അതിദാരിദ്ര്യ പ്രഖ്യാപനം തെരഞ്ഞെടുപ്പ് തട്ടിപ്പ്
text_fieldsകേരളത്തില്‍ അതിദാരിദ്ര്യം അവസാനിപ്പിച്ചെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം ശുദ്ധ നുണയും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ മുന്‍നിര്‍ത്തി ജനങ്ങളെ കബളിപ്പിക്കുന്നതിനുള്ള തട്ടിപ്പുമാണ്. ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യം, വരുമാനം എന്നീ അടിസ്ഥാനസൗകര്യങ്ങള്‍ ഇല്ലാത്തവരെയാണ് അതിദരിദ്രരായി കണക്കാക്കുന്നത്.
ഇത്തരത്തിലുള്ള ലക്ഷക്കണക്കിന് പേരാണ് കേരളത്തിലുള്ളത്. അര്‍ഹരായ പല കുടുംബങ്ങളെയും ഒഴിവാക്കിയാണ് അതിദാരിദ്ര്യ പട്ടിക തയാറാക്കിയത്. ആദ്യ സര്‍വേയില്‍ 2,60,000 കുടുംബങ്ങള്‍ ഉണ്ടായിരുന്നുവെന്നത് മറച്ചുവെച്ച് എണ്ണം ഗണ്യമായി കുറച്ചാണ് സർവേ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത് (64,006 കുടുംബങ്ങള്‍). അതിജീവനത്തിനു വേണ്ടി പൊരുതുന്ന ലക്ഷക്കണക്കിന് പാവങ്ങളുള്ള നാട്ടില്‍ അതിദാരിദ്ര്യം അവസാനിച്ചെന്ന പിണറായി വിജയന്റെ പ്രഖ്യാപനം ജനങ്ങളെ പരിഹസിക്കലാണ്.
2021ലെ പ്രകടനപത്രികയില്‍ സംസ്ഥാനത്ത് പരമദരിദ്രരായ 4.5 ലക്ഷം പേരുണ്ടെന്ന് എല്‍.ഡി.എഫ് സമ്മതിച്ചിട്ടുണ്ട്. ഈ 4.5 ലക്ഷം അതിദരിദ്രരുടെ എണ്ണം എന്ത് ചെപ്പടിവിദ്യയിലൂടെയാണ് 64,006 ആയി ചുരുക്കിയത്? കേന്ദ്ര സര്‍ക്കാർ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡപ്രകാരം ദരിദ്രരില്‍ അതിദരിദ്രരായ സംസ്ഥാനത്തെ 5,91,194 പേര്‍ക്ക് എ.എ.വൈ പദ്ധതിപ്രകാരം മഞ്ഞ കാര്‍ഡ് നല്‍കിയിട്ടുണ്ടെന്ന് മന്ത്രി ജി.ആര്. അനില്‍ നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കിയിട്ടുണ്ട്.
ഇവരെല്ലാം അതിദാരിദ്ര്യത്തില്‍നിന്ന് മാറിയോ? അങ്ങനെ മാറിയിട്ടുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാർ നല്കുന്ന റേഷന്‍ വിഹിതം ഉള്‍പ്പെടെ ഇല്ലാതാകില്ലേ? യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് അഗതികള്‍ക്കു വേണ്ടിയുള്ള ആശ്രയ പദ്ധതിയിലും ഒന്നര ലക്ഷം പേരുണ്ടായിരുന്നു. ആ പട്ടികയില്‍ ഉല്പ്പെട്ടിരുന്നവരുടെയും എണ്ണം കുറഞ്ഞത് എങ്ങനെയാണ്? 2011ലെ സെന്‍സസ് പ്രകാരം 1.16 ലക്ഷം ആദിവാസി കുടുംബങ്ങളിലായി 4.85 ലക്ഷം ആദിവാസികള്‍ കേരളത്തിലുണ്ട്. ഇതില്‍ 6400 കുടുംബങ്ങള്‍ മാത്രമാണ് സര്‍ക്കാർ ഇപ്പോള്‍ തയാറാക്കിയിരിക്കുന്ന തട്ടിക്കൂട്ട് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ബാക്കിയുള്ള ആദിവാസി കുടുംബങ്ങളെല്ലാം സമ്പന്നരാണോ? അവരെല്ലാം വിദ്യാഭ്യാസ, പാര്‍പ്പിട, ആരോഗ്യ, ഭക്ഷണ കാര്യങ്ങളില്‍ സുരക്ഷിതരാണോ?
അതിദരിദ്ര മുക്തമെന്ന തട്ടിപ്പ് പ്രഖ്യാപനത്തിനു വേണ്ടി സര്‍ക്കാർ തയാറാക്കിയ 64,006 പേരുടെ പട്ടിക എന്ത് മാനദണ്ഡം ഉപയോഗിച്ചാണ് തയാറാക്കിയിരിക്കുന്നതെന്ന് സര്‍ക്കാർ വ്യക്തമാക്കണം. ഇത്തരമൊരു പട്ടിക തയാറാക്കിയതില്‍ ആസൂത്രണ ബോര്‍ഡിനും സ്റ്റാറ്റിസ്റ്റിക്കല്‍ വകുപ്പിനും എന്തെങ്കിലും പങ്കുണ്ടോ?
അതിദാരിദ്ര്യം ഇല്ലാതാക്കുന്നതില്‍ സുപ്രധാന ഘടകം സ്വന്തമായി ഭൂമിയും കെട്ടുറപ്പുള്ള വീടുമാണ്. സര്‍ക്കാർ ഇപ്പോള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന 64,006 കുടുംബങ്ങളില്‍ എല്ലാവര്ക്കും വീട് നല്‍കിയോ? 10 വര്‍ഷത്തിനിടെ ലൈഫ് ഭവന പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 5,91,368 പേരില്‍ 4,62,307 വീടുകളാണ് നിർമിച്ചു നല്‍കിയത്. 1,30,000 വീടുകള്‍ ഇനിയും പൂര്‍ത്തീകരിക്കാനുണ്ട്. ഇതില്‍ മുപ്പതിനായിരത്തോളം എസ്.സി കുടുംബങ്ങളും എണ്ണായിരത്തോളം എസ്.ടി കുടുംബങ്ങളും ഉള്‍പ്പെടും. ഈ യാഥാർഥ്യം നിലനില്‍ക്കെ അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമെന്ന പ്രഖ്യാപനത്തില്‍ എന്തു സത്യസന്ധതയാണുള്ളത്?
തെരഞ്ഞെടുപ്പുകള്‍ അടുത്തതോടെയാണ് എല്‍.ഡി.എഫും പിണറായി വിജയനും വീണ്ടും ജനങ്ങളെ കബളിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. സാമൂഹിക സുരക്ഷ പെന്ഷന് ഘട്ടംഘട്ടമായി 2500 രൂപയാക്കും എന്നായിരുന്നു 2021ലെ എല്‍.ഡി.എഫ് പ്രകടന പത്രിക വാഗ്ദാനം. അധികാരത്തിലെത്തി നാലര വര്‍ഷവും ഒരു രൂപപോലും കൂട്ടിയില്ല. അങ്ങനെയുള്ളവരാണ് തെരഞ്ഞെടുപ്പിന്റെ തലേ ആഴ്ചയില്‍ 2000 രൂപയാക്കിയെന്ന് മേനി നടിക്കുന്നത്. വീട്ടമ്മമാര്‍ക്ക് പെന്ഷന് നല്‍കുമെന്നതും തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. ഇപ്പോള്‍ ഇതും ഭാഗികമായി പ്രഖ്യാപിച്ചത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലെ കനത്ത തോല്‍വി മുന്നില്‍ക്കണ്ട് മാത്രമാണ്. തൊഴിലില്ലായ്മ രൂക്ഷമായ സംസ്ഥാനമാണ് കേരളം. എന്നിട്ടും 10 വര്‍ഷവും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള ഒരു നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാർ തയാറായിട്ടില്ല.
സര്‍ക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിലും ഡി.എ, ഡി.ആര് കുടിശ്ശികകളിലും സര്‍ക്കാറിന് മിണ്ടാട്ടമില്ല. ശമ്പള പരിഷ്കരണ കമീഷനെ നിയമിക്കുന്നതിലും നടപടിയില്ല. ഒരു ലക്ഷം കോടിയിലേറെ രൂപയാണ് വിവിധ ആനുകൂല്യങ്ങളായി സര്‍ക്കാർ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നല്‍കാനുള്ളത്. 11ാം ശമ്പള പരിഷ്കരണ കുടിശ്ശിക ഏപ്രില്‍ ഒന്നിനു ശേഷം 2026ല്‍ നല്‍കുമെന്നാണ് പറഞ്ഞത്. അതായത്, ഈ സര്‍ക്കാർ പോയ ശേഷമേ അതും നല്‍കൂ.
അംഗൻവാടി ജീവനക്കാര്‍, സാക്ഷരത പ്രേരകുമാര്‍, പാചക തൊഴിലാളികള്‍, ആശാ പ്രവര്‍ത്തകര്‍ എന്നിവരുടെ പ്രതിമാസ ഓണറേറിയം 3000 രൂപയെങ്കിലും വര്‍ധിപ്പിക്കേണ്ടതായിരുന്നു. എന്നാല്‍, വെറും 1000 രൂപയുടെ വര്‍ധനയാണ് വരുത്തിയത്. റബറിന് 250 രൂപ സബ്സിഡി നല്‍കുമെന്നായിരുന്നു സര്‍ക്കാറിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം. ഉമ്മൻ ചാണ്ടി സര്‍ക്കാറിന്റെ കാലഘട്ടത്തില്‍ ഉണ്ടായിരുന്ന 150 രൂപയില്‍നിന്ന് കഴിഞ്ഞ ഒമ്പതര വര്‍ഷത്തിനിടെ 30 രൂപയാണ് വര്‍ധിപ്പിച്ചത്. ഇപ്പോഴത് 20 രൂപ കൂടി കൂട്ടി.
തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളിലെ കുടിശ്ശിക നല്‍കുമെന്നാണ് സര്‍ക്കാർ പറയുന്നത്. തൊഴില്‍ വകുപ്പിന്റെ മാത്രം കീഴിലുള്ള ക്ഷേമനിധി ബോര്‍ഡുകളില്‍ 2500 കോടിയോളം രൂപ കുടിശ്ശികയുണ്ട്. കുടിശ്ശിക നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പുതിയ വാഗ്ദാനവും ജനങ്ങളെ കബളിപ്പിക്കുന്നതാണ്. 2024 ജൂണ്‍ 10ന് മുഖ്യമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ച ചട്ടം 300 അനുസരിച്ചുള്ള പ്രസ്താവന തെരഞ്ഞെടുപ്പ് കാലത്ത് ഒന്നുകൂടി ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്.
പട്ടികജാതി, പട്ടികവർഗ വിഭാഗത്തില്‍പ്പെട്ടവരുടെ ഗ്രാന്റ് അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കുമെന്നാണ് സര്‍ക്കാറിന്റെ പുതിയ വാഗ്ദാനം. എന്നാല്‍ 2024-25ല്‍ പട്ടികജാതി വിഭാഗങ്ങളുടെ പദ്ധതി വിഹിതം 500 കോടിയും പട്ടിക വർഗ വിഭാഗങ്ങളുടെത് 112 കോടി രൂപയുമാണ് വെട്ടിക്കുറച്ചത്.
കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയില്‍ 1800 കോടി രൂപയാണ് കുടിശ്ശിക. ശസ്ത്രക്രിയ ഉപകരണങ്ങള്‍ക്കടക്കം പണം നല്‍കാത്തതിനെ തുടര്‍ന്ന് വിതരണക്കാര്‍ തിരിച്ചെടുത്തു. സപ്ലൈകോക്ക് നല്‍കാനുള്ളത് 2211 കോടി രൂപ. അവശ്യസാധനങ്ങള്‍ സംഭരിച്ച വകയില്‍ 480 കോടിയും കുടിശ്ശികയുണ്ട്. ഈ സാഹചര്യത്തില്‍ സപ്ലൈകോക്ക് 110 കോടി രൂപ നല്‍കുമെന്ന പ്രഖ്യാപനം തമാശയായി മാത്രമേ കാണാനാകൂ.
നെല്ലിന്റെ താങ്ങുവില ഉയര്‍ത്തുമെന്നതും മറ്റൊരു തട്ടിപ്പാണ്. നെല്ലിന് കേന്ദ്ര സര്‍ക്കാർ താങ്ങുവില കൂട്ടുമ്പോള്‍ സംസ്ഥാന സര്‍ക്കാർ തത്തുല്യമായി കുറക്കുന്ന വിചിത്ര രീതിയാണ് പിണറായി സര്‍ക്കാർ കാട്ടുന്നത്. 2020-21ല്‍ 8.8 രൂപയായിരുന്ന സംസ്ഥാന വിഹിതം 2023-24ല്‍ 6.37 രൂപയാക്കി കുറച്ചു. കേന്ദ്ര സര്‍ക്കാർ കൂട്ടിയപ്പോള്‍ കുറച്ചത് പുനഃസ്ഥാപിക്കുക മാത്രമാണ് സര്‍ക്കാർ ഇപ്പോള്‍ ചെയ്തിരിക്കുന്നത്.
കേരളത്തില്‍ അതിദരിദ്രര്‍ ഇല്ലെന്ന് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പില്‍ ക്യാപ്സ്യൂള്‍ ഇറക്കാനാണ് സര്‍ക്കാർ ശ്രമിക്കുന്നത്. അതിദാരിദ്ര്യം അവസാനിച്ചെന്ന പ്രഖ്യാപനത്തോടെ കേന്ദ്ര സര്‍ക്കാർ പ്രഖ്യാപിക്കുന്ന പല പദ്ധതികളില്‍നിന്നും കേരളം പുറത്താകും. കേന്ദ്രത്തിന് മുന്നില്‍ സംസ്ഥാനത്ത് അതിദരിദ്രര്‍ ഇല്ലാത്ത സ്ഥിതിയാകുമോ? തെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും വിഡ്ഢികളാക്കാനും വേണ്ടി നടത്തുന്ന പി.ആര് പ്രചാരണമാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തുന്നത്. സര്‍ക്കാർ നടത്തുന്ന പ്രചാരണങ്ങളുടെ പൊള്ളത്തരങ്ങള്‍ യു.ഡി.എഫ് ജനങ്ങളെ ബോധ്യപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

