എക്സ്​പ്ലോറിങ്​ ഇന്ത്യ; പ്രചോദന കരിയർ ഗൈഡൻസിന്​ പുതിയ ഭാവം

career-guidance-190919.jpg

2013-14 അക്കാദമിക വർഷം മുതൽ ന്യൂനപക്ഷ മതവിഭാഗങ്ങളിൽപെട്ട ഹൈസ്​കൂൾ-ഹയർ സെക്കൻഡറി വിദ്യാർഥികളുടെ സമഗ്ര വ്യക്തിത്വവികസനവും പഠനപുരോഗതിയും കരിയർ അവബോധവും ലക്ഷ്യംവെച്ച് ന്യൂനപക്ഷ വകുപ്പ് സംസ്ഥാന വ്യാപകമായി നടപ്പാക്കിവരുന്ന പദ്ധതിയാണ് വ്യക്തിത്വ വികസന-കരിയർ ഗൈഡൻസ്​ പരിശീലന ക്യാമ്പുകൾ. ഈ ക്യാമ്പുകൾ പൂർണമായും സൗജന്യമായാണ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ആറു വർഷങ്ങളിൽ എണ്ണൂറോളം ക്യാമ്പുകളിലായി ഒരു ലക്ഷത്തിലധികം വിദ്യാർഥികൾക്ക് ഈ സേവനമെത്തിക്കാൻ ന്യൂനപക്ഷക്ഷേമ വകുപ്പിന് സാധിച്ചു. 

സംസ്ഥാനതലത്തിൽ, ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്കിടയിൽ കരിയർ അവബോധം സൃഷ്​ടിക്കാനും തൊഴിലന്വേഷണ ത്വര അങ്കുരിപ്പിക്കാനും കരിയർ ഗൈഡൻസ്​ ക്യാമ്പുകൾക്കു കഴിഞ്ഞു.  പദ്ധതിയുടെ ആദ്യഘട്ടം എന്ന നിലയിൽ വകുപ്പ് ലക്ഷ്യംവെച്ചതും അവബോധസൃഷ്​ടിയും വ്യക്തിത്വവികസനത്തിെറ അടിത്തറ പാകലുമായിരുന്നു. അഞ്ചുവർഷം പൂർത്തിയാക്കിയ പദ്ധതി പുതിയ രൂപത്തിലും ഭാവത്തിലും കൂടുതൽ ഫലപ്രാപ്തി സാധ്യമാക്കുന്ന രീതിയിൽ പുനഃക്രമീകരിക്കാനുള്ള തയാറെടുപ്പിലാണ് ന്യൂനപക്ഷക്ഷേമ വകുപ്പ്​. കരിയർ ഗൈഡൻസ്​ േപ്രാഗ്രാമിനെ പുതിയ രൂപത്തിൽ പുനഃക്രമീകരിക്കുന്നതിലൂടെ കൂടുതൽ ഫലപ്രദമാക്കാനും ‘എക്സ്​പ്ലോറിങ് ഇന്ത്യ’യുടെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന തിരഞ്ഞെടുക്കപ്പെടുന്ന മിടുക്കരായ വിദ്യാർഥികളെ തുടർപ്രവർത്തനങ്ങളിലൂടെ പിന്തുടരാനും ഏറ്റവും അർഹരായ ഗുണഭോക്താക്കളിലേക്ക് പദ്ധതിയുടെ ഗുണഫലം എത്തിക്കാനും വകുപ്പ് ഉദ്ദേശിക്കുന്നു. ആദ്യഘട്ടത്തിൽ പൊതു അവബോധസൃഷ്​ടിയും (General Awareness) രണ്ടാം ഘട്ടത്തിൽ ലക്ഷ്യരൂപവത്​കരണവും (Goal Setting) മൂന്നാം ഘട്ടത്തിൽ കൃത്യമായ ദിശാനിർണയവും (Specific Orientation) സാധ്യമാക്കാനാണ് വകുപ്പ് ഉദ്ദേശിക്കുന്നത്. ഈ പദ്ധതിയുടെ ഓരോ ഘട്ടത്തി​െൻറയും പുരോഗതി വിലയിരുത്തി മാർഗനിർദേശങ്ങൾ നൽകി ഉന്നത വിദ്യാഭ്യാസ-ന്യൂനപക്ഷക്ഷേമ മന്ത്രി ഡോ. കെ.ടി. ജലീൽ ഒപ്പമുണ്ട്​.

ഘട്ടം ഒന്ന്: ട്യൂണിങ്​ 
സംസ്ഥാനത്തുടനീളം 200 ഏകദിന പരിശീലന ക്യാമ്പുകളാണ് ‘ട്യൂണിങ്​’ എന്ന ഒന്നാം ഘട്ടത്തിലൂടെ നടപ്പാക്കുക. 10ാം തരത്തിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് നൂറും പ്ലസ്​ ടു തലത്തിൽ പഠിക്കുന്നവർക്ക് നൂറും ക്യാമ്പുകളാണ് നടത്തിവരുന്നത്. ന്യൂനപക്ഷ മതവിഭാഗത്തിൽപെട്ട 100 വിദ്യാർഥികൾക്കായിരിക്കും ഓരോ ക്യാമ്പിലും പ്രവേശനം. വിദ്യാർഥികളുടെ സമഗ്ര വ്യക്തിത്വവികസനം, പഠനപുരോഗതി  സഹായം, ശരിയായ കരിയർ അവബോധം എന്നിവയാണ്​ ‘ട്യൂണിങ്​’ ക്യാമ്പി​​െൻറ ലക്ഷ്യം. 

അവസാന വർഷത്തെ വാർഷികപ്പരീക്ഷയിൽ ചുരുങ്ങിയത് 60 മാർക്ക് നേടിയവരെയാണ് ​ക്യാമ്പിലേക്കു പരിഗണിക്കുക. ഹയർ സെക്കൻഡറി റിസൽട്ട്​ ലഭ്യമല്ലെങ്കിൽ എസ്​.എസ്​.എൽ.സി പരീക്ഷയുടെ മാർക്ക് മാനദണ്ഡമാക്കും. ബി.പി.എൽ വിദ്യാർഥികൾക്ക് മുൻഗണന നൽകി എല്ലാ ന്യൂനപക്ഷ വിഭാഗത്തിൽപെടുന്നവർക്കുമായി പ്രവേശനം ക്രമപ്പെടുത്തിയിട്ടുണ്ട്​. ആകെ സീറ്റിൽ 30 എണ്ണം പെൺകുട്ടികൾക്കു സംവരണം ചെയ്തിരിക്കുന്നു. എല്ലാ സ്​ട്രീമുകൾക്കും (ഹ്യുമാനിറ്റീസ്​, കോമേഴ്സ്​, സയൻസ,് മാത്​സ്​​) ക്യാമ്പിൽ തുല്യപ്രാധാന്യമുള്ള തിരഞ്ഞെടുപ്പായിരിക്കും ഉണ്ടാകുക.  ന്യൂനപക്ഷങ്ങൾ കൂടുതലുള്ള ജില്ലകളിൽ കൂടുതൽ ക്യാമ്പുകൾ നടത്തും. ജില്ല കലക്ടർ/സി.സി.എം.വൈ പ്രിൻസിപ്പൽ എന്നിവരുടെ കീഴിലാണ് ‘ട്യൂണിങ്’​ ക്യാമ്പുകൾ. 

മാറ്റങ്ങൾ  
10,000 വിദ്യാർഥികൾ പങ്കെടുത്തിരുന്ന 100 ക്യാമ്പുകളിൽനിന്ന് 20,000 വിദ്യാർഥികൾ പങ്കെടുക്കുന്ന 200 ക്യാമ്പുകളായി എണ്ണം ഉയർത്തിയതാണ് പ്രധാന മാറ്റം. ഈ മാറ്റത്തിലൂടെ പരിപാടിയുടെ ഗുണം പതിനായിരം വിദ്യാർഥികൾക്കുകൂടി അധികമായി ലഭിക്കും. അടിസ്ഥാനപരമായി പഴയതും പുതിയതുമായ ക്യാമ്പുകൾ തമ്മിൽ ചില മാറ്റങ്ങൾ ദൃശ്യമാണ്. മുൻവർഷങ്ങളിൽനിന്ന് ഭിന്നമായി ഹൈസ്​കൂൾ, ഹയർ സെക്കൻഡറി തലങ്ങൾക്ക് വെവ്വേറെ ക്യാമ്പുകൾ സംഘടിപ്പിക്കും. ഹയർ സെക്കൻഡറിതല ‘ട്യൂണിങ്​‘ ക്യാമ്പുകളിൽനിന്നു നാലു ബാച്ചുകളിലായി (ഹ്യുമാനിറ്റീസ്​, കോമേഴ്സ്​, സയൻസ്​, മാത്​സ്​​) 1200 വിദ്യാർഥികളെയാണ് രണ്ടാം ഘട്ടമായ ‘ഫ്ലവറിങ്ങി’ലേക്ക് തിരഞ്ഞെടുക്കുക. വിദ്യാർഥികളുടെ സാമൂഹിക-സാമ്പത്തികനില പരിഗണിച്ചും അക്കാദമികമികവും ‘ട്യൂണിങ്​’ ക്യാമ്പിലെ പ്രകടനം വിലയിരുത്തിയുമായിരിക്കും തിരഞ്ഞെടുപ്പ്്.  

ഘട്ടം രണ്ട്: ഫ്ലവറിങ്
ഹയർ സെക്കൻഡറിതല ‘ട്യൂണിങ്​’ ഏകദിന ക്യാമ്പുകളിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 1200 വിദ്യാർഥികൾ പങ്കെടുക്കുന്ന 12 ദ്വിദിന ശിൽപശാലകളാണ് ‘ഫ്ലവറിങ്​’ ക്യാമ്പ്. ഹ്യുമാനിറ്റീസ്​, കോമേഴ്സ്, സയൻസ്, മാത്​സ്​​ എന്നീ നാലു സ്​ട്രീമുകൾക്കും മൂന്നുവീതം ക്യാമ്പുകളുണ്ടാകും. ഓരോ ക്യാമ്പിലും 100 വിദ്യാർഥികൾക്കാണ്​ പ്രവേശനം. സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിൽ ക്യാമ്പുകൾ നടക്കും. ഡയറക്ടറേറ്റി​െൻറ മേൽനോട്ടത്തിലായിരിക്കും ക്യാമ്പുകൾ. പ്രചോദനക്ലാസുകൾ, കേന്ദ്ര സർവകലാശാലകൾ, പ്രീമിയർ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സൈറ്റുകൾ, ലോകോത്തര പഠനകേന്ദ്രങ്ങൾ, കേന്ദ്ര-സംസ്ഥാന താക്കോൽ/പ്രമുഖ ജോലികൾ, സ്​കോളർഷിപ്പുകൾ ഇന്ത്യക്കകത്തും പുറത്തും, സിവിൽ സർവിസ്​, ഗവേഷണസാധ്യതകൾ, സ്ഥാപനങ്ങൾ, കലക്ടർമാർ/പ്രമുഖർ എന്നിവർക്കൊപ്പം എന്നിങ്ങനെയാണ് ക്യാമ്പ് വിഷയങ്ങൾ. പുറമെ കോമേഴ്സ്​, ഹ്യുമാനിറ്റീസ്​, ഗണിത, ജീവശാസ്​ത്ര മേഖലകളിലെ സാധ്യതകളെക്കുറിച്ച് പ്രത്യേക ക്ലാസുകളുണ്ടാകും. ഏതർഥത്തിലും പുതിയ അനുഭവവും പുത്തനുണർവും സമ്മാനിക്കാനുള്ള ഒരുക്കത്തിലാണ് 14 ജില്ല കലക്ടർമാരുടെയും  ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടറുടെയും കീഴിലുള്ള മിഷൻ ടീം. 

‘ഫ്ലവറിങ്ങി’ലേക്കുള്ള തിരഞ്ഞെടുപ്പ് 
‘ഫ്ലവറിങ്​’ ക്യാമ്പിലേക്ക് വിദ്യാർഥികളെ തിരഞ്ഞെടുക്കുക താഴെ പറയുന്ന മാനദണ്ഡങ്ങൾക്ക്​ അനുസരിച്ചായിരിക്കും. ആകെ വെയ്റ്റേജി​െൻറ 50 ശതമാനം പഠനമികവി​െൻറ (എസ്​.എസ്​.എൽ.സി മാർക്ക്/േഗ്രഡി​െൻറ) അടിസ്ഥാനത്തിലായിരിക്കും. 

ഒന്നാം തലമുറ വിദ്യാസമ്പന്നരല്ലാത്തവരുടെ മക്കൾ, 10ാം ക്ലാസ്​ വിദ്യാഭ്യാസം ഇല്ലാത്തവരുടെ മക്കൾ, ലാസ്​റ്റ് േഗ്രഡ് തൊഴിലാളികളൊഴികെ സർക്കാർ/അർധ സർക്കാർ തൊഴിലില്ലാത്തവർ, ഗൾഫ് രാജ്യങ്ങളിൽ ലേബർ ക്യാമ്പുകളിൽ ജോലി ചെയ്യുന്ന തീരെ വേതനം കുറഞ്ഞവർ എന്നിവരുടെ മക്കൾക്ക്​ അഞ്ചു മാർക്ക്​. ബി.പി.എൽ കുടുംബങ്ങളിലെ മക്കൾക്ക് അഞ്ച്​.

മദ്റസ ക്ഷേമനിധിയിൽ അംഗങ്ങളായ അധ്യാപകർ, മത്സ്യത്തൊഴിലാളികൾപോലെ പരമ്പരാഗത തൊഴിലിലേർപ്പെട്ടവർ എന്നിവരുടെ മക്കൾക്ക് അഞ്ച്​. കായിക, ശാസ്​ത്രമേളകളിലോ കലാമേളകളിൽ വ്യക്തിഗത ഇനങ്ങളിലോ ജില്ല തലത്തിൽനിന്ന് എ േഗ്രഡോ സമാനമായതോ നേടി സംസ്ഥാനതല മത്സരത്തിന്​ അവസരം ലഭിച്ച വിദ്യാർഥികൾക്ക് അഞ്ചു മാർക്ക്​. 

എൻ.എസ്​.എസ്​, എൻ.സി.സി, സ്​കൗട്ട്, ഗൈഡ് തുടങ്ങിയ ക്യാമ്പുകളിൽ പങ്കെടുത്ത ഉന്നതാധികാരികളുടെ സാക്ഷ്യപത്രമുള്ള വിദ്യാർഥികൾക്ക് അഞ്ച്​. 
‘ട്യൂണിങ്​‘ ക്യാമ്പിലെ പ്രകടനത്തെ അടിസ്ഥാനപ്പെടുത്തി ക്യാമ്പിൽ വിദ്യാർഥിയുടെ (എ) പ്രത്യുൽപന്നമതിത്വം, (ബി) ലീഡർഷിപ് ടീം വർക്ക്, (സി) ഇടപെടൽ, (ഡി) ശ്രദ്ധ, (ഇ) മൊത്തം പ്രകടനം എന്നീ ഓരോ ഘടകത്തിനും അഞ്ച്​ എന്ന രീതിയിൽ 25 മാർക്ക് കണക്കാക്കപ്പെടും. 

ഘട്ടം മൂന്ന്: എക്സ്​പ്ലോറിങ്​ ഇന്ത്യ
‘ഫ്ലവറിങ്​’ ക്യാമ്പുകളിൽനിന്നു തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച 120 വിദ്യാർഥികളാണ് മൂന്നാംഘട്ടമായ ‘എക്സ്​പ്ലോറിങ്ങി’ൽ പങ്കെടുക്കുക. ഓരോ ബാച്ചിൽനിന്നും 30 പേർ വീതമാണ് ക്യാമ്പുകളിൽനിന്നു തിരഞ്ഞെടുക്കപ്പെടുക. ഇവർ ‘ടീം ക്രീം’ എന്നറിയപ്പെടും. എക്സ്​പ്ലോറിങ് ഇന്ത്യയിലേക്കുള്ള തിരഞ്ഞെടുപ്പി​െൻറ 80 വെയ്​റ്റേജ് അക്കാദമിക മികവിനും ബാക്കി 10 ബി.പി.എല്ലിനും ശേഷിക്കുന്ന 10 ക്യാമ്പ് പ്രകടനത്തിനുമാണ്​ നിശ്ചയിച്ചിരിക്കുന്നത​്.     

കരിയർ ഗൈഡൻസ്​ പദ്ധതിയിലെ ഏറ്റവും പ്രധാന ഇനമാണ്​ ‘എക്സ്​പ്ലോറിങ്​ ഇന്ത്യ’ േപ്രാഗ്രാം. ഓരോ ബാച്ചി​െൻറയും പഠനമേഖലയിലെ ഇന്ത്യയിലെ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന സ്ഥാപനങ്ങൾ സന്ദർശിക്കുകയും അവിടങ്ങളിലെ വിദഗ്​ധരോടും വിദ്യാർഥികളോടും സംവദിക്കുകയും ചെയ്യുന്ന അന്വേഷണയാത്രയാണ് ‘എക്സ്​പ്ലോറിങ്​ ഇന്ത്യ’. ഇന്ത്യയുടെ ശാസ്​ത്ര, സാങ്കേതിക, മാനവിക, കലാ സാംസ്​കാരിക മേഖലകളെയും പാരമ്പര്യത്തെയും പരിചയപ്പെടുത്തി വിദ്യാർഥികളെ പ്രചോദിപ്പിക്കുകയും തദനുസാരം കരിയർ തീരുമാനിക്കാനുള്ള അവസരമൊരുക്കുകയുമാണ് ഇതി​െൻറ ലക്ഷ്യം. ഇന്ത്യയുടെ മഹത്തായ പൈതൃകസമ്പത്തിനെ പരിചയപ്പെടുത്താനും ശ്രമിക്കും. ഇന്ത്യൻ പ്രസിഡൻറ്​, പ്രധാനമന്ത്രി, സ്​പീക്കർ, മറ്റു പ്രമുഖരും പ്രഗല്​ഭരുമായുള്ള കൂടിക്കാഴ്ച എന്നിവയാണ് മറ്റു പ്രത്യേകതകൾ. നാലു പേരുടെ സബ്ജക്​ട്​ എക്സ്​പേർട്ട്സ്​ ടീമും ആറു പേരുടെ എസ്​​കോർട്ടിങ്​ ടീമും യാത്രയിലുടനീളം വിദ്യാർഥികളെ അനുഗമിക്കും.

തുടർ കരിയറിലേക്ക് മാർഗനിർദേശങ്ങളും പ്രചോദനങ്ങളും നൽകുന്ന ഏകദിന ക്യാമ്പോടുകൂടിയായിരിക്കും ‘എക്സ്​പ്ലോറിങ് ഇന്ത്യ’ സമാപിക്കുക. ഓരോ വിദ്യാർഥിയും അവനവനെ കണ്ടെത്തുന്നതിലൂടെ ഇന്ത്യയെ കണ്ടെത്താൻ പ്രാപ്തി നേട​െട്ട.  


(ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്​ടറാണ്​ ലേഖകൻ)

Loading...
COMMENTS