കശ്മീര്‍ വിഷയത്തില്‍ മാധ്യസ്ഥ്യം വഹിക്കാനില്ലെന്ന് ഡോണള്‍ഡ് ട്രംപ് ഇക്കഴിഞ്ഞ ആഗസ്റ്റ് 26ന് ഫ്രാന്‍സില്‍ നടന്ന ജി7 ഉച്ചകോടിക്കിടയില്‍ വ്യക്തമാക്കിയിരുെന്നങ്കിലും ഒളിഞ്ഞും തെളിഞ്ഞും അമേരിക്കന്‍ പ്രസിഡൻറ് ഇപ്പോഴ ും ഇന്ത്യയുടെയും പാകിസ്താെൻറയും പിറകെതന്നെയുണ്ട്. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും അതില്‍ മൂന ്നാംകക്ഷിയുടെ ഇടപെടല്‍ ആഗ്രഹിക്കുന്നില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡൻറുമായി നടത് തിയ കൂടിക്കാഴ്ചയില്‍ കര്‍ക്കശ നിലപാട് സ്വീകരിച്ചതോടെയാണ് ട്രംപ് പിന്നാക്കംപോയതെന്നാണ് ജി7 വേദിയില്‍ നിന്നു വന്ന റിപ്പോര്‍ട്ടുകള്‍. കഷ്ടിച്ച് ഒരുമാസം തികയാനിരിക്കെ ഐക്യരാഷ്ട്രസഭ പൊതു സമ്മേളനത്തിനിടയില്‍ ന്യൂയോര്‍ ക്കില്‍ ട്രംപ് തീര്‍ത്തും വ്യത്യസ്ത നിലപാടാണ് സ്വീകരിക്കുന്നത്. ഒന്നുകില്‍ ഇത് അദ്ദേഹത്തിെൻറ പതിവ് ചാഞ്ചാ ട്ടങ്ങളില്‍ ഒന്ന്. അതല്ലെങ്കില്‍ ഇടപെടാതിരിക്കാനാവാത്തവിധം ശക്തമായ സമ്മർദം അദ്ദേഹത്തിെൻറ മുകളിലുണ്ട്. അമ േരിക്കക്കോ ഐക്യരാഷ്ട്രസഭക്കോ പൊടുന്നനെ പരിഹാരം കാണാനാവുന്ന ചിത്രം കശ്മീരില്‍ ഉണ്ടെങ്കിലുമില്ലെങ്കിലും അന്താരാഷ്ട്രതലത്തില്‍ രൂപപ്പെട്ടുവരുന്നത് ഇന്ത്യക്കകത്ത് നാം വിശ്വസിക്കാന്‍ നിര്‍ബന്ധിതമാകുന്ന ചിത്രമല്ല.
ന്യൂയോര്‍ക്കിൽ പോകുന്നതിനു തൊട്ടുമുമ്പാണ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഫിന്‍ലൻഡിലെത്തി യൂറോപ്യൻ യൂനിയനുമായി തിരക്കിട്ട കൂടിക്കാഴ്ച നടത്തിയത്. നിലവില്‍ യൂനിയൻ അധ്യക്ഷനായ ഫിന്ലൻഡിെൻറ പ്രധാനമന്ത്രി ആൻറി റിന്നെ, പ്രസിഡൻറ് സൗലി മിനിസ്‌റ്റോ, വിദേശകാര്യ മന്ത്രി പെക്കാ ഹാവിസ്‌റ്റോ എന്നിവരുമായും ജയശങ്കര്‍ സംസാരിച്ച പശ്ചാത്തലം കശ്മീര്‍ വിഷയമായിരുന്നു. യൂനിയെൻറ ഉപാധ്യക്ഷ ഫെഡറിക മാര്‍ഗറിനിക്കുവേണ്ടി ഫിന്നിഷ് മന്ത്രി ടിറ്റി ടുപ്പുറായ്‌നന്‍ അയച്ച കത്തില്‍ ഇന്ത്യയുടെ എല്ലാ അവകാശവാദങ്ങളും അക്കമിട്ടു ഖണ്ഡിക്കുന്നു. രാഷ്ട്രീയനേതാക്കളെ തടവിലിടുന്നതും പൗരാവകാശങ്ങള്‍ ധ്വംസിക്കുന്നതും ഇന്ത്യക്കും പാകിസ്താനുമിടയില്‍ കശ്മീര്‍ വിഷയത്തെ ചൊല്ലി സംഘര്‍ഷം ഉടലെടുക്കുന്നതുമൊക്കെ സവിസ്തരം കത്തിലുണ്ട്. മനുഷ്യാവകാശങ്ങള്‍ ഇവ്വിധം ലംഘിക്കപ്പെടുന്നതും അണുശക്തി രാജ്യങ്ങളായ ഇന്ത്യക്കും പാകിസ്താനുമിടയില്‍ സംഘര്‍ഷം രൂപപ്പെടുന്നതും യൂറോപ്യന്‍ യൂനിയന്‍ കടുത്ത ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള ഭീകരതയെക്കുറിച്ചാണ് ഹെല്‍സിങ്കിയിലെത്തിയ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുദീര്‍ഘമായ കൂടിക്കാഴ്ചയില്‍ ഹാവിസ്‌റ്റോക്കു മുമ്പാകെ അവതരിപ്പിച്ചത്. എന്നാല്‍, ജയശങ്കറിെൻറ സന്ദര്‍ശനത്തിനുശേഷം എന്തെങ്കിലുമൊരു നിലപാടുമാറ്റമോ വിശദീകരണക്കുറിപ്പോ യൂനിയൻ ആസ്ഥാനനഗരിയായ ബ്രസല്‍സില്‍നിന്നു പുറത്തുവന്നിട്ടില്ല.
370ാം വകുപ്പ് റദ്ദാക്കിയത് ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും അതില്‍ പുറത്തുള്ളവർ ഇടപെടേണ്ട കാര്യമില്ലെന്ന നിലപാട് ആവര്‍ത്തിക്കുന്നതിലപ്പുറം അന്താരാഷ്ട്രസമൂഹം ഉയര്‍ത്തിയ ആശങ്കകള്‍ ദൂരീകരിക്കാനുള്ള ഒരു ശ്രമവും ഇന്ത്യ നടത്തിയിട്ടില്ല എന്നാണ് പിന്നീടിങ്ങോട്ടുള്ള നീക്കങ്ങള്‍ വ്യക്തമാക്കിയത്. അമേരിക്കന്‍ പ്രസിഡൻറിെൻറ നിലപാടുമാറ്റവും ന്യൂയോര്‍ക്കില്‍ പാകിസ്താൻ പ്രധാനമന്ത്രി നടത്തിയ വാര്‍ത്തസമ്മേളനവുമൊക്കെ വിഷയത്തില്‍ നമ്മുടെ നിലപാടുകളെ ഏതോ പ്രകാരത്തില്‍ ചര്‍ച്ചക്കു വിധേയമാക്കാന്‍ വഴിയൊരുക്കുന്നുണ്ടായിരുന്നു. ഇന്ത്യ കര്‍ഫ്യൂ അവസാനിപ്പിക്കുകയാണെങ്കില്‍പോലും കശ്മീരിലെ ജനങ്ങള്‍ തെരുവിലിറങ്ങുമെന്നും കൂട്ടക്കുരുതി നടക്കുമെന്നും മറ്റും അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെ ഭീതി സൃഷ്ടിക്കാനായിരുന്നു പാകിസ്താെൻറ ശ്രമം. ഇതിനെ മറ്റൊരു വാര്‍ത്തസമ്മേളനത്തിലൂടെ പ്രതിരോധിക്കാന്‍ നരേന്ദ്ര മോദിക്കു കഴിഞ്ഞിട്ടില്ല. മറുഭാഗത്ത് ഇന്ത്യയുമായി വാണിജ്യബന്ധങ്ങള്‍ ഉറപ്പുവരുത്തുക എന്നതിലപ്പുറം നമ്മുടെ ആശങ്കകള്‍ക്ക് മതിയായ പ്രാധാന്യം നല്‍കാന്‍ ട്രംപ് ഭരണകൂടം തയാറായിട്ടുമില്ല.
ഭീകരതയുടെ ഏറ്റവും വലിയ ഉൽപാദനാലയം പാകിസ്താന് അല്ലേ എന്ന ചോദ്യത്തിന് ഇറാന്‍ ആണെന്നാണ് ട്രംപ് നല്‍കിയ മറുപടി. അതിര്‍ത്തിക്കപ്പുറത്തുനിന്ന് പാകിസ്താന് കയറ്റുമതി ചെയ്യുന്ന ഭീകരതയെക്കുറിച്ചാണ് ഇത്തവണത്തെ കൂടിക്കാഴ്ചയിലും മോദി സംസാരിച്ചതെങ്കിലും അക്കാര്യത്തില്‍ പാകിസ്താൻ വമ്പിച്ച മാറ്റം വരുത്തിയെന്ന് തനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞതായാണ് ഇംറാൻ ഖാനുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം യു.എസ് പ്രസിഡൻറ് വ്യക്തമാക്കിയത്. പാകിസ്താനുമായുള്ള ചര്‍ച്ചകള്‍ക്ക് ഇന്ത്യ മുന്നോട്ടുവെച്ച ഉപാധികളെ അവഗണിച്ചാണ് ഇരുരാജ്യങ്ങളും അടിയന്തരമായി കശ്മീര്‍വിഷയത്തില്‍ ചര്‍ച്ച നടത്തണമെന്നും ജനങ്ങളുടെ പ്രയാസങ്ങള്‍ ദൂരീകരിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടത്. വിഷയത്തില്‍ മാധ്യസ്ഥ്യം വഹിക്കാനില്ലെന്ന പഴയ നിലപാടില്‍നിന്നുള്ള പ്രകടമായ മാറ്റംകൂടിയായിരുന്നു ഇത്. വാര്‍ത്തസമ്മേളനത്തിലെ പരാമര്‍ശങ്ങളില്‍ ഒതുക്കാതെ ഇക്കാര്യത്തില്‍ വൈറ്റ് ഹൗസ് ഒരു പ്രസ്താവനതന്നെ പുറത്തുവിടുകയും ചെയ്തു.
ഒബാമ കാലത്ത് നിര്‍ജീവമായ പാകിസ്താനുമായുള്ള അമേരിക്കൻബന്ധം വീണ്ടുമൊരിക്കല്‍കൂടി ശക്തിപ്പെടുന്നുണ്ടെന്നാണ് ഇത്തവണത്തെ യു.എന്‍ സമ്മേളനം നൽകുന്ന സൂചന. അഫ്ഗാനിസ്താനില്‍നിന്നു സൈന്യത്തെ പിന്‍വലിക്കുമ്പോള്‍ അവര്‍ക്ക് പാകിസ്താെൻറ പിന്തുണകൂടിയേ കഴിയൂ. താലിബാനുമായി നടക്കുന്ന ചര്‍ച്ചകളുടെ കാര്യം അമേരിക്കയില്‍ ഇംറാന്‍ എടുത്തുപറഞ്ഞതും ശ്രദ്ധിക്കുക. ഇക്കാര്യത്തില്‍ മാത്രമല്ല, ഇറാനുമായി നടത്തുന്ന അണിയറ ചര്‍ച്ചകളിലും പാകിസ്താനെയാണ് അമേരിക്കയും സൗദിയും മുന്നില്‍നിര്‍ത്തുന്നത്. മേഖലയുടെ ഇത്തരം ജിയോ പൊളിറ്റിക്കല്‍ ചര്‍ച്ചാമേശകളിലൊക്കെ അമേരിക്ക പാകിസ്താനെ വിശ്വസിക്കുന്നുണ്ടെന്നു തന്നെയാണര്‍ഥം. എന്നാല്‍, വലിയൊരളവോളം ന്യൂഡല്‍ഹിക്കും ഇസ്‌ലാമാബാദിനുമിടയില്‍ പക്ഷംചേരുകയല്ല താന്‍ ചെയ്യുന്നതെന്ന് ബോധ്യപ്പെടുത്താനും ശ്രമിക്കുന്നുണ്ട്. മോദിയോടൊപ്പം വേദി പങ്കിട്ടതും യു.എന്‍ സമ്മേളനത്തിനിടെ പതിവുവിട്ട ഒരു കൂടിക്കാഴ്ചക്ക് തയാറായതുമൊക്കെ ഉദാഹരണം. തനിക്കു മുേമ്പ അമേരിക്കന്‍ പ്രസിഡൻറിെൻറ പദവിയിലിരുന്നവര്‍ പാകിസ്താനെ വളരെ മോശമായാണ് കൈകാര്യം ചെയ്തതെന്നും എന്നാല്‍ താന്‍ ഇംറാൻ ഖാനെപ്പോലുള്ള പുതിയ തലമുറയിലെ നേതാക്കളെ വിശ്വസിക്കുകയാണ് ചെയ്യുന്നതെന്നുകൂടി വ്യക്തമാക്കിയതോടെ താല്‍പര്യങ്ങളുടെ മാത്രം പക്ഷത്താണ് അമേരിക്കയെന്നും അടിവരയിടുകയായിരുന്നു ഡോണള്‍ഡ് ട്രംപ്.
കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് നിലവില്‍ സ്വീകരിക്കുന്ന നിലപാടുകള്‍ അവരെക്കുറിച്ച അന്താരാഷ്ട്ര പ്രതിച്ഛായ മാറ്റിയെടുക്കാന്‍ സഹായിക്കുന്നുണ്ട് എന്നത് മറച്ചുവെച്ചിട്ടു കാര്യമില്ല. പട്ടാളത്തിെൻറ വെറുമൊരു പാവയാണ് പാക് പ്രധാനമന്ത്രി എന്ന അന്താരാഷ്ട്ര നിരീക്ഷണത്തെ മറികടക്കാനാണ് ഇംറാെൻറ ശ്രമം. കശ്മീര്‍ വിഷയത്തില്‍ ഇതുവരെ പാകിസ്താന് സൈന്യം സിവിലിയന്‍ ഗവണ്മെൻറിനെ മറികടന്ന് മുന്നോട്ടുവന്നിട്ടില്ല. അതിര്‍ത്തി കടന്ന ഭീകരവാദത്തെ നിയന്ത്രിക്കുന്നതില്‍ ‘ഇംറാന്‍ ഖാെൻറ ആത്മാര്‍ഥത’യെ പ്രശംസിക്കുകകൂടി ചെയ്തത് പാകിസ്താൻ നടത്തുന്ന പ്രചാരണം ഏതോ പ്രകാരത്തില്‍ ട്രംപ് ഏറ്റുപിടിക്കുന്നു എന്നതിെൻറ സൂചനയാണ്. അമേരിക്കയിലെ നിരവധി സെനറ്റര്‍മാരെ കശ്മീര്‍വിഷയത്തില്‍ ഇംറാന്‍ കണ്ടുകൊണ്ടേയിരിക്കുമ്പോള്‍ വ്യവസായികളുടെ യോഗങ്ങളില്‍ നടത്തുന്ന പ്രഭാഷണങ്ങളില്‍ ഒതുങ്ങുകയാണ് മോദിയുടെ പ്രചാരണപ്രവർത്തനങ്ങളധികവും.
കശ്മീര്‍ വിഷയം കൈകാര്യംചെയ്തതില്‍ തുടക്കംമുതല്‍ക്കേ പിഴച്ച സര്‍ക്കാറായിരുന്നു നരേന്ദ്ര മോദിയുടേത്. നിലവിലുള്ള സംഘര്‍ഷങ്ങളുടെ തുടക്കം ബുര്‍ഹാന്‍ വാനി വധത്തിനുശേഷമായിരുന്നല്ലോ. കഴിഞ്ഞ നാലു വര്‍ഷവും മോദിക്കെതിരെ ജനം തെരുവിലുണ്ടായിരുന്നുവെന്നത് ദേശീയമാധ്യമങ്ങള്‍ മറച്ചുപിടിച്ചതാണ്. 370ാം വകുപ്പ് നിലനിന്നതാണ് കശ്മീരും ഇന്ത്യക്കുമിടയിലെ അടിസ്ഥാനപരമായ പ്രശ്‌നമെന്ന ആര്‍.എസ്.എസ് സിദ്ധാന്തം അപ്പടി വിഴുങ്ങിയ മോദിയും അമിത് ഷായും ഇനി കശ്മീരില്‍ എന്തു ചെയ്യുമെന്നതാണ് ഉത്തരമില്ലാത്ത ചോദ്യം. ചര്‍ച്ച നടത്താനും ജനങ്ങളെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കാനും മാധ്യമസ്വാതന്ത്ര്യം ഉറപ്പുവരുത്താനുമൊക്കെ അമേരിക്കയുടെയും യൂറോപ്യന്‍ യൂനിയെൻറയും എല്ലാറ്റിനുമുപരി കോടതിയുടെയും കുരുക്കുകള്‍ മുറുകിവരുകയാണ്.
മറുഭാഗത്ത് ജനരോഷം പകല്‍പോലെ വ്യക്തമാണ്. കര്‍ഫ്യൂ എടുത്തുകളഞ്ഞ ടൗണുകളിൽപോലും അവര്‍ സ്വാഭാവികമായ ജീവിതത്തിലേക്കു മടങ്ങിയിട്ടില്ല. സര്‍ക്കാറിന് മാപ്പെഴുതിക്കൊടുത്ത് പുറത്തിറങ്ങാമെന്ന വ്യവസ്ഥ അംഗീകരിച്ചതാകട്ടെ ഏതാനും അഞ്ചാംപത്തികള്‍ മാത്രം. മീർവാഇസ് ഉമർ ഫാറൂഖിനെക്കുറിച്ച ഇത്തരമൊരു വാര്‍ത്ത അദ്ദേഹത്തിെൻറ ഓഫിസ് തള്ളുകയും ചെയ്തു. 55ാം ദിവസത്തിലേക്കു കടക്കുന്ന ഈ മനുഷ്യ ഉപരോധത്തിെൻറ ഇരകള്‍ മോദി സര്‍ക്കാറിനെ കൊട്ടും കുരവയുമായി സ്വീകരിക്കുമെന്നാണോ കരുതേണ്ടത്? ഇതിനകം അവരില്‍ എത്ര പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടാകും? എത്ര പേരുടെ ജോലി നഷ്ടപ്പെട്ടുകാണും? എത്ര കുഞ്ഞുങ്ങളുടെ അധ്യയനവര്‍ഷം നഷ്ടപ്പെട്ടു? എത്ര പരീക്ഷകള്‍ നടക്കാതെ പോയി? എത്ര ബിസിനസ് ഓഫറുകള്‍ പാഴായി? എത്ര വിളകള്‍ നശിച്ചു? എത്ര കല്യാണങ്ങള്‍ മുടങ്ങി? മണ്ണിനു മുകളിലെ മനുഷ്യരെ ഒപ്പം നിര്‍ത്താതെ മണ്ണിെൻറ കാര്യത്തില്‍ മാത്രം ബാധകമായ ഒരു വകുപ്പ് റദ്ദാക്കിയാല്‍ അവസാനിപ്പിക്കാനാവുന്ന പ്രശ്‌നമല്ല കശ്മീരിേൻറതെന്ന് ഇനി എത്ര ജീവന്‍കൂടി െപാലിഞ്ഞശേഷമാണ് സര്‍ക്കാര്‍ തിരിച്ചറിയാന്‍ പോകുന്നത്?