വനവാസവും വാനപ്രസ്ഥവും
text_fieldsഭാരതീയ ഇതിഹാസങ്ങളുടെയും പുരാണങ്ങളുടെയും കാഴ്ചപ്പാടിൽ വനവാസവും വാനപ്രസ്ഥവും രണ്ടു സങ്കൽപനങ്ങളാണ്. വാനപ്രസ്ഥം സ്വയം സ്വീകരിക്കുന്ന പരിത്യാഗമാണെങ്കിൽ വനവാസം ഒരു പുറന്തള്ളലാണ്. പരിത്യാഗത്തിനു വലിയ മഹിമ നൽകുന്ന പാരമ്പര്യം പൗരസ്ത്യസംസ്കാരത്തിലുള്ളതാണ്. പരിത്യാഗത്തിന്റെ മൂല്യമായി വനവാസത്തെ കാണാനാകില്ല. കാരണം, വനവാസം ഇതിഹാസ പാരമ്പര്യമനുസരിച്ച് തോറ്റവരും ശാപപാപ കർമബന്ധങ്ങളുടെ പാശത്തിൽ അകപ്പെട്ടവരും അനുഭവിക്കേണ്ട ശിക്ഷയാണ്. രാഷ്ട്രീയത്തിൽ വനവാസത്തിന്റെ അർഥം നിശ്ചയമായും പരാജയത്തിന്റെ സമ്മതമാണെന്ന് വ്യക്തം. വനവാസ ചർച്ച രാഷ്ട്രീയ സംവാദത്തിലേക്ക് കൊണ്ടുവന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ദേശിച്ചതും അതുതന്നെയാണല്ലോ. രാഷ്ട്രീയത്തിലാണെങ്കിലും വനവാസവും വാനപ്രസ്ഥവും തീർത്തും വ്യതിരിക്തമായ പാതകളാണ്.
ഇതിഹാസ കഥയിൽ വനവാസം കടന്നുവരുന്നത് ശാപത്തിന്റെ അല്ലെങ്കിൽ നൽകപ്പെട്ട വരത്തിന്റെ ബലമായിട്ടാണ്. വനവാസം അധികാരവുമായി ബന്ധപ്പെട്ടതുമാണ്. ഭരതനും ശത്രുഘ്നനും അമ്മയുടെ നാട്ടിൽ പോയസമയത്താണ് ദശരഥൻ മൂത്ത പുത്രനെ അയോധ്യ രാജാവായി പട്ടാഭിഷേകം കഴിക്കാൻ തീരുമാനിച്ചത്. പട്ടാഭിഷേകത്തിനു തയാറെടുത്ത ശ്രീരാമൻ രാജസ്ഥാനത്തേക്ക് ഒരു മത്സരമുണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്നില്ല. പട്ടാഭിഷേകത്തിന്റെ പതിനൊന്നാം മുഹൂർത്തത്തിൽ മന്ഥരയുടെ ഇടപെടലോടെ കൈകേയി രാജസ്ഥാനം തന്റെ മകൻ ഭരതനു നൽകണമെന്ന് പണ്ട് ദശരഥൻ നൽകിയ ഒരു വരം മുൻനിർത്തി ആവശ്യപ്പെട്ടു. വാസ്തവത്തിൽ അധികാരസ്ഥാനത്തേക്കുള്ള അലിഖിതമായ കരാറുകളാണ് വരം. സത്യവതിയും ശന്തനു മഹാരാജാവിനോട് ആവശ്യപ്പെട്ടത് തന്റെ മകനെ രാജാവാക്കണമെന്നാണ്. ഭരതന് രാജ്യം പ്രാപ്യമായാലും ശ്രീരാമൻ ലക്ഷ്മണനോടൊത്ത് അയോധ്യയിലുണ്ടാകുന്നത് ഭീഷണിയാണെന്ന് അറിഞ്ഞുകൊണ്ടാണ് രാമനെ പതിനാലുകൊല്ലത്തേക്ക് വനവാസത്തിനയക്കണം എന്നാവശ്യപ്പെട്ടത്.
മഹാഭാരതത്തിൽ വനവാസവും അജ്ഞാതവാസവുമുണ്ട്. ആദ്യത്തെ അജ്ഞാതവാസം വാരണാവതത്തിലെ അരക്കില്ലം ശത്രുപക്ഷം ചുട്ടപ്പോൾ കൗരവരുടെ കണ്ണിൽപ്പെടാതെ അമ്മ കുന്തിയോടൊപ്പം പാണ്ഡവർ നടത്തിയ അജ്ഞാതവാസമാണ്. പാണ്ഡവരുടെ ഐഹികബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതായിരുന്നു ആദ്യത്തെ അജ്ഞാതവാസം. എന്നാൽ, ശരിയായ വനവാസം ശിക്ഷവിധിയായി പാണ്ഡവർക്ക് ലഭിക്കുന്നത് രണ്ടാംവട്ടം ചൂതുകളിച്ചു തോൽക്കുന്നതോടെയാണ്. ചൂതിൽ അഭിരമിക്കുന്ന യുധിഷ്ഠിരൻ സ്വയം ഏറ്റുവാങ്ങിയതാണ് ഈ ശിക്ഷ. പന്ത്രണ്ടു വർഷത്തേക്ക് അധികാരത്തിൽനിന്ന് ഭ്രഷ്ട് കൽപിക്കപ്പെട്ടാൽ പാണ്ഡവരുടെ സകല സ്വത്തുക്കളും തങ്ങൾക്ക് അധീനമാകുമെന്നാണ് സുയോധനൻ കരുതിയത്.
ഇവിടെയാണ് പാളിപ്പോയത്. വനവാസം എന്നെന്നേക്കുമായുള്ള വിടവാങ്ങലല്ല. ഏകാഗ്രചിത്തതയോടെ അധികാരം എന്നെന്നേക്കുമായി തിരിച്ചുപിടിക്കാനുള്ള സന്നാഹമൊരുക്കലാണ്. രണ്ട് ഇതിഹാസ പാഠങ്ങളിലും കാണുന്നത് വനവാസത്തിൽ സുഹൃത്തുക്കളെയും ആയുധങ്ങളെയും സംഭരിച്ച് ശത്രുവിജയം നേടി കൂടുതൽ കരുത്തോടെ അധികാരം പിടിക്കുന്നതാണ്. അധികാരം വിട്ടൊഴിഞ്ഞു വനവാസത്തിനു പോവുക എന്നതിനർഥം എല്ലാം ഉപേക്ഷിച്ചു തിരോധാനം ചെയ്യുക എന്നതല്ല. പകരം ശാശ്വതമായി അധികാരം കൈയാളാൻ വനവാസം എന്ന ശിക്ഷ സ്വീകരിക്കുകയാണ്. അടിയന്തരാവസ്ഥക്കാലത്ത് ജയിലിലടക്കപ്പെട്ട പല രാഷ്ട്രീയ നേതാക്കളും ജയിൽവാസം വനവാസമായാണ് കരുതിയിരുന്നത്. ഒന്നുകിൽ വന്യമൃഗത്തിന് ഇരയാകും, അല്ലെങ്കിൽ കൂടുതൽ ശക്തിയാർജിച്ചു തിരിച്ചുവരും. നവ ഫാഷിസ്റ്റ് കാലത്തിലെ തടങ്കൽ ജീവിതത്തിനുശേഷം വർധിതമായ ശക്തിയോടെ നീതിമാന്മാർ തിരിച്ചുവരുമെന്നും ഉറപ്പാണ്.
രാജാധികാരം ഉപേക്ഷിച്ചുപോകുന്നത് വാനപ്രസ്ഥമാണ്. തിരിച്ചുവരാതെ എന്നെന്നേക്കുമായുള്ള വിടവാങ്ങലാണ്. സാമൂഹികജീവിതത്തിലെ ആശ്രമസങ്കൽപമാണ് വർണാശ്രമധർമമെങ്കിൽ ഹിന്ദു വ്യക്തിജീവിതത്തിലെ ആശ്രമസങ്കൽപമാണ് ബ്രഹ്മചര്യം, ഗൃഹസ്ഥാശ്രമം, വാനപ്രസ്ഥം, സന്യാസം. ഗൃഹസ്ഥാശ്രമ ജീവിതത്തിൽ സമ്പാദിച്ചതും വാരിക്കൂട്ടിയതുമെല്ലാം വ്യർഥമാണെന്നു തിരിച്ചറിഞ്ഞ് അതെല്ലാം ഉപേക്ഷിച്ചു മോക്ഷ മാർഗത്തിലേക്ക് യാത്രയാണ് വാനപ്രസ്ഥം. വ്യക്തിഗതമായി എല്ലാം ഉപേക്ഷിക്കുമ്പോഴും തന്റെ അനന്തരതലമുറകൾക്ക് എല്ലാം നീക്കിവെച്ചിട്ടാണ് വാനപ്രസ്ഥത്തിന് ഇറങ്ങിത്തിരിക്കുന്നത്. യുധിഷ്ഠിരൻ മുപ്പത്താറു വർഷത്തെ രാജവാഴ്ചക്കു ശേഷമാണ് വാനപ്രസ്ഥം സ്വീകരിച്ചത്. സ്ഥാനത്യാഗം ചെയ്യുമ്പോൾ അടുത്ത തലമുറകളിൽ ആകെ അവശേഷിച്ചിരുന്ന അർജുനന്റെ പൗത്രൻ പരിക്ഷീത്തിന് അധികാരം കൈമാറിയാണ് ഹിമാലയത്തിലേക്ക് പാണ്ഡവർ യാത്രതിരിക്കുന്നത്. നരേന്ദ്ര മോദിയും പിണറായി വിജയനും സന്യാസം സ്വീകരിക്കുന്നതിനെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. വി.ഡി. സതീശൻ പ്രഖ്യാപിച്ചിട്ടുള്ളത് പരാജയം ഭവിച്ചാൽ വനവാസത്തിനു പോകുമെന്നാണ്. വാനപ്രസ്ഥമല്ല! അടിയൊഴുക്കുകൾ മനസ്സിലാക്കിയ എം.വി. ഗോവിന്ദൻ ആരും വനവാസത്തിനു പോകേണ്ട എന്നും ആശ്വസിപ്പിച്ചിട്ടുണ്ട്.
പരിത്യാഗം (renunciation) പൗരസ്ത്യ വിശ്വാസസംഹിതകളിലെല്ലാംതന്നെ സവിശേഷമായ മൂല്യം കൽപിക്കപ്പെടുന്നതാണ്. അരവിന്ദ ഘോഷ് വിപ്ലവകാരിയുടെ ജീവിതം ഉപേക്ഷിച്ചു സന്യാസത്തിലേക്കാണ് തിരിഞ്ഞത്. ഇന്ത്യയിൽ രാഷ്ട്രീയ നേതാക്കളിൽ ആരാണ് വാനപ്രസ്ഥം സ്വീകരിച്ചതെന്ന് കൃത്യമായും പറയാൻ കഴിയില്ല. എങ്കിലും, നെഹ്റു അവസാനനാളുകളിൽ ആ വഴിയിലേക്കായിരുന്നുവെന്ന് എസ്. ഗോപാൽ എഴുതിയ ജീവചരിത്രത്തിൽനിന്ന് മനസ്സിലാക്കാം. പരിവ്രാജകത്വത്തിനു തികച്ചും നൂതനമായ വ്യാഖ്യാനം നൽകിയത് ഗാന്ധിജിയാണ്. വ്യാഖ്യാനം മാത്രമല്ല, ജീവിച്ചു കാണിച്ചുതന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ആഘോഷങ്ങളിൽനിന്ന് വിട്ടുനിന്ന ഗാന്ധി വാനപ്രസ്ഥത്തിന്റെ വഴിയല്ല സ്വീകരിച്ചത്. സ്വാതന്ത്ര്യത്തിലും സ്വരാജ് അപൂർണമാണെന്ന തിരിച്ചറിവോടെ അതിന്റെ സാക്ഷാത്കാരത്തിനായി കർമനിരതനാവുകയായിരുന്നു. ഗോദ്സെയുടെ വെടിയേറ്റ് രക്തസാക്ഷിത്വം വരിക്കുന്നതുവരെ കർമമണ്ഡലത്തിൽനിന്ന് പിൻവാങ്ങിയില്ല. പരിത്യാഗത്തിന് മഹാത്മാവ് നൽകിയ വ്യാഖ്യാനമാണ് അനാസക്തി യോഗം. വാസ്തവത്തിൽ, ഗീതോപദേശത്തിൽ അർജുനവിഷാദയോഗം ഗാന്ധിജിക്ക് കൃത്യം മനസ്സിലായി. ആത്മീയസമഗ്രാധികാരം മറ്റേത് അധികാരത്തെക്കാൾ അനശ്വരമാണെന്ന് മനസ്സിലാക്കി എന്നു മാത്രമല്ല, പ്രയോഗിച്ചു മാതൃക കാണിക്കുകയും ചെയ്തു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

