Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightആളകലത്തിൽ കുറെ...

ആളകലത്തിൽ കുറെ അടയാളങ്ങൾ

text_fields
bookmark_border
delhi
cancel

വാതിൽപ്പടിയിൽ പ്രധാനമന്ത്രി വരച്ച ലക്ഷ്മണരേഖക്കുള്ളിൽ നിന്ന്​ ഫ്ലാറ്റ്​ അയൽവാസി അമ്പരപ്പോടെ കയർത്തു: ‘‘ര ണ്ടു കിലോഗ്രാം പോലുമില്ലാത്ത ഈ പപ്പായക്ക് 250 രൂപയോ?’’ അയാൾ പിന്നെയും: ‘‘ഉരുളക്കിഴങ്ങിന് 50 രൂപ. വാഴപ്പഴത്തിന് 84...’’ ഹൗസിങ് കോളനിക്കു മുന്നിലെ പാൽ, പച്ചക്കറി കടക്കാരൻ അയാൾക്കുമുന്നിൽ തല ചൊറിഞ്ഞു: ‘‘ഒന്നും കിട്ടാനില്ല സർ. വല്ല വിധേനയും സംഘടിപ്പിച്ചു കൊണ്ടുവരുന്നതാണ്.’’ അതുകേട്ട് പിന്നെയും കയർക്കാനോങ്ങിയ അയൽവാസിക്കു മുന്നിൽ ക ടക്കാര​​​​െൻറ പതിവു വിനയം പറപറന്നു. ‘‘വേണമെങ്കിൽ മതി...’’ പൊടുന്നനെ അയൽവാസിയുടെ പത്തി താഴ്ന്നു. രോഷം കടിച്ചമ ർത്തി, ഓർഡർ ചെയ്ത സാധനങ്ങൾ പറഞ്ഞ തുക കൊടുത്ത് വാങ്ങി ഉപചാരവും പറഞ്ഞ് വാതിലടച്ചു. ലോക്ഡൗൺ നാലു ദിവസമായതേയുള് ളൂ. താണ്ടാൻ 21 ദിവസം ഇനിയുണ്ട്. അതുകഴിഞ്ഞ് എന്താണെന്നും അറിയില്ല. അയാൾ കനിഞ്ഞില്ലെങ്കിൽ ഒന്നും കിട്ടാതെ കുഴയും. വാതിൽപ്പടിയിലെ ലക്ഷ്മണരേഖ മറികടക്കാനാണെങ്കിൽ ഉൾഭയം.

മഹാനഗരത്തിലെ മധ്യവർഗം കോവിഡ്​ പേടിയിൽ ഇങ്ങനെ വാതില ിനു കുറ്റിയിട്ടു ബന്ധനസ്ഥരാവുേമ്പാൾ സംസ്ഥാനാതിർത്തികളിലേക്കുള്ള വഴിയോരങ്ങളിൽ ഉള്ളു നീറ്റുന്ന കാഴ്ചകളാണ്. കുടുംബവും ചാക്കിൽ കെട്ടിയ ജീവിത‘സമ്പാദ്യ’വുമായി ചെറുതും വലുതുമായ സംഘങ്ങൾ നടന്നു നീങ്ങുന്നു. അന്നന്നത്തെ അന്നത്തിന് വക കണ്ടെത്താൻ ഡൽഹിയിലേക്ക് ചേക്കേറിയ ഇതര സംസ്ഥാന തൊഴിലാളികളാണ്. പിറന്ന ഗ്രാമത്തിലേക്ക് എങ്ങനെയും എത്തിപ്പെടാനുള്ള നടപ്പ്. ഒരാഴ്ച നടന്നാൽ മാത്രം എത്താവുന്നത്ര അകലെയുള്ളവർ. അക്കൂട്ടത്തിൽ യു.പിക്കാരുണ്ട്, ബിഹാറുകാരും ഹരിയാനക്കാരും മധ്യപ്രദേശുകാരുമുണ്ട്. നാട്ടിലെത്താൻ നടക്കേണ്ടത് അഞ്ഞൂറും അറുന്നൂറും കിലോമീറ്ററാണ്. ചിലരുടെ ഒക്കത്ത് കുട്ടികൾ. കൊണ്ടുപോകാവുന്നത് തലച്ചുമടാക്കിയ മറ്റു ചിലർ. ജീവനോപാധിയായ ഉന്തുവണ്ടിയും സൈക്കിൾ റിക്ഷയുെമാക്കെയായിട്ടാണ് ആ യാത്ര. ഒരു ബസ് എങ്ങാനും വന്നാലോ എന്നാശിച്ച് ആനന്ദ് വിഹാറിലും ബദർപൂരിലും ഗാസിയാബാദിലുമൊക്കെയായി തറയിൽ തോർത്തു വിരിച്ച് കുടുംബമായി കാത്തിരിക്കുന്നവരുടെ മുഖങ്ങളിൽ പട്ടിണിയുടെ ക്ഷീണം.

കോവിഡ്​ അല്ല, അനിശ്ചിതമായ ഭാവിയാണ് അവരെ പേടിപ്പിക്കുന്നത്. വിശപ്പാണ് ആളുന്നത്. വിദേശത്തു നിന്ന് പറന്നിറങ്ങിയവർ കൊണ്ടുവന്ന വൈറസ് ഉണ്ടാക്കാൻ പോകുന്ന കെടുതിയെക്കുറിച്ച് അവർക്ക് അറിയില്ല. സോപ്പും സാനിറ്റൈസറും മാസ്കുമല്ല, കുടിവെള്ളവും കഴിക്കാൻ എന്തെങ്കിലും കിടക്കാനൊരിടവുമാണ് അവർ തേടുന്നത്. നടന്നുപോകുന്ന വഴികളിലെല്ലാം കടകൾ അടഞ്ഞു കിടക്കുന്നു. കൈയിൽ കാശില്ല. എവിടെ അന്തിയുറങ്ങുമെന്ന് അറിയില്ല. മഹാനഗരത്തിൽ ഇനി എത്ര ദിവസങ്ങൾ കഴിഞ്ഞാലാണ് പണിയുണ്ടാവുക എന്ന് അറിയില്ല. പണിയെടുക്കാതെ അന്നമില്ല. ജീവിച്ചു പോന്ന ‘മാളിക’കൾക്ക് വാടക കൊടുക്കാൻ കഴിയില്ല. തൊഴിൽ കോൺട്രാക്ടർമാർ കൈയൊഴിയുന്നു. ജനത കർഫ്യൂവിന് കിണ്ണം കൊട്ടിയ മാർവാഡി വീടൊഴിയാൻ നിർബന്ധിക്കുന്നു. അതിനെല്ലാമിടയിൽ വഴിയാധാരം.

കോവിഡ്​ വ്യാപനം മുൻനിർത്തി മൂന്നാഴ്ചത്തേക്ക് രാജ്യം അടച്ചിടാനുള്ള പ്രഖ്യാപനത്തിനും, അതു നടപ്പാക്കിയ നട്ടപ്പാതിരക്കുമിടയിൽ മൂന്നര മണിക്കൂർ മാത്രമാണ് ഉണ്ടായിരുന്നത്. അതിനിടയിൽ ഒന്നൊരുങ്ങാനോ, വീടുപിടിക്കാനോ ആർക്കും സമയം കിട്ടിയില്ല. നഗരവാസികൾക്ക് നിത്യോപയോഗ സാധനങ്ങളെല്ലാം വാങ്ങിയടുക്കി തയാറെടുക്കാൻ പൊതുവെ സമയം കിട്ടിയില്ലെന്നാണെങ്കിൽ, ജീവനോപാധി നഷ്​ടപ്പെട്ട് ജീവിതംതന്നെ പൊടുന്നനെ അനിശ്ചിതത്വത്തിലായ അവസ്ഥയിയിലേക്കാണ് അസംഘടിത മേഖലയിലുള്ള പാവങ്ങൾ എടുത്തെറിയപ്പെട്ടത്. അങ്ങനെ പിടിച്ചു നിൽക്കാൻ കഴിയാതെ നാട്ടിലേക്കുള്ള മടക്കയാത്രയാണ്. ലോക്ഡൗണിൽ ഇറങ്ങി നടക്കുന്നതിന് പൊലീസ് വക പീഡനം. എല്ലാ അർഥത്തിലും ശരിക്കുെമാരു പലായനം.

കോവിഡ്​ വ്യാപനത്തിനിടയിൽ വിദേശരാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികളെ തിരിച്ചെത്തിക്കാൻ സർക്കാർ വിമാനങ്ങളയച്ചു. നല്ലത്. എന്നാൽ, ഇതരസംസ്ഥാന തൊഴിലാളികളുടെ അനിശ്ചിതത്വം, തിരിച്ചുപോക്ക് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് കേന്ദ്രസർക്കാർ എത്രത്തോളം ചിന്തിച്ചിരുന്നു? തൊഴിൽസ്ഥലം വിട്ട് കൂട്ടത്തോടെ മടങ്ങുന്നവരുടെ ദുഃസ്ഥിതിക്കു മുന്നിൽ മുഖം രക്ഷിക്കാൻ നിർബന്ധിതരായി യു.പിയിലെയും ഹരിയാനയിലെയുമൊക്കെ സർക്കാറുകൾ ഡൽഹിയിലേക്ക് ബസ് അയ​െച്ചന്നത് മറുവശം. കുറെപേർക്കെങ്കിലും അത് ആശ്വാസമായി. കൂട്ടംകൂട്ടമായി തൊഴിലിടം വിട്ടവർ, നാട്ടിലെത്താൻ കൂട്ടത്തോടെ ബസിൽ ഇടിച്ചു കയറിയവർ, അവർക്കെല്ലാം മുന്നിൽ ‘സാമൂഹിക അകല’ത്തി​​​െൻറ ലക്ഷ്മണരേഖ വെറും ജലരേഖയായി. മൂന്നാഴ്ചത്തെ ലോക്ഡൗൺ എത്രകണ്ട് ഫലപ്രദമായി നടപ്പാവുന്നു എന്നതി​​​െൻറ കഥ കൂടിയാണത്.

കോവിഡിനെ പ്രതിരോധിക്കാൻ ലോക്ഡൗൺതന്നെ പരിഹാരം എന്ന കാര്യത്തിൽ വിദഗ്ധർക്ക് മിക്കവാറും ഏകാഭിപ്രായമാണ്. എന്നാൽ, അതു നടപ്പാക്കുന്നതിൽ മോദിസർക്കാറിന് മുന്നൊരുക്കവും മുൻകരുതലും എത്രത്തോളം ഉണ്ടായിരുന്നു? ലോക്ഡൗൺ ഇന്ത്യക്കു മുേന്ന നടപ്പാക്കിയ രാജ്യങ്ങൾ പലതും അക്കാര്യം രണ്ടും മൂന്നും ദിവസം മുന്നേ പ്രഖ്യാപിച്ചു. അതുകൊണ്ട് ആവശ്യമായ സാധനങ്ങൾ ശേഖരിച്ചുവെക്കാനും മറ്റുമുള്ള സാവകാശം ജനങ്ങൾക്ക് കിട്ടി. ഇന്ത്യക്കാർക്ക് കിട്ടിയത് രാത്രി ൈവകി മൂന്നര മണിക്കൂറാണ്. ജനത കർഫ്യൂ ഒരു മുന്നറിയിപ്പായി കണ്ടവർ വിരളം. ജനത കർഫ്യൂ ആഘോഷമാക്കുകയും, ലോക്ഡൗൺ പ്രഖ്യാപനത്തിനു പിന്നാലെ കടകൾക്കു മുന്നിൽ തിക്കിത്തിരക്കുകയുമായിരുന്നു ജനം. അതിനുപിന്നാലെയാണ് കൂട്ടമായ ഒഴിഞ്ഞുപോക്ക്. ആളകലം പാലിക്കുക എന്ന സുപ്രധാനമായ കാര്യം പാടേ അവഗണിക്കപ്പെട്ടു. കോവിഡി​​​​െൻറ ചങ്ങല മുറിയാനല്ല, മുറുകാനുള്ള സാധ്യതയാണ് ഇതൊക്കെ നൽകിയത്.

21 ദിവസത്തെ ലോക്ഡൗൺ കോവിഡ്​ചങ്ങല മുറിക്കാനാണോ, മഹാമാരിയിലേക്ക് ഒരുങ്ങാനാണോ അവസരം നൽകുന്നതെന്ന വലിയ ചോദ്യചിഹ്നമാണ് ഇന്ത്യക്കു മുന്നിൽ. 130 കോടി ജനങ്ങൾ ആളകലം പാലിച്ച് അച്ചടക്കത്തോടെ കഴിയുേമ്പാഴാണ് ലോക്ഡൗൺ അതിൻറ ലക്ഷ്യത്തിൽ വിജയിക്കുക. എന്നാൽ, ആദ്യ നാലു ദിനങ്ങളിലെ കാഴ്ച അതല്ല. ഇന്ത്യക്ക് കരുതലെടുക്കാൻ ഈ മഹാമാരിയുടെ കാര്യത്തിൽ ഏറെ സമയം കിട്ടിയെങ്കിൽ, അത് ജാഗ്രതയോടെ ഉപയോഗപ്പെടുത്തിയില്ല എന്ന കാര്യത്തിൽ കേന്ദ്രസർക്കാർ പ്രതിക്കൂട്ടിലാണ്. ചൈനയും ജപ്പാനും ഇറ്റലിയും സ്പെയിനും അമേരിക്കയുമൊക്കെ പിന്നിട്ടാണ് ഇന്ത്യയിലേക്ക് വൈറസ് എത്തിയത്. അതിനൊത്ത് വിമാനത്താവളങ്ങളിൽ ഗൗരവപൂർവമായ ജാഗ്രതയും നിരീക്ഷണവും സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പും നൽകിയില്ല. ഇന്ത്യയിലേക്കുള്ള അന്താരാഷ്​ട്ര വിമാനസർവിസസുകൾ വിലക്കിയ മാർച്ച് 23 വരെയുള്ള രണ്ടാഴ്ചക്കിടയിൽ വിവിധ വിമാനത്താവളങ്ങളിൽ വിദേശത്തുനിന്നു വന്നിറങ്ങിയ എല്ലാ യാത്രക്കാരെയും നിരീക്ഷണത്തിലാക്കുന്നതിൽ പാളിച്ച സംഭവി​െച്ചന്ന് പറയുന്നത് കേന്ദ്രം തന്നെയാണ്. കേരളമടക്കമുള്ള സംസ്ഥാനങ്ങൾ സ്വീകരിച്ച ജാഗ്രത, രാജ്യതലസ്ഥാനമായ ഡൽഹിയിൽ പോലും ഉണ്ടായില്ല. മഹാരാഷ്്ട്രയിലും കേരളത്തിലും കോവിഡ്​ ബാധിതരുടെ എണ്ണം ഉയർന്നു നിൽക്കുന്നതിനർഥം, മറ്റിടങ്ങളിൽ അത്ര ശുഷ്കാന്തിയോടെ നിരീക്ഷണവും പരിശോധനയും നടന്നിട്ടില്ല എന്നു കൂടിയാണ്; ജനം ഗൗരവത്തിൽ കണ്ടിട്ടില്ല എന്നു കൂടിയാണ്.

ജനങ്ങളെയും സംവിധാനങ്ങളെയും സജ്ജരാക്കുന്നതിൽ പിഴവ് പ്രകടമാണ്. സാമ്പിളുകൾ പരിശോധിക്കാനുള്ള സൗകര്യങ്ങൾ വർധിപ്പിക്കുക, ആശുപത്രി സൗകര്യങ്ങൾ വിപുലപ്പെടുത്തുക, വ​​​െൻറിലേറ്ററുകൾ കൂടുതലായി സജ്ജീകരിക്കുക തുടങ്ങി ഒരുപാട് മുന്നൊരുക്കമുണ്ട്. അക്കാര്യങ്ങളിലും കേന്ദ്രം യഥാസമയം ഉണർന്നില്ല. പകരം അമിതമായ ആത്മവിശ്വാസം പ്രകടിപ്പിക്കുകയാണ് ചെയ്തത്. ലോക്ഡൗൺ അനിവാര്യമാണെന്ന് വിദഗ്ധ ഡോക്ടർമാരും പ്രതിപക്ഷ പാർട്ടികളും പല ദിവസങ്ങൾ പറഞ്ഞതിനു ശേഷമാണ് ജനത കർഫ്യൂവിലേക്കു പോലും കേന്ദ്രം നീങ്ങിയത്. പാർല​െമൻറ് സമ്മേളനം അവസാനിപ്പിക്കാൻ വൈകിയത്​ മറ്റൊരുദാഹരണം. 40,000 വ​​​െൻറിലേറ്ററുകൾക്ക് കഴിഞ്ഞ ദിവസം ഓർഡർ കൊടുത്തിട്ടുണ്ട്. കിട്ടിത്തുടങ്ങുന്നത് ജൂണിലാണ്. ലോക്ഡൗണിനു ശേഷമുള്ള കോവിഡ്​ താണ്ഡവത്തി​​​െൻറ സൂചന കൂടിയായി അതിനെ കാണേണ്ടിയിരിക്കു​െന്നന്നത് മറുപുറം. പരിഭ്രാന്തിയല്ല, ജാഗ്രതയാണ് വേണ്ടത് എന്നാണ് കോവിഡി​​​​െൻറ പ്രാഥമിക മുദ്രാവാക്യം. എന്നാൽ, ഇതുവരെയുള്ള ചിത്രം സമ്മാനിക്കുന്നത് ജാഗ്രതയില്ലായ്മയും, ജനങ്ങൾക്കിടയിൽ വളരുന്ന പരിഭ്രാന്തിയുമാണ്.

കോവിഡ് നേരിടുന്നതി​​​െൻറ പ്രധാന ഉത്തരവാദിത്തം സംസ്ഥാനങ്ങളുടെ തലയിലിട്ട് ഒഴിഞ്ഞു നിൽക്കാനുള്ള പ്രവണതയും കേന്ദ്രസർക്കാർ കാണിക്കുന്നുണ്ട്. നിരീക്ഷണം, ഇതര സംസ്ഥാന തൊഴിലാളികളുടെ വിഷയം, ലോക്ഡൗൺ മൂലം പ്രതിസന്ധിയിലായവർക്ക് സഹായ പാക്കേജ് പ്രഖ്യാപിക്കൽ തുടങ്ങിയ കാര്യങ്ങളിലെല്ലാം ഇതു പ്രകടമാണ്. പാക്കേജ് തികച്ചും അപര്യാപ്തമായതിന​ു കാരണം മനസ്സില്ലാ മനസ്സാണ്. അയോധ്യയിൽ, ദൂരദർശനിൽ, ശാഹീൻബാഗിൽ എല്ലാമായി, പുര കത്തുേമ്പാൾ വാഴ വെട്ടുന്ന രാഷ്​​ട്രീയ നീക്കങ്ങളും ഒപ്പം തെളിഞ്ഞു കാണാം. ഇന്ത്യ നേരിടുന്ന മാന്ദ്യത്തി​​​െൻറ സമ്പൂർണ ഉത്തരവാദിത്തം കോവിഡി​​​​െൻറ തലയിലിട്ട് സർക്കാർ കൈകഴുകുന്നത് വഴിയേ കാണാനുമാവും. കോവിഡ്​ കാലത്ത് സോപ്പിട്ട് കൈകഴുകണം; എന്നാൽ, ഉത്തരവാദിത്തത്തിൽ നിന്ന് കൈ കഴുകരുത്. സാമൂഹിക അകലം പാലിക്കണം; മാനസിക അകലം സൃഷ്​ടിക്കരുത്. സർക്കാർ നിസ്വാർഥം ജനതയെ ചേർത്തു പിടിക്കുകയും, പരസ്പരം ചേർത്തു നിർത്തുകയും ചെയ്യേണ്ട ഘട്ടമാണിത്.

Show Full Article
TAGS:covid 19 corona virus opinion malayalam news 
News Summary - Delhi migarant worker issue-Opinion
Next Story