Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജീവൻരക്ഷാ മരുന്നു ലഭ്യതയും വാണിജ്യതാൽപ്പര്യങ്ങളും

text_fields
bookmark_border
ജീവൻരക്ഷാ മരുന്നു ലഭ്യതയും വാണിജ്യതാൽപ്പര്യങ്ങളും
cancel
ഇന്ത്യ 2005 മുതൽ പൂർണമായും ട്രിപ്സ് വ്യവസ്ഥകളുടെ ഭാഗമായെങ്കിലും, പൊതുജനാരോഗ്യ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ട് 1970-ലെ പേറ്റന്‍റ് നിയമത്തിൽ സുപ്രധാന ഭേദഗതികൾ കൊണ്ടുവന്നു

ജീവൻരക്ഷാ മരുന്നുകൾ പേറ്റന്റ് വഴി സംരക്ഷണം നേടുമ്പോഴും അമിതവിലയിൽ വിൽക്കപ്പെടുമ്പോഴും തുലാസിലാകുന്നത് രോഗികളുടെ പ്രതീക്ഷകളും അവകാശങ്ങളുമാണ്. ലോക വ്യാപാരസംഘടനയുടെ ‘ബൗദ്ധികസ്വത്തവകാശങ്ങളുമായി ബന്ധപ്പെട്ട വ്യാപാരക്കരാർ’ (ട്രിപ്സ് കരാർ, 1995) പ്രകാരം, അംഗരാജ്യങ്ങൾ ഔഷധ ഉൽപ്പന്നങ്ങൾക്ക് പേറ്റന്റ് സംരക്ഷണം നൽകേണ്ടതുണ്ട്. അതേസമയം, 2001-ലെ ‘ദോഹ പ്രഖ്യാപനം’, പൊതുജനാരോഗ്യത്തെയും എല്ലാവർക്കും മരുന്നുകൾ ലഭ്യമാക്കുന്നതിനെയും പിന്തുണയ്ക്കുന്ന രീതിയിലാകണം ട്രിപ്സ് കരാർ വ്യാഖ്യാനിക്കേണ്ടതെന്ന് വ്യക്തമാക്കി. നിർബന്ധിത ലൈസൻസുകൾ നൽകാനും അതിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കാനുമുള്ള പരമാധികാരം ഓരോ രാജ്യത്തിനുമുണ്ടെന്ന് ഈ പ്രഖ്യാപനം അടിവരയിടുന്നു.

ഇന്ത്യ 2005 മുതൽ പൂർണമായും ട്രിപ്സ് വ്യവസ്ഥകളുടെ ഭാഗമായെങ്കിലും, പൊതുജനാരോഗ്യ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ട് 1970-ലെ പേറ്റന്റ് നിയമത്തിൽ സുപ്രധാന ഭേദഗതികൾ കൊണ്ടുവന്നു. നിർബന്ധിത ലൈസൻസിങ്, സർക്കാരിന്റെ നേരിട്ടുള്ള ഉപയോഗം, സമാന്തര ഇറക്കുമതി, പേറ്റന്റ് റദ്ദാക്കൽ, നിത്യഹരിതവൽക്കരണ വിരുദ്ധ വ്യവസ്ഥകൾ തുടങ്ങിയ രക്ഷാകവചങ്ങളാണ് ഇന്ത്യയുടെ ഔഷധനയത്തിന്റെ അടിസ്ഥാനശില. പേറ്റന്റ് ചെയ്ത മരുന്നുകൾ സാധാരണക്കാർക്ക് അപ്രാപ്യമാകുമ്പോഴാണ് ഈ നിയമവ്യവസ്ഥകളുടെ പ്രസക്തി ഏറുന്നത്.

നിലവിലെ നിയന്ത്രണങ്ങൾ പര്യാപ്തമോ?

ഗവേഷണത്തിനും വികസനത്തിനുമുള്ള പ്രോത്സാഹനമായാണ് പേറ്റന്റുകളെ ന്യായീകരിക്കുന്നതെങ്കിലും, അനിയന്ത്രിതമായ വിലവർധന അവശ്യമരുന്നുകൾ വികസ്വര രാജ്യങ്ങളിലെ ഭൂരിഭാഗം ജനങ്ങൾക്കും അപ്രാപ്യമാക്കുന്നു. കാൻസർ, എച്ച്.ഐ.വി/എയ്ഡ്സ്, ക്ഷയരോഗം, അപൂർവരോഗങ്ങൾ എന്നിവയ്ക്കുള്ള ജീവൻരക്ഷാ മരുന്നുകളുടെ കാര്യത്തിൽ ഈ പ്രതിസന്ധി അതിരൂക്ഷമാണ്.

പേറ്റന്റ് നിയമത്തിലെ എൺപത്തിമൂന്നാം വകുപ്പ് വ്യക്തമാക്കുന്നത് പോലെ, പേറ്റന്റ് ഉടമകൾക്ക് കുത്തകാവകാശം നൽകുക മാത്രമല്ല, മറിച്ച് കണ്ടുപിടുത്തങ്ങൾ ഇന്ത്യയിൽ വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിക്കുകയും പൊതുക്ഷേമത്തിന് വഴിയൊരുക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ പ്രാഥമിക ലക്ഷ്യം. നിയമത്തിലെ പതിനാറാം അധ്യായവും (84 മുതൽ 94 വരെയുള്ള വകുപ്പുകൾ) പതിനേഴാം അധ്യായവും (100 മുതൽ 102 വരെയുള്ള വകുപ്പുകൾ) പേറ്റന്റവകാശങ്ങൾ സമ്പൂർണമല്ലെന്നും പൊതുതാൽപ്പര്യാർഥം സർക്കാരുകൾക്ക് നിയന്ത്രണങ്ങൾ കൊണ്ടുവരാമെന്നും വ്യക്തമാക്കുന്നുണ്ട്.

ഭരണഘടനയുടെ 21-ാം അനുച്ഛേദപ്രകാരമുള്ള ‘ജീവിക്കാനുള്ള അവകാശം’ കേവല നിലനിൽപ്പല്ലെന്നും മെച്ചപ്പെട്ട ചികിത്സ ലഭിക്കാനുള്ള അവകാശം കൂടിയാണെന്നും പശ്ചിമബംഗ ഖേത് മസ്ദൂർ സമിതി (1996), മുഹമ്മദ് അഹമ്മദ് (2014) തുടങ്ങിയ സുപ്രധാന കേസുകളിൽ സുപ്രീംകോടതിയും ഹൈകോടതിയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കാൻസർ ചികിത്സയ്ക്കുള്ള ‘റിബോസിക്ലിബ്’ മരുന്നുമായി ബന്ധപ്പെട്ട് 2026-ൽ കേരള ഹൈകോടതി പുറപ്പെടുവിച്ച വിധിയിലും, പേറ്റന്റ് നിയമത്തിലെ 100 മുതൽ 102 വരെയുള്ള വകുപ്പുകളെ ഭരണഘടനയുടെ 21, 47 അനുച്ഛേദങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ട് പേറ്റന്റ് കുത്തകകൾ ജനങ്ങളുടെ ആരോഗ്യത്തിനുള്ള അവകാശത്തെ കവർന്നെടുക്കരുതെന്ന് ശക്തമായി ഓർമിപ്പിച്ചു.

പൊതുജനാരോഗ്യ പ്രതിസന്ധികളിലും ദേശീയ അടിയന്തരാവസ്ഥകളിലും സാധാരണ നടപടിക്രമങ്ങൾ ഒഴിവാക്കി നിർബന്ധിത ലൈസൻസിങ് അനുവദിക്കാൻ പേറ്റന്റ് നിയമത്തിലെ 92-ാം വകുപ്പ് സർക്കാരിന് വിപുലമായ അധികാരം നൽകുന്നുണ്ട്. ഒരു പേറ്റന്റ് ലഭിച്ച് മൂന്ന് വർഷം കഴിഞ്ഞിട്ടും ഉൽപ്പന്നം ന്യായവിലയിൽ വിപണിയിലെത്തുന്നില്ലെങ്കിൽ 84-ാം വകുപ്പ് പ്രകാരം ഏതൊരു വ്യക്തിക്കും നിർബന്ധിത ലൈസൻസിനായി അപേക്ഷിക്കാം; ‘ബെയർ കോർപ്പറേഷൻ - നാറ്റ്കോ ഫാർമ’ കേസ് ഇതിന് ഉദാഹരണമാണ്. കൂടാതെ, പേറ്റന്റ് ഉടമയുടെ അനുമതിയില്ലാതെതന്നെ പൊതുആവശ്യങ്ങൾക്കായി നിർമാണത്തിനും വിതരണത്തിനും അനുമതി നൽകാൻ 100, 102 വകുപ്പുകൾ സർക്കാരിന് അധികാരം നൽകുന്നു. വിദേശത്ത് കുറഞ്ഞവിലയിൽ വിൽക്കുന്ന പേറ്റന്റ് ഉൽപ്പന്നങ്ങൾ ഇവിടെ ഇറക്കുമതി ചെയ്യാനുള്ള ‘സമാന്തര ഇറക്കുമതി’ സാധ്യത (വകുപ്പ് 107 എ(ബി)) വിപണിയിലെ അമിതവില നിയന്ത്രിക്കാൻ സഹായിക്കുന്ന മറ്റൊരു ഉപാധിയാണ്.

അധികവില, നികുതിബാധ്യത മരുന്നു ലഭ്യത

അവശ്യമരുന്നുകളുടെ മൊത്തവിതരണ വിലയും പരമാവധി ചില്ലറവിലയും തമ്മിലുള്ള ഭീമമായ അന്തരത്തെ “പകൽവെളിച്ചത്തിൽ നടക്കുന്ന കൊള്ള” എന്നും “പിടിച്ചുപറി” എന്നുമാണ് ഒക്ടോബർ പന്ത്രണ്ടിലെ വിധിയിൽ സുപ്രീംകോടതി വിശേഷിപ്പിച്ചത്. തുടർന്ന്, എല്ലാ അവശ്യമരുന്നുകൾക്കും വിലനിയന്ത്രണം ഏർപ്പെടുത്താനുള്ള സാധ്യത പരിശോധിക്കാൻ കേന്ദ്രസർക്കാരിനോട് നിർദേശിക്കുകയും ചെയ്തു. ഔഷധ വിലനിയന്ത്രണ ഉത്തരവിലെ (ഡി.പി.സി.ഒ) പത്തൊൻപതാം ഖണ്ഡിക പ്രകാരം പൊതുതാൽപ്പര്യം മുൻനിർത്തി ഏത് മരുന്നിന്റെയും വില നിശ്ചയിക്കാൻ സർക്കാരിന് അധികാരമുണ്ട്. അമിതവില ഈടാക്കുന്ന കമ്പനികൾക്കെതിരെ പിഴയടക്കമുള്ള കർശന നടപടികൾ സ്വീകരിക്കണം. അതോടൊപ്പം, മരുന്നുകളുടെ വിലയിൽ ഉൾപ്പെടുത്തുന്ന നികുതിയിലെ ക്രമക്കേടുകളും നികുതിവെട്ടിപ്പുകളും കണ്ടെത്താൻ വിൽപന രേഖകളുടെ ഡിജിറ്റൽ പരിശോധന ശക്തമാക്കുകയും ഉപഭോക്തൃപരാതികൾ സമയബന്ധിതമായി പരിഹരിക്കുകയും വേണം.

താങ്ങാനാവുന്ന വിലയിൽ മരുന്നുകൾ ഉറപ്പാക്കാൻ വിവിധ വകുപ്പുകൾ ഏകോപിച്ച് പ്രവർത്തിക്കേണ്ടതുണ്ട്:

1. പേറ്റന്റ് സുതാര്യത: മരുന്നുകളുടെ പേറ്റന്റ് കാലാവധി, അനുബന്ധ ലൈസൻസിങ് വിവരങ്ങൾ എന്നിവ പൊതുജനങ്ങൾക്ക് എളുപ്പത്തിൽ പരിശോധിക്കാൻ സൗകര്യമൊരുക്കുക.

2. വേഗത്തിലുള്ള നടപടികൾ: നിർബന്ധിത ലൈസൻസ് അപേക്ഷകളിൽ ഉൽപ്പാദനശേഷിയും ആവശ്യകതയും പരിഗണിച്ച് സമയബന്ധിതമായി തീർപ്പുകൽപ്പിക്കുക.

3. ജനറിക് വിപണനം: പേറ്റന്റ് കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക്, ബോളർ ഇളവുകൾ (വകുപ്പ് 107 എ) പ്രയോജനപ്പെടുത്തി ഗുണനിലവാരമുള്ള ജനറിക് മരുന്നുകൾ ഉടൻ വിപണിയിലെത്തിക്കുക.

4. ശക്തമായ നിരീക്ഷണവും ഏകോപനവും: വിലപരിധി ലംഘനങ്ങളും നികുതി ക്രമക്കേടുകളും കർശനമായി പരിശോധിക്കുക; സർക്കാർ ആശുപത്രികളിലേക്കുള്ള മരുന്നുകൾ സുതാര്യമായ ടെൻഡറുകളിലൂടെ ഉറപ്പാക്കുക.

കേരള സർക്കാരിന്റെ പൂർണ ഉടമസ്ഥതയിലുള്ള കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് (കെ.എസ്.ഡി.പി), കേന്ദ്ര-സംസ്ഥാന തലങ്ങളിലുള്ള ബംഗാൾ കെമിക്കൽസ് (ബി.സി.പി.എൽ), ഹിന്ദുസ്ഥാൻ ആന്റിബയോട്ടിക്സ് (എച്ച്.എ.എൽ), ഐ.ഡി.പി.എൽ, ജൻ ഔഷധി (ബി.പി.പി.ഐ), കെ.എ.പി.എൽ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങൾ അവശ്യ ജനറിക് മരുന്നുകൾ കുറഞ്ഞചെലവിൽ നിർമ്മിക്കാൻ പ്രാപ്തമാണ്. ഈ പൊതുമേഖലാ സ്ഥാപനങ്ങളുടെ നിർമ്മാണ-വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തുകയും, പേറ്റന്റ് നിയമത്തിലെ ഇളവുകളും നിർബന്ധിത ലൈസൻസും പ്രയോജനപ്പെടുത്തി ഇവരെ മരുന്ന് ഉൽപ്പാദനത്തിന് സജ്ജമാക്കുകയും ചെയ്താൽ ഒരു പരിധിവരെ മരുന്നുക്ഷാമവും അമിതവിലയും പരിഹരിക്കാം. എന്നാൽ, വിലക്കുറവ് എന്ന ലക്ഷ്യം മരുന്നുകളുടെ സുരക്ഷയിലും ഗുണനിലവാരത്തിലും വിട്ടുവീഴ്ചയാകരുത്.

മരുന്ന് വെറുമൊരു വിപണിവസ്തുവല്ല; മനുഷ്യന്റെ ജീവനും ആരോഗ്യവുമായി നേരിട്ട് ബന്ധപ്പെട്ട ഒന്നാണ്. ശാസ്ത്ര-സാങ്കേതിക രംഗത്ത് മുന്നിൽ നിൽക്കുന്ന അമേരിക്കയിൽപോലും ചികിത്സാച്ചെലവ് താങ്ങാനാവാതെ കുടുംബങ്ങൾ സാമ്പത്തികമായി തകരുന്ന കാഴ്ച ഒരു മുന്നറിയിപ്പാണ്. നമ്മുടെ നാട്ടിൽ സാധാരണക്കാർക്ക് ആ ഗതികേട് വരാതിരിക്കാൻ പേറ്റന്റ് നിയമങ്ങൾ തുറന്നിട്ടിരിക്കുന്ന പൊതുജനാരോഗ്യ സാധ്യതകൾ ഫലപ്രദമായി വിനിയോഗിക്കുകയാണ് സർക്കാരുകളും സംവിധാനങ്ങളും ചെയ്യേണ്ടത്.

simikk@cusat.ac.in, (കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഐ.പി.ആർ. സ്റ്റഡീസിൽ അസിസ്റ്റന്റ് പ്രഫസറാണ് ലേഖിക)

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Affordable Medicine Rights Under Patents
Next Story