ജനാധിപത്യവും ശരിയുടെ പക്ഷവും
text_fieldsഏപ്രിൽ ഒമ്പതിന് സമ്മതിദാനം നിർവഹിച്ച വോട്ടർമാരും അവരുടെ സമ്മതി തേടി മത്സരിച്ച സ്ഥാനാർഥികളും ജനഹിതമറിയാൻ ഒരു മാസത്തോളം കാത്തിരിക്കേണ്ടി വരുന്നത് ജനാധിപത്യത്തിന് നിരക്കുന്നതല്ല. വോട്ടിങ് ശതമാനം അറിയാൻ പോലും ദിവസങ്ങൾ കാത്തിരിക്കേണ്ടി വരുന്നത് നിലവിലെ പ്രക്രിയയെക്കുറിച്ച് ആശങ്കകളുയർത്തുന്നുണ്ട്. ബാലറ്റ് പേപ്പറിൽ സീൽ പതിപ്പിച്ചിരുന്ന കാലത്ത് വോട്ടെടുപ്പിന്റെ പിറ്റേന്നോ അതിനടുത്ത ദിവസമോ ഫലമറിഞ്ഞിരുന്നു. എന്നാൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ഉപയോഗിക്കുന്ന കാലത്ത് ആഴ്ചകളോളം കാത്തിരിക്കേണ്ടി വരുന്നു. ഒരു സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം മറ്റൊരു സംസ്ഥാനത്തെ ജനങ്ങളുടെ വോട്ടിങ് തീരുമാനത്തെ സ്വാധീനിക്കുമെന്ന വാദം പൗരജനങ്ങളുടെ വിശേഷബുദ്ധിയെ കുറച്ചു കാണലാണ്.
കൂടുതൽ വോട്ട് നേടുന്നവർ ജയിക്കുകയും അവർ രൂപവത്കരിക്കുന്ന സർക്കാർ ഭരിക്കുകയും ചെയ്യുക എന്നത് ഈ പ്രക്രിയയിലെ ചട്ടപ്രകാരമുള്ള രീതിയാണ്. കൂടുതൽ വോട്ട് നേടിയ സ്ഥാനാർഥിയോ പാർട്ടിയേ ആണ് ആത്യന്തികമായി ശരിയുടെ വക്താക്കൾ എന്ന് ആർക്കും ശഠിക്കാനാവില്ല, ഭരണഘടനയും അങ്ങിനെ വിവക്ഷിക്കുന്നില്ല. ശരി-തെറ്റുകളുടെ അളവുകോൽ വോട്ടുകളുടെ എണ്ണമല്ല. ജയിക്കുന്നവർ ജനപ്രതിനിധികളും ഭരണാധികാരികളുമാണ്. അവരുടെ പ്രത്യയശാസ്ത്രം സത്യത്തിലധിഷ്ഠിതമാണെങ്കിൽ മാത്രമേ അവർ ശരിയുടെ പക്ഷത്താകൂ. അല്ലാത്തപക്ഷം അവർ കേവലം ഭരണാധികാരികൾ മാത്രമാണ്.
ആശയങ്ങളും ആദർശങ്ങളും തത്ത്വങ്ങളുമാണ് ശരി-തെറ്റുകളെ അളക്കാനുള്ള മാനദണ്ഡം. നൂറിൽ 51 പേരും അറിവില്ലാത്തവരോ അബദ്ധ ചിന്താഗതിക്കാരോ ആണെങ്കിൽ അവിടെ വിജയിക്കുന്നത് അസത്യവും അധർമവുമായിരിക്കും. ഏകാധിപത്യത്തിനെതിരെ ജനാധിപത്യത്തിന്റെ മേന്മകൾ ഉയർത്തിപ്പിടിക്കുമ്പോൾ തന്നെ, ജനാധിപത്യത്തിന്റെ ഈ മൗലിക ന്യൂനതയെ പണ്ടേക്ക് പണ്ടേ പല ചിന്തകരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഗ്രീക്ക് ചിന്തകൻ സോക്രട്ടീസിനെ ഭരണകൂടം വധശിക്ഷക്ക് വിധിച്ചത് പ്രധാനമായും മൂന്ന് കുറ്റങ്ങൾ ആരോപിച്ചാണ്. അതിലൊന്ന് ജനാധിപത്യത്തിലെ പോരായ്മകളെ വിമർശിച്ചു എന്നതാണ്. നൂറിൽ 51 പേർ പറയുന്നു എന്നത് കൊണ്ട് മാത്രം ഒന്ന് ശരിയാകില്ലെന്ന് അദ്ദേഹം വാദിച്ചു. അറിവില്ലാത്തവരാണ് ആ 51 പേരുമെങ്കിൽ വിഡ്ഢിത്തമാകും ഭരിക്കുക. ഭരണാധികാരികൾക്ക് അറിവും ധാർമികതയും അനിവാര്യമാണെന്ന് അദ്ദേഹം ജനങ്ങളെ ബോധിപ്പിച്ചു. സംവാദങ്ങളിലൂടെ ഏകദൈവസിദ്ധാന്തം പ്രചരിപ്പിച്ചു എന്നതും യുവാക്കളെ വഴിതെറ്റിച്ചു എന്നതുമായിരുന്നു മറ്റു കുറ്റാരോഗണങ്ങൾ.
ജയിലിൽ കഴിയുന്ന സോക്രട്ടീസിനെ മോചിപ്പിക്കാൻ ശിഷ്യന്മാർ ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. മാപ്പ് പറഞ്ഞാൽ വിട്ടയക്കാമെന്ന അധികാരികളുടെ വാഗ്ദാനവും അദ്ദേഹം നിരസിച്ചു. ‘‘അറിവിന്റെയും ആദർശത്തിന്റെയും വഴിയിൽ ആരോടും മാപ്പ് പറയരുത്’’ എന്നദ്ദേഹം ശിഷ്യരെ ഉപദേശിച്ചു. ഭരണകൂടം അദ്ദേഹത്തിന് വിഷം നൽകി വധിച്ചെങ്കിലും പ്ലാറ്റോ അടക്കമുള്ള ശിഷ്യന്മാരിലൂടെ അദ്ദേഹത്തിന്റെ ദർശനങ്ങൾ ലോകമെങ്ങും വ്യാപിച്ചു. പ്ലാറ്റോയുടെ ‘റിപ്പബ്ലിക്’ എന്ന വിഖ്യാത ഗ്രന്ഥം സോക്രട്ടീസുമായുള്ള സംഭാഷണങ്ങളാണ്.
അറിവില്ലായ്മയിൽ നിന്നാണ് തെറ്റുകൾ ജനിക്കുന്നതെന്നും അത് തിരുത്താൻ ഭരണാധികാരികൾ തത്ത്വചിന്തകരെപ്പോലെ അറിവുള്ളവരാകണമെന്നുമുള്ള സോക്രട്ടീസിന്റെ വാക്കുകൾ ഇന്നും പ്രസക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

