ഒരു വർഷം മുമ്പേ നടത്തുന്ന തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ
text_fieldsബി.ജെ.പിയുടെ തന്ത്രങ്ങളിൽ കുടുങ്ങി നേതാക്കൾ കാലുമാറി പോകാതെ ഒരുമിച്ച് നിർത്തുക എന്നതാണ് എം.വി.എ നേരിടുന്ന ഏക വെല്ലുവിളി. നിലവിൽ എൻ.സി.പിയാണ് പിളർപ്പ് ഭീഷണി നേരിടുന്നത്. പാർട്ടിയിൽ രണ്ടാമനും പവാറിെൻറ ജ്യേഷ്ഠപുത്രനുമായ അജിത് പവാറിലാണ് ബി.ജെ.പിയുടെ നോട്ടം. നാൽപതോളം എം.എൽ.എമാരുമായി അജിത് ബി.ജെ.പിക്കൊപ്പം പോകുമെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. ബി.ജെ.പി പിന്തുണയോടെ അദ്ദേഹം മുഖ്യമന്ത്രിയാകുമെന്നുവരെ അഭ്യൂഹങ്ങളുണ്ടായി
അടുത്ത ഏപ്രിൽ-മേയ് മാസങ്ങളിൽ നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പുകൂടി നടത്താനുള്ള സാധ്യതകളാരായുകയാണ് മഹാരാഷ്ട്രയിലെ ബി.ജെ.പി നേതൃത്വം. 2024 ഒക്ടോബറിലാണ് നിയമസഭയുടെ കാലാവധി തീരുക. ഏക്നാഥ് ഷിൻഡെ ശിവസേന-ബി.ജെ.പി സഖ്യ സർക്കാറിനെതിരെ ഭരണവിരുദ്ധവികാരം ശക്തമാണ്.
ഈയിടെ നടന്ന തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളും പ്രധാന വിപണി (പി.എം.സി) ഭരണവുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പുകളും ശുഭസൂചനയല്ല നൽകുന്നത്. ഈ ഘട്ടത്തിൽ മോദിയുടെ നിഴലിൽ നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുന്നതാകും അഭികാമ്യമെന്ന് ബി.ജെ.പി നേതൃത്വം കരുതുന്നു.
മുഖ്യമന്ത്രിപദത്തിൽ ദേവേന്ദ്ര ഫഡ്നാവിസിന്റെ തിരിച്ചുവരവാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്. എന്തുവിലകൊടുത്തും ബി.ജെ.പിയെ അധികാരത്തിൽനിന്ന് പുറന്തള്ളുക എന്നത് ശിവസേന ഉദ്ധവ് പക്ഷം, എൻ.സി.പി, കോൺഗ്രസ് എന്നിവരുൾക്കൊള്ളുന്ന എം.വി.എയുടെ ലക്ഷ്യവും. തെരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകൾ അവരും തുടങ്ങിക്കഴിഞ്ഞു.
വല്യേട്ടൻ മനോഭാവങ്ങൾ മാറ്റിവെച്ച് ജയസാധ്യതയുള്ള സഖ്യകക്ഷിക്ക് സീറ്റ് നൽകുകയെന്നതാണ് എം.വി.എ ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന നയം. സഖ്യത്തെ തകർക്കുകയോ പ്രധാന നേതാക്കളെ അടർത്തുകയോ ചെയ്യാതെ ഈ വെല്ലുവിളി മറികടക്കുക ബി.ജെ.പിക്ക് പ്രയാസമാണ്. പിൻസീറ്റിലാണിരിപ്പെങ്കിലും പ്രായോഗിക രാഷ്ട്രീയത്തിന്റെ ചാണക്യൻ ശരദ് പവാർതന്നെയാണ് എം.വി.എയുടെ ചാലകശക്തി.
മറ്റെല്ലാ ഘടകങ്ങളും തൽക്കാലം മാറ്റിവെച്ച് മണ്ഡലങ്ങളിൽ ജനസ്വാധീനവും വിജയസാധ്യതയുമുള്ളവരെ കണ്ടെത്തി സ്ഥാനാർഥിയാക്കാനാണ് ബി.ജെ.പി നീക്കം. ഇത്തരത്തിൽ 288ൽ 165 നിയമസഭ മണ്ഡലങ്ങളിലേക്ക് സ്ഥാനാർഥികളെ അവർ കണ്ടെത്തിക്കഴിഞ്ഞു.
50 സ്ഥാനാർഥികളെ ഏക്നാഥ് ഷിൻഡെ പക്ഷവും കണ്ടെത്തിയിട്ടുണ്ട്. മണ്ഡലങ്ങളിലെ ഓരോ കുടുംബങ്ങളിലും കയറിച്ചെന്ന് സംവദിക്കുക എന്നതാണ് അവരുടെ തന്ത്രം.
ബി.ജെ.പിയുടെ തന്ത്രങ്ങളിൽ കുടുങ്ങി നേതാക്കൾ കാലുമാറി പോകാതെ ഒരുമിച്ച് നിർത്തുക എന്നതാണ് എം.വി.എ നേരിടുന്ന ഏക വെല്ലുവിളി. നിലവിൽ എൻ.സി.പിയാണ് പിളർപ്പ് ഭീഷണി നേരിടുന്നത്. പാർട്ടിയിൽ രണ്ടാമനും പവാറിന്റെ ജ്യേഷ്ഠപുത്രനുമായ അജിത് പവാറിലാണ് ബി.ജെ.പിയുടെ നോട്ടം.
നാൽപതോളം എം.എൽ.എമാരുമായി അജിത് ബി.ജെ.പിക്കൊപ്പം പോകുമെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. ബി.ജെ.പി പിന്തുണയോടെ അദ്ദേഹം മുഖ്യമന്ത്രിയാകുമെന്നുവരെ അഭ്യൂഹങ്ങളുണ്ടായി. എന്നാൽ, പാർട്ടി അധ്യക്ഷപദവി രാജിവെച്ചുകൊണ്ട് പവാർ നടത്തിയ നാടകം കുറിക്കുകൊണ്ടു. എല്ലാ രഹസ്യ നീക്കങ്ങളും അതോടെ കെട്ടടങ്ങി.
ശിവസേനയെ പിളർത്തിയ എക്നാഥ് ഷിൻഡെയുടെ വിമത നീക്കവുമായി ബന്ധപ്പെട്ട ഹരജികളിൽ സുപ്രീംകോടതി വിധിവരുന്നതോടെ ഭരണമാറ്റമുണ്ടാകുമെന്നാണ് ബി.ജെ.പി അടക്കം പലരും കരുതിയത്. മുഖ്യമന്ത്രി എക്നാഥ് ഷിൻഡെ അടക്കം 16 ശിവസേന വിമത എം.എൽ.എമാരെ അയോഗ്യരാക്കിയാൽ സർക്കാർ വീഴുമെന്നും അത്തരം സാഹചര്യത്തിൽ അജിത് പവാറിനെ മുഖ്യമന്ത്രിയാക്കി ഭരണം തുടരാമെന്നുമാണ് ബി.ജെ.പി കരുതിയത്.
ഭരണമാറ്റ സാധ്യത മുന്നിൽക്കണ്ട് സെക്രട്ടേറിയറ്റിലെ ഫയലുകളുടെ നീക്കങ്ങൾ ഒരുവേള അതിവേഗത്തിലാക്കിയിരുന്നു. ഹരജിയിലെ വാദപ്രതിവാദങ്ങൾക്കിടെ സുപ്രീംകോടതി നടത്തിയ പരാമർശങ്ങൾ വിധിയെക്കുറിച്ച് മുൻവിധിയും സൃഷ്ടിച്ചിരുന്നു.
എന്നാൽ, സാങ്കേതികമായി ഷിൻഡെ പക്ഷത്തിനും ധാർമികമായി ഉദ്ധവ് പക്ഷത്തിനും അനുകൂലമായ വിധിയാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. വിമത എം.എൽ.എമാരെ അയോഗ്യരാക്കുന്ന വിഷയം കോടതി നിയമസഭ സ്പീക്കർക്ക് വിട്ടു.
വിമത നീക്കങ്ങൾക്കിടെ ഗവർണറും സ്പീക്കറും സ്വീകരിച്ച നടപടികൾ നിയമവിരുദ്ധമാണെന്നു വിധിച്ച കോടതി എന്നാൽ, സഭയിൽ വിശ്വാസവോട്ട് തേടാൻ നിൽക്കാതെ അന്നത്തെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവെച്ചതിനാൽ പഴയ എം.വി.എ സർക്കാറിനെ പുനഃസ്ഥാപിക്കാനാകില്ലെന്ന് വിധിച്ചു.
സുപ്രീംകോടതി വിധി താൽക്കാലികമായി ഷിൻഡെ സർക്കാറിന് ഭീഷണിയായില്ലെങ്കിലും ഉദ്ധവിന് അനുകൂല സഹതാപത്തിന് വഴിവെച്ചിട്ടുണ്ട്. 56 ശിവസേന എം.എൽ.എമാരിൽ 40 പേർ ഷിൻഡെക്കൊപ്പം പോവുകയും പാർട്ടിയുടെ ഔദ്യോഗിക പേരും തെരഞ്ഞെടുപ്പ് ചിഹ്നവും ഷിൻഡെ പക്ഷത്തിന് അവകാശപ്പെട്ടതാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ വിധിയെഴുതുകയും ചെയ്തെങ്കിലും താക്കറെ പ്രേമികളായ അണികൾക്കിടയിൽ സാരമായ ചലനമുണ്ടാക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല.
പ്രത്യേകിച്ച് മുംബൈ അടക്കമുള്ള നഗരങ്ങളിൽ. അതിനാലാണ് മുംബൈയിലേതടക്കം നഗരസഭ തെരഞ്ഞെടുപ്പുകൾ വൈകിപ്പിക്കുന്നത്. നഗരസഭകളുടെ ഭരണകാലാവധി കഴിഞ്ഞിട്ട് ഒരു വർഷം പിന്നിടുകയാണ്. ശിവസേന പിളർപ്പിന് ശേഷം നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ഉദ്ധവ് അനുകൂല സഹതാപം പ്രകടമാണ്. ഹിന്ദുത്വ നേതാവിന്റെ പ്രതിച്ഛായയിൽനിന്ന് മാറി സർവസ്വീകാര്യനായ നേതാവായി ഉദ്ധവ് മാറിയിട്ടുണ്ട്.
അതുകൊണ്ടാണ് എം.വി.എ ഉദ്ധവിനെ മുന്നിൽനിർത്തി കരുക്കൾ നീക്കുന്നത്. ശരദ് പവാറിന്റെ നിർബന്ധ ബുദ്ധിയാണ് ഇതിനു പിന്നിൽ. മുഖ്യമന്ത്രിപദം സ്വപ്നം കാണുന്ന അജിത് പവാർ ഉൾപ്പെടെയുള്ളവർക്ക് അതിൽ ഉള്ളാൽ അതൃപ്തിയുണ്ട്. അത്തരം നേതാക്കളെ പ്രകോപിപ്പിക്കാൻ ബി.ജെ.പി ആവത് ശ്രമിക്കുന്നുമുണ്ട്.
കഴിഞ്ഞ നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്-എൻ.സി. പി സഖ്യത്തിന് പ്രതികൂലമായ പ്രധാന ഘടകങ്ങളിലൊന്ന് ഡോ. ബി ആർ അംബേദ്കറുടെ പേരമകൻ പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജൻ അഗാഡി (വി.ബി.എ ) ആയിരുന്നു. കോൺഗ്രസിന്റെ പരമ്പരാഗത ദലിത്, മുസ്ലിം വോട്ടുബാങ്കുകളിൽ വി.ബി.എ വിള്ളലുണ്ടാക്കി.
അന്ന് വി.ബി.എയുമായി കോൺഗ്രസ് സഖ്യശ്രമങ്ങൾ നടത്തിയെങ്കിലും ഡിമാൻഡുകൾ പെരുപ്പിച്ച് പ്രകാശ് അംബേദ്കർ ഒഴിഞ്ഞുമാറുകയായിരുന്നു. പ്രത്യക്ഷത്തിൽ ബി.ജെ.പിക്കും സംഘപരിവാറിനെതിരെ പ്രകാശ് സംസാരിച്ചെങ്കിലും പ്രായോഗിക തലത്തിൽ കോൺഗ്രസ് സഖ്യത്തിനാണ് അവർ നഷ്ടം സൃഷ്ടിച്ചത്. ഇത്തവണ വി.ബി.എ ശിവസേന (യു.ബി.ടി )യുമായി സഖ്യധാരനെയായിട്ടുണ്ട്.
എന്നാൽ വി.ബി.എയേ എം.വി.എയുടെ ഭാഗമാക്കാൻ പവാറിന് താല്പര്യമില്ല. ഉദ്ധവ് പക്ഷ ശിവസേനയോടൊപ്പം നിൽക്കുകയാണെങ്കിൽ തെരഞ്ഞെടുപ്പുകളിൽ വി.ബി.എക്കുള്ള സീറ്റുകൾ ശിവസേനതന്നെ നൽകേണ്ടിവരും.
എന്നാൽ, കാര്യത്തോടടുക്കുമ്പോൾ പ്രകാശ് അംബേദ്കർ എന്ത് നിലപാട് സ്വീകരിക്കുമെന്ന് കണ്ടറിയണം. ബി.ജെ.പി-ഷിൻഡെ സഖ്യവും എം.വി.എയും ആത്മാഭിമാന പോരാട്ടത്തിനുള്ള കച്ചമുറുക്കുകയാണ്. കരുനീക്കങ്ങളും ട്വിസ്റ്റുകളും കാണാനിരിക്കുന്നതേയുള്ളൂ.