Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഞാന്‍ സവര്‍ക്കറല്ല,...

ഞാന്‍ സവര്‍ക്കറല്ല, ഗാന്ധിയാണ്

text_fields
bookmark_border
chennithala-220919.jpg
cancel

1955ലെ ഇന്ത്യന്‍ പൗരത്വനിയമത്തില്‍ ഭേദഗതി വരുത്തി പാകിസ്​താൻ, അഫ്ഗാനിസ്​താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന്​ 2014 ഡിസംബര്‍ 31നുമുമ്പ് ഇന്ത്യയിലേക്ക് കുടിയേറിയ മുസ്​ലിംകള്‍ ഒഴികെയുള്ളവർക്ക്​ ഇന്ത്യൻ പൗരത്വം നല്‍കാനുള്ള കേന്ദ്രസര്‍ക്കാർ തീരുമാനം ഇന്ത്യ എന്ന ആശയത്തിനുതന്നെയുള്ള വെല്ലുവിളിയാണ്.

ഇന്ത്യയെ ഇന്ത്യയായും നമ്മളെ ഇന്ത്യക്കാരായും നിലനിര്‍ത്തുന്നത് നമ്മുടെ ഭരണഘടനയാണ്. ‘വി ദ പീപ്ൾ ഒാഫ്​ ഇന്ത്യ’ എന്ന വാചകത്തിലാണ് ഭരണഘടന തുടങ്ങുന്നതുതന്നെ. ഇന്ത്യാത്വം എന്ന നമ്മുടെ പൗരത്വബോധം, ‘വി’ അഥവാ നമ്മള്‍ എന്ന ഈ വാക്കില്‍ ഭരണഘടന ശില്‍പികള്‍ കൊത്തിവെച്ചു. എല്ലാ ഇന്ത്യക്കാരും എ​​​െൻറ സഹോദരീസഹോദരന്മാരാണ് എന്ന ബോധത്തില്‍ മതവിദ്വേഷത്തി​​​െൻറ വിഷം കലര്‍ത്തി, ‘നമ്മള്‍’ എന്ന ഇന്ത്യക്കാരെ ഞങ്ങള്‍/നിങ്ങള്‍ എന്ന പിളര്‍പ്പിലേക്ക്​ തള്ളിവിടുകയാണ് മോദി-അമിത് ഷാ കൂട്ടുകെട്ട്, ഈ കരിനിയമത്തിലൂടെ ചെയ്യുന്നത്. സത്യത്തില്‍ ‘നമ്മൾ‘ എന്ന ബോധം വൈകാരികക്ഷമമാണ്, യുദ്ധം പോലുള്ള സമയങ്ങളില്‍ അതി​​​െൻറ തീ​വ്രത കൂടുകയും കുടിയൊഴിപ്പിക്കപ്പെടുന്ന, ഒറ്റപ്പെടുന്ന നിമിഷങ്ങളില്‍, അത് വളരെയധികം കുറയുകയും ചെയ്യുന്നു. ഇവിടെ 20 കോടിയോളം വരുന്ന ഒരു ജനസമൂഹത്തെ ഒറ്റപ്പെടുത്തുന്ന ഈ നിയമം വഴി, നമ്മള്‍ എന്ന ഈ ഭരണഘടനബോധം ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും സാന്ദ്രത കുറഞ്ഞ നിലയിലേക്ക് എത്തിയിരിക്കുകയാണ്. ഇത് ഭരണഘടനയുടെ അപചയമാണ്, ഇന്ത്യ എന്ന ആശയത്തി​​​െൻറ ഉന്മൂലനമാണ്.

ജനാധിപത്യവും മതേതരത്വവും ഇരട്ടപെറ്റ മക്കളാണെന്നാണ് പണ്ഡിറ്റ് ജവഹർലാൽ നെഹ്റു എപ്പോഴും പറയാറുണ്ടായിരുന്നത്. ഇന്ത്യ ഒരു ജനാധിപത്യരാജ്യമായി നിലനില്‍ക്കണമെങ്കില്‍ അതിന് മതേതരമായ ഒരു സാമൂഹികഘടന ഉണ്ടെങ്കിലേ കഴിയൂ. രാജ്യത്തെ ഏകാധിപത്യത്തിലേക്ക് കൊണ്ടുപോകണമെന്ന്​ ആഗ്രഹിക്കുന്നവര്‍ ആദ്യം തകര്‍ക്കുന്നത് നമ്മുടെ മതേതര സംവിധാനത്തെയാണ്. കാരണം മതേതരത്വം ഇല്ലാതായാല്‍ ജനാധിപത്യം എന്നത് കരയിൽ പിടിച്ചിട്ട മീനി​െനപ്പോലെയാണ്. അത് സ്വാഭാവികമായി ഇല്ലാതാകും. സംഘ്​പരിവാറി​​​െൻറ പ്രഥമവും പ്രധാനവുമായ ലക്ഷ്യവും അതുതന്നെ. ഇതിനായി, പണ്ട് ഹിറ്റ്‌ലറും ഗീബല്‍സും ചെയ്തപോലെ പെരുംനുണകളുടെ ഹിമാലയമാണ് പാര്‍ലമ​​െൻറിനകത്തും പുറത്തും കഴിഞ്ഞ ദിവസങ്ങളില്‍ സൃഷ്​ടിച്ചത്. രാജ്യത്തെ മതാടിസ്ഥാനത്തില്‍ വിഭജിച്ചത് കോണ്‍ഗ്രസാണെന്ന ഒരു പച്ചക്കള്ളം ഒരു ഉളുപ്പുമില്ലാതെ പാര്‍ലമ​​െൻറില്‍ അമിത് ഷാ തട്ടിവിട്ടു. ദ്വിരാഷ്​ട്രവാദം ആദ്യമുന്നയിച്ചത് ഹിന്ദുമഹാസഭയായിരുന്നു. 1923ല്‍ എഴുതിയ ‘ഹിന്ദുത്വ’ എന്നു പേരുള്ള പ്രബന്ധത്തിലാണ് ആദ്യമായി ഹിന്ദുക്കളും മുസ്​ലിംകളും രണ്ട് രാഷ്​ട്രങ്ങളാണെന്ന് വി.ഡി സവര്‍ക്കര്‍ പ്രഖ്യാപിച്ചത്. 1925ല്‍ സ്ഥാപിതമായ ആർ.എസ്​.എസ് ‘ഹിന്ദുരാഷ്​ട്രം’ എന്ന ആശയം പകര്‍ത്തിയത് സവര്‍ക്കറുടെ ഈ പ്രബന്ധത്തില്‍ നിന്നായിരുന്നു. അതിന് കൃത്യം 16 വര്‍ഷങ്ങള്‍ക്കുശേഷം മുഹമ്മദലി ജിന്ന ഹിന്ദു മഹാസഭയുടെ ഈ ആശയം ഏറ്റെടുത്തു. അതേസമയം, ഒാള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി അവസാനനിമിഷം വരെ ദ്വിരാഷ്​ട്രവാദത്തിന് എതിരായിരുന്നു. ഹിന്ദുക്കളും മുസ്​ലിംകളും ഇന്ത്യയെന്ന ശരീരത്തിലെ രണ്ടു കണ്ണുകളാണ്. ഒരു കണ്ണിന്​ എങ്ങനെ മറ്റൊരു കണ്ണി​​​െൻറ ശത്രുവാകാന്‍ കഴിയും എന്നാണ് ഗാന്ധിജി ചോദിച്ചത്.

ഒരു കാര്യം വ്യക്തമാണ്. ഇന്ത്യയുടെ മഹത്തായ സ്വാതന്ത്ര്യസമരത്തെയാണ്, ആ സമരം ഉയര്‍ത്തിയ മഹത്തായ ആശയങ്ങളെയാണ് മോദിയും അമിത് ഷായും കൂടി ഈ ഒറ്റനിയമത്തിലൂടെ റദ്ദ് ചെയ്​തുകളഞ്ഞത്. ഇന്ത്യയുടെ മതേതരസ്വഭാവം നിലനിര്‍ത്താന്‍, ഭരണഘടന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍, വൈവിധ്യങ്ങളെ പരിപോഷിപ്പിക്കാന്‍, എല്ലാത്തിലുമുപരി, ഇന്ത്യയെന്ന ആശയത്തെ ഇല്ലായ്മ ചെയ്യാതിരിക്കാന്‍, നമ്മള്‍ (വി ദ പീപ്ൾ) ഒരുമി​േക്കണ്ട കാലമാണിത്. ആ ഒരുമയുടെ കാഴ്ചയാണ് ഡല്‍ഹിയില്‍ രാംലീല മൈതാനിയില്‍ കണ്ടത്. ഈ കാലഘട്ടത്തില്‍ ഉയർത്തേണ്ട മുദ്രാവാക്യമാണ്, രാഹുല്‍ ഗാന്ധി അവിടെ ഉയര്‍ത്തിയത് -ഞാന്‍ സവര്‍ക്കറല്ല, ഗാന്ധിയാണ് എന്ന്​. ഇന്ത്യ മുഴുവന്‍ ഈ മുദ്രാവാക്യം ഏറ്റെടുക്കും. കാരണം സവര്‍ക്കർ അല്ല, ഗാന്ധിയാണ് ശരി.

അനതിസാധാരണമായ ഒരു ഘട്ടമാണിത്. ഇവിടെ അസാധാരണ നിലപാടുകളും, കൂട്ടായ്മകളും സമരരീതികളും ആവശ്യം വരും. അതു കൊണ്ടുതന്നെയാണ്, നിരവധി വിഷയങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും രാഷ്​ട്രത്തി​​​െൻറ നില്‍നിൽപുതന്നെ ചോദ്യംചെയ്യപ്പെടുന്ന ഈ സമയത്ത്, കേരളത്തില്‍ സംസ്ഥാന സര്‍ക്കാറിനൊപ്പം പ്രതിപക്ഷവും ചേര്‍ന്ന് ഒരു സംയുക്ത സമരത്തിനു യു.ഡി.എഫ് തയാറായത്. ഇതോടൊപ്പം, ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസും മുസ്​ലിംലീഗ്​ അടക്കമുള്ള മതേതര ജനാധിപത്യകക്ഷികളും ബില്ലിനെതിരെ നിയമയുദ്ധത്തിനിറങ്ങിയിരിക്കുകയാണ്. പ്രതിപക്ഷനേതാവെന്ന നിലയില്‍ ഈ കേസില്‍ ഞാനും കക്ഷിചേരുകയാണ്.
രണ്ടാം രാഷ്​ട്രവിഭജനത്തെ തടുക്കാന്‍, രണ്ടാം സ്വാതന്ത്ര്യസമരം തന്നെ വേണം. ഏതെങ്കിലും മതവിഭാഗത്തിനു വേണ്ടി ആ വിഭാഗം നടത്തുന്ന സമരമല്ല, എല്ലാ ഇന്ത്യക്കാര്‍ക്കും വേണ്ടി നമ്മള്‍ ഇന്ത്യക്കാര്‍ നടത്തുന്ന സമരമാണിത്. ഇതില്‍ നമ്മൾ വിജയിച്ചേ മതിയാകൂ. നമ്മള്‍ വിജയിച്ചാലേ ഇന്ത്യ അതിജീവിക്കൂ. നമ്മുടെ രാഷ്​ട്ര ത്തി​​​െൻറ അതിജീവനത്തിനായി നമുക്കൊരുമിക്കാം.
ഞാന്‍ സവര്‍ക്കറല്ല, ഗാന്ധിയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalaopinionCAB protest
News Summary - iam not savarkar but gandhi -opinion
Next Story