മധ്യപ്രദേശിനു പിന്നാലെ രാജസ്ഥാനിലും ഭരണവും പാർട്ടിയും പ്രതിസന്ധിയിലാക്കി കോൺഗ്രസ്. രാജസ്ഥാനിലെ കുഴപ്പങ്ങൾക്ക് മറ്റാരേക്കാളും ഹൈകമാൻഡാണ് പ്രതിക്കൂട്ടിൽ. ബി.ജെ.പിയിൽ ചേക്കേറിയ ജ്യോതിരാദിത്യ സിന്ധ്യയേക്കാൾ കഴിവും സ്വീകാര്യതയുമുള്ള യുവനേതാവാണ് രാജസ്ഥാനിൽ പാർട്ടിക്ക് നഷ്ടപ്പെടുന്നത്. സചിൻ പൈലറ്റിനൊപ്പമുള്ള എം.എൽ.എമാരുടെ എണ്ണം എത്ര ചെറുതായാലും അധികകാലം ഭരണം നിലനിർത്താനോ വീണ്ടുമൊരിക്കൽ കൂടി അധികാരത്തിൽ വരാനോ കോൺഗ്രസിന് സാധിച്ചെന്നു വരില്ല. രക്തത്തിൽ കോൺഗ്രസ് അലിഞ്ഞു ചേർന്നവരെന്ന് കരുതിപ്പോന്ന പ്രബലരായ രണ്ടു യുവനേതാക്കളുടെ നഷ്ടം ദേശീയ തലത്തിൽ കോൺഗ്രസിന് ആഘാതമാണ്. അതേസമയം, കോൺഗ്രസ് പാരമ്പര്യത്തിെൻറ കുടുംബ മഹിമക്കപ്പുറം, അധികാരത്തിനു വേണ്ടി പ്രധാന ശത്രുവായ ബി.ജെ.പിക്കൊപ്പം പോകാനും മടിക്കാത്ത യുവനേതാക്കളുടെ മനോഭാവം കോൺഗ്രസിൽ വലിയ ചോദ്യചിഹ്നമായി. ആരു മറുകണ്ടം ചാടിയാലും അത്ഭുതപ്പെടാനില്ലാത്ത അവസ്ഥ.
മോദിപ്പകിട്ടിന് ഇടയിലും പാർട്ടിയെ വീണ്ടും അധികാരത്തിൽ കൊണ്ടുവരാൻ വിയർപ്പൊഴുക്കിയ യുവനേതാക്കളെ കടത്തിവെട്ടി മുഖ്യമന്ത്രിയാകാൻ മത്സരിച്ച അശോക് ഗെഹ്ലോട്ടിെൻറയും കമൽനാഥിെൻറയും അധികാര േമാഹത്തിെൻറ വില കൂടിയാണ് കോൺഗ്രസ് ഒടുക്കുന്നത്. യുവനേതാക്കൾക്ക് വേണ്ടി വഴി മാറാൻ അവരോ, കാത്തു നിന്ന് കസേര ഉറപ്പിക്കാൻ യുവനേതാക്കളോ തയാറായില്ല. രണ്ടു പ്രധാന സംസ്ഥാനങ്ങളിൽ അടിവേരിളക്കി അധികാരം കൈവിട്ടു പോകുേമ്പാൾ കോൺഗ്രസ് നേതൃത്വം കാണിച്ച നിസ്സംഗ മനോഭാവം ദേശീയ തലത്തിൽ പാർട്ടിക്കുള്ളിൽ കടുത്ത അമർഷത്തിന് ഇടയാക്കിയിട്ടുണ്ട്. കോൺഗ്രസിനെ അനാഥാവസ്ഥയിലേക്കു തള്ളിവിട്ട് പാപ്പരാക്കുകയാണ്
ഇപ്പോൾ നേതൃത്വം ചെയ്യുന്നതെന്ന് വിമർശിക്കുന്നവർ ഏറെ. അടുത്തിടെ നടന്ന രാജ്യസഭ തെരഞ്ഞെടുപ്പിലും കോൺഗ്രസ് കാണിച്ച പിടിപ്പു കേടുകൾ പലതായിരുന്നു. ഗുജറാത്തിൽ ജയിപ്പിക്കാവുന്ന സ്ഥാനാർഥി തോറ്റതടക്കം, രാജ്യസഭയിലെ പ്രതിപക്ഷ കരുത്ത് ചോർത്താൻ ബി.ജെ.പിക്ക് അവസരം ലഭിച്ചു. കടൽക്കിഴവന്മാരും യുവ അധികാര മോഹികളും തമ്മിലുള്ള കിടമത്സരം അമർച്ച ചെയ്ത് പാർട്ടിയെ നേർവഴിക്ക് നയിക്കുന്നതിൽ ‘ഹൈകമാൻഡ്’ എന്ന നെഹ്റുകുടുംബം തുടർച്ചയായി പരാജയപ്പെടുന്നു. അഥവ, അവരെ ഹൈജാക്ക് ചെയ്യാൻ ജനപിന്തുണ അവകാശപ്പെടാവുന്ന പ്രദേശിക നേതാക്കൾക്ക് കഴിയുന്നു.
ലോക്സഭ തെരഞ്ഞെടുപ്പിൽ വീണ്ടും തോറ്റപ്പോൾ സ്വയം പിന്മാറ്റം പ്രഖ്യാപിച്ച രാഹുൽ ഗാന്ധി തിരിച്ചു വന്നേക്കുമെന്ന സൂചന കേട്ടു തുടങ്ങിയിട്ട് മാസങ്ങളായി. എന്നാൽ അനിശ്ചിതത്വവും ആകാംക്ഷയും നിലനിർത്തി, ഉത്തരവാദിത്തം ഏൽക്കാത്ത അപ്രഖ്യാപിത നേതാവായി രാഹുൽ തുടരുേമ്പാൾ പാർട്ടിക്ക് ഏൽക്കുന്ന പരിക്ക് മാരകമാണ്. ദിനേനയുടെ സർക്കാർ വിരുദ്ധ ട്വീറ്റുകൾക്കപ്പുറം, പാർട്ടിയെ ചിട്ടയോടെ പടുകുഴിയിൽ നിന്ന് പൊക്കിയെടുക്കാനുള്ള ഒരു നടപടിക്കും ‘ൈഹകമാൻഡ്’ ഇതുവരെ തയാറായിട്ടില്ല. രാഹുലിനു വേണ്ടി താൽക്കാലികമായി പ്രസിഡൻറ് സ്ഥാനം വഹിക്കുന്ന സോണിയക്കും അനാരോഗ്യം മൂലം ഒന്നിനും കഴിയുന്നില്ല.
പാർട്ടിയിൽ പുനഃസംഘടനയില്ല. തെരഞ്ഞെടുപ്പില്ല. നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളെ നേരിടാൻ ഫലപ്രദമായ തന്ത്രമോ മുന്നൊരുക്കമോ ഇല്ല. കൂടുതൽ സഖ്യകക്ഷികളെ ഒപ്പം കൂട്ടാൻ ശ്രമമില്ല. അതിനൊപ്പമാണ്, നെഹ്റുകുടുംബാംഗങ്ങളെയും അടുത്ത നേതാക്കളെയും കേസിലും വിവാദത്തിലും മോദിസർക്കാർ കുരുക്കിയിടുന്നത്. ബി.ജെ.പി ഒരുക്കുന്ന കെണികളിൽ കണ്ണുപൂട്ടി ചെന്നു വീഴുകയാണ് കോൺഗ്രസ്.
ഫലത്തിൽ മോദി അമിത്ഷാ കൂട്ടുകെട്ടിനെയും അവർ നയിക്കുന്ന ബി.ജെ.പിയേയും നേരിടാൻ കോൺഗ്രസിന് കഴിയുമെന്ന പ്രതീക്ഷക്കു പോലും മങ്ങൽ. മറ്റൊരു പാർട്ടിക്കും കോൺഗ്രസിനെപ്പോലെ ദേശീയതല ബദൽ രൂപപ്പെടുത്താൻ കഴിയാത്ത ചുറ്റുപാടിനിടയിൽ കോൺഗ്രസ് കാട്ടിക്കൂട്ടുന്ന പിടിപ്പുകേടുകൾ മതേതര, ജനാധിപത്യ ചേരിയിൽ ഉണ്ടാക്കുന്നത് വലിയ ആശങ്കകളാണ്.