Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഗവർണർ പദവി...

ഗവർണർ പദവി അനിവാര്യമാണോ?

text_fields
bookmark_border
governers
cancel



സ്വതന്ത്ര ഇന്ത്യയിലെ ഗവർണർമാരുടെ ഭരണചരിത്രം പരിശോധിച്ചാൽ മഹാരാഷ്​ട്രസംഭവങ്ങൾ ഒട്ടും വിചിത്രമായി തോ ന്നില്ല. ഒപ്പമുള്ള എം.എൽ.എമാരുമായി ശരദ് പവാർ നടത്തിയ പ്രകടനം കണ്ടപ്പോൾ ഓർമവന്നത് 1984 ലെ എൻ.ടി. രാമറാവുവി​​െൻറ ചിത്രമാണ്. രോഗശയ്യയിലായിരുന്ന ആ മനുഷ്യൻ ഒരു വീൽചെയറിൽ 162 എം.എൽ.എമാരെയും നയിച്ചു രാഷ്​ട്രപതിഭവനിലേക്ക് നീങ്ങുന്ന ചിത്രം. ഇന്ദിര ഗാന്ധിയുടെ മൂക്കിനുകീഴെ രാംലീല മൈതാനിയിൽ നടത്തിയ പ്രകടനം. അന്ന് അറസ്​റ്റ്​ ചെയ്യപ്പെട്ടവരുടെ എണ്ണമെടുത്താൽ തന്നെ ഭരിക്കാൻ വേണ്ട ഭൂരിപക്ഷത്തേക്കാൾ 11 പേർ കൂടുതലുണ്ടായിരുന്നു എൻ.ടി. ആറിനൊപ്പം. പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ചട്ടുകമായിരുന്ന ആന്ധ്ര ഗവർണർ രാം ലാലി​​െൻറ ചെയ്തികൾ അന്താരാഷ്​ട്രതലത്തിൽ രാജ്യത്തിന് നാണക്കേടായി. ബൈപാസ് ശസ്ത്രക്രിയക്കായി മുഖ്യമന്ത്രി എൻ.ടി.ആർ അമേരിക്കയിലായിരുന്ന സമയത്താണ് എൻ. ഭാസ്കരറാവുവി​​െൻറ സഹായത്തോടെ കേന്ദ്രം ഭരിക്കുന്ന കോൺഗ്രസ്​ സംസ്ഥാന ഗവൺമ​െൻറിനെ അട്ടിമറിക്കാൻ കരുക്കൾ നീക്കിയത്. അതേ കാലത്തുതന്നെയാണ് ജമ്മു-കശ്മീരിൽ ഫാറൂഖ് അബ്​ദുല്ല മന്ത്രിസഭയെ ഗവർണർ ജഗ്​മോഹനെ ഉപയോഗിച്ച് അട്ടിമറിക്കുന്നത്.

ഇത് രാജ്യത്തെ ആദ്യ പൊതുതെരഞ്ഞെടുപ്പിൽതന്നെ ആരംഭിച്ചതാണ്. 1952ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മദിരാശി സംസ്ഥാനത്തു ഭൂരിപക്ഷം ലഭിച്ചിട്ടും കമ്യൂണിസ്​റ്റ്​ പാർട്ടി ഓഫ് ഇന്ത്യ നേതൃത്വം കൊടുത്ത യുനൈറ്റഡ് ഡെമോക്രാറ്റിക്‌ ഫ്രണ്ട് (യു.ഡി.എഫ്) സഖ്യത്തെ തഴഞ്ഞ്​ കോൺഗ്രസിനെയാണ് ഗവർണർ ഗവൺമ​െൻറ്​ രൂപവത്​കരിക്കാൻ ക്ഷണിച്ചത്. ഭൂരിപക്ഷമില്ലാതെ മന്ത്രിസഭ ഉണ്ടാക്കുകയും പിന്നീട് കുതിരക്കച്ചവടത്തിലൂടെ എതിർപക്ഷത്തുനിന്നു ജനപ്രതിനിധികളെ വിലക്കെടുക്കുകയും ചെയ്യുന്ന സമീപനത്തിന് അന്നേ തുടക്കം കുറിച്ചതാണ്. ഗവർണർ ശ്രീ പ്രകാശ, രാജാജിയെ ഗവൺമ​െൻറ്​ രൂപവത്​കരിക്കാൻ ക്ഷണിച്ചത് ഒരു വിഡ്ഢിദിനത്തിലായിരുന്നു എന്നത് ചരിത്രത്തിലെ മറ്റൊരു കൗതുകം. 1959 ൽ കേരള സർക്കാറിനെ അട്ടിമറിച്ചതുമുതൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കർണാടകയിൽ ഭൂരിപക്ഷം തെളിയിക്കാൻ ഒരാഴ്ച സമയം ചോദിച്ച യെദിയൂരപ്പക്ക്​ 15 ദിവസം നൽകിയതും, തോറ്റ ബി.ജെ.പി നേതാക്കന്മാരെ ജനപ്രതിനിധികളായി മന്ത്രിസഭയുടെ അറിവോ സമ്മതമോ ഇല്ലാതെ നാമനിർദേശം ചെയ്ത പുതുച്ചേരി ​െലഫ്​. ഗവർണറുടെ നടപടിയും, അരുണാചൽ പ്രദേശിൽ അവസാനം കലിഖോ പുലി​​െൻറ ആത്മഹത്യയിൽ കലാശിച്ച അധികാര വടംവലിയും ഗവർണർ എന്ന ഭരണഘടനാ പദവി ജനാധിപത്യത്തെ അപകടപ്പെടുത്തിയതി​​െൻറ എണ്ണിയാലൊടുങ്ങാത്ത ഉദാഹരണങ്ങളിൽ ചിലതു മാത്രമാണ്.

രാഷ്​ട്രീയ ദുരുപയോഗമല്ലാതെ വേറെ ഏതെങ്കിലും ഒഴിവാക്കാനാകാത്ത ഭരണഘടനാ ചുമതലകൾ ഗവർണർ വഹിക്കുന്നുണ്ടോ എന്ന് സംശയമാണ്. മധ്യപ്രദേശ് ഗവർണറായിരുന്ന ഡോ. പട്ടാഭി സീതാരാമയ്യ, ഉത്തർപ്രദേശ് ഗവർണർ ആയിരുന്ന കെ.എം. മുൻഷി, സരോജിനി നായിഡു അങ്ങനെ പല പ്രമുഖരും ഗവർണർ എന്നത് അതിഥികളെ സ്വീകരിക്കാൻ മാത്രമുള്ള ഒരു അലങ്കാരപദവിയാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. മഹാരാഷ്​ട്ര ഗവർണറായിരിക്കെ വിജയലക്ഷ്മി പണ്ഡിറ്റ് ഈ പദവി അനാവശ്യമാണെന്നു പറയുകയുണ്ടായി. രാഷ്​ട്രീയനേതാക്കളിൽ എൻ.ടി. രാമറാവുവാണ് ഒരു ജനാധിപത്യക്രമത്തിൽ ഗവർണറുടെ പ്രസക്തി എന്താണെന്ന ചോദ്യം ഏറ്റവും ശക്തിയായി ഉന്നയിച്ചത്. അത് അദ്ദേഹത്തെ ഉപജാപത്തിലൂടെ പുറത്താക്കുന്നതിനുമുമ്പായിരുന്നു. മഹാരാഷ്​ട്രയിലെ നാടകം ഈ ചോദ്യം വീണ്ടും ഉന്നയിക്കാൻ നമ്മെ പ്രേരിപ്പിക്കുകയാണ്.
കേന്ദ്രം ഭരിക്കുന്ന രാഷ്​ട്രീയകക്ഷിക്ക്​ പ്രിയപ്പെട്ടവരായിരുന്ന ഉദ്യോഗസ്ഥരെയോ, ന്യായാധിപരെയോ, കണ്ടം ചെയ്യാറായ രാഷ്​ട്രീയനേതാക്കളെയോ പുനരധിവസിപ്പിക്കാനുള്ള ഒരു മാർഗം മാത്രമാണ് നിലവിൽ ഗവർണർ പദവി. ഗവർണറെ പിരിച്ചുവിടുന്നതിന് കൃത്യമായ ചട്ടങ്ങൾ നിർവചിക്കപ്പെട്ടിട്ടില്ല. 1989ൽ വി. പി. സിങ്​ അധികാരമേറ്റപ്പോൾ എല്ലാ ഗവർണർമാരെയും പിരിച്ചുവിട്ടു. 2012 ൽ 14 ഗവർണർമാരെ ഒരുമിച്ചു മാറ്റാനുള്ള നീക്കമുണ്ടായി. കേന്ദ്രത്തിന് അനഭിമതരായാൽ ഏതു നിമിഷവും പുറത്താക്കപ്പെടാവുന്ന സാഹചര്യമുണ്ട് ഗവർണർക്ക്.

ഇന്ത്യയിൽ ശക്തമായ സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ ഫലമായി പരിമിത ജനാധിപത്യ പങ്കാളിത്തം പ്രവിശ്യാ തലത്തിൽ ഇന്ത്യക്കാർക്ക് കൊടുക്കാൻ ബ്രിട്ടീഷുകാർ തയാറാക്കിയ 1935 ലെ ഗവൺമ​െൻറ്​ ഓഫ് ഇന്ത്യ ആക്​ട്​ പ്രകാരം പ്രവിശ്യകളിൽ പരിമിതമായ വോട്ടവകാശത്തിലൂടെയെങ്കിലും ജനപ്രതിനിധിസഭകളുണ്ടായി. പ്രവിശ്യകൾക്കുമേൽ അധികാരമുറപ്പിക്കാനായി പ്രവിശ്യാ ഭരണകൂടങ്ങളെ നിയന്ത്രിക്കാൻ ബ്രിട്ടീഷുകാർ ഏർപ്പെടുത്തിയ പദവിയാണ് ഗവർണറുടേത്. അക്കാലത്ത് സ്വാതന്ത്ര്യ പ്രസ്ഥാനത്തി​​െൻറ നേതൃനിരയിലുള്ളവർ അതിനെ ശക്തമായി എതിർത്തു. എന്നാൽ, സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനാ നിർമാണസഭ ഗവർണർമാരെ നിലനിർത്താൻ തീരുമാനിച്ചു. രണ്ടു കാരണങ്ങളുണ്ടായിരുന്നു ഇതിന്​. ഒന്ന്, പുതിയ രാജ്യത്ത് സംസ്ഥാനങ്ങൾക്കുമേൽ ഒരു നിയന്ത്രണം കേന്ദ്ര ഗവൺമ​െൻറിനില്ലാതെപോയാൽ അത് വിഘടനങ്ങൾക്ക് കാരണമാകും. അതുകൊണ്ട് രാജ്യത്തി​​െൻറ അഖണ്ഡത നിലനിർത്താൻ ഗവർണർ പദവി അനിവാര്യമാണ്. രണ്ട്‌, സംസ്ഥാനങ്ങളിൽ കാര്യപ്രാപ്തിയും അനുഭവ പരിചയവുമുള്ള ജനപ്രതിനിധികളുടെ അഭാവമുണ്ടെങ്കിൽ അത് പരിഹരിക്കാൻ ഗവർണർക്കു കഴിയും. ഈ രണ്ടു കാരണങ്ങളും പുതിയ കാലത്ത്​ അപ്രസക്തമാണ്. എന്നാൽ, ഭരണഘടനയിൽ കൃത്യമായി നിർവചിക്കപ്പെടാത്ത ചില അധികാരങ്ങളുടെ ബലത്തിൽ ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറൽ ജനാധിപത്യരാഷ്​ട്രഘടനയുടെ അന്തസ്സത്തക്കു വിരുദ്ധമായി വർത്തിക്കുന്നുമുണ്ട്.

നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് ശേഷം ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതെവന്നാൽ ഗവർണറുടെ ‘വിവേചനാധികാരം’ പ്രധാനമാകും.1952 മുതൽ ഇങ്ങോട്ട് വിവേചനാധികാരം കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ ഇംഗിതം മാത്രമായി മാറുന്നതാണ് ചരിത്രം. വിശ്വാസ വോട്ടെടുപ്പ് നടത്തേണ്ടതിനാൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവില്ല എന്നാണ് ഭരണഘടനാ നിർമാണ സമിതി കരുതിയിരുന്നത്. എന്നാൽ, വിശ്വാസ വോട്ടെടുപ്പ് വൈകിപ്പിച്ചും പ്രോ ടെം സ്പീക്കർമാരെക്കൊണ്ട് സഭാനടപടികളിൽ തിരിമറിനടത്തിയും കുതിരക്കച്ചവടം വഴിയും ആ പ്രതീക്ഷയെ രാഷ്​ട്രീയക്കാർ തകിടം മറിച്ചു.ഗവൺമ​െൻറ്​ രൂപവത്​കരണത്തിന് കൃത്യമായ മാർഗനിർദേശങ്ങളുണ്ടെങ്കിൽ ഗവർണർ പദവി ഇല്ലാതെതന്നെ കാര്യങ്ങൾ സുഗമമായി നടത്താം. വ്യക്തമായചട്ടങ്ങൾ ഉണ്ടെങ്കിൽ ഇലക്​ഷൻ കമീഷനോ, അതത് സംസ്ഥാനത്തെ ഹൈകോടതി ചീഫ് ജസ്​റ്റിസിനോ ഒക്കെ തീരുമാനമെടുക്കാവുന്നതേയുള്ളൂ. സർക്കാർ രൂപവത്​കരണത്തിന് കാർമികത്വം വഹിക്കാനും ആർട്ടിക്കിൾ 352 വഴി റിപ്പോർട്ട് നൽകി പ്രസിഡൻറ്​ ഭരണം ഏർപ്പെടുത്താനും മാത്രമായി ഒരു പദവിയുടെ ആവശ്യമുണ്ടോ? ഫലത്തിൽ കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ ഏജൻറ്​ മാത്രമായി മാറുന്ന, ജനങ്ങൾ തെരഞ്ഞെടുക്കാത്ത ഗവർണർപദവി ഒരു കൊളോണിയൽ ശേഷിപ്പാണ്. ഇനിയും ഇങ്ങനെയൊരു പദവിയുടെ ആവശ്യമുണ്ടോ എന്ന കാര്യത്തിൽ ഗൗരവതരമായ പുനരാലോചനകൾ നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtraopiniongovernermalayalam news
News Summary - Governer Post-Opinion
Next Story