മതം വെറുപ്പല്ല, സാഹോദര്യമാണ് 

മഹാത്മഗാന്ധി ഒരു സംഘർഷബാധിത പ്രദേശത്ത്

മതത്തെയും മതാചാര്യന്മാരെയും മത ചടങ്ങുകളെയും ചിഹ്നങ്ങളെയും വെറുപ്പും ശത്രുതയും ഉൽപാദിപ്പിച്ച് കൊച്ചു കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നിരപരാധികളെ ക്രൂരമായി അടിച്ചും ഇടിച്ചും വെട്ടിയും കുത്തിയും കൊല്ലാനുപയോഗിക്കുന്ന സമകാലിക ഇന്ത്യൻ സമൂഹത്തിന് ഗാന്ധിജിക്ക് നൽകാനുള്ള സന്ദേശം എന്തായിരിക്കും? ‘മതം വെറുപ്പല്ല; സാഹോദര്യമാണ്’. ‘ശ്രീരാമ​​െൻറ പേരിൽ കൊല നടത്തുന്നവർ യഥാർഥത്തിൽ കൊല്ലുന്നത് രാമനെയാണ്’. പശുവി​​െൻറ പേരിൽ മനുഷ്യഹത്യ നടത്തുന്നവർ സനാതന ധർമത്തി​​െൻറ ശത്രുക്കളാണ്... എന്നിങ്ങനെയായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
ഗാന്ധിജി അടിയുറച്ച ദൈവവിശ്വാസിയായിരുന്നു. തികഞ്ഞ മതഭക്തനും. അദ്ദേഹം ഏത് സദ്​വൃത്തിയും ആരംഭിച്ചിരുന്നത് രാമനാമം ചൊല്ലിയാണ്. അന്ത്യശ്വാസം വലിച്ചതും രാമനാമം ഉരുവിട്ടുതന്നെ. ഹിന്ദു മതത്തി​​െൻറ ഭാഗമെന്ന് കരുതിയ എല്ലാറ്റിനെയും ഗാന്ധിജി ഏറ്റം മഹിതമെന്ന് വിശ്വസിച്ച്​ അംഗീകരിച്ചു. അവക്കു വേണ്ടി സദാ നിലകൊള്ളുകയും ചെയ്തു. എല്ലാ പാരമ്പര്യാചാരങ്ങളെയും മുറുകെപ്പിടിച്ചു.
 ഗാന്ധിജി വിശ്വാസം മറച്ചുവെച്ചിരുന്നില്ല. എന്നല്ല, എപ്പോഴും അത് വ്യക്തമാക്കുകയായിരുന്നു. അദ്ദേഹം പറഞ്ഞു: ‘‘പ്രാർഥനക്കു ശേഷമല്ലാതെ ഒരു തീരുമാനവും ഞാനെടുക്കാറില്ല. സ്വന്തമായി എനിക്കൊരു ശക്തിയുമില്ല. എ​​െൻറ സർവശക്തിയും ദൈവദത്തമാണ്’’. ഗാന്ധിജി ഇത്രകൂടി പറഞ്ഞു: ‘‘ഞാൻ കണ്ടുമുട്ടിയ പല നേതാക്കളും വേഷപ്രച്ഛന്നരായ രാഷ്​ട്രീയക്കാരാണ്. പക്ഷേ, ഞാൻ രാഷ്​ട്രീയക്കാര​​െൻറ വേഷമണിയുന്നുവെങ്കിലും മുഖ്യമായും ഒരു മതപ്രവർത്തകനാണ്’’. 

ഗാന്ധിജിയുടെ മതവീക്ഷണത്തെ ബൽരാജ് പുരി ഇങ്ങനെ പരിചയപ്പെടുത്തുന്നു: ‘‘അദ്ദേഹത്തി​​െൻറ അഭിപ്രായത്തിൽ മതം കേവലം ദൈവത്തോടുള്ള പ്രാർഥനയല്ല. അതിന് സമൂഹവുമായി പങ്കുവെക്കേണ്ട വിശ്വാസങ്ങളും കർമങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്. മതം മറ്റെന്തിനെക്കാളും സാംസ്കാരികവും സാമൂഹികവുമായ ഒരു വ്യവസ്ഥിതിയാണ്. സമൂഹമില്ലാത്ത മതത്തെക്കുറിച്ച് സങ്കൽപിക്കാൻ തന്നെ സാധ്യമല്ല’’ (ബൽരാജ്​ പുരി, ദ റാഡിക്കൽ ഹ​ുമനിസ്​റ്റ്​, ആഗസ്​റ്റ്​ 1986)ഒരു യഥാർഥ ഹിന്ദുമത വിശ്വാസി ഇതര മതവിശ്വാസികളോട് സ്വീകരിക്കേണ്ട സമീപനം എന്തായിരിക്കണമെന്നതി​​െൻറ മികച്ച മാതൃക കൂടിയായിരുന്നു ഗാന്ധിജി.അദ്ദേഹം പറയുന്നു: ‘‘ദൈവമാണ് സാക്ഷി. നാം ഹിന്ദുക്കളും മുസ്​ലിംകളും പരസ്പരം ഒരേ മാതാവി​​െൻറ മക്കളെപ്പോലെ പെരുമാറുമെന്ന് പ്രഖ്യാപിക്കുക. നാം തമ്മിൽ വ്യത്യാസമില്ല. ഓരോരുത്തരുടെയും ദുഃഖം മറ്റുള്ളവരുടെയും ദുഃഖമാണ്. അത് നീക്കാൻ ഓരോരുത്തരും മറ്റുള്ളവരെ സഹായിക്കുക. എല്ലാ മതങ്ങളെയും പരസ്പരം ആദരിക്കുക. മതാനുഷ്ഠാനങ്ങളിൽ പരസ്പരം വിഘാതം സൃഷ്​ടിക്കരുത്. മതത്തി​​െൻറ പേരിൽ പരസ്പരം ആക്രമിക്കുന്നതിൽനിന്ന് വിട്ടുനിൽക്കണം’’ (ഉദ്ധരണം: അംബേദ്കർ, പാകിസ്​താൻ ഒാർ പാർട്ടീഷൻ ഒാഫ്​ ഇന്ത്യ. പേജ്​:135).

 ഗാന്ധിജി കർമപഥത്തിലും ഇതേ മാർഗം തന്നെ പ്രയോഗവത്​കരിച്ചു.1924 മുതൽ ഏതാനും മാസം താമസിച്ചത് അടിയുറച്ച മതവിശ്വാസിയും പരമഭക്തനുമായിരുന്ന മൗലാനാ മുഹമ്മദലിയുടെ വീട്ടിലായിരുന്നു. സെപ്​റ്റംബർ 28ന് അദ്ദേഹം ഉപവാസം നടത്തിയതും അതേ വീട്ടിൽ വെച്ചുതന്നെ. ഉപവാസത്തിനു മുമ്പേ അദ്ദേഹം എഴുതി: ‘ഒരു മുസ്​ലിമി​​​െൻറ വീട്ടിൽ ഉപവസിക്കുന്നത് എനിക്ക് ചേരുമോ?  അതേ, ചേര​ും. ഈ ഉപവാസം തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും ഒരു മുസ്​ലിമി​​െൻറ വീട്ടിലാണെന്നത് ഏറ്റവും ഉചിതമാണ്. ആരാണ് മുഹമ്മദലി? ഒരു സ്വകാര്യ സംഭാഷണവേളയിൽ ഞാൻ മുഹമ്മദലിയോട് പറഞ്ഞു: ‘എ​േൻറതെല്ലാം താങ്കളുടേതും താങ്കളുടേതെല്ലാം എ​േൻറതു മാണ്’’. മുഹമ്മദലിയുടെ വീട്ടിൽ ലഭിച്ച പെരുമാറ്റം എവിടെനിന്നും എനിക്ക് ലഭിച്ചിട്ടില്ല. എനിക്ക്  സൗകര്യം ചെയ്തു തരുന്നതിലും എന്നെ സന്തോഷിപ്പിക്കുന്നതിലുമാണ് വീട്ടിലെ ഓരോ അംഗത്തി​​െൻറയും മുഖ്യ ശ്രദ്ധ’ (ഉദ്ധരണം: കലക്​ടഡ്​ വർക്​സ്​ ഒാഫ്​ മഹാത്മാ ഗാന്ധി xx v: 201)
 

തികഞ്ഞ ഹിന്ദു മതവിശ്വാസിയായിരുന്ന ഗാന്ധിജി, മുസ്​ലിംകളെയും ക്രിസ്ത്യാനികളെയും ശുദ്ധികർമത്തിലൂടെ ഹിന്ദു മതത്തിലേക്ക് തിരികെ കൊണ്ടുവരാനായി രൂപംകൊണ്ട ശുദ്ധിപ്രസ്ഥാനത്തെ അദ്ദേഹം വിമർശിച്ചതിങ്ങനെ: ‘‘എനിക്കെങ്ങനെ ‘ശുദ്ധി’യിൽ പങ്കാളിയാകാൻ കഴിയും! ഞാനോ, എ​​െൻറ മതമോ അപകടത്തിലാകുമ്പോഴൊക്കെ സ്വയം ശുദ്ധീകരണത്തെ ആശ്രയിക്കാനാണ് ഗീതയും തുളസീ രാമായണവും എന്നെ പഠിപ്പിക്കുന്നത്. നമ്മിൽ ചിലർ ക്ഷമാശീലനായ ദൈവത്തെ നിന്ദിക്കുകയും മതത്തി​​െൻറ പേരിൽ മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു. ഭ്രാതൃഹത്യയോ കൊലപാതകമോ മതത്തെ രക്ഷിക്കുകയില്ല. പേരിൽ മാത്രം അവശേഷിക്കുന്ന മതത്തെ രക്ഷപ്പെടുത്തണമെങ്കിൽ അതി​​െൻറ വാഹകർക്ക് ആത്യന്തികമായ നിർഭയത്വവും ശുദ്ധിയും താഴ്മയും വേണം. 
 പശുവിൽ ദിവ്യത്വം കൽപിക്കുകയും അത് ആരാധ്യവസ്തുവാണെന്ന് വിശ്വസിക്കുകയും ചെയ്തിരുന്ന ഗാന്ധിജി അതി​​െൻറ പേരിൽ നടത്തപ്പെടുന്ന എല്ലാ അതിക്രമങ്ങളും ദൈവനിന്ദയും മതവിരുദ്ധവുമാണെന്ന് വ്യക്തമാക്കി. അദ്ദേഹം എഴുതുന്നു: ‘‘ഹിന്ദുമതം പശുവധത്തെ വിലക്കിയത് ഹിന്ദുക്കൾക്കാണ്, ലോകത്തിനാകമാനമല്ല. മതപരമായ നിരോധനം ഹൃദയത്തിൽ നിന്നുണ്ടാകണം. അത് പുറ​െമ നിന്ന് അടിച്ചേൽപിക്കുകയെന്നതി​​െൻറ അർഥം നിർബന്ധം ചെലുത്തുക എന്നാണ്. അത്തരം നിർബന്ധം മതത്തിനെതിരാണ്. ഇന്ത്യ ഹിന്ദുക്കളുടേത് മാത്രമല്ല, മുസ്​ലിംകളുടേതും സിഖുകാരുടേതും പാർസികളുടേത​ും ക്രിസ്ത്യാനികളുടേതും ജൂതരുടേതും ഈ രാജ്യത്തോടു കൂറുപുലർത്തുന്ന എല്ലാ ഓരോരുത്തരുടേതുമാണ്. മതത്തി​​െൻറ അടിസ്ഥാനത്തിൽ ഇന്ത്യയിൽ ഗോവധം നിരോധിക്കുകയാണെങ്കിൽ എന്തുകൊണ്ട് അതേ കാരണത്താൽ പാകിസ്​താനിൽ വിഗ്രഹാരാധന നിരോധിച്ചുകൂടാ? ശരീഅത്ത് അമുസ്​ലിംകളുടെ മേൽ അടിച്ചേൽപിക്കാൻ പാടില്ലാത്തതു പോലെ ഹിന്ദു നിയമം അഹിന്ദുക്കളുടെ മേലും അടിച്ചേൽപിക്കരുത്’’ (ഹരിജൻ 1947 ആഗസ്​റ്റ്​ 10).

 ‘‘പശുക്കളെ എല്ലാ മതക്കാരും ആദരിക്കണം. ഇന്ത്യയെ സംരക്ഷിക്കുന്ന ജീവിയാണത്. വർഷങ്ങളായി അത് നമുക്ക് ഉപകാരം ചെയ്യുന്നു. ഇത് മുഹമ്മദീയരും സമ്മതിക്കും. പശുവിനെ കൊല്ലാതിരിക്കാൻ നമുക്ക് മുസ്​ലിംകളെ ഉപദേശിക്കാം. പക്ഷേ, പശുവിനെ സംരക്ഷിക്കാൻ മുഹമ്മദീയനെ വധിക്കണോ? ഗോസംരക്ഷണ സമിതികൾ യഥാർഥത്തിൽ ഗോവധ സമിതികളാണ്. അങ്ങനെ ഒരു സംഘടന ഉണ്ടാക്കുന്നതു തന്നെ നമുക്ക്​ അപമാനമാണ്. പശുവിനെ സംരക്ഷിക്കേണ്ടത് എങ്ങനെയാണെന്ന് മറന്നതിനാലാണ് ഇവ്വിധം സംഘടനകളുണ്ടാക്കാൻ നാം മുതിരുന്നത്’’. (എം.കെ ഗാന്ധി: വാട്ട്​ ഇൗസ്​ സ്വരാജ്.​ ഉദ്ധരണം: സ്വാതന്ത്ര്യം വിഭജനത്തിൽ. പുറം: 132)

‘‘പശുവി​​െൻറ പേരിൽ നടന്ന എല്ലാ കലാപവും നമ്മുടെ ഊർജം പാഴാക്കലാണ്. ഒരു പശുവിനെയും അത് രക്ഷിച്ചിട്ടില്ല... മുസ്​ലിംകളെ പശുവധത്തിൽ നിന്ന് തടയാൻ കഴിയാത്തതി​​െൻറ പേരിൽ ഹിന്ദുക്കൾ ഒരു പാപവും പേറേണ്ടി വരില്ല. എന്നാൽ, പശുവിനെ രക്ഷിക്കാനായി മുസ്​ലിംകളുമായി കലഹിക്കുമ്പോൾ അവർ കൊടും പാപമാണ് ചെയ്യുന്നത്. (എം.കെ ഗാന്ധി: ദ ഹിന്ദു മുസ്​ലിം യൂനിറ്റി. ഉദ്ധരണം: അതേ പുസ്തകം. പുറം 132). സമകാലിക ഇന്ത്യൻ സമൂഹത്തിന് ഇതിനേക്കാൾ പ്രസക്തമായ സന്ദേശമില്ല. അത് നൽകാൻ ഗാന്ധിജിയേക്കാൾ അർഹനും യോഗ്യനുമായ വ്യക്തിയുമില്ല.

Loading...
COMMENTS