Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകോവിഡ്​ പാക്കേജിലൂടെ...

കോവിഡ്​ പാക്കേജിലൂടെ മോദി സർക്കാർ ഒളിച്ചുകടത്തുന്നത്​...

text_fields
bookmark_border
കോവിഡ്​ പാക്കേജിലൂടെ മോദി സർക്കാർ ഒളിച്ചുകടത്തുന്നത്​...
cancel

മെയ് 13ാം തിയതി രാത്രി എട്ട്​ മണിക്ക് പ്രധാന മന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് കോവിഡ് ദുരിതാശ്വാസ പാക്കേജ് എന്ന നിലയില്‍ 20 ലക്ഷം കോടിയുടെ പദ്ധതി പ്രഖ്യാപിക്കുകയുണ്ടായി. ഇതി​​െൻറ വിശദാംശങ്ങള്‍ ധനമന്ത്രി വിശദീകരിക്കുമെന്ന് പറഞ്ഞ മോദി ഇതോടൊപ്പം രണ്ട് സുപ്രധാന വീക്ഷണങ്ങള്‍ കൂടി അവതരിപ്പിച്ചു. അതിലൊന്ന് 'പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റുക' എന്നതും, മറ്റൊന്ന് 'ആത്മനിര്‍ഭര്‍ ഭാരത്' എന്നതുമായിരുന്നു. നിർമല സീതാരാമന്‍ തുടര്‍ന്നുള്ള അഞ്ച് ദിവസങ്ങളിലായി നടത്തിയ കോവിഡ് പാക്കേജില്‍ പ്രധാനമന്ത്രി സൂചിപ്പിച്ച രണ്ട് സവിശേഷ കാഴ്ചപ്പാടുകളും എങ്ങിനെയാണ് പ്രതിഫലിപ്പിക്കപ്പെടുക എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. അതി​​െൻറ വിശദാംശങ്ങളിലേക്ക് കടക്കും മുമ്പ് പ്രധാനമന്ത്രി മുന്നോട്ടുവെച്ച ഈ രണ്ട് സവിശേഷ കാഴ്ചപ്പാടുകളുടെയും ആഖ്യാനങ്ങളുടെയും പശ്ചാത്തലം കൂടി വിലയിരുത്തേണ്ടതുണ്ട്.

'പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റുക' എന്ന മുദ്രാവാക്യം ഇതിന് മുമ്പ് നാം കേള്‍ക്കുന്നത്, സ്വതന്ത്ര മുതലാളിത്തത്തി​​െൻറ ഏറ്റവും ശക്തനായ വക്താവായ മില്‍ട്ടണ്‍ ഫ്രീഡ്​മാനില്‍ നിന്നാണ്. ഉത്പാദനത്തിലും വിപണിയിലുമുള്ള എല്ലാ ഗവണ്‍മ​​െൻറ് കൈകടത്തലുകളും ഒഴിവാക്കാനുള്ള നിർദേശങ്ങളായിരുന്നു നിയോലിബറല്‍ സാമ്പത്തിക ചിന്തകളുടെ ശക്തനായ വക്താക്കളില്‍ ഒരാളായ ഫ്രീഡ്​മാൻ ആവശ്യപ്പെട്ടത്. പ്രതിസന്ധികള്‍ മാത്രമാണ് മാറ്റങ്ങള്‍ ഉണ്ടാക്കുന്നതെന്ന് ഫ്രീഡ്​മാൻ പറയുന്നു.  പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റണമെന്ന് നരേന്ദ്ര മോദി ആവശ്യപ്പെടുമ്പോള്‍, അതിനായി പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ ആര്‍ക്കുള്ള അവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത് എന്ന് നമുക്ക് വഴിയേ ബോധ്യമാകും.

പ്രതിസന്ധികള്‍ സംഭവിക്കുമ്പോള്‍ ചുറ്റിലും കാണാന്‍ കഴിയുന്ന ആശയങ്ങളില്‍ നിന്നുമാണ് പ്രവര്‍ത്തന പദ്ധതികള്‍ തയാറാക്കേണ്ടതെന്ന് ഫ്രീഡ്​മാൻ പറയുന്നത് അക്ഷരം പ്രതി ‘അനുസരിക്കുക’യാണ് പ്രധാനമന്ത്രി. അദ്ദേഹത്തിന്റെ 'ആത്മനിര്‍ഭരത' നരേറ്റീവ്‌സിനെ കൂടുതല്‍ ആഴത്തില്‍ പരിശോധിച്ചാല്‍ അത് നമുക്ക് ബോദ്ധ്യപ്പെടും. കഴിഞ്ഞ ആറ് ആഴ്ചക്കാലമായി, അക്ഷരാര്‍ത്ഥത്തില്‍ നിരാലംബരായിക്കഴിഞ്ഞിരിക്കുകയാണ് ഇന്ത്യയിലെ കോടിക്കണക്കായ കുടിയേറ്റ തൊഴിലാളികളും കര്‍ഷകരും മറ്റും. തൊഴിലും ഭക്ഷണവുമില്ലാതെ, സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ വഴിയില്ലാതെ, കോടിക്കണക്കായ ജനങ്ങള്‍ നൂറുകണക്കിന് കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിക്കുകയാണ്. ഗ്രാമീണ മേഖലയില്‍ ദാരിദ്ര്യം രൂക്ഷമാകാന്‍ തുടങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. മധ്യവർഗ വിഭാഗങ്ങള്‍ അവരുടെ കാര്യങ്ങള്‍ സ്വന്തം നിലയില്‍ ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു.

migrant-labour-752012.jpg

ഗതികെട്ട മനുഷ്യര്‍ സ്വന്തം നിലയില്‍ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍, അതിനെ ഒരാഘോഷമോ മുദ്രാവാക്യമോ ആക്കി മാറ്റുകയാണ് 'ആത്മനിര്‍ഭര്‍ ഭാരത്' എന്ന മുദ്രാവാക്യത്തിലൂടെ പ്രധാനമന്ത്രി ചെയ്യുന്നത്. പുത്തന്‍ മുദ്രാവാക്യ-ആഖ്യാന നിർമിതികളില്‍ വിദഗ്ദ്ധനായ നരേന്ദ്രമോദി പ്രതിസന്ധിയെ അക്ഷരാര്‍ത്ഥത്തില്‍ അവസരങ്ങളാക്കി മാറ്റുക തന്നെയാണ് ചെയ്യുന്നത്. കഴിഞ്ഞ ആറ് വര്‍ഷക്കാലയളവിലെ തുഗ്ലക്കിയന്‍ പരിഷ്‌കാരങ്ങളിലൂടെ തകര്‍ന്ന് തരിപ്പണമാക്കപ്പെട്ട സമ്പദ്‌വ്യവസ്ഥയുടെ തകര്‍ച്ചക്ക് ഉത്തരവാദിയായി കോവിഡിനെ പ്രഖ്യാപിക്കാനുള്ള അവസരമാക്കി, ബാക്കിയായ പൊതുമേഖല പൂർണമായും സ്വകാര്യമേഖലയുടെ കൈകളിലേക്ക് ഏല്‍പ്പിച്ചുകൊടുക്കാന്‍ ഈ പ്രതിസന്ധി ഘട്ടത്തെ പ്രയോജനപ്പെടുത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്.

​പാക്കേജിൽ പൊതിഞ്ഞ നുണകൾ
മുകളില്‍ സൂചിപ്പിച്ച കാര്യങ്ങള്‍ കോവിഡ് പാക്കേജുകളിലൂടെ എങ്ങിനെയാണ് നിര്‍വഹിക്കുന്നതെന്ന് നോക്കാം.കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ചു പോന്ന 20 ലക്ഷം കോടിയുടെ കോവിഡ് പാക്കേജില്‍ നിന്ന് ദുരിതമനുഭവിക്കുന്ന ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് എന്ത് കിട്ടും എന്ന പത്രപ്രതിനിധികളുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് നിർമലസീതാരാമന്‍ നല്‍കിയ മറുപടി എല്ലാം പത്ര കുറിപ്പിലുണ്ടെന്നും അവ പരിശോധിക്കാനുള്ള ക്ഷമ കാണിക്കൂ എന്നുമായിരുന്നു. അതനുസരിച്ച് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പുറത്തിറക്കിയ അഞ്ച് ദിവസത്തെ പത്രക്കുറിപ്പിലൂടെ കടന്നുപോയപ്പോള്‍ ദുരിതാശ്വാസ പാക്കേജെന്ന നിലയില്‍ ഇന്ത്യയിലെ 50 കോടിയോളം വരുന്ന തൊഴിലാളികള്‍ക്കും, 20 കോടിയോളം വരുന്ന കര്‍ഷകര്‍ക്കും 1.5 കോടിയോളം വരുന്ന മത്സ്യത്തൊഴിലാളികള്‍ക്കും ആദിവാസി വിഭാഗങ്ങള്‍ക്കുമായി നീക്കിവെച്ച തുക 38,600 കോടി രൂപ മാത്രമാണ് എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ജന്‍ധന്‍ അക്കൗണ്ടുകള്‍ വഴി 500 രൂപ നല്‍കുന്നതും, റേഷന്‍ ലഭ്യമാക്കുന്നതും കിസാന്‍ സമ്മാന്‍ പദ്ധതിയുടെ ഭാഗമായി കര്‍ഷകരുടെ അക്കൗണ്ടിലേക്കെത്തിക്കുന്ന തുകകളും ഉള്‍പ്പെടെയാണിത്. കൊട്ടിഘോഷിക്കപ്പെട്ട 20 ലക്ഷം കോടി രൂപയുടെ 1.93% മാത്രമാണ് ഈ തുക.

അഞ്ച് വിഭാഗങ്ങളിലായി 20,97,053 കോടി രൂപയുടെ പദ്ധതികളാണ് അഞ്ച് ദിവസങ്ങളിലായി ധനമന്ത്രി അവതരിപ്പിച്ചത്. അതില്‍ പാര്‍ട്ട് ഒന്നില്‍ അണുകിട-ചെറുകിട-മധ്യനിര വ്യവസായങ്ങള്‍, വൈദ്യുത വിതരണ കമ്പനികള്‍, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍, നികുതി ഇളവുകള്‍, തൊഴിലാളികളുടെ പ്രൊവിഡൻറ് ഫണ്ട് കിഴിവ് എന്നിവക്കായ് 5,94,550 കോടി രൂപ നീക്കിവെച്ചതായി കാണാം. പാര്‍ട്ട് രണ്ടില്‍, കുടിയേറ്റ തൊഴിലാളികള്‍ക്കും മറ്റുമുള്ള സൗജന്യ ഭക്ഷ്യധാന്യ വിതരണം, മുദ്ര ശിശു ലോണി​​െൻറ പലിശ ഇളവ്, തെരുവോര കച്ചവടക്കാര്‍ക്കുള്ള പ്രത്യേക ലോണ്‍, നബാര്‍ഡിനുള്ള അടിയന്തര പ്രവര്‍ത്തന മൂലധനം, കിസാന്‍ ക്രെഡിറ്റ് പദ്ധതി വഴി കൂടുതല്‍ ലോണ്‍ സഹായം എന്നിവയ്ക്കായ് 3,10,000 കോടി രൂപ നീക്കിവെക്കുകയുണ്ടായി. പാര്‍ട്ട് മൂന്നില്‍, ചെറുകിട ഭക്ഷ്യോത്പാദന സംരംഭങ്ങള്‍, മത്സ്യമേഖല, തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ് തുടങ്ങിയവയ്ക്കായ് പ്രത്യേക പദ്ധതി, കാര്‍ഷിക പശ്ചാത്തല വികസന ഫണ്ട്, മൃഗപരിപാലനം, ഔഷധച്ചെടി വളര്‍ത്തല്‍, തേനീച്ച വളര്‍ത്തല്‍ എന്നിവയ്ക്കായ് 1,50,000 കോടി രൂപ നീക്കിവെച്ചു. പാര്‍ട്ട് 4, 5 എന്നിവയില്‍ രോഗാതുരമായ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിനായുള്ള വയബിലിറ്റി ഗ്യാപ് ഫണ്ട്, ദേശീയ തൊഴിലുറപ്പ് പദ്ധതിക്കുള്ള അധിക നീക്കിയിരിപ്പ് തുടങ്ങിയവയ്ക്ക് 48,100 കോടി രൂപയുമാണ് നീക്കിവെച്ചിരിക്കുന്നതെന്ന് കാണാം.

മേല്‍പ്പറഞ്ഞ അഞ്ച് വിഭാഗങ്ങളിലുമായി 11,02,650 കോടി രൂപയുടെ പദ്ധതികളെക്കൂടാതെ പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ പദ്ധതിയിലൂടെ മുമ്പ് പ്രഖ്യാപിച്ച 1,92,800 കോടി രൂപ, ലിക്വിഡിറ്റി പ്രതിസന്ധി പരിഹരിക്കുന്നതിനായി റിസര്‍വ്വ് ബാങ്ക് പ്രഖ്യാപിച്ച 8,01, 603 കോടി രൂപ എന്നിവയും ഉള്‍പ്പെടെയാണ് 20,97,053 കോടി രൂപയുടെ പദ്ധതികള്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഈ പദ്ധതികളെ സ്ഥൂലാര്‍ത്ഥത്തില്‍ പരിശോധിച്ചാല്‍ തന്നെയും ഇവയൊന്നും തന്നെ ഒരു ദുരിതാശ്വാസ നടപടികളായി കണക്കാക്കാന്‍ കഴിയില്ല. പശ്ചാത്തല വികസനം, കടമെടുക്കാനുള്ള സൗകര്യം, ലിക്വിഡിറ്റി പ്രതിസന്ധി കൈകാര്യം ചെയ്യല്‍ തുടങ്ങിയവ വിശക്കുന്ന വയറുകള്‍ക്ക് താങ്ങാവുകയില്ലെന്ന് മനസ്സിലാക്കാന്‍ വലിയ ധനതത്വശാസ്ത്ര ബോധമൊന്നും ആവശ്യമില്ല.  ഇത്തരം ഗിമ്മിക്കുകള്‍ക്കൊക്കെയും പുറമെ പാര്‍ലമെന്ററി ജനാധിപത്യത്തെ വെല്ലുവിളിച്ചുകൊണ്ട് നിരവധി നയപരമായ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്താനും ഈ ലോക്​ഡൗണ്‍ കാലം വിനിയോഗിച്ചതായി കാണാം. 

defence-sector

ആത്മനിര്‍ഭരതയെക്കുറിച്ച് സംസാരിക്കുന്ന പ്രധാനമന്ത്രി ഇന്ത്യയുടെ പ്രതിരോധ മേഖലയിലെ വിദേശ നിക്ഷേപത്തി​​െൻറ തോത് 49% ത്തില്‍ നിന്നും 74% ആയി ഉയര്‍ത്തുകയാണ് ചെയ്യുന്നത്. ഖനന മേഖലയില്‍ കൂടുതല്‍ സ്വകാര്യവല്‍ക്കരണം നടത്താനും 500ഓളം ഖനികള്‍ സ്വകാര്യ കമ്പനികള്‍ക്ക് ലേലത്തിന് നല്‍കാനും തീരുമാനിക്കുകയുണ്ടായി. ആണവ മേഖലയിലടക്കം പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ആണവ ഗവേഷണ നിലയങ്ങള്‍, ഭക്ഷ്യ സംസ്‌കരണ പദ്ധതികള്‍ എന്നിവ ആരംഭിക്കുമെന്നും കോവിഡ് പാക്കേജിലുള്‍പ്പെടുത്തി പ്രഖ്യാപിക്കുവാന്‍ സര്‍ക്കാരിന് മടിയുണ്ടായില്ല.  

ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ പദ്ധതികള്‍ ഏതൊക്കെ മേഖലയില്‍ എങ്ങിനെ പ്രയോജനപ്പെടുമെന്ന് കൂടി പരിശോധിക്കുന്നത് നന്നായിരിക്കും.

കാര്‍ഷിക മേഖല
കോവിഡ് ബാധക്ക് മുന്നെ തന്നെ ഇന്ത്യയിലെ മേഖലാടിസ്ഥാനത്തിലുള്ള ആത്മഹത്യകളുടെ കണക്കെടുത്താല്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ കാര്‍ഷിക മേഖലയിലാണെന്നത് വസ്തുതയാണ്. പ്രതിദിനം 40 പേര്‍ എന്ന നിലയിലാണ് രാജ്യത്ത് കര്‍ഷക ആത്മഹത്യകള്‍ നടക്കുന്നത്! ആറാഴ്ചക്കാലമായി തുടരുന്ന സമ്പൂര്‍ണ്ണ അടച്ചുപൂട്ടല്‍ ഏറ്റവും കൂടുതല്‍ ബാധിച്ച മേഖലയും ഇതുതന്നെ. റാബി വിളകള്‍ കൊയ്യുകയും ഖാരിഫ് വിളകള്‍ക്ക് വേണ്ട തയ്യാറെടുപ്പുകള്‍ നടത്തുകയും ചെയ്യേണ്ട  മാര്‍ച്ച്-ഏപ്രില്‍-മെയ് മാസക്കാലയളവിലാണ് ലോക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടത് എന്നതുകൊണ്ടുതന്നെ കാര്‍ഷിക മേഖലയിലെ നഷ്ടം അതിഭീകരമാണ്. അസീം പ്രേംജി യൂണിവേഴ്​സിറ്റി അടുത്തിടെ നടത്തിയ സര്‍വ്വേ പ്രകാരം രാജ്യത്ത് 63% കര്‍ഷകര്‍ക്ക് മാത്രമേ വിളവെടുപ്പ് നടത്താന്‍ സാധിച്ചുള്ളൂ എന്ന് കണക്കാക്കുന്നു. വിള ന്യായ വിലയ്ക്ക് വില്‍ക്കാന്‍ സാധിക്കാതെ വരിക, കെട്ടിക്കിടക്കുക തുടങ്ങിയ നിരവധി പ്രതിസന്ധികള്‍ ഈ കാലയളവില്‍ കര്‍ഷകര്‍ അനുഭവിക്കുകയുണ്ടായി. ഈയൊരു സീസണില്‍ മാത്രം ഇന്ത്യയിലെ കര്‍ഷകര്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് പ്രമുഖ കാര്‍ഷിക സമ്പദ്​ശാസ്ത്ര വിദഗ്ദ്ധനും കര്‍ഷക നേതാവുമായ അവിക് സാഹ അഭിപ്രായപ്പെടുന്നു. ഇത്രയും ഗുരുതരമായ നഷ്ടം സംഭവിച്ചു കഴിഞ്ഞിരിക്കുന്ന ഈ മേഖലയെ സഹായിക്കുന്നതിനായി ധനമന്ത്രി പ്രഖ്യാപിച്ച പദ്ധതികള്‍ യഥാര്‍ത്ഥത്തില്‍ അവരെ പരിഹസിക്കുന്നവയാണെന്ന് പറയേണ്ടതുണ്ട്.

farmers 23

കാര്‍ഷിക മേഖലയെ സഹായിക്കുന്നതിനായി മൂന്നാം ദിവസം 18,000 കോടി രൂപയുടെ പദ്ധതികളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ പശ്ചാത്തലവികസനം തൊട്ട് മൃഗരോഗ നിയന്ത്രണ പദ്ധതികള്‍ വരെ ഉള്‍പ്പെടും. ഈ പദ്ധതികളൊന്നും തന്നെ കര്‍ഷകരുടെ അടിയന്തിര സഹായത്തിനെത്തുകയില്ലെന്നത് വ്യക്തമാണ്. പിഎം. കിസാന്‍ പദ്ധതിയിലൂടെ 18,600 കോടി രൂപ രണ്ട് മാസക്കാലയളവില്‍ കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് എത്തിയിട്ടുണ്ടെന്നാണ് ധനമന്ത്രി അവകാശപ്പെട്ടത്. എന്നാല്‍ പി.എം കിസാന്‍ പദ്ധതി കോവിഡ് ബാധയ്ക്ക് മുന്നെ തന്നെ തയ്യാറാക്കപ്പെട്ട, 2020-21 കാലയളവിലെ ബജറ്റില്‍ പ്രഖ്യാപിക്കപ്പെട്ട, കര്‍ഷകര്‍ക്ക് ന്യായമായും ലഭിക്കേണ്ട പദ്ധതിയാണ് എന്ന കാര്യം വിസ്മരിച്ചുകൊണ്ടാണ് ഈ പ്രഖ്യാപനം നിര്‍മ്മലാ സീതാരാമന്‍ നടത്തുന്നത്! ഇതേ രീതിയില്‍ 2018 മുതല്‍ 2020 വരെയുള്ള ബജറ്റുകളില്‍ പ്രഖ്യാപിക്കപ്പെട്ട നിരവധി പദ്ധതികള്‍ യാതൊരു ലജ്ജയുമില്ലാതെ ആവര്‍ത്തിക്കുക മാത്രമാണ് മന്ത്രി ചെയ്തിരിക്കുന്നതെന്ന് കാണാം. ഉദാഹരണത്തിന്, ഔഷധച്ചെടി വളര്‍ത്തലിന് 4000 കോടി രൂപ, തേനീച്ച വളര്‍ത്തലിന് 500 കോടി രൂപ എന്നിവയും 2020-21ലെ ബജറ്റ് പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തിയവ മാത്രമാണ്.

ചെറുകിട ഭക്ഷ്യോത്പാദന സംരംഭങ്ങള്‍ക്ക് 10,000 കോടി രൂപ, പശുക്കളുടെ കുളമ്പ് രോഗ നിയന്ത്രണത്തിനും പാലുല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനും മറ്റുമായി 15,000 കോടി രൂപയും നീക്കിവെച്ചതായി മന്ത്രി പറയുന്നു. എന്നാലതേ സമയം ദേശീയ മൃഗരോഗ നിയന്ത്രണ പരിപാടിയുടെ (National Animal Disese Conrtol Programe 2019 ) ഭാഗമായി 2018-2019 ബജറ്റില്‍ അഞ്ച് വര്‍ഷക്കാലാവധിയായി 13,343 കോടി രൂപ നീക്കിവെച്ചതിനെയാണ് പുതിയ രീതിയില്‍ അവതരിപ്പിക്കുന്നതെന്ന് അധികമാരും ശ്രദ്ധിച്ചുകാണില്ല. ഈ പറഞ്ഞ പദ്ധതികളൊക്കെയും എങ്ങിനെയാണ് അടിയന്തിര ദുരിതാശ്വാസമായി മാറുന്നതെന്ന് ചോദിക്കാന്‍ ധൈര്യമുണ്ടായിരുന്ന ഒരൊറ്റ മാധ്യമപ്രവര്‍ത്തകനെയും കാണാന്‍ സാധിച്ചില്ല എന്നത് മറ്റൊരു ദുഃഖസത്യം! എണ്ണക്കുരുക്കള്‍, പയറുവര്‍ഗങ്ങള്‍ എന്നീ കാര്‍ഷികോല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി 6,700 കോടി രൂപ പാക്കേജില്‍ മാറ്റിവെച്ചിട്ടുണ്ടെന്ന് പറയുമ്പോള്‍ മേല്‍പ്പറഞ്ഞ വിളകളുടെ സംഭരണത്തിനായി സംസ്ഥാനങ്ങള്‍ നിരന്തരമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന തുകയാണിതെന്ന് പലര്‍ക്കും അറിയില്ല.

കര്‍ഷകര്‍ക്ക് ഗുണം ലഭിച്ചാലും ഇല്ലെങ്കിലും വന്‍കിട വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും ഗുണം ലഭിക്കുന്ന പല പരിഷ്‌കാരങ്ങളും കോവിഡിന്റെ മറവില്‍ തിരുകിക്കയറ്റാനുള്ള ശ്രമങ്ങള്‍ ഈ പദ്ധതി പ്രഖ്യാപനങ്ങളിലെങ്ങും കാണാന്‍ സാധിക്കും. അവശ്യ സാധന നിയമം ഭേദഗതി ചെയ്യാനുള്ള തീരുമാനങ്ങളിലൊന്ന് അതാണ് സൂചിപ്പിക്കുന്നത്. കര്‍ഷകര്‍ക്ക് ഇന്ത്യയിലെവിടെയും വിപണിയുമായി നേരിട്ട് ബന്ധപ്പെടാനുതകുന്ന രീതിയില്‍ നിയമം ഭേദഗതി ചെയ്യാന്‍ പോകുകയാണെന്നാണ് ധനമന്ത്രി ആവേശത്തോടെ പറഞ്ഞിരിക്കുന്നത്. എന്നാല്‍ ആവശ്യ സേവനം നിയമം (Essential Goods Act ) നിലനില്‍ക്കുന്നതുകൊണ്ടുമാത്രമാണ് കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കുന്നതെന്ന വസ്തുതയെപ്പോലും നിരാകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇന്ത്യയിലെ സാധാരണ കര്‍ഷകര്‍ക്ക് വാള്‍മാര്‍ട്ടുമായി വിലപേശാനുള്ള അവസരമാണ് ലഭിക്കുന്നതെന്നാണ് ധനമന്ത്രിയുടെ അവകാശവാദം. വാള്‍മാര്‍ട്ടുപോലുള്ള വിപണ ശൃംഖലകളുടെ പ്രവര്‍ത്തന ചരിത്രം അറിയുന്ന, വെളിവും വിവേകവുമുള്ള ഒരാള്‍പോലും ഇത്തരത്തിലുള്ള അവകാശം ഉന്നയിക്കുകയില്ല. ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കളും പണവും എത്തിക്കുക എന്ന അടിസ്ഥാന ധര്‍മ്മം നിര്‍വ്വഹിക്കുന്നതിന് പകരം ക്ലസ്റ്റര്‍ അടിസ്ഥാന സമീപനം, പശ്ചാത്തല സൗകര്യ വികസനം, കടമെടുക്കാനുള്ള സൗകര്യം എന്നിവ ഏര്‍പ്പെടുത്തി എന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നത്. തികച്ചും ഹൃദയശൂന്യമായ നടപടികള്‍ എന്നല്ലാതെ എന്താണ് ഇതിനെ വിശേഷിപ്പിക്കുക?

ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍
ഇന്ത്യയിലെ 50 കോടിയോളം വരുന്ന തൊഴില്‍ സേനയില്‍ 90ശതമാനവും പ്രവര്‍ത്തിക്കുന്നത് അസംഘടിത മേഖലയിലാണ്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ 60%ത്തില്‍ കൂടുതല്‍ സംഭാവന ചെയ്യുന്നത് അസംഘടിത വ്യവസായ മേഖലയാണെന്നതും വസ്തുതയാണ്. ചെറുകിട-ഇടത്തരം-മധ്യ (Micro Small Medium Indutsrise - MSME ) വിഭാഗത്തില്‍ പെടുന്ന വ്യവസായ മേഖല ഇന്ത്യയുടെ ആഭ്യന്തര മൊത്തോല്‍പാദനത്തില്‍ 30% ആണ് നല്‍കുന്നത്. വ്യാവസായിക തൊഴിലാളികളില്‍ 50%വും തൊഴില്‍ ചെയ്യുന്നത് ഈ മേഖലയിലാണ്. ഈ വ്യവസായ മേഖല മോദിയുടെ കഴിഞ്ഞ ആറ് വര്‍ഷക്കാല പ്രവര്‍ത്തനങ്ങളുടെ ഫലമായി അന്ത്യശ്വാസം വലിക്കുകയാണ്. അതിലേക്കാണ് ആറാഴ്ചക്കാലത്തെ സമ്പൂര്‍ണ്ണ അടച്ചുപൂട്ടല്‍ കൂടി കടന്നുവരുന്നത്. മൃതപ്രായമായിക്കഴിഞ്ഞിരിക്കുന്ന ഈ മേഖലയിലേക്ക് കാര്യമായ എന്തെങ്കിലും ഈ ദുരിതകാലത്ത് നേരിട്ട് ആശ്വാസം ലഭിക്കുന്ന പദ്ധതികള്‍ ധനമന്ത്രി പ്രഖ്യാപിക്കുകയുണ്ടായില്ല. 

small-scale-industry

ആദ്യദിനത്തിലെ (മെയ് 14) പ്രഖ്യാപനത്തിലൂടെ മൂന്ന് വിഭാഗങ്ങളിലായി 3,70,000 കോടി രൂപയാണ് MSME  കള്‍ക്കായി പ്രഖ്യാപിക്കപ്പെട്ടത്. അടിയന്തിര പ്രവര്‍ത്തന മൂലധനം എന്ന നിലയില്‍ 3ലക്ഷം കോടി രൂപ, കഷ്ടമനുഭവിക്കുന്ന സംരംഭങ്ങള്‍ക്ക് സബോര്‍ഡിനേറ്റ് ഡെബ്റ്റ്, ഫണ്ട് ഫോര്‍ ഫണ്ട് എന്നിവകള്‍ക്കായി എന്ന നിലയില്‍ 70,000 കോടി രൂപ എന്നിവയാണ് പ്രഖ്യാപിക്കപ്പെട്ടത്. അതേസമയം പ്രഖ്യാപിക്കപ്പെട്ട ഈ തുക എപ്പോള്‍ തൊട്ട് വ്യവസായങ്ങള്‍ക്ക് ലഭ്യമാകുമെന്ന് പറയുവാന്‍ ധനമന്ത്രി തയ്യാറായില്ല എന്ന കാര്യം മനസ്സിലാക്കേണ്ടതുണ്ട്. ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന സംഗതി, ഇന്ത്യയിലെ  MSME  സെക്ടറില്‍ പെടുന്ന വ്യവസായങ്ങളില്‍ 94%വും മൈക്രോ വിഭാഗങ്ങളില്‍ പെടുന്നവയും രജിസ്റ്റര്‍ ചെയ്യപ്പെടാത്തവയുമാണ്. ഈയൊറ്റ കാരണം കൊണ്ടുതന്നെ വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങളിലൂടെ ബാങ്കുകളില്‍ നിന്ന് ഇത്തരം കമ്പനികള്‍ക്ക് ലോണ്‍ ലഭിക്കാനുള്ള സാധ്യതകളും കുറവാണ്. കടാവശ്യങ്ങള്‍ക്കായ് സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് ഇവയെല്ലാം. വാസ്തവത്തില്‍ ചെറുകിട-ഇടത്തരം വ്യവസായങ്ങളെ സംരക്ഷിക്കാനായി പ്രഖ്യാപിക്കപ്പെടുന്ന പദ്ധതികള്‍ അവയ്ക്ക് ഉപകാരപ്പെടുന്ന രീതിയിലല്ല എന്നതാണ് ഇതിലൂടെ മനസ്സിലാക്കാന്‍ സാധിക്കുക.  2020-21 കാലയളവിലെ ബജറ്റില്‍ അവതരിപ്പിച്ച പദ്ധതികള്‍ പോലും പ്രവര്‍ത്തിപഥത്തിലെത്തിക്കാനുള്ള നടപടികള്‍  ആരംഭിച്ചിട്ടില്ലെന്ന വസ്തുത കൂടി കണക്കിലെടുക്കുമ്പോള്‍ മാത്രമേ സംഭവിക്കാന്‍ പോകുന്നതിന്റെ യഥാര്‍ത്ഥ ചിത്രം മനസ്സിലാവൂ.

ദുരിതാശ്വാസ പാക്കേജ് എന്ന നിലയില്‍ അവതരിപ്പിക്കപ്പെട്ട മറ്റൊന്ന്, വൈദ്യുത വിതരണ കമ്പനികള്‍ക്കും (Dtisribution Companise DISC ), ബാങ്കേതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും (Non Banking Financial Companise NBFC) ഉള്ള നീക്കിവെപ്പാണ്. 1,65,000 കോടി രൂപയാണ് ഈ രീതിയില്‍ മാറ്റിവെച്ചതായി മന്ത്രി അറിയിച്ചത്. സ്വകാര്യ വൈദ്യുതി വിതരണ കമ്പനികളുടെയും NBFC കളുടെയും ലിക്വിഡിറ്റി പ്രതിസന്ധി പരിഹരിക്കുന്നതിനാണ് ഇത്രയും തുക നീക്കിവെച്ചിരിക്കുന്നതെന്നാണ് അവകാശവാദം. എന്നാല്‍ മേല്‍പ്പറഞ്ഞ വൈദ്യുതി വിതരണ കമ്പനികളും ബാങ്കേതര ധനകാര്യ സ്ഥാപനങ്ങളും എങ്ങിനെയാണ് ഇത്രയും ഭീമമായ പ്രതിസന്ധികളിലേക്ക് എത്തിയതെന്നതിനെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുകയോ മന്ത്രി വിശദീകരിക്കുകയോ ചെയ്തില്ല. ഇന്ത്യയിലെ ബാങ്കേതര ധനകാര്യ സ്ഥാപനങ്ങളിലെ കെടുകാര്യസ്ഥതയെയും കടം തിരിച്ചടിക്കില്ലെന്ന് ഉറപ്പുള്ള വന്‍കിട കമ്പനികള്‍ക്ക് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി ആവര്‍ത്തിച്ച് കടം നല്‍കുന്നതിലൂടെയും സ്വന്തം നിഷ്‌ക്രിയാസ്തി പെരുപ്പിക്കുന്നവയാണ് ഇവയില്‍ വലിയൊരു വിഭാഗവും. ILFS   എന്ന സ്ഥാപനത്തിന്റെ പ്രതിസന്ധിയെ സംബന്ധിച്ച വാര്‍ത്തകള്‍ അടുത്തകാലത്തായി മാധ്യമങ്ങളുടെ മുന്‍പേജില്‍ സ്ഥാനം നേടിയത് ഓര്‍ക്കുക. ഇന്ത്യയിലെ സ്വകാര്യ വൈദ്യുതി വിതരണ കമ്പനികളുടെ പ്രവര്‍ത്തന രീതികള്‍ അങ്ങേയറ്റം അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞതാണെന്നത് സംബന്ധിച്ച നിരവധി റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

കടം......കടം........കടം...
തൊഴിലില്ലായ്മയിലും പട്ടിണിയിലിലും പെട്ടുഴലുന്ന ജനങ്ങളോട് കടമെടുക്കാനാണ് ധനമന്ത്രി ആവശ്യപ്പെടുന്നതെന്ന് ഈ പാക്കേജുകളിലൂടെ കടന്നുപോകുന്ന ആര്‍ക്കും എളുപ്പം ബോദ്ധ്യമാകുന്ന കാര്യമാണ്. ചെറുകിട വ്യവസായ സംരംഭകരോടും, തൊഴിലാളികളോടും, സര്‍ക്കാര്‍ ജീവനക്കാരോടും, കര്‍ഷകരോടും വിവിധങ്ങളായ ലോണുകള്‍ സ്വീകരിക്കാനാണ് ആവശ്യപ്പെടുന്നത്. ഡെബ്‌റ്റോക്രസിയുടെ ഏറ്റവും മൂര്‍ത്തരൂപമാണിത്. എടുത്ത കടം വീട്ടാനാകാതെ കര്‍കരും ചെറുകിട വ്യാപാരി-വ്യവസായികളും ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുന്ന ഒരു രാജ്യത്ത് അവരെ വീണ്ടും കടമെടുക്കാന്‍ പ്രേരിപ്പിക്കുന്ന സര്‍ക്കാരിനെ എന്തു പേരുചൊല്ലിയാണ് വിശേഷിപ്പിക്കേണ്ടത്?

rupees

റിലീഫ് പാക്കേജല്ല, ഫിനാന്‍സ്യല്‍ പാക്കേജ്
കഴിഞ്ഞ മൂന്ന്​ വര്‍ഷക്കാലയളവിലായി പ്രഖ്യാപിക്കപ്പെട്ട പല പദ്ധതികളും ഉള്‍പ്പെടുത്തിയാണ് കോവിഡ് പാക്കേജെന്ന പേരില്‍ ധനമന്ത്രി അവതരിപ്പിച്ചിരിക്കുന്നതെന്നകാര്യം പകല്‍പോലെ വ്യക്തമാണ്. അതിനുമപ്പുറം ലോകത്ത് ഒരു രാജ്യവും ചെയ്യാത്ത മറ്റൊരു കാര്യം കൂടി കേന്ദ്ര സര്‍ക്കാര്‍ ചെയ്യുകയുണ്ടായി. ഇന്ത്യന്‍ റിസര്‍വ്വ് ബാങ്ക് കഴിഞ്ഞ രണ്ട് മാസക്കാലയളവില്‍, രാജ്യത്തെ ബാങ്കുകളുടെ ലിക്വിഡിറ്റി പ്രതിസന്ധി പരിഹരിക്കുന്നതിനായി പ്രഖ്യാപിച്ച എട്ട്​ ലക്ഷം കോടി രൂപ കൂടി കോവിഡ് പാക്കേജായി അവതരിപ്പിച്ചിരിക്കുകയാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ബാങ്കുകളുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സെന്‍ട്രല്‍ ബാങ്കുകള്‍ സ്വീകരിക്കുന്ന മോണിറ്ററി നടപടികള്‍ ദുരിതാശ്വാസ പാക്കേജായി പ്രഖ്യാപിക്കുന്നതെങ്ങിനെയെന്ന് വിശദീകരിക്കാനെങ്കിലും ധനമന്ത്രി തയ്യാറാകേണ്ടതാണ്.

രാജ്യത്തെ കര്‍ഷകരെയും, തൊഴിലാളികളെയും, ദരിദ്രവിഭാഗങ്ങളെയും  ലക്ഷ്യം വെച്ചുകൊണ്ടുള്ള പദ്ധതിയെന്ന് പ്രധാനമന്ത്രിയും ധനമന്ത്രിയും അവകാശപ്പെടുന്നുണ്ട്. ഇന്ത്യയുടെ ആഭ്യന്തര മൊത്തോല്‍പ്പാദനത്തിന്റെ 10% ദുരിതാശ്വാസത്തിനായി നീക്കിവെക്കുകയാണെന്നും അവര്‍ അവകാശപ്പെടുന്നു. എന്നാല്‍ ഈ പാക്കേജിലൂടെ ജനങ്ങളുടെ കൈകളിലേക്ക് എത്താന്‍ പോകുന്ന പണത്തിന്റെ തോത് (Net Cash Outflow ) എത്രയാണെന്ന് ചൂണ്ടിക്കാണിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ മൗനം പാലിക്കുകയാണ് ധനമന്ത്രി ചെയ്യുന്നത്.

pm kisan samman nidhi

പിഎം കിസാന്‍ പദ്ധതിയിലൂടെ കര്‍ഷകരിലേക്ക് എത്തിയ ഇതുവരെ എത്തിയ തുക, ഭക്ഷ്യവസ്തുക്കള്‍, ജന്‍ധന്‍ അക്കൗണ്ടുകള്‍ വഴി നല്‍കിയ 500 രൂപ, ഉജ്ജ്വല പദ്ധതി പ്രകാരം ലഭിച്ച ഗ്യാസ് സിലിണ്ടറുകള്‍ എന്നിവയാണ് ജനങ്ങളുടെ കൈകളിലേക്ക് എത്തിയ നേരിട്ടുള്ള സഹായങ്ങള്‍ ഇവയ്ക്കായ് ചെലവഴിക്കപ്പെട്ട യഥാര്‍ത്ഥ തുക കണക്കാക്കിയാല്‍ 38,600 കോടിയുടെ സഹായങ്ങള്‍ മാത്രമേ ഇവിടെ പ്രഖ്യാപിക്കപ്പെട്ടതായി കാണാന്‍ കഴിയൂ. 20 ലക്ഷം കോടിയുടെ 1.93% മാത്രമേ ഈ തുക വരൂ...

പ്രതിസന്ധികള്‍ അവസരങ്ങളാക്കുന്നു
''പ്രതിസന്ധികളെ അവസരങ്ങളാക്കുക'' എന്ന് പ്രധാനമന്ത്രി മെയ് 14ന് രാജ്യത്തോട് ആഹ്വാനം ചെയ്യുമ്പോള്‍ അതില്‍ മറഞ്ഞുകിടന്ന ചതികള്‍ എന്താണെന്ന് ധനമന്ത്രിയുടെ പാക്കേജ് പ്രഖ്യാപനത്തിലൂടെ മറനീക്കി പുറത്തുവന്നുകഴിഞ്ഞു. പാര്‍ലമെന്റ് അടക്കമുള്ള എല്ലാ ജനാധിപത്യ സംവിധാനങ്ങളും അടച്ചുപൂട്ടി, പ്രതിഷേധങ്ങളും സമരങ്ങളും നിശ്ചലമായെന്ന് ഉറപ്പുവരുത്തിയതിന്‌ശേഷം നയപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളാനുള്ള സുവര്‍ണ്ണവസരമായി കോവിഡ് കാലത്തെ ഉപയോഗപ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ഈ പാക്കേജിലൂടെ വെളിപ്പെടുന്നു. ആണവ മേഖലയിലടക്കം സ്വകാര്യ പങ്കാളിത്തം ആരംഭിക്കുക, ഫോറിന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് (FDI) 49%ത്തില്‍ നിന്നും 78% ആയി ഉയര്‍ത്തുക, ഖനികള്‍ സ്വകാര്യ മുതലാളികള്‍ക്കായി തുറന്നുകൊടുക്കുക, തൊഴില്‍ നിയമങ്ങള്‍ റദ്ദു ചെയ്യുക, വ്യവസായ മേഖലയില്‍ കമ്പനീസ് ആക്ട് ലംഘിക്കുന്നവരുടെ ശിക്ഷകള്‍ ഇളവ് ചെയ്യുക, അവശ്യ സാധന നിയമങ്ങള്‍ ഭേദഗതി ചെയ്യുക തുടങ്ങിയ നിരവധി പരിഷ്‌കാരങ്ങളാണ് ഒരു ചര്‍ച്ചയും കൂടാതെ ഓര്‍ഡിനന്‍സുകളിലൂടെ പാസാക്കാന്‍ പോകുന്നത്. കമ്പനി ആക്ട് ലംഘിക്കുന്നവരെ ഡീക്രിമിനലൈസ് ചെയ്യാനുള്ള നീക്കം പാര്‍ലമെന്റില്‍ നടത്തി പരാജയപ്പെട്ടതാണെന്ന് കൂടി ഓര്‍ക്കുമ്പോഴാണ് പ്രതിസന്ധികളില്‍ നിന്ന് അവസരങ്ങളുണ്ടാക്കുന്നതെങ്ങിനെയെന്ന മോദി തന്ത്രം വ്യക്തമാകുക. ഒരു ഭാഗത്ത് ആത്മനിര്‍ഭരതയെക്കുറിച്ച് വാചാലമാകുകയും മറുഭാഗത്ത് ദുരന്തങ്ങളെ മുതലാളിത്ത വളര്‍ച്ചയ്ക്കുള്ള അവസരങ്ങളാക്കി മാറ്റുകയും ചെയ്യുന്ന ഹീനതന്ത്രമാണ് സംഘപരിവാര്‍ ഗവണ്‍മെന്റ് സ്വീകരിച്ചിരിക്കുന്നത്.

migrant-workers.jpg

ദുരന്തമുതലാളിത്തം പണിപ്പുരയിലാണ്
പ്രകൃതി ദുരന്തങ്ങളെയും സര്‍വ്വനാശങ്ങളെയും തങ്ങളുടെ വളര്‍ച്ചയ്ക്കുള്ള അവസരങ്ങളാക്കി മാറ്റുകയും പൊതുവായെ എന്തിനെയും കൈക്കലാക്കുക എന്നതും മുതലാളിത്തത്തിന്റെ വഴികളാണ്. ദുരന്തങ്ങളെ അവസരങ്ങളാക്കി മാറ്റുന്ന ഈയൊരു മനോഭാവത്തെ ദുരന്ത മുതലാളിത്തം (Distaser Capitalism) എന്ന്  വിശേഷിപ്പിക്കുന്നു. ലഭ്യമാകുന്ന ഏതൊരു അവസരങ്ങളെയും-യുദ്ധങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍, മഹാമാരികള്‍-പൊതുവിഭവങ്ങള്‍ കയ്യടക്കാനുള്ള അവസരങ്ങളായി പ്രയോജനപ്പെടുത്തുക എന്നതാണ് ദുരന്ത മുതലാളിത്തത്തിന്റെ രീതി. ഇന്ത്യയില്‍ അത് ഏറ്റവും ശക്തമായി ഇടപെടുന്ന അവസരമാണിത്. പൊതുമേഖലയെ സ്വകാര്യവല്‍ക്കരണത്തിന് വിധേയമാക്കാല്‍, വ്യവസായ വളര്‍ച്ചയുടെയും മറ്റും പേരില്‍ നിയമങ്ങള്‍ റദ്ദു ചെയ്യുക, ജനകീയമായ എല്ലാ കൂട്ടായ്മകളെയും, പ്രതിഷേധങ്ങളെയും ഇല്ലാതാക്കുക, സാമ്പത്തിക പരിഷ്‌കാരങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കുക, ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും അവസരങ്ങള്‍ ഇല്ലാതാക്കുക തുടങ്ങിയവയെല്ലാം അവയുടെ പ്രവര്‍ത്തന രീതികളാണ്. ആത്മനിര്‍ഭരതാ പ്രഘോഷണങ്ങള്‍ക്കിടയിലൂടെ മോദിയും സംഘപരിവാര്‍ സര്‍ക്കാരും ഒളിച്ചുകടത്താന്‍ ശ്രമിക്കുന്നത് ദുരന്ത മുതലാളിത്തത്തെയാണ്.
 

Show Full Article
TAGS:Covid package covid 19 nirmala sitharaman PM Modi opinion article 
News Summary - Covid Package and Modi Government-Opinion
Next Story