Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപാർട്ടി പ്രമേയമാണ്...

പാർട്ടി പ്രമേയമാണ് സി.പി.എം പൊളിച്ചെഴുതേണ്ടത്​ 

text_fields
bookmark_border
cpim
cancel
ഇന്നത്തെ സംവരണാവകാശങ്ങളുടെ അടിത്തറ 1932 ആഗസ്​റ്റ്​ 16 ന് പ്രഖ്യാപിക്കപ്പെട്ട ‘കമ്യൂണൽ അവാർഡാ’ണ്. ഇതിനെപറ്റി ഡോ. ബി.ആർ. അംബേദ്കർ അഭിപ്രായപ്പെട്ടത്​ സാമൂഹിക യാഥാർഥ്യങ്ങളെ കണക്കിലെടുക്കാത്ത രാഷ്​ട്രീയ നേതൃത്വങ്ങളോടുള്ള ‘പ്രതികാര യുക്​തി’ എന്നാണ്. അതായത്; സാമൂഹിക യാഥാർഥ്യങ്ങളെ അവഗണിക്കുകയും തങ്ങളുടെ രാഷ്​ട്രീയ നയപരിപാടികളെ അവസാന വാക്കായി കരുതുകയും ചെയ്ത കോൺഗ്രസ്​ മുതൽ സോഷ്യലിസ്​റ്റുകൾ വരെയുള്ള കക്ഷികളുടെ നിലപാടുകളെ തകിടം മറിച്ചുകൊണ്ടാണ് കമ്യൂണൽ അവാർഡ് നിലവിൽ വന്നത്. ഇത് ഉണ്ടാക്കിയ ദൂരവ്യാപകമായ തിരിച്ചടികളെ ‘സാമുദായികമായ സ്​തംഭനാവസ്​ഥ’ എന്ന വാക്കുകൊണ്ടാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

ഇടതുപക്ഷ സർക്കാർ ദേവസ്വം ബോർഡ് നിയമനങ്ങളിൽ ‘മുന്നാക്കക്കാരിലെ പാവപ്പെട്ടവർക്ക്’ പത്ത് ശതമാനം സംവരണം നടപ്പിലാക്കാനുള്ള തീരുമാനം എടുത്തത് സാമ്പത്തികസംവരണത്തെ ഒളിച്ചുകടത്താനാണെന്ന വസ്​തുത സമൂഹത്തിലെ ദലിത്–പിന്നാക്ക സമുദായങ്ങളും മുസ്​ലിം–കീഴാള ൈക്രസ്​തവ മതസ്​ഥരും മാത്രമല്ല, സ്വതന്ത്ര നിലപാടുള്ള നിരവധി സവർണ പൊതുവ്യക്​തിത്വങ്ങളും തിരിച്ചറിഞ്ഞു കഴിഞ്ഞു. മാത്രമല്ല, ഈ തീരുമാനം ഒരു പ്രതികാരയുക്​തിയായി തങ്ങളെതന്നെ വേട്ടയാടുന്നതായി മാർക്സിസ്​റ്റുകൾക്കും അനുഭവപ്പെടുന്നുണ്ടെന്നും തോന്നുന്നു.  2017 നവംബർ 24ന്​ പ്രമുഖ പത്രങ്ങളിലൂടെ കോടിയേരി– കടകംപള്ളിമാർ നടത്തിയ വിശദീകരണകുറിപ്പുകൾ വായിച്ചാൽ ഇത്രയുമാണ് മനസ്സിലാവുന്നത്. പതിവുപോലെ; തങ്ങളുടെ വിപ്ലവാത്്മക തീരുമാനത്തെ ജാതി– മത–വർഗീയ ശക്​തികൾ തുരങ്കം വെക്കുകയാണെന്ന കുറ്റാരോപണം തന്നെയാണ് രണ്ടുപേരും ഉന്നയിച്ചിട്ടുള്ളത്. ഇവരുടെ അതേ ഭാഷയിൽ സംസാരിച്ചുകൊണ്ട് എൻ.എസ്​.എസി​​െൻറ വക്​താവും രംഗത്ത് വന്നിട്ടുണ്ടെന്നത് യാദൃച്ഛികമല്ല. കേരളത്തിൽ ജാതി–മത–വർഗീയതകളുടെ കളങ്കമില്ലാത്തവർ, മാർക്സിസ്​റ്റ്​ പാർട്ടിക്കാരും പിന്നെ കരയോഗ പ്രമാണികളും മാത്രമാണല്ലോ.

എത്ര ‘വിപ്ലവാത്മക’മാക്കിയാലും നിങ്ങൾ ഭരണഘടനക്കെതിരെ പ്രവർത്തിക്കുകയാണെന്നും സാമൂഹിക നീതി സങ്കൽപങ്ങളെ സമൂഹത്തിലെ ആഭിജാത വിഭാഗങ്ങൾക്ക് വേണ്ടി വെട്ടിനിരത്തുകയുമാണെന്നുമുള്ള വസ്​തുത ബാക്കി നിൽക്കുന്നു. കോടിയേരി പറയുന്നത്, 1990 നവംബർ നാലിന്​ സി.പി.എം കേന്ദ്രകമ്മിറ്റി അംഗീകരിച്ച പ്രമേയത്തി​​െൻറ അടിസ്​ഥാനത്തിലാണ് ഈ നിലപാട് എടുത്തതെന്നാണ്. ഈ പ്രമേയമെന്താ ദൈവകൽപനയാണോ? ഇന്ത്യയിലെ ജാതി വ്യവസ്​ഥയെ പറ്റിയും മതപരമായ അപരത്വവത്​കരണങ്ങളെപറ്റിയും ലിംഗവിവേചനങ്ങളെ പറ്റിയും വളരെ വിദൂരമായ തിരിച്ചറിവുകൾ മാത്രമുള്ള, എന്നാൽ രാഷ്​ട്രീയമായ ദുശ്ശാഠ്യങ്ങൾ മുഴച്ചു നിൽക്കുന്ന ഒന്നാണ് ആ പ്രമേയമെന്ന് അത് ഒരാവർത്തി വായിക്കുന്ന ആർക്കും മനസ്സിലാകും. ഇത്തരം പ്രമേയങ്ങൾക്ക് അംഗീകാരം കൊടുക്കുന്ന പോളിറ്റ് ബ്യൂറോ എന്ന സംവിധാനത്തിൽ ഉന്നത ജാതിക്കാർക്ക് മാത്രമേ ശബ്​ദമുള്ളൂ എന്ന വിമർശനം പൊതുജനമധ്യത്തിൽ ശക്​തമായി ഉയർന്നിട്ടുണ്ട്. പാർട്ടി പ്രമേയങ്ങളെ മാത്രമല്ല നയങ്ങളെയും പരിപാടികളെയും യഥാസമയങ്ങളിൽ പൊളിച്ചെഴുതാത്തതി​​െൻറ പാപ്പരത്തമാണ് കോടിയേരിയുടെ വാക്കുകളിൽ ഉള്ളതെന്ന് പറയാതെ വയ്യ.ലിബറൽ ജനാധിപത്യത്തിൽ കീഴാള–അപര ജനതകൾക്ക് വേണ്ടി കരാർ ചെയ്യപ്പെട്ടിട്ടുള്ള സാമൂഹിക നീതിയുടെ ഭാഗമായാണ് സംവരണം നിലനിൽക്കുന്നത്. ഇതിലേക്ക് വർഗസമരത്തെപറ്റിയുള്ള ജനപ്രിയമായ വിശുദ്ധ നുണകൾ അടിച്ചേൽപിക്കുന്നതിലൂടെ, ജനാധിപത്യമെന്ന കരാർസംവിധാനത്തെ തന്നെയാണ് ഇവർ അസ്​ഥിരപ്പെടുത്താൻ ശ്രമിക്കുന്നത്. പാവപ്പെട്ട മുന്നാക്കക്കാരെ പരിഗണിക്കാൻ ആവശ്യമെങ്കിൽ പ്രത്യേകമായ ക്ഷേമപദ്ധതികൾ പ്രഖ്യാപിക്കുകയാണ് വേണ്ടത്. അതിനുപകരം സാമൂഹിക സങ്കൽപങ്ങളെയും ഭരണഘടന വകുപ്പുകളെയും തകിടം മറിക്കുന്നതിലൂടെ മുന്നാക്ക വിഭാഗങ്ങളെ പുതിയൊരു ആഭിജാത സമൂഹമാക്കി മാറ്റുക എന്ന സാംസ്​കാരികമായ അധമപ്രവൃത്തിയാണ് ഇവർ ചെയ്യുന്നത്. ഇപ്പോൾതന്നെ തൊണ്ണൂറുശതമാനത്തോളം മുന്നോക്കക്കാർക്ക് പ്രാതിനിധ്യമുള്ള ദേവസ്വംബോർഡിൽ എൻ.എസ്​.എസ്​ നിർദേശപ്രകാരം പുതിയൊരു പത്ത് ശതമാനവും കൂടി നൽകുന്നതിലൂടെ മറ്റെന്താണ് സംഭവിക്കുന്നത്? ജനസംഖ്യയിൽ ബഹുഭൂരിപക്ഷമുള്ള അവർണർക്ക് എട്ട് ശതമാനം സംവരണ തോത് വർധിപ്പിക്കുകയും പതിനഞ്ച് ശതമാനത്തിൽ താഴെയുള്ള സവർണർക്ക് പത്ത് ശതമാനം കൊടുക്കുകയും ചെയ്തിട്ടുണ്ട് എന്നതിനെ മഹാകാര്യമായിട്ടാണ്​ പറയുന്നത്. ഇതേസമയം വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്​.സിക്ക് വിടുമ്പോൾ മുസ്​ലിംകൾക്ക് പ്രത്യേക പരിഗണനകൾ എന്തെങ്കിലും ആവശ്യമുണ്ടോ എന്ന കാര്യം പരിഗണിച്ചിട്ടുപോലുമില്ലെന്നതും ശ്രദ്ധേയമാണ്. 

ബംഗാളിൽ കോർപറേറ്റുകൾക്കും വരേണ്യർക്കുംവേണ്ടി സാമൂഹികനീതിയെ ബലികൊടുക്കുകയും കീഴാളരെയും മുസ്​ലിംകളെയും അകറ്റിമാറ്റുകയും ചെയ്തതി​​െൻറ തിരിച്ചടി പ്രത്യക്ഷപ്പെട്ടത് സിംഗൂരിൽ​െവച്ചാണ്. കേരളത്തിലാവട്ടെ, സംഘ്​പരിവാറിനെ എതിർക്കാനെന്ന പേരിൽ സ്വയം സംഘ്​പരിവാറായി മാറുക എന്ന നിയോഗമാണ് മാർക്സിസ്​റ്റ്​ പാർട്ടി ഏറ്റെടുത്തിട്ടുള്ളത്. ഇതിനുവേണ്ടി മുന്നാക്കക്കാർക്കുള്ള പ്രിവിലേജുകളെ വർധിപ്പിക്കുന്നതിനൊപ്പം ദലിത്–പിന്നാക്ക സമുദായങ്ങളെയും മുസ്​ലിം–കീഴാള ൈക്രസ്​തവ മതസ്​ഥരെയും വെറും കാഴ്ചക്കാരും കൈയടിക്കുന്നവരുമാക്കി മാറ്റേണ്ടതും അത്യാവശ്യമാണ്. ഇത്തരം ബ്രാഹ്​മണിക് യുക്​തികൾ എങ്ങനെയാണ് തങ്ങൾക്കുനേരെതന്നെ തിരിച്ചടിക്കുന്നതെന്ന കാര്യമാണ് മാർക്സിസ്​റ്റുകൾക്ക് മനസ്സിലാകാത്തത് എന്നു തോന്നുന്നു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpimopinionmalayalam newsdalith community
News Summary - CPIM and dalith community -opinion
Next Story