Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസീസിയുടെ കാലിടറുന്നു

സീസിയുടെ കാലിടറുന്നു

text_fields
bookmark_border
anti-sisi-protest
cancel

‘സ്വാതന്ത്ര്യചത്വരം’ വീണ്ടും വാർത്തയിൽ നിറഞ്ഞുനിൽക്കുകയാണ്. നേര​േത്ത അത് മാധ്യമങ്ങളുടെ തലക്കെട്ടുകളിൽ സ് ഥാനംപിടിച്ചത് 2011ലെ അറബ്​വസന്തനാളുകളിലായിരുന്നു. ഏകാധിപതിയും കരുത്തനുമായിരുന്ന പ്രസിഡൻറ്​ ഹുസ്നി മുബാറകിനെ നിഷ്കാസിതനാക്കാൻ അത് നിമിത്തമായി. ഇപ്പോൾ അവിടെ മുഴങ്ങുന്നത്​ അബ്​ദുൽ ഫത്താഹ് സീസിക്കെതിരായ മുദ്രാവാക്യങ്ങള ാണ്. ജനാധിപത്യമുറയനുസരിച്ച്​ തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുർസിയെ ജയിലിലടച്ച്, പട്ടാള അട്ടിമറിയിലൂടെ ഭരണം സ ്വന്തമാക്കിയതാണല്ലോ സീസി. എന്നാൽ, ഇപ്പോൾ ‘സ്വാതന്ത്ര്യചത്വര’ത്തെ പ്രകമ്പനംകൊള്ളിക്കുന്നത് ‘ഗോ സീസി’, ‘പട്ടാളഭരണം തുലയട്ടെ’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ്. യുവാക്കളുടെ പ്രകടനങ്ങളും പട്ടാള പ്രതികരണങ്ങളും ‘സ്വാതന്ത്ര്യചത്വര’ത്തെ വീണ്ടും ലോകത്തി​​െൻറ ശ്രദ്ധാകേന്ദ്രമാക്കിയിരിക്കുന്നു.

പ്രതിഷേധസമരങ്ങൾ ആരംഭിച്ചത് ​സെപ്​റ്റംബർ 20നാണ്. അന്നേ ദിവസമായിരുന്നു അൽഅഹ്​ലി, അസ്സമാലിക് ഫുട്​ബാൾ ക്ലബുകൾ തമ്മിലെ മത്സരം. അതിൽ കാണികളായി ആബാലവൃദ്ധം ജനങ്ങൾ. കളി കഴിഞ്ഞതോടെ മൈതാനംവിട്ട ജനങ്ങൾ നേരെ നീങ്ങിയത് ‘സ്വാതന്ത്ര്യചത്വര’ത്തിലേക്ക്​. മുൻകൂട്ടി പ്ലാൻ ചെയ്തത് നടപ്പിൽവരുത്തുകയായിരുന്നു അവർ. കൈറോവിൽ പ്രകടനം നടക്കുമ്പോൾതന്നെ അലക്​സാൻ​ഡ്രിയ, മുഹല്ല, ദിമിത്റിയ, സൂയസ് എന്നിവിടങ്ങളിലും യുവാക്കളുടെ പ്രതിഷേധങ്ങൾ അരങ്ങേറി. മാത്രമല്ല, തൊട്ടു മുൻദിനങ്ങളിലായി സോഷ്യൽ മീഡിയയിൽ സീസിക്കെതിരെ വന്ന അഴിമതി ആരോപണങ്ങളും സമരക്കാരുടെ ആസൂത്രണത്തിനു തെളിവാണ്​. കൈറോ യൂനിവേഴ്സിറ്റി പ്രഫസറായ ഹസൻ നഫാ പറയുന്നത് ജനങ്ങൾ, 2013ൽ സീസി ഭരണം ഏറ്റെടുത്തതു മുതലേ അസ്വസ്ഥരായിരുന്നുവെന്നും അവർ മനസ്സിൽ കൊണ്ടുനടന്ന പ്രതിഷേധാഗ്​നി അണപൊട്ടിയൊഴുകിയതാണെന്നുമാണ്. എന്തുതന്നെയായാലും ഈജിപ്ത് സീസിയുടെ കരങ്ങളിൽനിന്നു കുതറിമാറാനുള്ള ശ്രമത്തിലാണെന്നു ചുരുക്കം.

ഈജിപ്തിലെ അസ്വസ്ഥതകൾക്കും പ്രതിഷേധങ്ങൾക്കും പല കാരണങ്ങളുണ്ട്. 2013ൽ ഭരണമേറ്റെടുത്ത സീസി ആദ്യമേ ചെയ്തത് പൊതുജനാഭിപ്രായങ്ങൾ അടിച്ചമർത്തുകയാണ്. എതിരഭിപ്രായമുള്ളവരെയെല്ലാം തുറുങ്കിലടച്ചു-എല്ലാ ഫാഷിസ്​റ്റ്​ ഭരണാധികാരികളും ഏകാധിപതികളും ചെയ്യുന്നതുതന്നെ. ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുർസിയെയും മന്ത്രിസഭാംഗങ്ങളെയും പീഡനങ്ങൾക്കു വിധേയരാക്കി. പീഡനങ്ങൾക്കിരയായി മുർസി അവസാനം മരണത്തിനു വഴങ്ങി. ഇതൊക്കെ കണ്ടുനിന്ന യുവാക്കൾക്കു സീസിയെക്കുറിച്ചുണ്ടായിരുന്ന എല്ലാ പ്രതീക്ഷകളും നഷ്​ടമായി. രാജ്യം സാമ്പത്തികമായി തകർന്നുകൊണ്ടിരിക്കുകയാണെന്നത് മറ്റൊരു കാരണമാണ്. ഈജിപ്ത്, അമേരിക്കയുടെയും സൗദിയുടെയുമൊക്കെ സഹായങ്ങളുണ്ടായിട്ടും കടബാധ്യതകളാൽ വീർപ്പുമുട്ടുകയാണ്. പ്രഖ്യാപിത കടം 106 ബില്യൺ ഡോളറാണത്രെ! കാര്യങ്ങൾ അങ്ങനെയൊക്കെയാണെങ്കിലും ഭരണത്തിൽ പിടിച്ചുനിൽക്കാനുള്ള കരുനീക്കങ്ങൾക്കാണ് സീസി തിടുക്കംകാണിച്ചത്. ഭരണഘടന പരിഷ്കരിക്കുന്നതിലൂടെ ത​​െൻറ കാലാവധി 2030 വരെ ദീർഘിപ്പിച്ചു. സാമ്പത്തിക പരാധീനതകളാൽ ജനജീവിതം ദുസ്സഹമായപ്പോൾ അതിനു ന്യായീകരണം കണ്ടെത്തുകയും ലളിതജീവിതം നയിക്കാൻ പാവപ്പെട്ടവരെ ഉപദേശിക്കുകയും ചെയ്തു. ഭരണവിരുദ്ധ വികാരം തപ്തമായി വന്നപ്പോൾ 2017ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അത് ഇപ്പോഴും തുടരുകയാണ്.

ജനം എന്തു ചെയ്യണമെന്നറിയാതെ വീർപ്പുമുട്ടി നിൽക്കുന്ന സന്ദർഭത്തിലാണ് സമൂഹമാധ്യമങ്ങളിൽ കോൺട്രാക്ടർ മുഹമ്മദലി ത​​െൻറ വിഡിയോസന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത്. സ്പെയിനിലുള്ള ഒാഫിസ് കേന്ദ്രമാക്കിയാണ്​ മുഹമ്മദലി പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചിരിക്കുന്നത്. 10 വർഷത്തിലേറെ ഈജിപ്ഷ്യൻ പട്ടാളത്തോടൊപ്പം കരാർ ജോലികൾ ചെയ്ത ആളാണത്രെ. സീസിയും കൂട്ടുകാരും നടത്തുന്ന സാമ്പത്തിക ദുർവ്യയങ്ങൾ അദ്ദേഹം തുറന്നുകാട്ടുന്നു. കൂടാതെ, സ്വജനപക്ഷപാതവും അഴിമതിയും. ഇതാണ് ജനങ്ങളെ മൗനംവെടിഞ്ഞ്​ നിരത്തിലിറങ്ങാൻ പ്രേരിപ്പിച്ചത്. ഐക്യരാഷ്​ട്ര സംഘടനയുടെ മനുഷ്യാവകാശ കമീഷൻ അധ്യക്ഷ മിഷൽ ബാശെലെ സീസിയുടെ ജനാധിപത്യധ്വംസനത്തെയും മനുഷ്യാവകാശലംഘനങ്ങളെയും വിമർശിക്കുകയുണ്ടായി. ​െസപ്​റ്റംബർ 20-21 തീയതികളിലുണ്ടായ പ്രതിഷേധത്തെത്തുടർന്ന്​ ആയിരക്കണക്കിനാളുകളാണ് അറസ്​റ്റ്​ ചെയ്യപ്പെട്ടത്. ഇവരിൽ അഭിഭാഷകരും പത്രപ്രവർത്തകരുമെല്ലാമുണ്ട്. ഇവരെ ഭരണകൂടം നിഷ്കരുണം പീഡനങ്ങൾക്കിരയാക്കുന്നതായും നിയമസഹായം നിരസിക്കുന്നതായും മനുഷ്യാവകാശ സംഘടനകൾ പരാതിപ്പെടുന്നു.

നെതന്യാഹുവി​െൻറയും ജാരിദ് കുഷ്​നറുടെയും ‘നൂറ്റാണ്ടി​​െൻറ കരാർ’ നടപ്പാക്കാൻ അവർ കണ്ടുവെച്ചത് അബ്​ദുൽ ഫത്താഹ് സീസിയെയാണ്. പക്ഷേ, അതിനു കാത്തിരിക്കാൻ ഈജിപ്ത് സാവകാശം നൽകുമെന്ന് തോന്നുന്നില്ല. ഏകാധിപത്യവും ഫാഷിസവും ആത്യന്തികമായി നിഷ്കാസിതമാകുമെന്ന സന്ദേശമാണ് ഈജിപ്ത് ലോകത്തിനു നൽകുന്നത്. ഈജിപ്തി​​െൻറ ഇന്നത്തെ അവസ്ഥ പുകഞ്ഞുകൊണ്ടിരിക്കുന്ന അഗ്​നിപർവതത്തി​​േൻറതാണ്. പ്രതിഷേധത്തിൽ പങ്കെടുത്ത മൂവായിരത്തിലധികം ആളുകൾ അറസ്​റ്റ്​ ചെയ്യപ്പെട്ടിട്ടുണ്ട്. ഭരണകൂട നടത്തിപ്പുകാരായ നാഷനൽ സെക്യൂരിറ്റി ഏജൻസി (NSA)എതിരഭിപ്രായമുള്ളവരെയെല്ലാം അറസ്​റ്റ്​ ചെയ്യുകയാണ്. അതിനാൽ രക്ഷിതാക്കൾ കുട്ടികളെ വെള്ളിയാഴ്ചകളിൽ പ്രാർഥനക്ക് പള്ളികളിലേക്കയക്കാൻ മടിക്കുകയാണത്രെ! എല്ലാം ചെയ്യുന്നത് ‘ഭീകരവാദം’ അടിച്ചമർത്താനാണെന്നു പറയുന്നു! ഇതൊക്കെക്കൊണ്ടാകണം സീസി ഇപ്പോഴും ട്രംപി​​െൻറ വിശ്വസ്തനായി നിലകൊള്ളുന്നത്. ബ്രിട്ട​​െൻറ പിന്തുണയും സീസിക്കുണ്ട്! പ​േക്ഷ, ഒരു ജനതയുടെ അടിച്ചമർത്തപ്പെട്ട വികാരങ്ങളുടെ വേലിയേറ്റം തടഞ്ഞുനിർത്താൻ ഈ ബാഹ്യ ഇടപെടലുകൾക്കാകുമോ എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.

Show Full Article
TAGS:egypt abdel fattah el-sisi opinion malayalam news 
News Summary - Egyipt issue-Opinion
Next Story