മടങ്ങണം ബാലറ്റ് പേപ്പറിലേക്ക്
text_fieldsസംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത്, താലൂക്ക്, ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾക്കുപകരം ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്ന കർണാടക ഗ്രാമ സ്വരാജ്, പഞ്ചായത്തിരാജ് (ഭേദഗതി) നിയമത്തിന് കർണാടക ഗവർണർ അംഗീകാരം നൽകിയിരിക്കുന്നു. കർണാടക സർക്കാറിന്റെ തീരുമാനം വെറും ഭരണപരമായ മാറ്റമല്ല; ഇ.വി.എം സംവിധാനത്തിന്റെ വിശ്വാസ്യതയെക്കുറിച്ച് വർഷങ്ങളായി ഉയർന്നുവരുന്ന ഗുരുതര ചോദ്യങ്ങൾക്കുള്ള വ്യക്തമായ ഉത്തരമാണ്. ഇ.വി.എം സംവിധാനത്തോടുള്ള അവിശ്വാസം ഒറ്റപ്പെട്ട സംഭവമായിരുന്നില്ല; രാജ്യമാകെ ഉയർന്നുവന്ന ആശങ്കയായിരുന്നു. മഹാരാഷ്ട്ര, ഹരിയാന, ജമ്മു-കശ്മീർ എന്നിവിടങ്ങളിൽ വോട്ടിങ് ശതമാനത്തിൽ വിശദീകരിക്കാനാകാത്ത വർധന രേഖപ്പെടുത്തിയെന്നത് ഈ സംശയങ്ങളെ ഊട്ടിയുറപ്പിച്ചു. 2024ലെ ആന്ധ്രപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഉയർന്ന ആരോപണങ്ങൾ കൂടുതൽ ഗൗരവമുള്ളവയാണ്. സാമ്പത്തിക വിദഗ്ധൻ പരകാല പ്രഭാകർ ചൂണ്ടിക്കാട്ടിയതുപോലെ, രാത്രി 11.45 മുതൽ പുലർച്ച രണ്ടുമണി വരെ ഏകദേശം 17 ലക്ഷം വോട്ടുകൾ രേഖപ്പെടുത്തിയതായി കണക്കുകൾ കാണിക്കുന്നു. വോട്ടെടുപ്പ് അവസാനിച്ച് മണിക്കൂറുകൾക്കുശേഷം വോട്ടിങ് ശതമാനം 68.04 ശതമാനത്തിൽ നിന്ന് 81.79 ശതമാനമായി ഉയർന്നത് എങ്ങനെയെന്ന് ഇലക്ഷൻ കമീഷൻ ഇതേവരെ തൃപ്തികരമായി വിശദീകരിച്ചിട്ടില്ല.
കേരളത്തിലും സമാന ആശങ്കകളുണ്ട്. 2026 ഏപ്രിൽ ഒമ്പതിന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം, വിശദമായ ബൂത്ത് അടിസ്ഥാനത്തിലുള്ള വോട്ടിങ് കണക്കുകൾ ഇതേവരെ ലഭ്യമാക്കിയിട്ടില്ല. വോട്ടെണ്ണലിന് ശേഷം മാത്രമേ ശരിയായ വിവരങ്ങൾ പുറത്തുവിടുകയുള്ളൂ എന്നാണ് ഇലക്ഷൻ കമീഷൻ പറയുന്നത്. ഇത്തരം വിവരങ്ങൾ സമയബന്ധിതമായി പുറത്തുവിടാത്തത് സംശയങ്ങൾക്ക് വഴിയൊരുക്കുന്നു എന്നതാണ് യാഥാർഥ്യം.
കർണാടകയിൽത്തന്നെ, 2023ൽ അലൻഡ് നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസ് അനുകൂലികളുടെ പേരുകൾ നിയമവിരുദ്ധമായി വോട്ടർ പട്ടികയിൽനിന്ന് ഇല്ലാതാക്കാൻ ശ്രമിച്ചതായി രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. സുതാര്യതയില്ലാത്ത ഇലക്ട്രോണിക് സംവിധാനങ്ങൾ ജനാധിപത്യത്തിന്റെ അടിത്തറയെ തന്നെ ദുർബലപ്പെടുത്തും.
വിവരാവകാശ പ്രവർത്തകൻ മനോരഞ്ജൻ റോയ് ബോംബെ ഹൈകോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിലൂടെ വെളിപ്പെടുത്തിയ ഞെട്ടിക്കുന്ന വസ്തുതകൾ രാജ്യം മറന്നിട്ടില്ല. നിർമാതാക്കളായ ബംഗളൂരുവിലെ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BEL), ഹൈദരാബാദിലെ ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (ECIL) എന്നിവ വിതരണം ചെയ്തതായി പറയുന്ന ഇ.വി.എമ്മുകളുടെയും ഇലക്ഷൻ കമീഷൻ സ്വീകരിച്ചതായി രേഖപ്പെടുത്തിയവയുടെയും എണ്ണത്തിൽ ഏകദേശം 20 ലക്ഷം മെഷീനുകളുടെ വ്യത്യാസമുണ്ടായിരുന്നു . BEL മാത്രം 19,69,932 മെഷീനുകൾ വിതരണം ചെയ്തതായി പറഞ്ഞപ്പോൾ, ഇലക്ഷൻ കമീഷൻ 10,05,662 മെഷീനുകൾ സ്വീകരിച്ചതായാണ് രേഖപ്പെടുത്തിയത്.
ഇലക്ഷൻ കമീഷൻ അതിനെ ‘തെറ്റായ വ്യാഖ്യാനം’ എന്ന് പറഞ്ഞ് അവഗണിച്ചു. സമാനമായ ചില ഹരജികൾ ‘അടിസ്ഥാനരഹിതം’ എന്നു പറഞ്ഞ് സുപ്രീംകോടതിയും തള്ളി. എന്നാൽ, പൊതു വിവരാവകാശ നിയമമനുസരിച്ച് ലഭിച്ച ഔദ്യോഗിക രേഖകൾ പ്രകാരമുള്ള ഇത്രയും വലിയ പൊരുത്തക്കേട് ഇതുവരെ വിശദീകരിക്കപ്പെട്ടിട്ടില്ല.
ജനാധിപത്യ പ്രക്രിയക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ കണക്കുപോലും വ്യക്തമല്ലെങ്കിൽ, ജനങ്ങൾ തെരഞ്ഞെടുപ്പ് സംവിധാനത്തിൽ എങ്ങനെ പൂർണമായ വിശ്വാസമർപ്പിക്കും?
ഇലക്ഷൻ കമീഷൻ ആവർത്തിച്ച് പറയുന്നത് ഇ.വി.എം ‘stand-alone’ ആണെന്നും, നെറ്റ് വർക്കിൽ നിന്ന് വേർപെട്ടതാണെന്നും, ഒറ്റത്തവണ പ്രോഗ്രാം ചെയ്യാവുന്ന മൈക്രോ കൺട്രോളർ ഉപയോഗിക്കുന്നതാണെന്നുമാണ്. എന്നാൽ, സാങ്കേതിക സുരക്ഷ മാത്രം പോരാ; കൈകാര്യം ചെയ്യുന്ന ഓരോ ഘട്ടത്തിലും സുരക്ഷ ഉറപ്പാക്കണം. ദുരുപയോഗ സാധ്യത യന്ത്രത്തിന്റെ ഉള്ളിലെ ചിപ്പിൽ മാത്രമല്ല; അതിനെ ചുറ്റിപ്പറ്റിയ പ്രക്രിയകളിലുമുണ്ട്. ലോഡിങ്, ഗതാഗതം, സംഭരണം, മോക്ക് പോൾ ഡേറ്റ നീക്കം ചെയ്യൽ, ബൂത്തുതല രേഖപ്പെടുത്തൽ എന്നിവയിൽ ഏത് ഘട്ടത്തിലും കൃത്രിമത്വം നടത്താൻ സാധ്യതയുണ്ട്.
അനേകം ജനാധിപത്യ രാജ്യങ്ങൾ ഇപ്പോഴും പേപ്പർ ബാലറ്റിനെയാണ് ആശ്രയിക്കുന്നത്. 2009ൽ ഇലക്ട്രോണിക് വോട്ടിങ് ഭരണഘടനാ വിരുദ്ധമാണെന്ന് ജർമനിയിൽ കോടതി വിധിക്കുകയുണ്ടായി. തെരഞ്ഞെടുപ്പ് പ്രക്രിയ സാധാരണ പൗരർക്ക് മനസ്സിലാകണം എന്ന ജനാധിപത്യ തത്ത്വമാണ് അതിന് കാരണമായി കോടതി ചൂണ്ടിക്കാട്ടിയത്. നെതർലൻഡ്സ് 2007ൽ ഇലക്ട്രോണിക് വോട്ടിങ് മെഷീൻ സുരക്ഷിതമല്ലെന്ന് പറഞ്ഞാണ് അത് നിർത്തൽ ചെയ്തത്. അയർലൻഡും 2010ൽ ഇലക്ട്രോണിക് വോട്ടിങ് സംവിധാനം ഉപേക്ഷിച്ചു. ഫിൻലാൻഡ്, നോർവേ, കസാഖ്സ്താൻ എന്നിവയെല്ലാം ഇ.വി.എം സംവിധാനം ഉപേക്ഷിക്കുകയാണുണ്ടായത്. അമേരിക്കയിലെ 2024 തെരഞ്ഞെടുപ്പിൽ 98 ശതമാനം വോട്ടുകൾക്കും പേപ്പർ രേഖകൾ ഉണ്ടായിരുന്നു. ഓഡിറ്റ് ചെയ്യാവുന്ന സംവിധാനമാണ് ജനാധിപത്യത്തിന്റെ ആത്മാവെന്ന് ലോകം നേരത്തേ തിരിച്ചറിയുകയായിരുന്നു.
കർണാടക സർക്കാർ ഇപ്പോൾ നിയമ ഭേദഗതി കൊണ്ടുവന്നതിലൂടെ ജനാധിപത്യ ഉത്തരവാദിത്തമാണ് നിർവഹിച്ചിരിക്കുന്നത്. ഗ്രാമീണ വികസന മന്ത്രി പ്രിയങ്ക് ഖാർഗെ ചൂണ്ടിക്കാട്ടിയതുപോലെ, സിസ്റ്റങ്ങളിലെ സുരക്ഷാ പോരായ്മകൾ കണ്ടെത്താൻ അനുമതിയോടെയും നിയമപരമായും നടത്തുന്ന ഹാക്കിങ് പരീക്ഷണ പരിപാടിയായ ഇ.വി.എം ‘എത്തിക്കൽ ഹാക്കത്തൺ’ (Ethical Hackathon) നടത്തണമെന്ന് ഇലക്ഷൻ കമീഷനയച്ച നിർദേശത്തിന് മറുപടിപോലും കിട്ടിയില്ല. സുതാര്യതക്കുള്ള ആവശ്യം നിഷേധിക്കപ്പെട്ടപ്പോഴാണ്, കർണാടക സംസ്ഥാന സർക്കാർ സ്വന്തം നിലയിൽ നടപടിയെടുത്തത്.
ബി.ജെ.പി ഇതിനെ ശിലായുഗത്തിലേക്കുള്ള തിരിച്ചുപോക്ക് എന്നാണ് വിമർശിച്ചത്. എന്നാൽ, ജനാധിപത്യത്തിന്റെ അടിത്തറ വിശ്വാസമാണ്. ആ വിശ്വാസം നഷ്ടപ്പെട്ടാൽ, സാങ്കേതികമായ കാര്യക്ഷമത അർഥശൂന്യമാണ്.
ഇന്ത്യയിലെ ലോക്സഭ, നിയമസഭ, പഞ്ചായത്ത് ഉൾപ്പെടെ എല്ലാ തെരഞ്ഞെടുപ്പുകളിലും ബാലറ്റ് പേപ്പർ നിർബന്ധമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇന്ത്യയെപ്പോലെ വലിയതും വൈവിധ്യമാർന്നതുമായ ജനാധിപത്യ രാജ്യത്ത് തെരഞ്ഞെടുപ്പുഫലം ശരിയായിരിക്കണം; അതിലുപരി, അത് ശരിയാണ് എന്ന് തോറ്റവർക്കുപോലും വിശ്വസിക്കാനാകണം. ഇന്നത്തെ വിവാദങ്ങൾ കാണിക്കുന്നത് ഇ.വി.എം സംവിധാനം ഈ വിശ്വാസ പരീക്ഷയിൽ വീണ്ടും വീണ്ടും ചോദ്യം ചെയ്യപ്പെടുന്നതാണ്. അതിനാൽ കർണാടകയുടെ നീക്കം ഒരു മുന്നറിയിപ്പും ഒരു മാതൃകയും കൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

