Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബന്ധനസ്ഥയായ ഇന്ദ്രപ്രസ്ഥം; ഡൽഹിയിൽ ബന്ദ് സർക്കാർ വക, പാറ്റപ്പേടിയിൽ ഭരണകൂടം

text_fields
bookmark_border
221 കേന്ദ്ര സായുധ പൊലീസ് സേനാ കമ്പനികളിലേതടക്കം 23,000 പേരെയാണ് ഡൽഹിയിൽ വിന്യസിച്ചിട്ടുള്ളത്. എല്ലാ റോഡുകളിലും ബാരിക്കേഡുകൾ നിരന്നു
ബന്ധനസ്ഥയായ ഇന്ദ്രപ്രസ്ഥം; ഡൽഹിയിൽ ബന്ദ് സർക്കാർ വക, പാറ്റപ്പേടിയിൽ  ഭരണകൂടം
cancel
camera_alt

ശനിയാഴ്ച സി.ജെ.പി നേതൃത്വത്തിൽ നടക്കുന്ന ജന്തർ മന്തർ മാർച്ച് തടയാനായി നോയിഡ- ഡൽഹി ചില്ല ബോർഡറിൽ നിലയുറപ്പിച്ച സുരക്ഷാ ഉദ്യോഗസ്ഥർ 

ന്യൂഡൽഹി: സമരങ്ങൾ ഏറെ കണ്ട ഡൽഹി, ഇത്തരത്തിലൊരു നിയന്ത്രണം കാണുന്നത് ആദ്യമായിട്ടായിരിക്കും. ഒരു പാറ്റപോലും ഡൽഹിയിലേക്ക് കടക്കരുതെന്നാണ് കേന്ദ്ര സർക്കാർ തിട്ടൂരം. നീറ്റ് ചോർച്ചയിൽ ധർമേന്ദ്ര പ്രധാന്റെ രാജിപോലെയല്ല, മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവെച്ചാൽ സർക്കാറിനുണ്ടാകുന്ന പ്രതിസന്ധി. രാജിവെക്കുന്നത് വോട്ടുകൊള്ള ശരിവെക്കുന്നതിലേക്കും അതിന്റെ മുന സർക്കാറിലേക്കും നീളും. അതുകൊണ്ട് പാറ്റപ്പാർട്ടിയുടെ സമരം ഏത് വിധത്തിലും തടയാൻ ജന്തർമന്തർ മാത്രമല്ല, ഡൽഹി തന്നെ അടച്ചുപൂട്ടിയിരിക്കുകയാണ്.

ട്രെയിനുകൾ റദ്ദാക്കിയും മെട്രോ സ്റ്റേഷനുകളും അതിർത്തികളും അടച്ചിട്ടും സർക്കാർ സമരക്കാർ എത്താനുള്ള എല്ലാ മാർഗങ്ങളും തടയാനുള്ള ശ്രമം വെള്ളിയാഴ്ച മുതൽ തന്നെ ഡൽഹി പൊലീസ് ആരംഭിച്ചു. സമരക്കാർ ഡൽഹിയിലേക്ക് എത്താതിരിക്കാൻ ഡൽഹി പൊലീസിനെ സഹായിക്കാൻ രാജസ്ഥാൻ, മധ്യപ്രദേശ് പൊലീസും മുൻപന്തിയിലുണ്ട്. 221 കേന്ദ്ര സായുധ പൊലീസ് സേനാ കമ്പനികളിലേതടക്കം 23,000 പേരെയാണ് ഡൽഹിയിൽ വിന്യസിച്ചത്. എല്ലാ റോഡുകളിലും ബാരിക്കേഡുകൾ നിരന്നു. എല്ലാ മൂലകളിലും അത്യാധുനിക ക്യാമറകൾ സജ്ജമാക്കി.

നിരവധി ട്രെയിനുകൾ റദ്ദാക്കി

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് ശേഷം പുറപ്പെട്ട് ശനിയാഴ്ച പുലർച്ചെ നാലിനും ഉച്ചക്ക് രണ്ടിനും ഇടയിൽ ന്യൂഡൽഹിയിലോ നിസാമുദ്ദീനിലോ എത്തിച്ചേരേണ്ടിയിരുന്ന എല്ലാ മെയിൽ, എക്സ്പ്രസ് ട്രെയിനുകളും പുറപ്പെടുന്ന സ്ഥലങ്ങളിൽ വെച്ചുതന്നെ റദ്ദാക്കിയിരിക്കുകയാണ്. ഹൗറ-ന്യൂഡൽഹി രാജധാനി എക്സ്പ്രസ്, സിയാൽദ-ന്യൂഡൽഹി രാജധാനി എന്നിവയുൾപ്പെടെയുള്ള പ്രമുഖ സർവീസുകൾ പൂർവ റെയിൽവേ റദ്ദാക്കിയിട്ടുണ്ട്. കൂടാതെ, രാജസ്ഥാൻ ഭാഗത്തുനിന്നും സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളും റദ്ദാക്കിയ പട്ടികയിലുണ്ട്. സിർസ-തിലക് ബ്രിഡ്ജ് എക്സ്പ്രസ്, ഉദയ്പൂർ സിറ്റിയിൽ നിന്ന് പുറപ്പെടേണ്ട ഉദയ്പൂർ സിറ്റി-ഹസ്രത്ത് നിസാമുദ്ദീൻ എക്സ്പ്രസ്, ഹസ്രത്ത് നിസാമുദ്ദീൻ-ഉദയ്പൂർ സിറ്റി എക്സ്പ്രസ്, ശ്രീ ഗംഗാനഗർ-തിലക് ബ്രിഡ്ജ് എക്സ്പ്രസ് ഭിവാനി എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളാണ് റദ്ദാക്കിയത്. കേരളത്തിൽ ശനിയാഴ്ച എത്തുന്ന ട്രെയിനുകൾ മണിക്കൂറുകൾ വൈകാൻ സാധ്യതയുണ്ട്.

57 മെട്രോ സ്റ്റേഷനുകൾ അടച്ചിടും

സമരത്തിൽ ആരും എത്താതിരിക്കാൻ ഡൽഹിയിലെ പ്രധാന സഞ്ചാര മാർഗമായ ഡൽഹി മെട്രോയുടെ 57 സ്റ്റേഷനുകളാണ് അടച്ചിടാൻ ഡൽഹി പൊലീസ് നൽകിയിരിക്കുന്ന നിർദേശം. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിമുതൽ തന്നെ അടച്ചിടാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജാമിഅ മില്ലിയ, ഡൽഹി സർവകലാശാല, ജെ.എൻ.യു തുടങ്ങി കേന്ദ്ര സർവകലാശാലകൾ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിലെ മെട്രോകളും സെൻട്രൽ ഡൽഹിയിലെ പ്രധാന സ്റ്റേഷനുകളുമെല്ലാം ഇതിൽ ഉൾപ്പെടും. ജൂലൈയിൽ നടന്ന ഒന്നാം പാറ്റ സമരത്തിൽ 16 സ്റ്റേഷനുകളാണ് അടച്ചിരുന്നത്.

ഓല, ഊബർ ടാക്സികൾക്കും നിയന്ത്രണം

ഡൽഹിയിലേക്കുള്ള യാത്രകൾ നിയന്ത്രിക്കുന്നതിനായി ഓല, ഊബർ തുടങ്ങിയ ആപ്പ് അധിഷ്ഠിത ടാക്സി സേവനദാതാക്കൾക്ക് നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. നിയന്ത്രണങ്ങളെക്കുറിച്ച് ടാക്സി ഓപ്പറേറ്റർമാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സെൻട്രൽ ഡൽഹിയിലും പരിസര പ്രദേശങ്ങളിലുമുള്ള ഹോട്ടലുകൾ, ഗസ്റ്റ് ഹൗസുകൾ, മറ്റ് താമസസൗകര്യങ്ങൾ എന്നിവ നിശ്ചിതമായി അടച്ചിടാനോ പുതിയ ബുക്കിങ്ങുകൾ നിയന്ത്രിക്കാനോ നിർദേശിച്ചതായി പൊലീസ് അറിയിച്ചു. ന്യൂഡൽഹി സ്റ്റേഷന് മുൻപിലുള്ള പഹാർഗഞ്ചിലെ ഹോട്ടൽ ഉടമകൾക്ക് പുതിയ ബുക്കിങ്ങുകൾ സ്വീകരിക്കരുതെന്ന് നിർദേശം നൽകിയതായാണ് വിവരം

പത്ത് തടങ്കൽ കേന്ദ്രങ്ങൾ

ഗ്യാനേഷിനെതിരെ പ്രതിഷേധിക്കുന്നവരെ പാർപ്പിക്കാനുള്ള തടങ്കൽ കേന്ദ്രങ്ങൾ സജ്ജമാക്കി. വിവിധ ജില്ലകളിലായി പത്തോളം തടങ്കൽ കേന്ദ്രങ്ങൾ ഒരുക്കിയിട്ടുള്ളതായാണ് പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ ദിനപത്രം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഹരിയാന അതിർത്തിയോട് ചേർന്നുളള ബവാനയിലെ രാജീവ് ഗാന്ധി സ്റ്റേഡിയം, ഛത്രസാൽ സ്റ്റേഡിയം തുടങ്ങിയ സ്റ്റേഡിയങ്ങളും മറ്റ് നിർദിഷ്ട കേന്ദ്രങ്ങളും ഇതിനായി സജ്ജമാക്കുന്നുണ്ട്. നരേല, കിഴക്കൻ ഡൽഹി, വടക്കുപടിഞ്ഞാറൻ ഡൽഹി എന്നിവിടങ്ങളിലും ഇത്തരം കേന്ദ്രങ്ങൾ ഒരുക്കുന്നുണ്ട്. നേരത്തെ കർഷക സമരത്തിന് മുന്നോടിയായും ഇത്തരം തടങ്കൽ കേന്ദ്രങ്ങൾ പൊലീസ് സജ്ജമാക്കിയിരുന്നു.

അതിർത്തികളിൽ കർശന പരിശോധന

ഡൽഹിയിലേക്കുള്ള പ്രവേശന കവാടങ്ങളിൽ നിരീക്ഷണം ശക്തമാക്കും. പ്രതിഷേധത്തിനായി പുറത്തുനിന്ന് ആളുകൾ എത്തുന്നത് തടയാൻ അതിർത്തികളിൽ വൻ പരിശോധന ആരംഭിച്ചു. കാറുകളെല്ലാം പരിശോധിച്ചാണ് കയറ്റിവിടുന്നത്. ശനിയാഴ്ച ബസുകൾക്കും ലോറികൾക്കും ഡൽഹിയിലേക്ക് കടക്കുന്നതിൽ നിയന്ത്രണം കൊണ്ടുവന്നേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഒക്ടോബർ വെള്ളി, ശനി തീയതികളിൽ നഗരത്തിലെ മദ്യവില്പനശാലകൾ അടച്ചിടാൻ ഡൽഹി സർക്കാർ വ്യാഴാഴ്ച നിർദേശിച്ചു. ഡൽഹി പൊലീസ് നിർദേശത്തെത്തുടർന്ന് എക്സൈസ് വകുപ്പ് ഉത്തരവിറക്കുകയായിരുന്നു.

ഇന്റർനെറ്റ് നിയന്ത്രണത്തിനും സാധ്യത

ജൂലൈ സമര സമയത്ത് കൊണ്ടുവന്ന ഇന്റർനെറ്റ് നിയന്ത്രണം ശനിയാഴ്ചയും ഉണ്ടായേക്കും. ജന്തർമന്തറിന് പരിസരത്തായിരുന്നു കഴിഞ്ഞ തവണ നിയന്ത്രണം വരുത്തിയത്. ഇത്തവണ കൂടുതൽ മേഖലയിലേക്ക് നിയന്ത്രണമുണ്ടാകുമെന്നാണ് വിവരം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Delhi on High Alert, Indraprastha Under Lockdown
Next Story