Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightബിഹാറിലെ മമത, ബംഗാളിലെ...

ബിഹാറിലെ മമത, ബംഗാളിലെ ശത്രുത

text_fields
bookmark_border
ബിഹാറിലെ മമത, ബംഗാളിലെ ശത്രുത
cancel

ലോക്സഭയിലെ 545ല്‍ 201 സീറ്റ് സംഭാവന ചെയ്യുന്ന സംസ്ഥാനങ്ങളാണ് യു.പി, പശ്ചിമ ബംഗാള്‍, ബിഹാര്‍, തമിഴ്നാട് എന്നിവ. കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ പാതിവഴി പിന്നിട്ടു. സെമിഫൈനല്‍ എന്നു വിശേഷിപ്പിക്കുന്ന അഞ്ചു നിയമസഭ തെരഞ്ഞെടുപ്പുകള്‍ നടക്കാന്‍ പോവുകയുമാണ്. ഇതിനിടയില്‍ മേല്‍പറഞ്ഞ നാലു പ്രമുഖ സംസ്ഥാനങ്ങളിലെ സംഭവവികാസങ്ങള്‍ മോദിവിരുദ്ധ പ്രതിപക്ഷനിരക്ക് ആശ്വാസകരമല്ല. നാലിടവും മൊത്തത്തിലെടുത്താല്‍, അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്വന്തംനിലക്ക് സീറ്റ് വര്‍ധിപ്പിക്കാന്‍ പോകുന്നില്ല. യു.പിയിലും ബിഹാറിലുമായി 2014ല്‍ കിട്ടിയ നൂറോളം സീറ്റ് കിട്ടാവുന്നതിന്‍െറ പരമാവധിയാണ്. തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും കരുത്തരായ പ്രാദേശികപാര്‍ട്ടികളെ അട്ടിമറിക്കുന്നവിധം പാര്‍ട്ടി വളര്‍ത്താനൊന്നും രണ്ടര വര്‍ഷംകൊണ്ട് ബി.ജെ.പിക്ക് സാധിക്കില്ല. പക്ഷേ, നാലിടത്തുനിന്നും മറ്റു ചില രാഷ്ട്രീയസന്ദേശങ്ങള്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്.
പൊടുന്നനെയാണ് ബിഹാര്‍ എല്ലാവരെയും സംശയിപ്പിക്കുന്നത്്. അടുത്തകാലംവരെ ശത്രുക്കളായിനിന്ന നിതീഷും ലാലുവും, പിന്നെ കോണ്‍ഗ്രസും ഒന്നിച്ച് മഹാസഖ്യമുണ്ടാക്കിയത് കാവിരാഷ്ട്രീയത്തെ കെട്ടുകെട്ടിക്കാനാണ്. സോഷ്യലിസ്റ്റ് മണ്ണിലെ ആ പരീക്ഷണം മിക്കവാറും നൂറുമേനി വിളവെടുപ്പ് നടത്തി. 40 ലോക്സഭ സീറ്റില്‍ 32ഉം കൈയടക്കിയ എന്‍.ഡി.എ സഖ്യത്തിന്‍െറ മുന്നേറ്റം ചുരുങ്ങിയ മാസങ്ങള്‍കൊണ്ട് പഴങ്കഥയായി. എന്നാലിപ്പോള്‍ മോദിയും നിതീഷും അടുക്കുകയാണോ എന്ന് പലരും മൂക്കത്തു വിരല്‍വെച്ചു ചോദിക്കുന്നു.
സിഖ് ഗുരു ഗോവിന്ദ് സിങ്ങിന്‍െറ 350ാം പിറന്നാളിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി നിതീഷ്കുമാറും കാവി തലപ്പാവു ചാര്‍ത്തി ചേര്‍ന്നിരുന്ന് വര്‍ത്തമാനം പറയുന്നതാണ്, പട്നയിലെ ഗാന്ധിമൈതാനിയില്‍നിന്ന് കഴിഞ്ഞദിവസം വന്ന ചിത്രം. രാഷ്ട്രീയതാല്‍പര്യങ്ങളുള്ള മതചടങ്ങില്‍ ശത്രുക്കള്‍ തോളത്തു കൈയിട്ടെന്നിരിക്കും. എന്നാല്‍, ഇരുവരും പരസ്പരം പുകഴ്ത്തി; ഒപ്പം സഖ്യകക്ഷിയായ ആര്‍.ജെ.ഡിയുടെ നേതാവ് ലാലുപ്രസാദിന് തഴയപ്പെട്ടുവെന്ന തോന്നലുണ്ടായി. മഹാസഖ്യത്തിന് ഇറങ്ങിത്തിരിച്ചവര്‍ ഇതില്‍ ചില ദു$സൂചനകള്‍ കാണുന്നു.
നരേന്ദ്ര മോദി നോട്ട് അസാധുവാക്കിയപ്പോള്‍ പിന്തുണച്ച നിതീഷ്കുമാര്‍, ആ പിന്തുണക്ക് കാലപരിധിയുണ്ടെന്ന് പിന്നീട് തിരുത്തിയതാണ്. ഡിസംബര്‍ 30ന് കാലപരിധി അവസാനിച്ചെങ്കിലും അദ്ദേഹം മൗനത്തില്‍തന്നെ. ഗുജറാത്തില്‍ മദ്യനിരോധനം ഫലപ്രദമായി നടപ്പാക്കിയ നേതാവാണ് മോദിയെന്ന് ഗാന്ധിമൈതാനിയില്‍വെച്ച് നിതീഷ് പ്രത്യേകമായി ഓര്‍മിച്ചെടുത്തു. നിതീഷിനെ പാട്ടിലാക്കാന്‍ പറ്റുന്ന വിദൂരസാധ്യതപോലും നഷ്ടപ്പെടുത്തേണ്ട കാര്യം മോദിക്കില്ല. നിതീഷിന്‍െറ മദ്യനിരോധനത്തെ അദ്ദേഹവും ആവോളം പുകഴ്ത്തി.
ലാലുപ്രസാദ് സദസ്സിലിരുന്ന് വിമ്മിട്ടപ്പെടുന്നുണ്ടായിരുന്നു. മദ്യനിരോധനം നടപ്പാക്കിയതിനോട് ആര്‍.ജെ.ഡിക്ക് യോജിപ്പില്ല. എങ്കിലും മകനെ ഉപമുഖ്യമന്ത്രിയാക്കി രാഷ്ട്രീയം മുന്നോട്ടുകൊണ്ടുപോകുന്ന ലാലു അതൊരു വിഷയമാക്കിയില്ല. സിഖുകാരുടെ വലിയൊരാഘോഷം ബിഹാറില്‍ നടക്കുമ്പോള്‍ വേദിയില്‍ ഇടംനല്‍കാതെ ലാലുവിനെ സദസ്സിലേക്ക് ചുരുക്കിയതിനോട് ആര്‍.ജെ.ഡി നേതാക്കള്‍ പക്ഷേ, പരസ്യമായിത്തന്നെ  പ്രതികരിച്ചു.
നിതീഷാണ് മുഖ്യമന്ത്രിയെങ്കിലും, നിയമസഭയിലെ ഏറ്റവും വലിയ കക്ഷി ആര്‍.ജെ.ഡിയാണ്. മാനസിക സമ്മര്‍ദങ്ങള്‍ ഉള്ളിലൊതുക്കി നിതീഷിനോട് ലാലു സഹകരിക്കുന്നതിന് പ്രധാനമായും മൂന്നാണ് കാരണങ്ങള്‍. ബി.ജെ.പിയും മോദിയും ലാലുവിന്‍െറ ആജന്മശത്രുക്കളാണ്. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനാല്‍ ലാലുവിന് മുഖ്യമന്ത്രിയാകാന്‍ പറ്റാത്ത സ്ഥിതിയുണ്ട്. ആര്‍.ജെ.ഡിയുടെ പൂര്‍ണനിയന്ത്രണം ഏല്‍പിച്ചുകൊടുക്കാന്‍ പാകത്തില്‍ മക്കള്‍ രാഷ്ട്രീയത്തില്‍ പറക്കമുറ്റാത്തത് മൂന്നാമത്തെ കാരണം.
ആര്‍.ജെ.ഡി ഇന്നല്ളെങ്കില്‍ നാളെ മുഖ്യമന്ത്രിസ്ഥാനം ചോദിക്കുമെന്ന് നിതീഷിനറിയാം. ദേശീയരാഷ്ട്രീയത്തില്‍ പ്രതിപക്ഷനിര കരുത്താര്‍ജിക്കുന്നുണ്ടെങ്കില്‍, സമയമത്തെുമ്പോള്‍ അതു വിട്ടുകൊടുത്ത് ദേശീയ രാഷ്ട്രീയത്തിലേക്കും പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വത്തിലേക്കും വണ്ടികയറാന്‍ നിതീഷ് മടിച്ചെന്നുവരില്ല. എന്നാല്‍, സംസ്ഥാനം ഉപേക്ഷിക്കേണ്ടിവന്നാല്‍, ചവിട്ടിനില്‍ക്കാന്‍ പാകത്തില്‍ ദേശീയതലത്തില്‍ ഉറപ്പുള്ള മണ്ണ് കിട്ടിയതായി അദ്ദേഹത്തിന് അനുഭവപ്പെടുന്നില്ല.
പ്രതിപക്ഷത്ത് കോണ്‍ഗ്രസിന്‍െറയും രാഹുല്‍ ഗാന്ധിയുടെയും നേതൃത്വം അംഗീകരിക്കാന്‍ പ്രാദേശിക കക്ഷികള്‍ തയാറായാല്‍ നിതീഷിന്‍െറ ആവശ്യമില്ല. മമത ദേശീയ പ്രസക്തി വര്‍ധിപ്പിക്കാന്‍ പ്രത്യേകമായി ശ്രമിക്കുന്നു. എന്നുകരുതി, നാളെയൊരിക്കല്‍ ആര്‍.ജെ.ഡി മുഖ്യമന്ത്രിസ്ഥാനം ചോദിക്കാതിരിക്കില്ല. അതുകൊണ്ട് നിതാന്തശത്രുത മോദിയോടു വേണ്ടെന്ന ചിന്താധാരയിലാണോ, പഴയ ബി.ജെ.പി സഹയാത്രികന്‍? ചുരുങ്ങിയപക്ഷം, തന്‍െറ മുന്നില്‍ വഴികള്‍ അടഞ്ഞിട്ടില്ളെന്ന് മഹാസഖ്യ കക്ഷികള്‍ക്കൊരു മുന്നറിയിപ്പ് നല്‍കാന്‍ നിതീഷ് ശ്രമിക്കുന്നുണ്ട്.
നിതീഷില്‍നിന്ന് ഭിന്നമായി, ബി.ജെ.പിയുടെ പഴയ സഹയാത്രികയെന്ന ചരിത്രം കടുത്ത രോഷത്തോടെ ഉരച്ചുകഴുകുകയാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി. സംസ്ഥാനത്ത് തന്നെ തറപറ്റിക്കാന്‍ കോണ്‍ഗ്രസിനോട് പരസ്യമായ ബന്ധത്തിനുതന്നെ തയാറായ സി.പി.എമ്മിനെ ദേശീയരാഷ്ട്രീയത്തില്‍ അപ്രസക്തമാക്കുന്നതിന് കോണ്‍ഗ്രസിനോട് സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള മനസ്സും അവര്‍ പുറത്തെടുത്തുകഴിഞ്ഞു. ഈ നീക്കത്തില്‍ ബംഗാളില്‍ 27 ശതമാനംവരുന്ന മുസ്ലിം ന്യൂനപക്ഷം വിശ്വസ്ത വോട്ടുബാങ്കായി തനിക്കൊപ്പം തുടരുമെന്നാണ് മമതയുടെ കണക്കുകൂട്ടല്‍.
ഇനിയങ്ങോട്ട് മമതയും കോണ്‍ഗ്രസും ഒന്നിച്ചുപോയേക്കാമെങ്കില്‍, മമത-സി.പി.എം-കോണ്‍ഗ്രസ് വിരുദ്ധ രാഷ്ട്രീയത്തിലൂടെ ബംഗാളിലെ പ്രധാന പ്രതിപക്ഷമായി മാറാനും സി.പി.എമ്മിനെ കൂടുതല്‍ പൊളിച്ചടുക്കാനുമുള്ള പോരാട്ടത്തിലേക്കാണ് ബി.ജെ.പി നീങ്ങുന്നത്. ചെങ്കൊടി കീറിപ്പറിഞ്ഞ വംഗനാടിനെ ഹിന്ദുത്വത്തിന്‍െറ മറ്റൊരു പരീക്ഷണശാലയാക്കാനുള്ള തീവ്രനീക്കങ്ങള്‍ ബി.ജെ.പി നടത്തുന്നുണ്ട്. മമതക്കൊപ്പമുള്ള ഇടതുവിരുദ്ധരെയും ചിതറിക്കിടക്കുന്ന മൃദുഹിന്ദുത്വത്തെയും പുതിയ ചരടില്‍ കോര്‍ത്തെടുക്കാനാണ് ശ്രമം.
സി.പി.എം-മമത എന്നതുവിട്ട് ബംഗാളില്‍ പുതിയൊരു പോര്‍മുഖം അങ്ങനെ രൂപംകൊള്ളുകയാണ്. അടുത്തെങ്ങും ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ ശേഷിയില്ലാത്ത സി.പി.എമ്മിനേക്കാള്‍ കേന്ദ്രഭരണവും സംഘ്പരിവാര്‍ ശൃംഖലയുമുള്ള ബി.ജെ.പിയെയാണ് മമത ഇപ്പോള്‍ ഭയപ്പെടുന്നത്. അതുകൊണ്ട് സംസ്ഥാനത്തും ദേശീയ തലത്തിലും മമത തീവ്രയുദ്ധം നടത്തുന്നു. ചിട്ടിഫണ്ട് തട്ടിപ്പുകേസില്‍ സി.ബി.ഐ തൃണമൂല്‍ നേതാക്കളെ വേട്ടയാടുന്നത് അനുബന്ധ സംഭവങ്ങള്‍.
കേന്ദ്രാധികാരത്തിന്‍െറ ഉരുക്കുമുഷ്ടിക്കു മുന്നില്‍ സ്വന്തം എം.പി-എം.എല്‍.എമാര്‍ വിറക്കുന്നില്ളെന്ന് ഉറപ്പുവരുത്താന്‍ ഇതുവരെയുള്ള വീറുകൊണ്ട് മമതക്ക് സാധിച്ചിട്ടുണ്ട്. എങ്കിലും മമതയെയും തൃണമൂല്‍ നേതാക്കളെയും കൂച്ചിക്കെട്ടാനോ അതില്‍ ചിലരെ ആശ്രിതരാക്കാനോ ഉള്ള ശ്രമങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ വഴി ആവര്‍ത്തിക്കപ്പെടും. അതിനൊപ്പം ബംഗാളില്‍ വര്‍ഗീയവിദ്വേഷത്തിന്‍െറ വിത്തെറിയപ്പെടുകയും ചെയ്യുന്നു.
കൊല്‍ക്കത്തയില്‍നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള ധുലാഗഢില്‍ കഴിഞ്ഞ ദിവസമുണ്ടായ വര്‍ഗീയസംഘര്‍ഷം മുതലാക്കാന്‍ ബി.ജെ.പി നടത്തിയ ശ്രമം ശ്രദ്ധേയമാണ്. ഹിന്ദുക്കള്‍ക്ക് രക്ഷയില്ളെന്ന പ്രമേയമാണ് പശ്ചിമ ബംഗാളില്‍ ബി.ജെ.പി മുന്നോട്ടുവെച്ചത്. വിഷയം പഠിക്കാന്‍ മൂന്ന് എം.പിമാരെ അയച്ചു. ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠി ക്രമസമാധാന നിലയെക്കുറിച്ച് ഡി.ജി.പിയോട് നേരിട്ട് വിശദീകരണം ചോദിക്കുകയും ചെയ്തു. രാജ്ഭവനിലേക്ക് സംഘ്പരിവാര്‍ നേതാക്കളെ അയക്കുന്നത് വെറുതെ നോക്കിയിരിക്കാനല്ല.
പിതാവും പുത്രനുമായി ഏറ്റുമുട്ടിയും ഏച്ചുകെട്ടിയും സമാജ്വാദി പാര്‍ട്ടി എത്രതന്നെ തകര്‍ന്നുപോയാലും 2014ല്‍ ലഭിച്ച സീറ്റ് 2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ യു.പിയില്‍നിന്ന് ബി.ജെ.പിക്ക് വീണ്ടും കിട്ടാന്‍പോകുന്നില്ല. എന്നാല്‍, ഇപ്പോഴത്തെ നിയമസഭ തെരഞ്ഞെടുപ്പുകൂടി ബി.ജെ.പിയെ സഹായിക്കുന്ന സ്ഥിതി ഉണ്ടായാല്‍ അജണ്ടകള്‍ മുന്നോട്ടുനീക്കുന്നതിന് ഭയപ്പെടേണ്ടാത്തവിധം രാജ്യസഭയിലെ ന്യൂനപക്ഷാവസ്ഥ ഇനിയൊരു വര്‍ഷംകൊണ്ട് അവര്‍ മറികടക്കും.
നോട്ട് അസാധുവാക്കലിന്‍െറ കെടുതിയെക്കുറിച്ച് ജനത്തോട് വിശദീകരിക്കുമ്പോള്‍ തന്നെ, ബി.ജെ.പിക്കു മൂക്കുകയറിടുമെന്ന് പറയാന്‍ മഹാസഖ്യം പോയിട്ട്, കുടുംബബന്ധംപോലും മുറിഞ്ഞുപോയ പ്രതിപക്ഷനിരക്ക് കഴിയുന്നില്ല. സമാജ്വാദി പാര്‍ട്ടിക്കാകട്ടെ, ഇനി അഖിലേഷും മുലായവും ഒരു പാര്‍ട്ടിയില്‍ തുടരുന്നതിനേക്കാള്‍ വഴിപിരിയുന്നതാണ് നല്ലത്. ഒന്നുറപ്പ്: സമാജ്വാദി പാര്‍ട്ടിയില്‍ മുലായം ഇനി മുനിഞ്ഞുകത്തുന്ന വഴികാട്ടിമാത്രം. മുലായമുള്ള പാര്‍ട്ടിയെ നയിച്ച് അഖിലേഷ് മുന്നോട്ടുപോയിട്ട് കാര്യവുമില്ല. ചിന്നമ്മയെ പൊന്നമ്മയാക്കി മുന്നേറുന്ന തമിഴ്നാട് രാഷ്ട്രീയമാകട്ടെ, ബി.ജെ.പിയെ ഇരുത്തി ചിരിപ്പിക്കുന്നുണ്ട്. പോയസ് ഗാര്‍ഡനിലെ ചില്ലുകൂട്ടില്‍ പ്രതിഷ്ഠിച്ചു കഴിഞ്ഞിരിക്കുന്ന ശശികലയെന്ന തോഴി, ദേശീയ രാഷ്ട്രീയത്തില്‍ ആരുടെ തോഴരായിരിക്കുമെന്ന് മനസ്സിലാക്കാന്‍ ഒറ്റച്ചിത്രം മാത്രം മതി -ജയലളിതയുടെ ശവമഞ്ചത്തിനരികെയത്തെി തന്‍െറ തലയില്‍ കൈവെച്ച് ആശ്വസിപ്പിക്കുന്ന നരേന്ദ്ര മോദിയുടെ മുഖത്തേക്ക് പ്രതീക്ഷയും സങ്കടവും ചാലിച്ചുചേര്‍ത്ത നോട്ടമെറിയുന്ന ശശികലയുടേതാണ് ആ ചിത്രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:up election
News Summary - elections in five states
Next Story