ജനറിക് മരുന്നുകളിൽ ആശങ്ക വേണോ?
text_fieldsഒന്നാംനിര എച്ച്.ഐ.വി ചികിത്സക്ക് പ്രതിവർഷം പതിനായിരം ഡോളർ ചെലവ് വന്നിരുന്ന സ്ഥാനത്ത് ജനറിക് മരുന്നുകൾ വന്നതോടെ ചെലവ് നൂറ് ഡോളറിൽ താഴെയായി കുറഞ്ഞു
സ്പൈനൽ മസ്കുലാർ അട്രോഫി (എസ്.എം.എ) ബാധിതർക്ക് ആശ്രയമായ റിസ്ഡിപ്ലാം എന്ന മരുന്നിന് പകരമായി അതിന്റെ ജനറിക് പതിപ്പ് നൽകുന്നതുമായി ബന്ധപ്പെട്ട് സംശയങ്ങൾ ഉയരുന്ന പശ്ചാത്തലത്തിൽ, ജനറിക് മരുന്നുകളുടെ സുരക്ഷയെക്കുറിച്ചുള്ള സമഗ്രമായ പരിശോധന അനിവാര്യമാണ്. ലോകാരോഗ്യസംഘടനയുടെ നിർവചനപ്രകാരം പേറ്റന്റോ മറ്റ് പ്രത്യേക അവകാശങ്ങളോ അവസാനിച്ചതിനുശേഷം വിപണിയിലിറക്കുന്നതും യഥാർഥ നിർമാതാവിന്റെ ലൈസൻസില്ലാതെ നിർമിക്കുന്നതുമായ, അതേസമയം യഥാർഥ മരുന്നിന് തുല്യമായി ഉപയോഗിക്കാൻ കഴിയുന്ന ഔഷധ ഉൽപന്നമാണ് ജനറിക് മരുന്ന്. അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി.എ) മാർഗനിർദേശപ്രകാരം, ഗുണനിലവാരം, വീര്യം, സുരക്ഷ, ഉപയോഗരീതി, രോഗശമനശേഷി എന്നിവയിൽ ബ്രാൻഡഡ് മരുന്നിന് തത്തുല്യമായ ഒന്നാണ് ജനറിക് മരുന്ന്. യൂറോപ്യൻ മെഡിസിൻസ് ഏജൻസിയുടെ (ഇ.എം.എ) മാനദണ്ഡപ്രകാരം, റഫറൻസ് ഔഷധവുമായി ഘടനാപരമായും ഗുണനിലവാരത്തിലും സമാനവും തുല്യമായ ജൈവലഭ്യത ഉചിതമായ പഠനങ്ങൾ വഴി തെളിയിക്കപ്പെട്ടതുമായ ഉൽപന്നങ്ങളാണ് ജനറിക് മരുന്നുകൾ.
ജൈവതുല്യതയും സുരക്ഷയും
ബയോഇക്വിവാലൻസ് (ജൈവതുല്യത) പഠനങ്ങളിലൂടെ, യഥാർഥ മരുന്നിന് പകരമായി ഉപയോഗിക്കാമെന്നോ ചികിത്സാപരമായി തുല്യമാണെന്നോ തെളിയിക്കുന്നതിലൂടെയാണ് ജനറിക് മരുന്നുകൾക്ക് അംഗീകാരം നൽകുന്നത്. ഒരേ അളവിൽ മരുന്ന് നൽകുമ്പോൾ, മരുന്നുകളിലെ സജീവഘടകം പ്രവർത്തിക്കേണ്ട സ്ഥാനത്ത് എത്തുന്നതിന്റെ നിരക്കിലും അളവിലും കാര്യമായ വ്യത്യാസമില്ലാത്ത അവസ്ഥയാണിത്. ക്ലിനിക്കൽ കാര്യക്ഷമതയും സുരക്ഷാപഠനങ്ങളും ആവർത്തിക്കുന്നതിന് പകരമായി ജനറിക് മരുന്നുകൾക്ക് ബയോഇക്വിവാലൻസ് പഠനങ്ങൾ മതിയെന്ന രീതി 1984-ൽ യു.എസിലാണ് ആരംഭിച്ചത്. ഫിക്സഡ് ഡോസ് കോമ്പിനേഷൻ ഉൾപ്പെടെയുള്ള ആന്റിറിട്രോവൈറൽ (എ.ആർ.വി) മരുന്നുകളിൽ ഈ രീതി പ്രയോഗിച്ച്, 2000-കളുടെ തുടക്കത്തിൽ സുരക്ഷിതമായ എച്ച്.ഐ.വി ചികിത്സ താങ്ങാനാവുന്ന ചെലവിൽ ആഗോളതലത്തിൽ ലഭ്യമാക്കാൻ ലോകാരോഗ്യസംഘടനയുടെ 'പ്രീക്വാളിഫിക്കേഷൻ പ്രോഗ്രാമി'ന് കഴിഞ്ഞിരുന്നു.
പേറ്റന്റ് മരുന്നുകളും വികസനഘട്ടങ്ങളും
ഒരു പുതിയ മരുന്ന് വിപണിയിലെത്തിക്കുക എന്നത് പത്തു മുതൽ പതിനഞ്ചു വർഷം വരെ നീളുന്ന പ്രക്രിയയാണ്. ആദ്യഘട്ടത്തിൽ രോഗത്തിന് കാരണമാകുന്ന നിർദിഷ്ട ജൈവഘടകത്തെ തന്മാത്രാതലത്തിലോ ജനിതകതലത്തിലോ പഠനവിധേയമാക്കുന്നു. തുടർന്ന് ദശലക്ഷക്കണക്കിന് രാസ-ജൈവ സംയുക്തങ്ങളിൽനിന്ന് ഏറ്റവും അനുയോജ്യമായവ കണ്ടെത്തി, സജീവ ഔഷധഘടകത്തിലെ തന്മാത്രയുടെ വീര്യവും സുരക്ഷയും മെച്ചപ്പെടുത്താനുള്ള പരീക്ഷണങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത്. ഇത്തരം ഗവേഷണങ്ങളിലെ പരാജയനിരക്ക് തൊണ്ണൂറ് ശതമാനം വരെയാകാറുണ്ട് എന്നതാണ് മരുന്നുകളുടെ ഉയർന്ന വിലയെ ന്യായീകരിക്കാൻ കമ്പനികൾ ഉന്നയിക്കുന്ന പ്രധാന വാദം.
തുടർന്നുള്ള പ്രീക്ലിനിക്കൽ ഗവേഷണത്തിൽ കോശങ്ങളിലും മൃഗങ്ങളിലും മരുന്നിന്റെ സുരക്ഷ, ആഗിരണം, വിതരണം, വിഘടനപ്രക്രിയ, പുറന്തള്ളൽ എന്നിവ വിലയിരുത്തുന്നു. മൃഗങ്ങളിലോ മനുഷ്യരിലോ പരീക്ഷിക്കുന്നതിന് മുൻപായി സെൽ ലൈനുകളിലും പരിശോധനകൾ നടത്താറുണ്ട്. മരുന്നിന്റെ ഹ്രസ്വ-ദീർഘകാല വിഷാംശപരിശോധനകൾക്ക് ശേഷം മനുഷ്യരിലെ പരീക്ഷണങ്ങൾക്കായി 'ഇൻവെസ്റ്റിഗേഷണൽ ന്യൂ ഡ്രഗ്' അപേക്ഷ റെഗുലേറ്ററി ഏജൻസികൾക്ക് സമർപ്പിക്കുന്നു.
മനുഷ്യരിലെ ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് പ്രധാനമായും നാല് ഘട്ടങ്ങളാണുള്ളത്:
ഘട്ടം ഒന്ന് (സുരക്ഷയും അളവും): ഇരുപത് മുതൽ നൂറ് വരെ ആളുകളിൽ മരുന്നിന്റെ സുരക്ഷയും ശരീരത്തിന് താങ്ങാനാകുന്ന പരമാവധി അളവും പരിശോധിക്കുന്നു.
ഘട്ടം രണ്ട് (ഫലപ്രാപ്തിയും പാർശ്വഫലങ്ങളും): നൂറ് മുതൽ അഞ്ഞൂറ് വരെ രോഗികളിൽ പ്രാഥമിക ഫലപ്രാപ്തിയും ഹ്രസ്വകാല പാർശ്വഫലങ്ങളും നിരീക്ഷിക്കുന്നു.
ഘട്ടം മൂന്ന് (സ്ഥിരീകരണ പരീക്ഷണങ്ങൾ): മുന്നൂറ് മുതൽ മൂവായിരത്തിലധികം രോഗികളിൽ വിപുലമായ പരീക്ഷണങ്ങൾ നടത്തി നിലവിലെ ചികിത്സാരീതികളുമായി താരതമ്യം ചെയ്യുന്നു. വിവരങ്ങൾ ബോധ്യപ്പെടുത്തിയുള്ള പങ്കാളികളുടെ രേഖാമൂലമുള്ള സമ്മതം ഇതിൽ നിർബന്ധമാണ്.
ഘട്ടം നാല് (പോസ്റ്റ് മാർക്കറ്റിങ് സർവൈലൻസ്): മൂന്നാം ഘട്ടം വിജയകരമായി പൂർത്തിയാക്കി റെഗുലേറ്ററി അംഗീകാരത്തോടെ വിപണിയിലെത്തിയ ശേഷവും മരുന്നിന്റെ അപൂർവ പാർശ്വഫലങ്ങളും ദീർഘകാല ഫലങ്ങളും നിരീക്ഷിക്കുന്ന ഘട്ടമാണിത്.
എല്ലാ ഘട്ടങ്ങളും വിജയകരമായി പൂർത്തിയാക്കിയാൽ മാത്രമേ അവസാനവട്ട റെഗുലേറ്ററി അവലോകനവും അംഗീകാരവും പോലുള്ള നടപടികളിലേക്ക് ദേശീയ റെഗുലേറ്ററി ഏജൻസികൾ കടക്കുകയുള്ളൂ. റെഗുലേറ്ററി അതോറിറ്റികൾക്ക് (യു.എസിലെ എഫ്.ഡി.എ അല്ലെങ്കിൽ ഇന്ത്യയിലെ സി.ഡി.എസ്.സി.ഒ) ഒരു ’ന്യൂ ഡ്രഗ് ആപ്ലിക്കേഷൻ’ സമർപ്പിച്ചാണ് അനുമതി തേടുന്നത്. അതേസമയം, ഇത്തരം ക്ലിനിക്കൽ പരീക്ഷണങ്ങൾ ജനറിക് നിർമാതാക്കൾക്കു ചെയ്യേണ്ടിവരുന്നില്ല എന്നതുവഴി ഭാരിച്ച ചെലവുകൾ ഒഴിവാകുന്നതാണ് ജനറിക് മരുന്നുകൾ കുറഞ്ഞ വിലയിൽ നൽകാൻ സാധിക്കുന്നതിന്റെ പ്രധാന കാരണം.
ജനറിക് മരുന്നുകളിൽ തുല്യത തെളിയിക്കുന്ന വിധം
'അബ്രീവിയേറ്റഡ് ന്യൂ ഡ്രഗ് ആപ്ലിക്കേഷൻ' വഴി സമർപ്പിക്കുന്ന ബയോഇക്വിവാലൻസ് പഠനങ്ങളിലൂടെയാണ് തുല്യത തെളിയിക്കുന്നത്. ഇതിനായി പ്രധാനമായും പരിശോധിക്കുന്നത്:
1. സജീവഘടകങ്ങളും വീര്യവും: ബ്രാൻഡഡ് മരുന്നിലുള്ള അതേ സജീവഘടകവും തുല്യമായ അളവും ശക്തിയും ഉപയോഗരീതിയും ജനറിക് മരുന്നിനും ഉണ്ടായിരിക്കണം.
2. ബയോഇക്വിവാലൻസ് പരിശോധന: രക്തത്തിലെ മരുന്നിന്റെ പരമാവധി സാന്ദ്രതയും ശരീരത്തിൽ മരുന്ന് ലഭ്യമാകുന്ന ആകെ അളവും ബ്രാൻഡ് മരുന്നുമായി താരതമ്യം ചെയ്യുമ്പോൾ നിർദിഷ്ട പരിധിക്കുള്ളിൽ വരണം.
3. ഗുണനിലവാരവും നിർമാണച്ചട്ടങ്ങളും: ശുദ്ധത, ഗുണനിലവാരം, സ്ഥിരത എന്നിവയിൽ ബ്രാൻഡ് മരുന്നിന് തുല്യമായിരിക്കണം. നിർമാണശാലകൾ ഗുഡ് മാനുഫാക്ചറിങ് പ്രാക്ടീസ് ചട്ടങ്ങൾ കർശനമായി പാലിക്കുകയും വേണം.
പൊതുജനാരോഗ്യവും ഇന്ത്യയുടെ പങ്കും
ലോകത്ത് ഉപയോഗിക്കുന്ന മരുന്നുകളിൽ പകുതിയിലധികവും ജനറിക് വിഭാഗത്തിലുള്ളതാണെങ്കിലും, ആഗോള ഔഷധവിപണിയുടെ മൊത്തം മൂല്യത്തിൽ ഇവ പതിനെട്ട് ശതമാനം മാത്രമാണ്. ഒന്നാംനിര എച്ച്.ഐ.വി ചികിത്സക്ക് പ്രതിവർഷം പതിനായിരം ഡോളർ ചെലവ് വന്നിരുന്ന സ്ഥാനത്ത് ജനറിക് മരുന്നുകൾ വന്നതോടെ ചെലവ് നൂറ് ഡോളറിൽ താഴെയായി കുറഞ്ഞത് ഇതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. ജനറിക് മരുന്നുകൾ ലഭ്യമായതോടെ ആന്റിറെട്രോവൈറൽ ചികിത്സ ലഭ്യമാകുന്നവരുടെ എണ്ണം 2003-ൽ 5 ലക്ഷം (0.5 ദശലക്ഷം) ആളുകൾക്ക് എന്ന സ്ഥിതിയിൽ നിന്ന് 2015-ഓടെ ആഗോളതലത്തിൽ 1.58 കോടി (15.8 ദശലക്ഷം) ആളുകളിലേക്ക് എത്തിക്കാൻ സാധിച്ചു.
ഇന്ത്യൻ ഔഷധചരിത്രത്തിൽ 1970-ലെ പേറ്റന്റ് നിയമം നിർണായക വഴിത്തിരിവായിരുന്നു. സ്വാതന്ത്ര്യാനന്തരം 1949-ലെ ബക്ഷി തേക്ചന്ദ് കമ്മിറ്റിയും, പിന്നീട് ജസ്റ്റിസ് രാജഗോപാൽ അയ്യങ്കാർ കമ്മിറ്റിയും (1959) സമർപ്പിച്ച ശിപാർശകൾ പരിഗണിച്ച്, ഉൽപന്ന പേറ്റന്റുകൾക്ക് പകരം പ്രക്രിയകൾക്ക് മാത്രം പേറ്റന്റ് നൽകുന്ന നയം ഇന്ദിരാഗാന്ധി സർക്കാർ നടപ്പാക്കി. ഇതോടെ റിവേഴ്സ് എൻജിനീയറിങ്ങിലൂടെ അന്താരാഷ്ട്ര നിലവാരമുള്ള ജനറിക് മരുന്നുകൾ കുറഞ്ഞ ചെലവിൽ നിർമിക്കാൻ ഇന്ത്യൻ കമ്പനികൾക്ക് സാധിച്ചു. അങ്ങനെയാണ് ഇന്ത്യ "ലോകത്തിന്റെ മരുന്ന് ശാല" ആയി വളർന്നത്. 2005-ൽ ലോകവ്യാപാരസംഘടനയുടെ വ്യവസ്ഥകൾ പ്രകാരം നിയമങ്ങളിൽ മാറ്റം വരുത്തിയെങ്കിലും, പേറ്റന്റ് കാലാവധി കഴിയുന്ന മരുന്നുകളുടെ ഉൽപാദനത്തിലൂടെ ഇന്ത്യ ആഗോളവിപണിയിൽ മുൻനിരയിൽ തുടരുന്നു.
ആഗോളതലത്തിൽ ഏകദേശം 251 ബില്യൺ ഡോളറിലധികം മൂല്യമുള്ള മരുന്നുകളുടെ പേറ്റന്റ് കാലാവധി 2022-നും 2030-നും ഇടയിൽ അവസാനിക്കാറാവുന്നുണ്ട്. വരും വർഷങ്ങളിൽ, ഓരോ വർഷവും 300-ലധികം പേറ്റന്റുകളാണ് ഇത്തരത്തിൽ കാലാവധി കഴിയാൻ പോകുന്നത്. ഇത്തരത്തിൽ, പേറ്റന്റ് കാലാവധി കഴിഞ്ഞ മരുന്നുകളുടെ ലഭ്യത വർധിച്ചുവരുന്ന സാഹചര്യത്തിൽ, ജനറിക് മരുന്നുകൾ കൂടുതലായി വിപണിയിൽ ഇറക്കുന്നതിനുള്ള ശ്രമങ്ങൾ വേഗത്തിലാക്കേണ്ടതുണ്ട്. അതോടൊപ്പം തന്നെ പ്രധാനമാണ് താങ്ങാനാവുന്ന വിലയിൽ മരുന്നുകൾ ലഭ്യമല്ലാതെ വരുമ്പോൾ പേറ്റന്റ് നിയമം ഉൾപ്പെടെയുള്ള നിയമ-സർക്കാർ സംവിധാനങ്ങളുടെ ഇളവുകൾ പരമാവധി പ്രയോജനപ്പെടുത്താൻ രാഷ്ട്രീയ ഇച്ഛശക്തിയോടെയുള്ള കൃത്യമായ ഏകോപനവും.
simikk@cusat.ac.in
(കുസാറ്റ് ഇന്റർ യൂനിവേഴ്സിറ്റി സെന്റർ ഫോർ ഐപിആർ സ്റ്റഡീസിൽ അസിസ്റ്റന്റ് പ്രഫസറാണ് ലേഖിക)

