ലോക്ഡൗണിെൻറ മൂന്നാംഘട്ടം പിന്നിടുമ്പോൾ പറയാനുള്ള കുറെ പ്രശ്നങ്ങൾ ലോകത്തുണ്ട്. നിലവിലുള്ള വ്യവസ്ഥാപിത ലോക്ഡൗൺ അവസാനിച്ചാലും കുറെക്കാലം സാമൂഹികനിയന്ത്രണങ്ങൾ തുടരും എന്നതിനാൽ അത്യാവശ്യം ശ്രദ്ധ ചെലുത്തേണ്ട മറ്റു പ്രശ്നങ്ങൾ പറഞ്ഞു പരിഹരിക്കണം. ഇതിനായി സർക്കാറുകൾ, ബന്ധപ്പെട്ട വകുപ്പുകൾ, സന്നദ്ധ സംഘടനകൾ എന്നിവക്ക് പ്രവർത്തിക്കാൻ കഴിയണം. അതിലേറ്റവും ശ്രദ്ധ കൊടുക്കേണ്ട ഒരു വിഷയമാണ് ഗാർഹികപീഡനങ്ങൾ. ലോകമൊട്ടുക്കും, സ്ത്രീസ്വാതന്ത്ര്യം കൊടികുത്തിയ പാശ്ചാത്യരാജ്യങ്ങളിലും ഇത് റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇവിടെ ഇന്ത്യയിൽ സാധാരണവും അല്ലാത്തതുമായ പലവിധ അധികാരപ്രയോഗങ്ങളുടെ പ്രശ്നങ്ങളും കാണുന്നുണ്ട്.
ട്രിപ്ൾ ലോക്ഡൗൺ
ഇന്ത്യൻ സാഹചര്യത്തിൽ ഗൃഹാന്തരീക്ഷം മിക്കവാറും സ്ത്രീകൾക്ക് ഒട്ടും ഗുണകരമല്ല എന്ന വസ്തുത പരസ്യമായ രഹസ്യമാണ്. സ്ത്രീകൾ വിവാഹം കഴിച്ച് ഭർത്താവിെൻറ വീട്ടിൽ അവരുടെ അച്ഛനമ്മമാരുടെയും സഹോദരങ്ങളുടെയും കൂടെ ജീവിക്കണം എന്ന വ്യവസ്ഥയുള്ള ഇന്ത്യൻ സംസ്കാരത്തിൽ അലിഞ്ഞുചേർന്നതാണ് സ്ത്രീപീഡനം എന്ന സംസ്കാരമില്ലായ്മ. ഇത്തരം നിബന്ധനകളില്ലാതെ സ്ത്രീപുരുഷന്മാർ ഇഷ്ടത്തിനൊത്ത് കൂടിജീവിക്കുന്ന പാശ്ചാത്യസംസ്കാരത്തിലും ഗാർഹിക പീഡനങ്ങൾ ഈ ലോക്ഡൗൺ കാലത്ത് പുറത്തുവന്നുകൊണ്ടിരിക്കുന്നു. സാധാരണ സാഹചര്യത്തിൽ സ്ത്രീകൾക്ക് പുറത്തുപോകാനും സമയവും സൗകര്യവും സുരക്ഷയും സ്വയം നോക്കാനും സാധിക്കുന്ന സാമൂഹികാന്തരീക്ഷം നിലവിലുള്ള പാശ്ചാത്യസംസ്കാരത്തിലും വീടിനകത്തെ പീഡനത്തിൽ ലോക്ഡൗൺ കാലത്ത് വർധനയുണ്ടായതായി കാണാം.
പുറത്തുപോകാനുള്ള സ്വാതന്ത്ര്യവും , സമയവും സൗകര്യവും നോക്കി സ്വയ രക്ഷ ഉറപ്പുവരുത്തുന്നതിനുള്ള സാമൂഹിക സാഹചര്യവും ഇല്ലാത്ത ഇന്ത്യൻ സംസ്കാരത്തിൽ, പല സ്ത്രീകൾക്കും ഇപ്പോഴത്തെ കാലം ട്രിപ്ൾ ലോക്ഡൗൺ ആണ്. വീടുകളിലെ പൂട്ടും പുരുഷാധിപത്യസമൂഹത്തിെൻറ പൂട്ടും പോരാഞ്ഞ് രാജ്യത്തിെൻറ പൂട്ടും കൂടിയാകുമ്പോൾ ഇന്ത്യയിലെ പകുതിയിലധികം സ്ത്രീകളും ദുരവസ്ഥയിൽതന്നെ. സമൂഹമാധ്യമങ്ങളിൽ ചിരിയും കളിയും കുക്കറിയും നടത്തിയും വീട്ടിലെ സൗകര്യങ്ങളിൽ സാവകാശം വിശ്രമിച്ചു രമിച്ചും ജീവിക്കാൻ സൗകര്യമുള്ള ഉപരി-മധ്യവർഗ/ഉപരിവർഗ സ്ത്രീകളിൽപെട്ട കുറെപ്പേർക്കല്ലാതെ, നിത്യജോലി വരുമാനത്തിൽ ജീവിക്കുന്ന വലിയൊരു ജനതക്ക് ഇതിനൊന്നും വകുപ്പില്ലല്ലോ. റേഷനരി ലഭിച്ചാലും റേഷൻ മദ്യം ലഭിച്ചാലും പീഡനങ്ങളിൽ പരിഹാരമില്ലാത്ത സ്ത്രീകൾ രേഖപ്പെടുത്തപ്പെട്ട കണക്കിനെക്കാൾ എത്രയോ കൂടുതലാകും. ഇതിനിടെ നടന്ന പഠനങ്ങളിൽതന്നെ പൂവാലപ്രശ്നവും ബലാത്സംഗങ്ങളും കൊലകളും കുറഞ്ഞെങ്കിലും ഗാർഹിക പീഡനം വർധിച്ചതായി കണക്ക് കാണിക്കുന്നു. ചുറ്റിനടന്ന് നേരിട്ടുള്ള പൂവാലശല്യം, ബലാത്സംഗം എന്നിവ നടത്താനാവാത്തവർ ഓൺലൈൻ ആയിട്ടും കിട്ടുന്ന ഫോൺനമ്പറുകൾ വെച്ചും എല്ലാം നടത്തുന്ന ശല്യങ്ങൾ ഇതുവഴി വർധിച്ചതായി കാണാം. ഇതിനിടെ വീട്ടിലേക്ക് മദ്യം കൊണ്ടുചെന്നു കൊടുക്കുകയും കൂടി ചെയ്താൽ വീട്ടിലിരിക്കുന്ന സ്ത്രീകളുടെ അവസ്ഥ എന്താകുമെന്ന് ഭരണാധികാരികൾ ചിന്തിക്കേണ്ടതുണ്ട്. മദ്യമില്ലാതെ ജീവിക്കാൻ കഴിയാത്തത് പൊതുവെ പുരുഷന്മാർക്കാണ് എന്നതിനാലും മദ്യം കഴിച്ച് കലഹപീഡനങ്ങൾ നടത്തുന്നതും പുരുഷന്മാരാണ് എന്നതിനാലും മദ്യവിൽപന റേഷനരി വിൽപനപോലെ പ്രധാനപ്പെട്ട ഒന്നല്ല എന്ന് തീരുമാനിക്കണം. ഈ വിഷയം ഇത്ര പ്രധാനമായി വരുന്നുണ്ടെങ്കിൽ അത് സാമ്പത്തിക ലാക്കാണ് കുറിക്കുന്നത് എന്നും സ്ത്രീകളുടെ നേർക്കുള്ള ഗാർഹികപീഡനങ്ങളെ കണക്കാക്കുന്നില്ല എന്നും പറയേണ്ടിവരും.
ഗാർഹികപീഡനങ്ങൾ റിപ്പോർട്ട് ചെയ്യാനായി കേരളത്തിൽ വാട്സ്ആപ് ഗ്രൂപ്പുണ്ടാക്കിയിട്ടുള്ളത് ഗുണം ചെയ്തേക്കും. ലോക്ഡൗൺ ഒന്നാംഘട്ടം കഴിയുമ്പോൾ തന്നെ ദേശീയ വനിത കമീഷൻ ഈ പ്രശ്നം ശ്രദ്ധയിൽപെടുത്തിയതാണ്. ഗവൺമെേൻറാ മാധ്യമങ്ങളോ അത് വേണ്ടത്ര ശ്രദ്ധകൊടുത്ത് ഫോളോഅപ് നടത്തിയതായി കണ്ടില്ല. രാജ്യത്ത് സ്ത്രീ പ്രശ്നങ്ങളെ എങ്ങനെ കാണുന്നു, കുടുംബസംവിധാനത്തെ എങ്ങനെ കാണുന്നു എന്നിങ്ങനെയും കൂടിയുള്ള ചോദ്യമായാണ് ഉയരുന്നത്. അടിസ്ഥാനപരമായി ഇത്തരം പീഡനങ്ങളെ ചെറുക്കാനും സ്വയരക്ഷ നോക്കാനും പ്രാപ്തിയുള്ളവരാക്കി സ്ത്രീകളെ മാറ്റിയെടുക്കുന്ന ബോധവത്കരണം തന്നെയാണ് നടക്കേണ്ടത്. പക്ഷേ, ഇത്തരം നിർബന്ധിത ലോക്ഡൗൺ സാഹചര്യങ്ങളിൽ എല്ലാ തരത്തിലുള്ളവരുടെയും സുരക്ഷ രാജ്യം ഉറപ്പുവരുത്തേണ്ടതാണ്. പകർച്ചവ്യാധി തടയാനുള്ള പരിപാടികൾ ആസൂത്രണം ചെയ്തുകഴിഞ്ഞാൽ ഉടനെ ഇടപെട്ട് പരിഹരിക്കേണ്ടുന്ന സ്ത്രീസുരക്ഷപോലുള്ള പ്രശ്നങ്ങളിലേക്ക് ശ്രദ്ധ തിരിക്കേണ്ടത് അനിവാര്യമാണ്.
പൂട്ടിനു പിന്നിലെ പൂട്ടുകൾ
രോഗം പടർത്തുന്ന വൈറസിനെപ്പോലെതന്നെ പടരുന്ന വൈറസാണ് സ്ത്രീവിരുദ്ധത. മഹാമാരികളുടെ കാലത്തും യുദ്ധങ്ങളുടെ കാലത്തും പല പുരുഷരിലും വിടാതെ നിന്നിട്ടുള്ളതാണ് സ്ത്രീവിരുദ്ധത. ഇത് തെളിയിക്കുന്നതാണ് ഇൗയിടെ സഫൂറ എന്ന ഗർഭിണിയായ വിദ്യാർഥിനിക്കെതിരെ ഒരു ബി.ജെ.പി നേതാവ് സംസാരിച്ചത്. ഈ രോഗകാലത്ത് സാമൂഹികപ്രതിബദ്ധത മനുഷ്യരിലുള്ള എല്ലാ വിവേചനങ്ങളെയും ഇല്ലാതാക്കാൻ താൽക്കാലികമായെങ്കിലും കാരണമായി എന്ന് പറയുമ്പോഴും പൂട്ടിനു പിന്നിൽ മറപിടിച്ചു പലതും നടക്കുന്നു. മതഭ്രാന്തരും ജാതിക്കോലങ്ങളും രോഗികളിൽ വിവേചനം കാണിക്കുന്നു. ഉത്തരേന്ത്യയിൽ ഹിന്ദുത്വവാദികളുടെ നേതൃത്വത്തിൽ നടക്കുന്ന ജാതീയതയുടെ രോഗനിർണയം ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. സ്വതന്ത്ര ബുദ്ധിജീവികളെ സമൻസ് കൊടുത്തയച്ച് അറസ്റ്റുചെയ്യുന്ന ഭരണകൂടവും ചെയ്യുന്നത് ആഭാസം തന്നെ. ഡൽഹിയിലെ ശാഹീൻബാഗിൽ പൗരത്വബില്ലിനെതിരെ സ്ത്രീകൾ നടത്തിയതും അങ്ങനെ പല സമരങ്ങളും നിശ്ശബ്ദമാക്കാൻ ലോക്ഡൗൺ മറയാക്കരുത്.
രോഗത്തെ മാനസികമായി
കീഴ്പ്പെടുത്തുക
രോഗത്തിെൻറ ഈ ഘട്ടം കഴിഞ്ഞാൽ ലോകം എന്താകും, എങ്ങനെയൊക്കെ മാറും എന്നിങ്ങനെയുള്ള ആകാംക്ഷയാണ് ഇപ്പോൾ മനുഷ്യരിൽ കൂടുതലുള്ളത്. രോഗത്തിെൻറ ആഘാതത്തിൽനിന്നു കരകയറി ജീവിതം സാധാരണപോലെയാകുന്നത് എപ്പോഴാണ് എന്ന വേവലാതിയാെണങ്ങും. ദശലക്ഷക്കണക്കിനാളുകൾ മരിച്ച ലോകയുദ്ധങ്ങളും എത്രയോ മനുഷ്യജീവൻ നഷ്ടപ്പെടുത്തിയ ഭക്ഷ്യക്ഷാമം, പ്രകൃതിക്ഷോഭം എന്നിവക്കുമെല്ലാം ശേഷം ലോകം പഴയതുപോലെയോ പഴയതിലും മെച്ചപ്പെട്ടതോ ആയി മാറിയിട്ടുണ്ട്.
പകർച്ചവ്യാധികളുടെ കാലത്ത് അതിെൻറ ശാസ്ത്രീയ വശങ്ങൾ മനസ്സിലാക്കി വേണ്ട മുൻകരുതലുകൾ എടുക്കാൻ മനുഷ്യരെല്ലാവരും തയാറായാൽ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന് നമ്മുടെ നാട്ടിലെ പ്രവർത്തനങ്ങൾ കാണിച്ചുതരുന്നു. മിഷേൽ ഫൂക്കോ എന്ന ഫ്രഞ്ച് തത്ത്വചിന്തകൻ ‘ബർത്ത് ഓഫ് ദി ക്ലിനിക്’ എന്ന പുസ്തകത്തിൽ വൈദ്യശാസ്ത്രത്തിെൻറ ഉത്ഭവം, സാധ്യതകൾ, പരിമിതികൾ എല്ലാം വിശകലനം ചെയ്യുന്നുണ്ട്. നമ്മൾ രോഗത്തെ നോക്കിക്കാണുന്ന നിലവിലെ രീതി ഉണ്ടായത് 18ാം നൂറ്റാണ്ടോടെ മാത്രമാണ്. വൈറസിനെ തിരിച്ചറിഞ്ഞ് പേരുകൊടുക്കുകയും അതിനുള്ള മരുന്ന് കണ്ടുപിടിക്കാനായി വൈദ്യശാസ്ത്രജ്ഞർ ലബോറട്ടറികളിൽ പ്രവർത്തിക്കുകയും ചെയ്യുന്നതിനോടൊപ്പംതന്നെ, അതിനെക്കാൾ ശക്തമായ രീതിയിൽ വൈറസിനെ അകറ്റിനിർത്താനുള്ള മുൻകരുതൽ ചെയ്യിക്കുന്ന ക്ലിനിക്കൽ ജോലിയെത്തന്നെയാണ് നമ്മൾ വലിയ കണ്ടുപിടിത്തമായി കാണേണ്ടത്. ഇതിലൂടെ രോഗത്തെ പ്രതിരോധിക്കുക എന്നത് ശരീര പ്രക്രിയ മാത്രമല്ല, മാനസിക പ്രക്രിയ കൂടിയാണ്. രോഗത്തെ മാനസികമായി പ്രതിരോധിക്കാൻ ഒരു പരിധി വരെ ചിന്തകൾക്കും കഴിയും. മനസ്സുകളെ രോഗചിന്തയിൽ പൂട്ടിയിടാൻ അനുവദിക്കാതിരുന്നാൽ പ്രതിരോധശേഷിക്ക് ഉത്തേജകമായിരിക്കുമെന്നത് ശാരീരിക വൈദ്യശാസ്ത്രവും അംഗീകരിക്കുന്ന കാര്യമാണ്.
●