Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഅതിനു കാരണം...

അതിനു കാരണം ജിഹാദുകളല്ല ഫാദർ!

text_fields
bookmark_border
holly cross 876
cancel

ലോകത്തെവിടെയുമെന്നപോലെ കാലാകാലങ്ങളിലായി കേരളത്തിലും പ്രണയ വിവാഹങ്ങളും മിശ്രവിവാഹങ്ങളുമൊക്കെ നടക്കുന്നുണ്ട്​. വ്യത്യസ്ത മതത്തിൽപെട്ടവരും നിരീശ്വരവാദികളും രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിക്കുന്നവരും ഇതിലൊന്നുമില്ലാത്തവരുമെല്ലാം മിശ്രവിവാഹിതരായി നമുക്കിടയിൽ ജീവിക്കുന്നു. എന്നാൽ ഏതാനും വർഷം മുമ്പ്​ സംഘ്​പരിവാർ ഇതിനെ ഏകപക്ഷീയമായ മുസ്​ലിം ഗൂഢാലോചനയായി വ്യാഖ്യാനിക്കാൻ തുടങ്ങി. മന്ദിർ-മസ്​ജിദ്​ വേർതിരിവ്​ സൃഷ്​ടിച്ച്​ രാജ്യമൊട്ടുക്കും കലാപങ്ങളും അതുവഴി പാർലമെൻറിൽ ശക്​തമായ സാന്നിധ്യവും വിവിധ സംസ്​ഥാനങ്ങളിൽ ഭരണവുമെല്ലാം കൈപ്പിടിയിലൊതുക്കാൻ കഴിഞ്ഞപ്പോഴും കേരളത്തിൽ തങ്ങളുടെ മുസ്​ലിംവിരുദ്ധ ആഖ്യാനങ്ങൾക്ക്​ ഉദ്ദേശിച്ചത്ര സ്വീകാര്യത നേടാൻ സംഘ്പരിവാറിന്​ കഴിഞ്ഞിരുന്നില്ല. തുടർന്നാണ്​ 'ലവ് ജിഹാദ്'​ എന്ന വ്യാജസിദ്ധാന്തം പടച്ച്​ ജനവിഭാഗങ്ങൾക്കിടയിൽ സംശയത്തി​െൻറ മുള്ളു വിതറാൻ അവർ ഒരു​െമ്പട്ടത്​. മാധ്യമങ്ങൾ വഴി അതിന്​ പ്രചാരവും നൽകി. കേരള ഹൈകോടതിയും കർണാടക കോടതിയും പൊലീസ് മേധാവികളും എൻ.ഐ.എയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും തള്ളിക്കളഞ്ഞ ഈ സിദ്ധാന്തം എന്നാൽ പിൽക്കാലത്ത്​ ചില ബിഷപ്പുമാരും സംഘടനകളും മുസ്​ലിംവിരുദ്ധ പ്രചാരണത്തിന്​ ആയുധമാക്കുന്നു. ഇത്തരം ഉത്തരവാദരഹിതമായ നിലപാടുകളെ രൂക്ഷമായി വിമർശിച്ചുകൊണ്ട് ക്രൈസ്​തവ സമുദായത്തിനകത്തുനിന്നുതന്നെ മതമേലധ്യക്ഷന്മാരും പുരോഹിതന്മാരും കന്യാസ്​ത്രീകളും സാധാരണ വിശ്വാസികളുമുൾപ്പെടെയുള്ളവർ രംഗത്തു വന്നു എന്നത്​ ആശ്വാസകരമാണ്​. ക്രൈസ്​തവ ജനസംഖ്യ കുറയുന്നതിലും വിദ്യാഭ്യാസ-തൊഴിൽ മേഖലയിൽ മുസ്​ലിം സമുദായത്തിന്​ ദൃശ്യത കൈവന്നതിനുമെല്ലാം പിന്നിൽ മുസ്​ലിം സമൂഹത്തി​െൻറ ആസ​ൂത്രിത ശ്രമങ്ങളുണ്ട്​ എന്നാണ്​ പല പുരോഹിതന്മാരും പറഞ്ഞുവെക്കുന്നത്​. എന്തുകൊണ്ടാവും ഇത്തരമൊരു സാഹചര്യം സൃഷ്​ടിക്കപ്പെടുന്നത്​? ഉത്തരവാദപ്പെട്ട ബിഷപ്പുമാർ 'നാർക്കോട്ടിക് ജിഹാദ്' പോലുള്ള സംജ്​ഞകൾ സൃഷ്​ടിക്കുന്നത്​? അതിന്റെ കാരണങ്ങളിലേക്ക് സമൂഹികശാസ്ത്ര പരിപ്രേക്ഷ്യത്തിലൂടെ ഒരു എത്തിനോട്ടം നടത്തുന്നത് കരണീയമായിരിക്കും.

കുടിയേറ്റവും ജനസംഖ്യ വ്യതിയാനവും

ആദ്യകാലം മുതൽക്കേ കൃഷിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതോടൊപ്പം മക്കളുടെ വിദ്യാഭ്യാസ പുരോഗതിയിലും ശ്രദ്ധാലുക്കളായിരുന്നു കേരളത്തിലെ ക്രൈസ്തവ സമൂഹം. പതിറ്റാണ്ടുകൾക്ക് മുമ്പുതന്നെ ഉന്നത വിദ്യാഭ്യാസ സ്​ഥാപനങ്ങളിലും കേന്ദ്ര-സംസ്ഥാന സർവിസുകളിലുമെല്ലാം കൂടുതൽ എത്തിപ്പെടാൻ അവർക്ക് സാധിച്ചിട്ടുണ്ട്. അക്കാലത്ത് ദരിദ്ര സ്ഥിതിയിലായിരുന്ന മുസ്​ലിം യുവതയുടെ വലിയഭാഗവും ഗൾഫ് സാധ്യതകൾ തേടി അറേബ്യൻ രാജ്യങ്ങളിലേക്ക് കുടിയേറി. വിദ്യാഭ്യാസവും നാട്ടിലൊരു ജോലിയും നേടുന്നതിലുപരി ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള വ്യഗ്രതയിലായിരുന്നു അവർ.

വിദ്യാഭ്യാസ പുരോഗതിക്കനുസരിച്ച് മനുഷ്യരുടെ ജീവിതനിലവാരം മെച്ചപ്പെടുന്നതോടു കൂടി ജീവിതശൈലിയിലും മാറ്റങ്ങൾ സംഭവിച്ചു. പുതിയകാലത്ത് മക്കളുടെ എണ്ണം കുറഞ്ഞു. ക്രൈസ്തവ സമുദായത്തിൽ താരതമ്യേന ജനസംഖ്യ കുറഞ്ഞുവരുന്നു. എന്നാൽ ഈ അവസരത്തിൽ, മറ്റുള്ളവരിൽ കുട്ടികളുടെ എണ്ണം വർധിക്കുകയാണ് ചെയ്തത്. കാലാന്തരത്തിൽ ക്രൈസ്തവ വിശ്വാസികളിൽ ഒരുപാടുപേർ പുതിയ സാധ്യതകൾ തേടി അമേരിക്കൻ ഐക്യനാടുകളിലേക്കും യൂറോപ്പിലേക്കും യാത്ര തുടങ്ങുകയും പലരും അത്തരം പ്രദേശങ്ങളിൽ സ്ഥിരതാമസമാക്കുകയും ചെയ്തു എന്ന് പഠനങ്ങൾ നടത്തിയ വിദഗ്ദ്ധർ പറയുന്നു (1). ഇത് ക്രൈസ്തവരുടെ എണ്ണം ക്രമാതീതമായി കുറയാനിടയാക്കിയിട്ടുണ്ട്.

സർക്കാർ സർവിസിലെ പ്രാതിനിധ്യ വ്യതിയാനം

ആദ്യകാലത്ത് ഉന്നത വിദ്യാഭ്യാസ മേഖലയിലും കേന്ദ്ര-സംസ്ഥാന സർക്കാർ സർവിസിലടക്കം ഉന്നതസ്ഥാനങ്ങൾ അലങ്കരിച്ചിരുന്നതും നായർ-ക്രൈസ്​തവ വിഭാഗങ്ങളായിരുന്നു. ഇന്നും കേരളത്തിലെ മൊത്തം ശമ്പളത്തിന്റെയും പെൻഷന്റെയും 33 ശതമാനം എത്തുന്നത് 19 ശതമാനത്തിൽ താഴെ ജനസംഖ്യയുള്ള ക്രൈസ്​തവ സമുദായത്തിലേക്കാണ്. ജനസംഖ്യയുടെ 26.6 ശതമാനം ഉള്ള മുസ്​ലിംകൾക്ക് 10 ശതമാന ത്തിൽ താഴെ മാത്രമാണ് സർക്കാർ പണം കിട്ടുന്നത് (2). ക്രൈസ്​തവ വിഭാഗങ്ങൾ ഇതൊന്നും അനർഹമായി നേടിയെടുത്തതല്ല. മറിച്ച്​, അവരുടെ മുൻകാല പ്രവർത്തനങ്ങളും വിദ്യാഭ്യാസ സമ്പാദനത്തിന്​ പുലർത്തിയ താൽപര്യവും വഴി സ്വന്തമാക്കിയതാണ്​.

1990കൾക്കുശേഷം വിദ്യാഭ്യാസ രംഗത്ത്​ മുസ്​ലിംകളുൾപ്പെടെ പിന്നാക്ക സമുദായങ്ങൾ കൂടുതൽ ശ്രദ്ധപുലർത്തിത്തുടങ്ങി. ഒരു സമുദായം എന്നനിലയിൽ നേരിടേണ്ടിവന്ന പിന്നോട്ടടികളെ ചെറുക്കാൻ, പഠിച്ചു മുന്നേറുക അത്യന്താപേക്ഷിതമാണ്​ എന്ന ബോധം തന്നെയാവണം അതിന്​ ഒരു കാരണം. ഗൾഫിൽ പോയി എല്ലുമുറിയെ പണിചെയ്​ത തലമുറ തങ്ങളുടെ പിന്മുറക്കാർ ഇവ്വിധം കഷ്​ടതകൾ നേരിടാതെ ഉയർന്ന ഉദ്യോഗങ്ങളിൽ എത്തണം എന്നാഗ്രഹിച്ച്​ മക്കളുടെ പഠനാവശ്യങ്ങൾക്കായി വലിയ താൽപര്യം പ്രകടിപ്പിച്ചു. മണ്ഡൽ കമീഷൻ, സച്ചാർ സമിതി റിപ്പോർട്ട്​ എന്നിവയും ഈ മാറ്റത്തിന്​ ഗുണകരമായ പങ്കുവഹിച്ചു. മുസ്​ലിം പെൺകുട്ടികളുടെ വിവാഹപ്രായം ഉയർന്നതും ചെറുതല്ലാത്ത മാറ്റങ്ങൾക്ക്​ വഴി തുറന്നു. വിദ്യാഭ്യാസ പുരോഗതിയും ഗൾഫ്പണം കൊണ്ടുള്ള സാമ്പത്തിക വളർച്ചയും സ്വാഭാവികമായും കൂടുതൽ മുസ്​ലിം വിദ്യാർഥികളെ പ്രഫഷനൽ കോളജുക​ളിലേക്ക്​ വഴി നടത്തിച്ചു. മെഡിക്കൽ-എൻജിനീയറിങ്​ കോളജുകളിൽ ഹിജാബ്​ ധരിച്ച പെൺകുട്ടികളുടെ എണ്ണം വർധിച്ചു. ക്രൈസ്​തവ സമൂഹത്തിലെ യുവതലമുറ കുടുംബസമേതം പുറം രാജ്യങ്ങളിലേക്ക് കുടിയേറുന്നതിന്​ ഒരുക്കങ്ങൾ നടത്തു​മ്പോൾ, മുൻഗാമികളുടേതുപോലെ ഗൾഫിൽ ജോലി നേടാനല്ല, നാട്ടിൽ സർക്കാർ ജോലിയോ സ്വയം സംരംഭങ്ങളോ ആണ്​ മുസ്​ലിം യുവത താൽപര്യപ്പെടുന്നത്​.

മതം മാറുന്നവരുടെ എണ്ണത്തിൽവന്ന വ്യത്യാസം

മിഷനറിമാരുടെ വിദ്യാഭ്യാസ-ആരോഗ്യ പ്രവർത്തനങ്ങളുടെയും ജനങ്ങളോടുള്ള സമീപന രീതികളുടെയും ഫലമായി ക്രൈസ്തവ വിശ്വാസത്തിലേക്ക് കേരളത്തിന്റെ പലഭാഗത്തും ആളുകൾ മതം മാറിയിരുന്നു. എന്തിനേറെ, തിരുവിതാംകൂറിൽ 1936ലെ ക്ഷേത്രപ്രവേശന വിളംബരത്തി​െൻറ പേരിൽ ചിത്തിര തിരുനാൾ മഹാരാജിനെക്കുറിച്ച് വാനോളം പുകഴ്ത്തുമ്പോഴും, ക്രൈസ്​തവ ജനസംഖ്യ വർധനക്കൊപ്പം ഹിന്ദു ജനസംഖ്യ കുറവിനെ ഭയന്ന്​ വിശാല ഹിന്ദു ഐക്യം ലക്ഷ്യമിട്ട്​ രാജാവും ദിവാൻ സർ സി.പി. രാമസ്വാമി അയ്യരും നടത്തിയ രാഷ്ട്രീയ തീരുമാനമായിരുന്നു ക്ഷേത്രപ്രവേശന വിളംബരം. ഇത് ബ്രിട്ടീഷുകാരുടെ രേഖകൾ ചൂണ്ടിക്കാട്ടി ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുമുണ്ട് (3). ഒരുകാലത്ത് ഹിന്ദുക്കളിലെ അവർണരും എസ്.സി/എസ്.ടി വിഭാഗങ്ങളും കൂടുതലായി ക്രിസ്തുമതം പുൽകിയിരുന്നു. കാലാന്തരത്തിൽ ഇത്തരം മതംമാറലുകൾ കുറഞ്ഞുവന്നു.

വിശ്വാസികളുടെ എണ്ണം കുറയുന്നതിനും വിദ്യാഭ്യാസ സ്​ഥാപനങ്ങളിലും തൊഴിലിടങ്ങളിലും സഹോദര സമുദായത്തിന്​ പ്രാതിനിധ്യം വർധിക്കുന്നതിനുമുള്ള ഇത്തരം കാരണങ്ങൾ കാണാതെ, ഈ രാജ്യത്തിൽനിന്ന്​ പുറത്തുപോകേണ്ടവരായി മുസ്​ലിംകൾക്ക്​ പിന്നാലെ ക്രൈസ്​തവരെ എണ്ണുന്ന, ദേവാലയങ്ങൾ തകർക്കുന്ന, അധികാരം ലഭിച്ച സംസ്​ഥാനങ്ങളിലെല്ലാം മതംമാറ്റം തടയൽ നിയമം കൊണ്ടുവരുന്ന സംഘ്​പരിവാറി​െൻറ നുണപ്രചാരണങ്ങൾ ഏറ്റുപിടിക്കുന്നത്​ നമ്മുടെ സാമൂഹിക സൗഹാർദത്തിന്​ ഏൽപിക്കുന്ന പരിക്ക്​ ചില്ലറയല്ല എന്നുമാത്രം ഓർമപ്പെടുത്ത​ട്ടെ. അയൽവാസിയുടെ മതമേതെന്നു​ നോക്കാതെ സന്തോഷവും സങ്കടങ്ങളും പങ്കിട്ട്​, ഉയർച്ചയിലും താഴ്​ചയിലു ഒരുമിച്ചു നീങ്ങിയതാണ്​ നമ്മുടെ പാരമ്പര്യം. അത് കൈമോശംവരാതെ സൂക്ഷിക്കുക എന്നത്​ ഓരോ മലയാളിയുടെയും ബാധ്യത തന്നെയാണ്​.

Reference

1. Migrations, low fertility leading to decline in Kerala's Christian population, not 'jihad' campaigns; Deccan Herald, 22 May 2022.

2. ജോസ് സെബാസ്റ്റ്യൻ എഴുതിയ 'കേരള ധനകാര്യം: ജനപക്ഷത്തുനിന്ന് ഒരു പുനർവായന; പേജ് നമ്പർ 100-104.

3. മനു എസ്. പിള്ളയുടെ ദന്ത സിംഹാസനം; DC ബുക്സ് പബ്ലിക്കേഷൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jihadnarcotic jihad
News Summary - It's not because of jihad, Father!
Next Story