ഇന്ത്യൻ മഹാസമുദ്രത്തിൽ ആഫ്രിക്കൻ വൻകരയുടെ തെക്കുകിഴക്കായി കിടക്കുന്ന മഡഗാസ്കർ ദ്വീപസമൂഹത്തിൽ ഉൾപ്പെട്ട ഒരു ചെറിയ ദ്വീപാണ് മൊറീഷ്യസ്. വളരെ വളരെക്കാലം മുമ്പ്, പുറത്തുനിന്നു മനുഷ്യർ ദ്വീപിൽ കാലുകുത്തുന്നതിനും മുമ്പ് മൊറീഷ്യസ് ദ്വീപിെൻറ ഉടമകൾ ഒരു പക്ഷിക്കൂട്ടമായിരുന്നു. നിബിഡവനമായിരുന്ന മൊറീഷ്യസിലെ ഇടതൂർന്ന വന്മരങ്ങൾക്കു താഴെ ഡോഡോ എന്ന പക്ഷികൾ ജീവിച്ചുപോന്നു. പരിണാമത്തിലെ പിഴവുപോലെയാണ് ഇപ്പോഴും ഡോഡോ പക്ഷികളെ കരുതുന്നത്. മിക്ക കാർട്ടൂൺ കഥകളിലും ഒരു കോമിക് കഥാപാത്രമാണ് ഡോഡോകൾ. ഒരു ടർക്കിക്കോഴിയുടെ വലുപ്പമുള്ള ഡോഡോ പറക്കാൻ കഴിവില്ലാത്ത, നിലത്ത് ഇരതേടുന്ന, മണ്ണിൽ കൂടുണ്ടാക്കി മുട്ടയിടുന്ന ഇന്നത്തെ പ്രാവുകളുടെ പൂർവജീവിയായ ഒരു പക്ഷി. ഏതാണ്ട് 25 കിലോ തൂക്കം വരുന്ന ഈ പക്ഷികൾക്ക് ചാരംകലർന്ന നീല നിറമാണ്. നരച്ച, തൂവലുകളില്ലാത്ത തല. വളഞ്ഞ അറ്റത്തു കറുപ്പ് നിറം കലർന്ന വലിയ മഞ്ഞച്ചുണ്ടുകൾ. ഉറപ്പുള്ള എന്നാൽ ഉയരംകുറഞ്ഞ പതിഞ്ഞ മഞ്ഞക്കാലുകളുടെ അറ്റത്ത് കറുത്ത നഖങ്ങൾ. ചിറകാകട്ടെ, ചെറുതും ശക്തികുറഞ്ഞതും. ദ്വീപിൽ ഇരതേടുന്ന സസ്തനികളായ മൃഗങ്ങൾ ഒന്നുമില്ലാത്തത് കാരണം ഡോഡോകൾ ഒന്നിനെയും പേടിക്കാതെ, ശത്രുഭയമില്ലാതെ മരങ്ങളിൽനിന്ന് പൊഴിഞ്ഞുവീഴുന്ന കായ്കളും കനികളും ഭക്ഷിച്ച് സന്തോഷമായി കഴിഞ്ഞുപോരുന്ന കാലം.
1505ൽ നാവികർ എന്ന് ലോകം വിളിക്കുന്ന, യഥാർഥത്തിൽ കടൽക്കൊള്ളക്കാരായ പോർചുഗീസുകാർ മൊറീഷ്യസിൽ എത്തുന്നതുവരെ ഡോഡോകളുടെ സുവർണകാലം തുടർന്നു. മൊറീഷ്യസിൽ എത്തിയ പോർചുഗീസുകാരെ വരവേറ്റത് ഡോഡോകളായിരുന്നു. ആദ്യമായി അന്യജീവികളെ കാണുകയായിരുന്നു അവർ. അവർ നാവികരെ വിശ്വസിച്ചു. അവർ അടുത്തുവരുന്നത് പിടിച്ചുതിന്നാനാണെന്ന് മനസ്സിലാക്കാനുള്ള ബുദ്ധി വേറെ ജീവികളെ അന്നോളം കാണാത്ത ഡോഡോകൾക്കുണ്ടായില്ല. നാവികരാകട്ടെ, 25 കിലോ തൂക്കമുള്ള പക്ഷിയെ തിന്നാൻ കിട്ടിയ സന്തോഷത്തിലും. അവർ വിശക്കുമ്പോഴൊക്കെ ഡോഡോകളെ പിടിച്ച് പാകംചെയ്തു കഴിച്ചു. പോർചുഗീസുകാരുടെ പിറകെ ഡച്ചുകാരും, പിന്നെ ബ്രിട്ടീഷുകാരുമൊക്കെ ഇതാവർത്തിച്ചു. കൂടാതെ, നാവികർ നേരേമ്പാക്കിനായി കപ്പലുകളിൽ കൂടെ കൊണ്ടുനടന്നിരുന്ന കുരങ്ങന്മാരും മാലിന്യങ്ങൾ കഴിക്കാൻ കൂട്ടിയിരുന്ന പന്നികളും ദ്വീപിലേക്ക് ചേക്കേറി; കപ്പലിെൻറ അടിത്തട്ടിലുണ്ടായിരുന്ന അസംഖ്യം എലികളും. വിരുന്നുവന്ന മൃഗങ്ങൾ നിലത്തു സമൃദ്ധമായി കിടന്നിരുന്ന ഡോഡോ മുട്ടകളെയും കുഞ്ഞുങ്ങളെയും ഭക്ഷണമാക്കി.
വന്മരങ്ങൾ കണ്ട നാവികർ അതൊക്കെ വെട്ടിയെടുത്ത് പുതിയ നൗകകളും മറ്റ് ഫർണിച്ചറുകളും ഉണ്ടാക്കി. ഒരു കന്യാവനം കുരങ്ങെൻറ കൈയിൽ കിട്ടിയ പൂമാലപോലെയായി. 1600 ആയപ്പോഴേക്കും, അതായത് മനുഷ്യൻ കാലുകുത്തിയിട്ട് 100 വർഷമാകുമ്പോഴേക്കും, പുതിയ ഒരു കുഞ്ഞുപോലും ഉണ്ടാകാതെ ഡോഡോ വംശം പാടെ നശിച്ചു. 1681ലാണ് ഏറ്റവും അവസാനത്തെ ഡോഡോ വിടപറയുന്നത്. മനുഷ്യെൻറ അധിനിവേശംകൊണ്ട് വംശനാശം സംഭവിച്ച ജീവികളുടെ പട്ടികയിൽ ഡോഡോ ഏറ്റവും നല്ല ഉദാഹരണമാണ്. നമ്മുടെ ശബ്ദതാരാവലിയിൽ ഡോഡോ എന്ന പദം ഇടംപിടിക്കുന്നത് അങ്ങനെയാണ്. ഒരു പ്രായോഗിക ബുദ്ധിയുമില്ലാത്തവൻ, മണ്ടൻ എന്നൊക്കെ അർഥം. വാസ്തവത്തിൽ അതാണോ അർഥമാകേണ്ടത്? മറയില്ലാത്ത വിശ്വാസം, ചങ്ങാത്തം എന്നൊക്കെയല്ലേ ആവേണ്ടിയിരുന്നത്? ഇന്ന് ജീവിച്ചിരിക്കുന്നതിൽ ഡോഡോകളുടെ പിൻഗാമിയായി പറയുന്ന പക്ഷി അന്തമാൻ-നികോബാറിലുള്ള ‘നികോബാർ പീജിയൻ’ ആണ്.
കഥ മാറുന്നത് ഡോഡോകളുടെ വംശനാശം പരിസ്ഥിതിയെ എങ്ങനെ ബാധിച്ചു എന്നറിയുമ്പോഴാണ്. ചില മരങ്ങൾ മൊറീഷ്യസ് ദ്വീപിൽനിന്ന് അപ്രത്യക്ഷമായി എന്ന് ചില ശാസ്ത്രജ്ഞർ കണ്ടുപിടിച്ചു. അവിടെ ഇപ്പോഴുള്ള 13 വർഗം മരങ്ങൾ ഏതാണ്ട് 300 വർഷം മുമ്പുള്ള സ്പീഷിസുകളാണ്. അതിനുശേഷം പുതിയ ഇനം മരങ്ങൾ ഉണ്ടായിട്ടില്ല. മിക്ക മരങ്ങളും ഉണ്ടായത് ഡോഡോകൾ പഴങ്ങൾ ഭക്ഷിച്ച് വിത്തുകൾ കാഷ്ഠത്തിലൂടെ വിതരണം ചെയ്തപ്പോഴായിരുന്നു. എങ്ങനെയാണ് ഒരു സ്പീഷിസ് വാസസ്ഥലം നിലനിർത്തിപ്പോരുന്നത് എന്ന് ഡോഡോകളും മരങ്ങളും തമ്മിലുള്ള സഹവർത്തിത്വത്തിെൻറ പഠനത്തിലൂടെ ശാസ്ത്രജ്ഞർ മനസ്സിലാക്കി. ഇന്നുള്ള മരങ്ങൾക്കൊക്കെ 300 വർഷമാണ് ആയുസ്സ്. 300 വർഷം മുമ്പ് ഡോഡോ അപ്രത്യക്ഷമായത് മുതൽ ഈ മരങ്ങളും പുതിയ കുഞ്ഞുങ്ങളെ ഉൽപാദിപ്പിച്ചിട്ടില്ല. പേ
ക്ഷ, പരിണാമവംശാവലിയിലെ ഏറ്റവും ബുദ്ധികൂടിയ ജീവിവർഗമായ മനുഷ്യൻ പരീക്ഷണങ്ങൾ ഉപേക്ഷിച്ചില്ല. ടർക്കിക്കോഴികൾക്കു ഡോഡോ പക്ഷികളുടെ അതേ ദഹനവ്യൂഹമാണെന്ന് മനസ്സിലാക്കി അതിനെക്കൊണ്ട് ഈ മരങ്ങളുടെ പഴങ്ങൾ കഴിപ്പിച്ച് വിത്ത് ശേഖരിച്ച് മുളപ്പിച്ച് പുതിയ ചെടികൾ ഉണ്ടാക്കുകയാണ് ശാസ്ത്രജ്ഞർ ഇപ്പോൾ. ഡോഡോ മരങ്ങൾ എന്നാണ് ഇവ അറിയെപ്പടുന്നത്. സ്വാഭാവികമായ ഒന്നിനെ നശിപ്പിച്ചശേഷം കൃത്രിമമായി നിർമിച്ചെടുക്കുന്ന വിശേഷാൽബുദ്ധിയാണ് ബുദ്ധികൂടിയ മനുഷ്യർക്ക്.
ഇന്ന് കൊറോണയുടെ മുന്നിൽ പേടിച്ചരണ്ടുനിൽക്കുമ്പോഴും നമ്മുടെ എന്തൊക്കെയോ വിവരക്കേടുകൾ അതിെൻറ പിറകിൽ ഉണ്ടെന്നു നമുക്കറിയാം. ആന്ത്രാക്സ് പോലെയുള്ള രോഗങ്ങൾ പടരുമ്പോൾ ചത്ത മൃഗങ്ങളെ ഒരു തരിപോലും ബാക്കിവെക്കാതെ തിന്നുതീർത്ത് കാടുകളും വെളിമ്പ്രദേശങ്ങളും ശുചിയാക്കിവെക്കുന്ന കഴുകന്മാരെ നമ്മൾ ബാക്കിവെക്കാതെ പോയത് ഓർത്തുപോകുന്നു. കന്നുകാലികൾക്ക് വേദന മാറാൻ മൃഗഡോക്ടർമാരും കർഷകരും കൊടുക്കുന്ന ‘ഡിക്ലോഫിനാക്’ എന്ന മരുന്നാണ് കഴുകന്മാരുടെ അന്തകനായത്. ഒരു വിധം എല്ലാ വൈറസ്-ബാക്ടീരിയ ബാധകളെയും അതിജീവിക്കാനുള്ള കഴിവ് പ്രകൃതി കഴുകന് കൊടുത്തിട്ടുണ്ട്.
അതുകൊണ്ടാണ് എല്ലാ ചത്തതിനെയും ചീഞ്ഞതിനെയും അതിന് ആഹാരമാക്കാൻ പറ്റുന്നത്. കാട്ടിൽ മദിച്ചുനടക്കുന്ന ഒരു കൊമ്പനാനയെ കൊന്നു കൊമ്പെടുക്കുമ്പോൾ ഏതാണ്ട് ഇരുപതോളം പിടിയാനകളും അവക്കു ജനിക്കേണ്ടിയിരുന്ന കുഞ്ഞുങ്ങളുമാണ് അതിനോടൊപ്പം ഇല്ലാതായിപ്പോകുന്നത്. കാട്ടിലെ സസ്യഭുക്കുകളുടെ എണ്ണം കൂടാതെ സൂക്ഷിക്കേണ്ട ഉത്തരവാദിത്തമുള്ള ഒരു കടുവയെ ഇല്ലാതാക്കുമ്പോൾ സംഭവിക്കുന്നത് അവയുടെ അനിയന്ത്രിതമായ പെരുകലാണ്. ഇപ്പോൾ സർക്കാർ വിള നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെക്കാനുള്ള ഓർഡർ കൊടുത്തിരിക്കുന്നു. നമ്മുടെ കോഴികളെ കൊന്നൊടുക്കുന്ന കാരണംപറഞ്ഞ്, കാട്ടുപന്നിയുടെ വംശവർധന നിയന്ത്രിക്കുന്ന കുറുക്കന്മാരെ നമ്മളെന്നേ കൊന്നൊടുക്കി. ഈ ലോക്ഡൗൺ കാലത്ത് കേട്ട ഒരു സന്തോഷകരമായ വാർത്ത ഏതോ മൃഗശാലയിലെ ജയൻറ് പാണ്ടകൾ എത്രയോ വർഷങ്ങൾക്കുശേഷം ഇണചേർന്നു എന്നാണ്. പല ജീവിവർഗങ്ങളും വളരെ അന്തർമുഖരും മനുഷ്യരുടെ മുന്നിൽ ജീവിക്കാൻ അറയ്ക്കുന്നവരുമാണ്. അക്കൂട്ടത്തിലാണ് പാണ്ടയും.
ഈ കോവിഡ്കാലത്ത് പകച്ചുനിൽക്കുമ്പോൾ മനുഷ്യർ തിരിച്ചറിയേണ്ട സത്യം പ്രകൃതിയിൽ ഒന്നുണ്ടെങ്കിലേ മറ്റൊന്നിനു നിലനിൽപുള്ളൂ എന്നതാണ്. മനുഷ്യന് നിലനിൽക്കണമെങ്കിൽ മറ്റെല്ലാ ജീവജാലങ്ങളെയും വിശ്വാസത്തിലെടുത്ത്, സൗഹൃദപരമായ സഹവർത്തിത്വംകൊണ്ടേ സാധ്യമാവൂ. മനുഷ്യർക്ക് വംശനാശഭീഷണി നേരിട്ട ഒരുപാടു സമയങ്ങൾ ഉണ്ടായിട്ടുണ്ട്. ബ്യുബോണിക് പ്ലേഗിെൻറ ഭീകരത കണ്ടാൽ കൊറോണ ഒന്നുമല്ലെന്നു മനസ്സിലാവും.
കോളറ, വസൂരി, സ്പാനിഷ് ഫ്ലൂ എന്നിങ്ങനെ പല ആപൽക്കരങ്ങളായ അസുഖങ്ങളും മനുഷ്യകുലത്തിനു ഭീഷണിയായി വന്നിട്ടുണ്ട്. പല ആപത്കരങ്ങളായ അസുഖങ്ങൾക്കും ഇന്നും മരുന്നുകളില്ല. കൂടാതെ, പ്രകൃതിക്ഷോഭങ്ങളും കൂട്ടത്തോടെ മനുഷ്യജീവനുകൾ കവർന്നെടുത്തിട്ടുണ്ട്. മനുഷ്യവംശം നിലനിൽക്കണമെങ്കിൽ ഇതിൽനിന്നെല്ലാം പാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടുപോകണം. പ്രകൃതിയിൽതന്നെ ചോദ്യവും ഉത്തരവും ഉണ്ട്. അത് മനസ്സിലാക്കാനുള്ള ക്ഷമ നമുക്കുണ്ടോ എന്നതാണ് കാര്യം. ഈ അന്താരാഷ്ട്ര ജൈവവൈവിധ്യദിനത്തിൽ നമ്മുടെ കൈപ്പിഴകൾകൊണ്ട് വംശനാശം സംഭവിച്ച എല്ലാ ജീവിവർഗങ്ങളോടും മനസ്സുകൊണ്ട് നമുക്കു മാപ്പുപറയാം.
●