Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightമുസ്​ലിം ചിഹ്നങ്ങളും ...

മുസ്​ലിം ചിഹ്നങ്ങളും സി.പി.എം കണ്ണുകടിയും

text_fields
bookmark_border
മുസ്​ലിം ചിഹ്നങ്ങളും  സി.പി.എം കണ്ണുകടിയും
cancel

പൗരത്വ ഭേദഗതി നിയമത്തിനെതിരായ അതിശക്തമായ ജനരോഷത്തിനിടയിലും സി.പി.എം വെച്ചുപുലർത്തുന്ന ധാർഷ്​ട്യം അത്യന്തം നിർഭാഗ്യകരമാണ്. മുസ്​ലിംകളെ നേരിട്ട് ബാധിക്കുന്ന വിഷയമെന്ന നിലയിൽ സ്വാഭാവികമായും മുസ്​ലിം ചിഹ്നങ്ങളും മുസ്​ലിം പാർട്ടികളും സജീവമാവും. അത് പാടില്ലെന്നും എല്ലാ സാമുദായിക ചിഹ്നങ്ങളും മാറ്റിവെച്ചാലേ മുസ്​ലിംകളുടെ സമരത്തിൽ പങ്കുചേരുകയുള്ളൂ എന്നുമാണ് സി.പി.എം കീഴ്ഘടകങ്ങൾ മുസ്​ലിം കൂട്ടായ്മകളോട് പ്രാദേശികമായി സ്വീകരിച്ചിരിക്കുന്ന സമീപനം.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരം സാമുദായികപരമല്ല. രാജ്യത്തി​​െൻറ മതേതരത്വവുമായി ബന്ധപ്പെട്ടതാണ്. ആ നിലയിൽ വിഷയം വർഗീയവത്​കരിക്കപ്പെട്ടുകൂട എന്ന് സി.പി.എമ്മിനെപോലുള്ള പാർട്ടികൾ തീർച്ചയായും വാശിപിടിക്കണം. പക്ഷേ, ഇതേ മനസ്സോടെയാണ് മുസ്​ലിം സമുദായം പൊരുതുന്നത് എന്നംഗീകരിക്കാൻ കഴിയാത്തതാണ് ഖേദകരം. മതനിരപേക്ഷ മനസ്സോടെതന്നെയാണ് മുസ്​ലിം സമുദായം സമരം ചെയ്യുന്നത്. ഒരിക്കലും സമരരീതി വഴിതെറ്റിക്കൂട എന്ന് മറ്റാരേക്കാളും കേരളത്തിലെ മുസ്‌ലിം സംഘടനകൾക്ക് നിർബന്ധമുണ്ട്.

സി.പി.എം സംഘടിപ്പിക്കുന്ന സമരങ്ങളിൽ മതചിഹ്നങ്ങൾ ഉപേക്ഷിക്കുന്നതിനെ ചോദ്യം ചെയ്യാനാവില്ല. സ്വന്തം വേദികളിൽ മതസംഘടനകളെ മാറ്റിനിർത്താനും അവർക്ക് സ്വാതന്ത്ര്യമുണ്ട്. സി.പി.എം നേതാക്കൾ മതവേദികളിൽനിന്ന്​ മാറിനിൽക്കുന്നതിനോടും ആർക്കും പരിഭവമില്ല. ഡൽഹിയിലും കേരളത്തിനപ്പുറത്തും വൃന്ദ കാരാട്ടും സീതാറാം ​െയച്ചൂരിയുമൊക്കെ ഇതി​​െൻറ നഷ്​ടം ബോധ്യപ്പെട്ട് മതവേദികളെ ഒരുമിപ്പിച്ചുനിർത്താൻ കഠിനശ്രമം നടത്തുന്നത് കാണാതെയല്ല കേരളത്തിലെ സി.പി.എം ഇവിടെ പ്രവർത്തിക്കുന്നത് എന്നുമറിയാം. എന്നാൽ, മതകൂട്ടായ്മകൾ സംഘടിപ്പിക്കുന്ന സമരങ്ങളിൽനിന്ന് സി.പി.എം ജനപ്രതിനിധികളെ തടയുന്നതെന്തിനെന്ന്​ മനസ്സിലാവുന്നില്ല.

മഹല്ല് കമ്മിറ്റിയുടെ പ്രതിഷേധ റാലിയിൽ മുസ്​ലിം സംഘടനകളുള്ളതുകൊണ്ട് വരില്ല എന്ന് പയ്യന്നൂരിലെ സി.പി.എം എം.എൽ.എ തുറന്നുപറഞ്ഞു. കണ്ണൂരിൽ കോഓഡിനേഷൻ കമ്മിറ്റി നടത്തിയ പതിനായിരങ്ങൾ പങ്കെടുത്ത മഹാസംഗമത്തിൽ കണ്ണൂർ എം.പി കെ. സുധാകരനോടൊപ്പം കണ്ണൂർക്കാരനായ രാജ്യസഭ അംഗം കെ.കെ. രാഗേഷിനെ ക്ഷണിച്ച മുസ്​ലിം ലീഗ് നേതാവിന്​ പാർട്ടി ജില്ല സെക്രട്ടറിയെ അറിയിച്ചപ്പോൾ കിട്ടിയ മറുപടി ആശ്ചര്യകരമായിരുന്നു. സംഘാടകരിൽ സാമുദായിക വാദികൾ ഉണ്ടെന്ന കാരണത്താൽ രാജ്യസഭ അംഗത്തെ പങ്കെടുപ്പിക്കില്ല എന്നായിരുന്നു മറുപടി. മതവേദികളിലെ കൂട്ടായ്മയിൽ സ്വാഭാവികമായി ഉണ്ടായിരുന്ന ജമാഅത്തെ ഇസ്​ലാമിയുടെ സാന്നിധ്യമാണ്​ സി.പി.എം ജനപ്രതിനിധിക്ക് വിലക്കുവരാനുള്ള കാരണം.

സാമുദായികമായി വേട്ടയാടപ്പെട്ട് പരിഭ്രാന്തരും അഭയസ്ഥാനമന്വേഷിക്കുന്നവരുമായ മുസ്​ലിംകളോട് സാമുദായികത കൈവെടിയണമെന്ന് പറയുന്നത് എത്ര തരംതാണ നിലപാടാണ്! ഈ നിലപാടും സംഘ്പരിവാറി​​െൻറ വംശീയ അജണ്ടയും പരസ്​പര ബന്ധമുള്ളതാണ്. സമുദായത്തെ വേട്ടയാടുന്ന വിഷയത്തിൽ സാമുദായിക ശക്തികളെ ചേർത്തുപിടിക്കാതെയുള്ള സി.പി.എമ്മി​​െൻറ പോരാട്ടത്തിൽ കാപട്യമുണ്ട്. മതനിരപേക്ഷത എന്ന മേൽപാളിക്കുള്ളിൽ ഒരുതരം വർഗീയത കേരളത്തിലെ സി.പി.എം പുലർത്തുന്നുവെന്ന്​ ചുരുക്കം.

കേരളത്തിന് പുറത്ത്​ സാമുദായികതയാവാം

പാര്‍ലമ​െൻറ്​ തെരഞ്ഞെടുപ്പിലെ പരാജയം വിലയിരുത്തുന്ന സി.പി.എം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് തെറ്റ്​ തിരുത്തൽ വീണ്ടും ആരംഭിക്കണമെന്ന് സൂചിപ്പിച്ചിട്ടുണ്ടായിരുന്നു. പാർട്ടിക്ക്​ ദേശീയ പദവി നിലനിര്‍ത്താനായത് തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസും മുസ്‌ലിം ലീഗും ലീഗിനെപ്പോലുള്ള സാമുദായികവാദികളും ഉള്‍പ്പെട്ട യു.പി.എ സഖ്യത്തി​​െൻറ ഉദാരതയില്‍ കിട്ടിയ രണ്ടു സീറ്റുകൊണ്ടാണെന്ന യാഥാർഥ്യം ഇൗ തെറ്റ് തിരുത്തൽ നിലപാടി​​െൻറ പ്രേരകശക്തിയാണ്. ഈ നിലപാടി​​െൻറ അടിസ്ഥാനത്തിലാണ് കേരളത്തിനു പുറത്ത് ​െയച്ചൂരിയും സംഘവും ഇപ്പോൾ മുഴുവൻ സാമുദായിക വേദികളിലെയും നിറസാന്നിധ്യമായി മാറിയിരിക്കുന്നത്. എന്നാൽ, സി.പി.എമ്മിന് കേരളത്തിൽ ​െയച്ചൂരിയുടെ പാത ദഹനക്കേടുണ്ടാക്കുന്നു. സമുദായ പാർട്ടികളോട് സാമുദായികത വെടിയണമെന്നു പറയുന്ന സി.പി.എം സാമുദായിക വിഷയത്തിൽ പുലർത്തുന്ന നിലപാട് ഏത് തത്ത്വശാസ്ത്രത്തിലാണ് ഉൾപ്പെടുത്തേണ്ടത്? മതം രാഷ്​ട്രീയത്തിലിടപെടരുതെന്ന് പറയുകയും, രാഷ്​ട്രീയ താൽപര്യത്തിന് മതത്തെ ഉപയോഗിക്കുകയും ചെയ്യുന്ന വൈരുധ്യത്തെ ഒരിക്കലും സി.പി.എം നിരാകരിച്ചിട്ടില്ല.
സ്ഥാനാർഥി പട്ടികയിൽ സമുദായം തിരിക്കാനും മഹല്ല് കമ്മിറ്റികളിൽ രാഷ്​​ട്രീയ നിറംനോക്കി ഇടപെടാനും സി.പി.എം എന്നും ശ്രമിച്ചിട്ടുണ്ട്. വഖഫ് ബോർഡിലും ഹജ്ജ് കമ്മിറ്റിയിലും സാമുദായിക വികാരമനുസരിച്ച് തൂക്കമൊപ്പിച്ച് നോമിനേഷൻ നടത്തുന്നതിലോ ക്ഷേത്ര ഭരണവും ദേവസ്വം കാര്യങ്ങളും സാമുദായിക വികാരമനുസരിച്ച് നിവർത്തിച്ചു കൊടുക്കുന്നതിനോ തടസ്സങ്ങളൊന്നുമില്ല. സമുദായത്തി​െൻറ ജീവൽപ്രശ്നം വരുേമ്പാൾ സമുദായ ചിഹ്നങ്ങൾ മടക്കിവെക്കണമെന്നതും സമുദായ പാർട്ടികൾ മിണ്ടാതിരിക്കണമെന്നതും ഒരുതരം വരട്ടുവാദമാണ്.

പാർലമ​െൻററി സവർണ ബോധം
യഥാർഥത്തിൽ കഴിഞ്ഞ പാർലമ​െൻറ് തെരഞ്ഞെടുപ്പിൽ മുസ്​ലിം സമുദായം സ്വീകരിച്ച സമീപനത്തോട് വൈരാഗ്യബുദ്ധിയോടെ സി.പി.എം പെരുമാറുന്നു എന്നതി​െൻറ ഉദാഹരണംകൂടിയാണ് ഇപ്പോഴത്തെ പിടിവാശി. കേരളത്തിൽ ചരിത്രത്തിലെ അപൂർവമായ റെ​േക്കാഡ് വിജയമാണ് യു.ഡി.എഫ് നേടിയത്. അതാവട്ടെ, ദേശീയ രാഷ്​ട്രീയത്തിൽ ജനം സങ്കൽപിച്ച മോദിവിരുദ്ധ ഉയിർത്തെഴുന്നേൽപിലേക്കുള്ള പ്രായോഗിക രാഷ്​​ട്രീയ നിലപാടുകൂടിയായിരുന്നു. ദേശീയ രാഷ്​ട്രീയ സാഹചര്യമോ, കേരളത്തി​​െൻറ മതനിരപേക്ഷ മനസ്സോ ആഗ്രഹിക്കാത്ത ഒന്നായിരുന്നു കോണ്‍ഗ്രസ് വിരുദ്ധ കാമ്പയിന്‍. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് തിരിച്ചുവരുന്നതാണ് നല്ലതെന്ന പാര്‍ട്ടിയുടെ പൊതുനയവും ബി.ജെ.പി എന്ന വലിയ വിപത്ത് തടയേണ്ടതിനെക്കുറിച്ച കാമ്പയിനും കേരളത്തി​​െൻറ സാഹചര്യത്തില്‍ അവതരിപ്പിക്കുന്നതില്‍ സി.പി.എമ്മിന്​ വ്യക്തമായ കാഴ്​ചപ്പാടില്ലാതെ പോയി. കേരളത്തിലെ പാർട്ടിയുടെ ഈ ദൗർബല്യം മൂടിവെക്കാനാണ് തെരഞ്ഞെടുപ്പിലെ ന്യൂനപക്ഷ ഏകീകരണം എന്ന കണ്ടുപിടിത്തം പാർട്ടി വിലയിരുത്തൽ രേഖയിൽ സ്ഥാനം പിടിച്ചത്. ഈ രേഖ കീഴ്ഘടകങ്ങളിൽ അവതരിപ്പിച്ചപ്പോൾ ശബരിമല വിഷയമുൾപ്പെടെയുള്ള പാർട്ടിയുടെ നിലപാടിലുണ്ടായ വൈരുധ്യം ചൂണ്ടിക്കാണിക്കപ്പെട്ടു. അതിനർഥം പാർട്ടി സംസ്ഥാന നേതൃത്വം സാമുദായിക മുൻവിധിയോടെ കാര്യങ്ങളെ വിലയിരുത്തുന്നു എന്നുതന്നെയാണ്. പൗരത്വ ഭേദഗതി സമരങ്ങളിൽ സാമുദായിക പാർട്ടികളെയും ചിഹ്നങ്ങളെയും അംഗീകരിക്കാനാവില്ലെന്ന മാറിയ നിലപാട് അതി​െൻറ ഭാഗമാണ്.

കൂടെനിൽക്കുന്നവർ പറഞ്ഞുകൊടുക്കുമോ?
ഇന്ത്യൻ നാഷനൽ ലീഗ്​, പേരിൽനിന്ന്​ ‘മുസ്​ലിം’ ഒഴിവാക്കിയ ശേഷവ​ും എത്രകാലം ഇടതുമുന്നണിയുടെ വാതിൽപുറത്ത് കാത്തുനിന്നു. ഇബ്രാഹിം സുലൈമാൻ സേട്ടി​െൻറ പിന്നിൽ ബാബരി വിഷയത്തിലുണ്ടായ ഒഴുക്കിൽ ജനകീയ വേർപിരിയലിനെ ഇരുകൈകളും നീട്ടി സ്വീകരിക്കാൻ സി.പി.എം തയാറായില്ല. ബാബരി വിഷയമെന്ന സാമുദായിക ഇഷ്യൂവാണ് സേട്ടി​െൻറ പ്രശ്നം എന്നതു മാത്രമായിരുന്നു അതിനു​ കാരണം. യഥാർഥത്തിൽ ബാബരി വിഷയത്തിൽ മതനിരപേക്ഷ സമൂഹം പ്രതികരിച്ചതിനപ്പുറം മൂർച്ചയൊന്നും സേട്ടി​െൻറ നിലപാടിലില്ലായിരുന്നു. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ ഐ.എൻ.എല്ലിനെ മുന്നണിയിൽ ചേർക്കുേമ്പാഴേക്കും പ​ഴയ പാർട്ടിയുടെ നിഴൽ മാത്രമായി മാറിയിരുന്നു ആ കക്ഷി.

കേരളത്തില്‍ ജനസംഖ്യയുടെ 26 ശതമാനം വരുന്ന മുസ്‌ലിംകളിലും 22 ശതമാനം വരുന്ന ക്രിസ്ത്യാനികളിലും പാര്‍ട്ടിക്ക് ഇനിയും ദുര്‍ബലമായ സ്വാധീനമാണ് എന്ന് കൊൽക്കത്ത പ്ലീനം ചൂണ്ടിക്കാട്ടിയത് ഇപ്പോഴും പാർട്ടിയുടെ രേഖയിലുണ്ട്. രേഖയിലുള്ള ഈ വസ്തുത മുന്നിൽവെച്ച് സമുദായങ്ങളുമായി അടുക്കാനല്ല പാർട്ടി ശ്രമിക്കുന്നത്. സമുദായത്തെ പാർട്ടിയിലേക്ക് അടുപ്പിക്കുക എന്നത് അവരുടെ മതപരമായ അസ്​തിത്വം മാറ്റിവെച്ചു കൊണ്ടാവില്ല എന്ന് സി.പി.എമ്മിനോട് ഓരംചേർന്ന് നിൽക്കുന്ന മുസ്​ലിം നേതൃത്വമാണ് ആദ്യം തിരിച്ചറിയേണ്ടത്. അവർ തിരിച്ചറിയാത്തതല്ല, തിരിച്ചറിഞ്ഞ കാര്യം പാർട്ടിയുടെ മുമ്പാകെ വെക്കാൻ അവരും സമുദായചാപ്പ വീഴുമോ എന്നു ഭയപ്പെടുന്നു. ഈ അപകർഷതാബോധത്തെയാണ് പാർട്ടിയിലെ സവർണ നേതൃത്വം മുതലെടുക്കുന്നത്.

Show Full Article
TAGS:muslim opinion malayalam news 
News Summary - CPM and muslim emblams-Kerala news
Next Story