കോൺഗ്രസ് വിരുദ്ധതയുടെ സോഷ്യലിസ്റ്റ് മുഖം
text_fields1977ൽ അടിയന്തരാവസ്ഥ അവസാനിച്ച് കേന്ദ്രത്തിൽ മൊറാർജി ദേശായിയുടെ നേതൃത്വത്തിൽ ജനത പാർട്ടി സർക്കാർ അധികാരത്തിൽ വന്ന സമയം. ജോർജ് ഫെർണാണ്ടസ് വ്യവസായ മന്ത്രിയായപ്പോൾ എെൻറ ഭർത്താവ് അശോക് െജയ്റ്റ്ലിയെ സ്പെഷൽ അസിസ്റ്റൻറായി നിയമിച്ചു. അപ്പോഴാണ് ആ നേതാവിനെ ആദ്യമായി കാണാനുള്ള അവസരം ലഭിച്ചത്. ആ സമയത്ത് ഞാൻ രാഷ്ട്രീയത്തിലേക്ക് വന്നിട്ടില്ല. പിന്നീട് 1979ൽ ജനത പാർട്ടി സർക്കാർ വീണതിനെ തുടർന്ന് നടന്ന പൊതു തെരഞ്ഞെടുപ്പിൽ ഫെർണാണ്ടസ് മുസഫർപൂരിൽ സ്ഥാനാർഥിയായി. അന്ന് മുസഫർപൂരിലേക്ക് പോയപ്പോഴാണ് ജോർജ് െഫർണാണ്ടസ് എന്ന രാഷ്ട്രീയക്കാരനെ അടുത്തറിയുന്നത്. അതുവരെ അദ്ദേഹം എനിക്ക് മന്ത്രിയും ഭർത്താവിെൻറ ബോസുമായിരുന്നു. ആ സമയത്തൊന്നും അടുത്തൊന്നും പോയിരുന്നില്ല. മുസഫർപൂർ പരാജയത്തിനു ശേഷം അദ്ദേഹത്തോടൊപ്പം ട്രേഡ്യൂനിയൻ രംഗത്ത് പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചു.
1984ൽ ഇന്ദിര വധത്തെ തുടർന്ന് സിഖ് വംശഹത്യ അരേങ്ങറിയപ്പോൾ അതിന് ദൃക്സാക്ഷിയായ ഞാൻ കോൺഗ്രസിനെതിരെ പരസ്യമായ നിലപാടെടുത്ത് ജനതപാർട്ടിയുടെ ഭാഗമായി മാറി. കോൺഗ്രസ് നേതൃത്വത്തിൽ നടന്ന വംശഹത്യക്കെതിരെ കമീഷൻ മുമ്പാകെ സാക്ഷിയെന്ന നിലയിൽ മൊഴി നൽകുകയും ചെയ്തു. അന്നു മുതൽ അദ്ദേഹത്തിൽനിന്ന് രാഷ്ട്രീയപ്രവർത്തനം പഠിച്ചുതുടങ്ങുകയായിരുന്നു ഞാൻ.
സോഷ്യലിസ്റ്റ് നേതാവായ റാം മനോഹർ ലോഹ്യ കോൺഗ്രസിെൻറ പാരമ്പര്യ രാഷ്ട്രീയത്തിനെതിരെ കൈക്കൊണ്ട നിലപാട് സ്വന്തം രാഷ്ട്രീയ ജീവിതത്തിൽ പിന്തുടരുകയായിരുന്നു അദ്ദേഹം. പണ്ടുകാലത്തെ നാട്ടുരാജാക്കന്മാരെപോലെ കോൺഗ്രസ് നേതാക്കൾ പ്രകടിപ്പിച്ച വരേണ്യബോധത്തിനെതിരായ രാഷ്ട്രീയ നീക്കമായിരുന്നു അത്. ഇേപ്പാഴും കോൺഗ്രസിൽ അത്തരമൊരു വരേണ്യബോധം നിലനിൽക്കുന്നുണ്ട്. ബ്രിട്ടീഷുകാരുടെ ഭരണരീതിയെ അനുധാവനം ചെയ്യുന്ന തരത്തിലാണ് പലപ്പോഴും കോൺഗ്രസ് സർക്കാറുകൾ പ്രവർത്തിച്ചത്.
നെഹ്റു പോലും അത്തരത്തിലുള്ള രീതി തുടർന്നുപോന്നിട്ടുണ്ട്. ഒരു സോഷ്യൽ ഡമോക്രാറ്റ് രാജ്യത്ത് തുല്യത വേണമെന്ന് ആഗ്രഹിക്കുന്നവനാണ്. ധനത്തിെൻറയും വിഭവങ്ങളുടെയും നീതിപൂർവകമായ വിതരണമാണ് അവർ ആവശ്യപ്പെട്ടത്. ഇന്ദിര ഗാന്ധിയെ രാഷ്ട്രീയത്തിെൻറ മുൻനിരയിേലക്ക് കൈപിടിച്ചുകൊണ്ടുവന്നത് നെഹ്റു തന്നെയാണ്. ആ സമയത്തുതന്നെ ലോഹ്യ അത് ചോദ്യം ചെയ്തിട്ടുണ്ട്. അച്ഛനു പിറകെ മകൾ എന്ന തരത്തിൽ നെഹ്റുവിൽ നിന്ന് ഇന്ദിരയിലേക്ക് പിന്തുടർച്ചാവകാശം പോകുന്നതിനെ ലോഹ്യ ശക്തമായി എതിർത്തിരുന്നു. ആ നിലപാടുകൾ പിന്തുടർന്നതു കൊണ്ടാണ് ഫെർണാണ്ടസ് കടുത്ത കോൺഗ്രസ് വിരുദ്ധനായി മാറിയത്. അങ്ങനെ കോൺഗ്രസിനെതിരെ ബി.ജെ.പിയുമായി കൈകോർത്ത് വാജ്പേയിയുടെ നേതൃത്വത്തിൽ ദേശീയ ജനാധിപത്യ സഖ്യം (എൻ.ഡി.എ) ഉണ്ടാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.
ബി.ജെ.പി തീവ്ര നിലപാടിലേക്ക് പോയ്ക്കൊണ്ടിരിക്കുേമ്പാൾ മിതവാദികളായ സോഷ്യലിസ്റ്റുകൾ അവരുമായി കൈകോർക്കുന്നത് നല്ലതാണെന്നായിരുന്നു അദ്ദേഹത്തിെൻറ അഭിപ്രായം. കോൺഗ്രസിനെ തോൽപിക്കുന്നതോടൊപ്പം തീവ്ര നിലപാടിൽനിന്ന് മാറ്റി ബി.ജെ.പിയെ ശരിയായ ദേശസ്നേഹികളാക്കാൻ കഴിയുമെന്നും ഫെർണാണ്ടസ് പറഞ്ഞു. അങ്ങനെയാണ് 1998ൽ ഞങ്ങൾ എല്ലാം ചേർന്ന് അടൽബിഹാരി വാജ്പേയിയെ ചെയർമാനാക്കി എൻ.ഡി.എ രൂപവത്കരിച്ചത്. നാനാജി ദേശ്മുഖ് തൊട്ട് എ.ബി. വാജ്പേയി, എൽ.കെ. അദ്വാനിവരെയുള്ള ജനസംഘത്തിെൻറയും ബി.ജെ.പിയുടെയും പഴയകാല നേതാക്കളുമായി വളരെ അടുത്തബന്ധം ഉണ്ടായിരുന്നതു കൊണ്ടാണ് എൻ.ഡി.എ രൂപവത്കരണത്തിൽ നേതൃപരമായ പങ്കുവഹിക്കാൻ കഴിഞ്ഞത്.
അടിയന്തരാവസ്ഥക്കാലത്ത് രൂഢമൂലമായ അടുപ്പമാണിത്. ഇവരെല്ലാവരും ചേർന്നാണ് ജനത പാർട്ടി സർക്കാറിനെ മുന്നോട്ടുകൊണ്ടുപോയത്. അദ്വാനിയും വാജ്പേയിയുമെല്ലാം ഒരേ മന്ത്രിസഭയിലെ അംഗങ്ങളായിരുന്നല്ലോ. അന്നുമുതൽക്കേ മൂവരും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. 13 ദിവസത്തെ മാത്രം ആയുസ്സുണ്ടായിരുന്ന വാജ്പേയി സർക്കാറിൽ ചേർന്നിരുന്നില്ല. തുടർന്നുവന്ന ഒന്നാം എൻ.ഡി.എ സർക്കാറിൽ പ്രതിരോധ മന്ത്രിയായി. ദേശീയവാദിയും ദേശസ്നേഹിയുമായ ഫെർണാണ്ടസ് സാധാരണക്കാരെപോലെ കുർത്തയും പൈജാമയും ധരിച്ച് ഒന്നിച്ച് ഉണ്ടും സഹവസിച്ചും സൈനികരുടെ മനോവീര്യം വർധിപ്പിച്ചു.
ജീവിതത്തിൽ ഇതുവരെ കണ്ട നേതാക്കളിൽ വെച്ചേറ്റവും മാനുഷികമുഖമുള്ള നേതാവായിരുന്നു അദ്ദേഹം. ആർക്കെങ്കിലും വ്യക്തിപരമായുണ്ടാകുന്ന പ്രയാസങ്ങളിൽ പോലും അദ്ദേഹം സഹായവുമായി ഒാടിയെത്തുമായിരുന്നു. ആ നിർഭയത്വവും വിശ്വാസ്യതയും എടുത്തുപറയേണ്ടതാണ്.
(ജോർജ് െഫർണാണ്ടസിന്‍റെ സന്തത സഹചാരിയും സമതാ പാർട്ടി നേതാവും മലയാളിയുമാണ് ലേഖിക)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
