പരിസ്ഥിതിയും ഭൂവിനിയോഗവും 

07:36 AM
04/09/2019
മേപ്പാടിക്കടുത്ത് പുത്തുമലയിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലം (ഫോട്ടോ: ബൈജു കൊടുവള്ളി)

സംസ്ഥാനത്തെ ഭൂവിനിയോഗത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ നിർദേശിച്ചിരിക്കുന്നു. ജലവിഭവ വകുപ്പ് ഡയറക്ടറെയാണ് ചുമതല ഏൽപിച്ചിരിക്കുന്നത്. ഭൂവിനിയോഗവുമായി ബന്ധപ്പെട്ട വിദഗ്​ധർ കമ്മിറ്റിയിൽ ഉണ്ടോ എന്നു വ്യക്തമല്ല. കേരളം മറ്റു സംസ്ഥാനങ്ങളിൽനിന്നു വിഭിന്നമായ ഭൂപ്രകൃതിയുള്ള പ്രദേശമാണ്. അശാസ്ത്രീയമായ ഭൂവിനിയോഗത്തി​​െൻറയും പാരിസ്ഥിതികഘടകങ്ങൾ പരിഗണിക്കാത്ത വികസനപ്രവർത്തനങ്ങളുടെയും ഫലമായി ഉരുൾപൊട്ടലും വ്യാപകമായ മണ്ണിടിച്ചിലും ഉണ്ടായി. പ്രകൃതിയും പരിസ്ഥിതിയും പഠിക്കാതെ മനുഷ്യൻ നടത്തിയ നിർമാണ പ്രവർത്തനങ്ങൾ ദുരന്തങ്ങളായി പരിണമിക്കുന്ന കാഴ്ചകളാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. ഭൂപ്രകൃതിയും ഭൂവിനിയോഗവും പരിസ്ഥിതിയെ  നിർണയിക്കുന്ന പ്രധാന ഘടകങ്ങളാണ്. ഒരു പ്രദേശത്ത് വികസനപദ്ധതികളും നിർമാണ പ്രവർത്തനങ്ങളും നടപ്പാക്കുമ്പോൾ ആ പ്രദേശത്തെ ഭൂപ്രകൃതിയും ഭൂവിനിയോഗവും പരിഗണിക്കണം. 

ഭൗമഘടകങ്ങൾ പരിഗണിച്ച് കേരളത്തെ തീരപ്രദേശ മേഖല, കായൽപ്രദേശ മേഖല, ഇടനാട്, ഇടമലനാട്, ഉന്നത പ്രദേശം, ഉന്നത വനപ്രദേശം എന്നിങ്ങനെ വിവിധ പാരിസ്ഥിതികമേഖലകളായി തരംതിരിച്ച് ഓരോ മേഖലയിലും അനുവർത്തിക്കാവുന്ന ഭൂവിനിയോഗവും അതിന് വിരുദ്ധമായി ചെയ്താലുള്ള ദുരന്തങ്ങളും സംബന്ധിച്ച്​ ശരിയായ അവബോധം ഉണ്ടായിരിക്കണം. അനുയോജ്യമല്ലാത്ത ഭൂവിനിയോഗവും കൃഷിരീതികളും മണ്ണിടിച്ചിലിനും ഉരുള്‍ പൊട്ടലുകള്‍ക്കും കാരണമായിട്ടുണ്ട്. അശാസ്ത്രീയമായ ഭൂവിനിയോഗം മേപ്പാടിയിലും കവളപ്പാറയിലും ദുരന്തങ്ങൾക്ക്​ ഇടവരുത്തിയതായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. ഈ സന്ദർഭത്തിൽ നിലവിലുള്ള ജില്ല, താലൂക്ക്, ബ്ലോക്ക്, പഞ്ചായത്ത് ഭരണ നിർവഹണ അതിര്‍ത്തികള്‍ക്ക് പകരമായി കാര്‍ഷികവും പാരിസ്ഥിതികവുമായ ഘടകങ്ങള്‍ അനുസരിച്ച് കേരളത്തി​​െൻറ ഭൂവിഭാഗങ്ങളുടെ അതിര്‍ത്തികള്‍ പുനര്‍നിർണയിക്കുകയും ഭൂവിനിയോഗ നയം ആവിഷ്‌കരിച്ച് വികസനപദ്ധതികൾ നടപ്പാക്കുകയും വേണം.

പ്രളയാനന്തരം ഇത്തരം വിഷയങ്ങള്‍ പരിഗണിക്കപ്പെടുന്നുണ്ടെങ്കിലും ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ കേന്ദ്രീകരിച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത്.  പശ്ചിമഘട്ടത്തില്‍ ഉള്‍പ്പെടുന്ന മേഖല മാത്രമാണ് ഗാഡ്ഗിൽ പഠനവിധേയമാക്കിയിട്ടുള്ളതും നിർദേശങ്ങള്‍ നല്‍കിയിട്ടുള്ളതും. സമുദ്ര നിരപ്പിലും താഴെ സ്ഥിതിചെയ്യുന്ന കുട്ടനാടും പരിസ്ഥിതി ദുർബല പ്രദേശമാണ്. ഗാഡ്ഗിൽ റിപ്പോർട്ടിൽ കുട്ടനാട്, തീരദേശ, ഇടനാട് മേഖലകളെക്കുറിച്ച് പഠനമോ ചർച്ചയോ ഇല്ല. ഈ സാഹചര്യത്തില്‍ കേരളത്തിലെ പാരിസ്ഥിതിക മേഖലകളുടെ സമ്പൂർണപഠനത്തിന് പ്രസക്തിയേറെയാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന്​ വ്യത്യസ്​തമായ ഭൂപ്രകൃതിയുള്ള കേരളത്തിന് തനത് പദ്ധതികൾ ആവിഷ്​കരിച്ച് നടപ്പാക്കണം. പാരിസ്ഥിതികഘടകങ്ങളെ അടിസ്ഥാനമാക്കി കേരളത്തെ എട്ട്​ പാരിസ്ഥിതികമേഖലകളായി തരംതിരിച്ച്​ ഓരോ മേഖലക്കും അനുയോജ്യമായ ഭൂവിനിയോഗം നിർദേശിക്കുന്നു: 

1. കായൽപ്രദേശം-സമുദ്രനിരപ്പിന് താഴെ സ്ഥിതിചെയ്യുന്ന പ്രദേശങ്ങൾ.(കുട്ടനാട്)- ഫിഷറീസ്, ടൂറിസം, ജലഗതാഗതം, താറാവ് കൃഷി.
2. തീരപ്രദേശം -സമുദ്രനിരപ്പിൽ നിന്ന്​ 10 മീറ്റർ വരെ ഉയരത്തിലുള്ള തീരപ്രദേശം- മത്സ്യബന്ധനം, ജലഗതാഗതം, കൃഷി, കുടിവെള്ള പദ്ധതികൾ.
3. താഴ്‌വാരം -സമുദ്ര നിരപ്പിൽനിന്ന്​ 20 മീറ്റർ വരെ ഉയരത്തിലുള്ള മണൽ പ്രദേശം- കെട്ടിട നിർമാണം, പാർപ്പിട പദ്ധതികൾ, കൃഷി, മൃഗസംരക്ഷണം, വ്യവസായം.
4. ഇടനാട് -സമുദ്രനിരപ്പിൽനിന്ന്​ 20 മുതൽ 100 മീറ്റർ വരെ ഉയരത്തിലുള്ള ചെങ്കൽപ്രദേശം- കെട്ടിട നിർമാണം, പാർപ്പിടം, കൃഷി, മൃഗസംരക്ഷണം, വ്യവസായം.
5. ഇടമല നാട് -സമുദ്ര നിരപ്പിൽനിന്ന്​ 100 മീറ്റർ മുതൽ 300 മീറ്റർ വരെ ഉയരത്തിലുള്ള ചരിവുള്ള പ്രദേശം- റബർ, ഏലം, കാപ്പി, തേയില തുടങ്ങിയ തോട്ട വിളകൾ, ഫലവൃക്ഷങ്ങൾ, പരിസ്ഥിതി സൗഹൃദ പാർപ്പിടങ്ങൾ.
6. മലനാട് -300 മീറ്റർ മുതൽ 600 മീറ്റർ വരെ ഉയരത്തിലുള്ള മലമ്പ്രദേശം- ഫലവൃക്ഷങ്ങൾ,  വനവൃക്ഷങ്ങൾ, സാമൂഹിക വനവത്​കരണം. ഖനന-നിർമാണ പ്രവർത്തനങ്ങൾ പാടില്ല.
7. ഉന്നത പ്രദേശം -600 മീറ്റർ മുതൽ 1200 മീറ്റർ വരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശം- വനവൃക്ഷങ്ങൾ, വനവത്​കരണം, ഖനന, പാർപ്പിട, കെട്ടിട നിർമാണ പ്രവർത്തനങ്ങൾ പാടില്ല.
8. ഉന്നത വനം -1200 മീറ്ററിന് മുകളിൽ സ്ഥിതി ചെയ്യുന്ന പ്രദേശം(ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളിലെ പ്രദേശം)- വനം, വന വൃക്ഷങ്ങൾ, ഒരുവിധ ഖനന-നിർമാണ പ്രവർത്തനങ്ങളും പാടില്ല.

ഓരോ മേഖലക്കും അനുയോജ്യമായ വികസന പരിപാടികൾ ആവിഷ്കരിച്ച് നടപ്പാക്കിയാൽ പ്രകൃതിദുരന്തങ്ങൾ ഒഴിവാക്കാം.

(സംസ്ഥാന ഭൂവിനിയോഗ ബോർഡ് മുൻ ഡെപ്യൂട്ടി ഡയറക്ടറാണ്​ ലേഖകൻ)

Loading...
COMMENTS