാർഥ്യം സൃഷ്ടിക്കുന്ന സമാന്തര ലോകത്തിന്റെ വിഭ്രാമക സ്വഭാവം വ്യക്തമാക്കുന്നതിനിടയിൽ, വിശപ്പിനെക്കുറിച്ച് ആരെയും പിടിച്ചുനിർത്തുന്നൊരു വാക്യമുണ്ട് ആ കഥയിൽ: യാഥാർഥ്യത്തിനുമേൽ അയാളുടെ യാഥാർഥ്യം എന്ന സ്ഥലകാലം ഏതു ഖരവസ്തുക്കളെയും ഭാരരഹിതമാക്കി. തന്റെ കുപ്പായത്തിന്റെ കീശയിലാക്കാവുന്നതേയുള്ളൂ അയാൾക്ക് ഒരു വീട്. ഒരു കെട്ടിട സമുച്ചയം. എന്തിനേറെ, ഒരു മഹാനഗരം പോലും. പക്ഷേ, വിശപ്പ് അങ്ങനെയായിരുന്നില്ല. ഭ്രാന്തിനെപ്പോലും കടിച്ചുകുടയുമത് ഭ്രാന്തില്ലാത്ത നേരങ്ങളിൽ ആത്മാഭിമാനത്തിനുവേണ്ടിയുള്ള വിശപ്പും ഇതിൽപെടും. ആവിധമുള്ളൊരു വിശപ്പിനെ കേരളം കടിച്ചു കുടയുമ്പോഴാണ് മതപ്പേരും പറഞ്ഞ് മനുഷ്യരെ തമ്മിലടിപ്പിക്കാൻ ഫാഷിസ്റ്റുകൾ കേരളത്തിൽപോലും പഴുതുകൾ തിരക്കുന്നത്. ഏത് ഫാഷിസ്റ്റാശയത്തെയും നിർവീര്യമാക്കുന്ന മൂർച്ചയുള്ള ആശയങ്ങളാണ് ഇടതുപക്ഷ കേരളം ഉൽപാദിപ്പിക്കേണ്ടത്, ഉൽപാദിപ്പിച്ചുകൊണ്ടേയിരിക്കേണ്ടത്. ആശയങ്ങളുടെ കിടങ്ങ് കൽക്കിടങ്ങിനേക്കാൾ കരുത്തേറിയതാണ്. എന്ന് മാർടി.
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

