Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightആവർത്തിക്കുന്നത്​​...

ആവർത്തിക്കുന്നത്​​ ബംഗാൾ പാഠങ്ങൾ

text_fields
bookmark_border
BJP
cancel

നരേന്ദ്ര മോദിയുടെ ഗുജറാത്തിലെ തെരഞ്ഞെടുപ്പ് ​പ്രചാരണം പിന്തുടർന്ന പ്രസിദ്ധ മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദ േശായി നിരീക്ഷിച്ച ഒരു കാര്യമുണ്ട്. ജെ.എം ലിങ്ദോ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായിരുന്ന കാലത്ത് മോദിയുടെ കാമ്പയ ിന് പലവിധ നിയന്ത്രണങ്ങൾ വന്നു. അന്ന് റാലികളിൽ ലിങ്ദോയെ പരാമർശിക്കുമ്പോഴൊക്കെ ജയിംസ്​ മൈക്കൽ ലിങ്ദോ എന്നാ ണ് മോദി പറയാറ്​. അതേ പോലെ മുസ്​ലിംകളെ ചീത്ത പറയുകയും വെല്ലുവിളിക്കുകയും ചെയ്യേണ്ട സന്ദർഭങ്ങളിൽ ‘അരേ മിയാൻ പ ർവേശ്​​ മുശർറഫ്...’ എന്നായിരിക്കും സംബോധന. നേരിട്ട് മുസ്​ലിംകളെയും ക്രിസ്​ത്യാനികളെയും ചീത്ത പറഞ്ഞാൽ കമീഷ​​ ​െൻറ നടപടി വരും. മുശർറഫിനെ നാട്ടക്കുറിയാക്കുകയും ലിങ്ദോയുടെ ക്രിസ്​​ത്യൻ സ്വത്വം വെളിപ്പെടുത്തുകയും ചെയ്ത ാൽ കാര്യം നടക്കും, നടപടി ഒഴിവാക്കുകയും ചെയ്യാം.

അമ്മാവന്മാരെ ആവശ്യമില്ല
പൗരത്വ സമരപശ്ചാത്തലത്തി ൽ ചില മുസ്​ലിം സംഘടനകളെ തെരഞ്ഞുപിടിച്ച് സി.പി.എം നിരന്തരം ആക്രമിക്കുന്നതി​​െൻറ മനശ്ശാസ്​ത്രം ഇതാണ്. മുസ്​ലിം തീവ്രവാദം എന്ന ബഹളമുണ്ടാക്കി ഹിന്ദുക്കളെ പിടിക്കുക. ചിലരെ തെരഞ്ഞുപിടിച്ച് തീവ്രവാദികളാക്കി ബാക്കി മുസ്​ലിം സംഘടനകളുടെ പിന്തുണ നേടാം എന്ന കൗശലം. ആ കാലമൊക്കെ മുസ്​ലിം സംഘടനകൾ സഞ്ചരിച്ചു കഴിഞ്ഞുവെന്ന കാര്യം സി.പി.എം അറിയുന്നില്ലെന്ന് തോന്നുന്നു.
ചിലരെ തീവ്രവാദികളാക്കി ലിസ്​റ്റ്​ ചെയ്യുന്നതി​​െൻറ കാരണം ലളിതമാണ്. തുടക്കത്തിൽ സൂചിപ്പിച്ചപോലെ മുസ്​ലിംകൾ സ്വയം സംസാരിക്കുന്ന സമരം എന്നതാണ് പൗരത്വസമരത്തി​​െൻറ ചരിത്രപ്രസക്തി. അങ്ങനെ സ്വയം സംസാരിക്കുന്നവരെ, അതിന് സമുദായത്തെ പ്രാപ്തമാക്കുന്നവരെ പൈശാചികവത്കരിക്കുകയെന്നതാണ് അജണ്ട. അത് പോയിപ്പോയി കടുത്ത വിദ്വേഷ കാമ്പയിനിലേക്ക് കടന്നിരിക്കുന്നു. മനുഷ്യശൃംഖലയുടെ ഭാഗമായി എൽ.ഡി.എഫ്​ ഇറക്കിയ ലഘുലേഖയിൽ ജമാഅത്തെ ഇസ്​ലാമിയെ ചീത്തപറയാനാണ് നല്ലൊരു ഭാഗം നീക്കിവെച്ചത്. ഇപ്പോൾ ഭഗത് സിങ്​ ദിനാചരണ ഭാഗമായി ചിലയിടങ്ങളിൽ എൽ.ഡി.എഫ് ജില്ല കമ്മിറ്റികളുടെയും ഭരണഘടന സംരക്ഷണസമിതിയുടെയും പേരിൽ വിതരണം ചെയ്യുന്ന ലഘുലേഖകളാവട്ടെ, ഡൽഹി കലാപത്തിനു ശേഷമായിട്ടും ആർ.എസ്​.എസിനെ ഒരക്ഷരം പറയുന്നില്ല. എന്നാൽ, ജമാഅത്തെ ഇസ്​ലാമിയെ ചീത്തപറയാൻ പ്രത്യേക ഖണ്ഡം തന്നെ നീക്കിവെച്ചിട്ടുണ്ട്. ജമാഅത്തിനെതിരെ ആർ.എസ്​.എസുകാർ പ്രചരിപ്പിക്കുന്ന ​അതേ വാദങ്ങളാണ്​ ഡൽഹി കലാപത്തിനു ശേഷവും എൽ.ഡി.എഫ്​ ലഘുലേഖയിലുള്ളത്​. ഇത്​ എൽ.ഡി.എഫ്​ മൊത്തം അംഗീകരിക്കുന്നതാണോ അതോ, സി.പി.എം അവരുടെ അജണ്ട എൽ.ഡി.എഫി​​​െൻറ പേരിൽ പ്രചരിപ്പിക്കുന്നതാണോ എന്നു വ്യക്തമാക്കേണ്ടത്​ മറ്റു ഘടകകക്ഷികളാണ്​. പൗരത്വനിയമത്തി​​​െൻറ ചതിക്കുഴികളെ മലയാളികളെ ബോധവത്​കരിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന രണ്ടു മാധ്യമസംരംഭങ്ങളായ ‘മാധ്യമം’ പത്രത്തെയും ‘മീഡിയവൺ’ ചാനലിനെയും ചീത്തപറയാനും എൽ.ഡി.എഫ്​ ലഘുലേഖ സ്​ഥലം കണ്ടെത്തുന്നുണ്ട്​. പക്ഷേ, പാവം ആർ.എസ്​.എസുകാരെക്കുറിച്ച്​ പറയാൻ ലഘുലേഖക്ക്​ ധൈര്യവുമില്ല. പൗരത്വ നിയമത്തിനെതിരെ എന്ന പേരിൽ സി.പി.എം നാടാകെ നടത്തുന്ന പരിപാടികളിലെ മുഖ്യ ഉന്നം തങ്ങൾക്കിഷ്​ടമില്ലാത്ത മുസ്​ലിം സംഘടനകളാണ്. സി.പി.എം സർട്ടിഫൈഡ്​ മതേതരത്വരേഖ ഹാജരാക്കാത്ത മുസ്​ലിം ഗ്രൂപ്പുകാർ തീവ്രവാദികളാണ്​ എന്നതാണ്​ തത്ത്വം.
മതേതരത്വ സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവരെ പൗരത്വസമരത്തിൽ പങ്കെടുപ്പിക്കില്ല എന്നതാണ് കോടിയേരി മുതൽ താഴോട്ടുള്ള സി.പി.എമ്മുകാർ പറഞ്ഞുകൊണ്ടിരിക്കുന്നത്. ‘പങ്കെടുപ്പിക്കില്ല’ എന്ന പ്രയോഗം പ്രത്യേകം

ശ്രദ്ധിക്കുക. പഴയ തറവാട്ടു കാരണവരുടെ ഭാഷയാണത്​. നിങ്ങൾക്കുവേണ്ടി സമരം ചെയ്യാൻ ഞങ്ങളിവിടെയുണ്ട്; അതിൽ ആര്​, എങ്ങനെയൊക്കെ പങ്കെടുക്കണമെന്ന് ഞങ്ങൾ തീരുമാനിക്കും എന്ന്. ഇത് സി.പി.എമ്മുകാരുടെ അസ്​ഥിയിൽ തറച്ച ബോധമാണ്. ഞങ്ങൾ മുസ്​ലിംകളെ അവിടെ സംരക്ഷിച്ചില്ലേ, ഇവിടെ സംരക്ഷിച്ചില്ലേ എന്നത് അവർ ഇടക്കിടെ ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യമാണ്. സംരക്ഷണം ഏറ്റെടുത്ത അമ്മാവന്മാരായി ഞങ്ങളുള്ളപ്പോൾ ഞങ്ങൾ പറയുന്നത് കേൾക്കുക, ഞങ്ങൾ വിളിച്ചു തരുന്ന മുദ്രാവാക്യങ്ങൾ ഏറ്റുവിളിക്കുക എന്നതാണ് തീർപ്പ്. ഇത്രയും കാലം ഈ അമ്മാവന്മാരുടെ സംരക്ഷണയിൽ കഴിഞ്ഞ ശേഷമാണ് സമുദായം ഈ പരുവത്തിലെത്തിയതെന്നും സംഘ്​പരിവാർ ഈ നിലയിൽ വളർന്നതെന്നും മുസ്​ലിംകൾ തിരിച്ചറിയുന്നു എന്നതി​​െൻറ വിളംബരമാണ് യഥാർഥത്തിൽ പൗരത്വസമരം. മുദ്രാവാക്യങ്ങൾ സ്വയം രൂപപ്പെടുത്താനറിയുന്ന തലമുറ അവരിൽനിന്നുണ്ടായിട്ടുണ്ട്. ജെ.എൻ.യുവിൽനിന്നല്ല, ജാമിഅയിൽനിന്നാണ് പൗരത്വ സമരം ഉരുവം കൊണ്ടതെന്ന് ഇടതുപക്ഷം മനസ്സിലാക്കണം. അമ്മാവൻ വേല പഴയ പടി നടക്കാതെയാവുമ്പോഴാണ് തീവ്രവാദ സിദ്ധാന്തവുമായി രംഗത്തുവരുന്നത്. സമുദായത്തി​​െൻറ സംരക്ഷണം സി.പി.എമ്മിന് പുറം കരാർ കൊടുക്കണമെന്നും കെ.ടി. ജലീൽ, എളമരം കരീം, മുഹമ്മദ് റിയാസ്​, എ.എ. റഹീം തുടങ്ങിയ മേസ്​തിരിമാരെ വെച്ച് കരാർ ജോലികൾ തങ്ങൾ ചെയ്തുകൊള്ളും എന്നുമാണ് സി.പി.എം പറയുന്നതി​​െൻറ പച്ചമലയാളം. കരാർ ഏറ്റെടുത്ത കോൺട്രാക്​ടറേക്കാൾ ഉത്സാഹം സൈറ്റിൽ കാണിക്കേണ്ട ഉത്തരവാദിത്തം മേസ്​തിരിമാർക്കുണ്ട്. ജലീലും റിയാസും റഹീമുമൊക്കെ വിയർത്തൊലിച്ച് പ്രസംഗിച്ച് നടക്കുന്നതി​​െൻറ മനശ്ശാസ്​ത്രം അതാണ്. അതേസമയം, സ്വന്തം മണ്ഡലത്തിലെ ഘർവാപസി പീഡന കേന്ദ്രത്തിനെതിരെ വിരലനക്കാത്ത എം. സ്വരാജിന് ഇത്തരം അധികബാധ്യതകൾ ഇല്ല എന്നതും ശ്രദ്ധിക്കണം.
പൗരത്വസമരം അടിസ്​ഥാനപരമായി സംഘ്​പരിവാറിനെതിരായ യോജിച്ച സമരമാണ്. അതിനാൽ തന്നെ സി.പി.എം നടത്തുന്ന കാമ്പയിനോട് പ്രതികരിക്കാൻ പോലും അവർ പൈശാചികവത്കരിക്കുന്ന മുസ്​ലിം ഗ്രൂപ്പുകൾ സന്നദ്ധമായിരുന്നില്ല. യഥാർഥത്തിൽ സി.പി.എം നടത്തുന്ന വർഗീയ, വിദ്വേഷ പ്രചാരണത്തെ അഭിമുഖീകരിക്കാനുള്ള ഉരുപ്പടികൾ അവരുടെ കൈയിൽ ഇല്ലാഞ്ഞിട്ടല്ല. പൗരത്വ രജിസ്​റ്ററും ഡിറ്റൻഷൻ സ​​െൻററുമെല്ലാം ഇന്ത്യയിൽ വരാൻപോകുന്ന യാഥാർഥ്യങ്ങളാണെങ്കിൽ ദശലക്ഷക്കണക്കിന് മുസ്​ലിംകളെ ഡിറ്റൻഷൻ സ​​െൻററുകളിൽ പാർപ്പിച്ച് നരേന്ദ്ര മോദിക്ക് മാതൃകയായിട്ടുള്ളത് കമ്യൂണിസ്​റ്റ്​ ചൈനയാണ്. റമദാൻ നോമ്പ് മുതൽ മുസ്​ലിം പേരുകൾവരെ നിരോധിച്ചുകൊണ്ടാണ് അവിടെ മഹത്തായ സാംസ്​കാരിക വിപ്ലവം കൊടുമ്പിരിക്കൊള്ളുന്നത്. മസ്​ജിദുകളെ മദ്യശാലകളും പാർട്ടി ഓഫിസുകളുമാക്കി മാറ്റിയ മഹത്തായ സോവിയറ്റ് കമ്യൂണിസ്​റ്റ്​ പാരമ്പര്യവും മുസ്​ലിംകൾക്ക് അറിയാഞ്ഞിട്ടല്ല. അതായത്, മോദിയും സംഘവും ഇത്തരം കാര്യങ്ങളിൽ എൽ.കെ.ജിയാണെങ്കിൽ ചൈനീസ്​/ സോവിയറ്റ് കമ്യൂണിസ്​റ്റ്​ പാർട്ടികൾ പിഎച്ച്.ഡിയാണ്. പക്ഷേ, ഈ സമര സന്ദർഭത്തിൽ ഉയർത്തേണ്ട ആശയങ്ങളല്ല അത് എന്ന രാഷ്​​ട്രീയ തിരിച്ചറിവുള്ളതുകൊണ്ടാണ് മുസ്​ലിം സംഘടനകൾ അത് പറയാതിരിക്കുന്നത്. എന്നാൽ, പരിധി ലംഘിച്ചുകൊണ്ടുള്ള വിദ്വേഷപ്രചാരണത്തിനാണ് സി.പി.എം ഇപ്പോൾ ഇറങ്ങിയിരിക്കുന്നത്. മൗലാന മൗദൂദിയാണ് പാർലമ​​െൻറിൽ പൗരത്വ ബിൽ അവതരിപ്പിച്ചതെന്ന മട്ടിലാണ് പ്രചാരണങ്ങളുടെ പോക്ക്!

യഥാർഥത്തിൽ പൗരത്വസമരം ഏതെങ്കിലും മുസ്​ലിംസംഘടനകൾ ആസൂത്രണം ചെയ്തു രൂപപ്പെടുത്തിയതല്ല. മോദി ഭരണത്തിനു കീഴിൽ അനുഭവിക്കുന്ന നിരന്തരമായ അസ്​തിത്വ ഭീഷണിയോടുള്ള അടക്കിപ്പിടിച്ച അമർഷത്തി​​െൻറ ജൈവികമായ ബഹിസ്​ഫുരണമായിരുന്നു അത്. സി.എ.എയും എൻ.ആർ.സിയും അടിസ്​ഥാനപരമായി ചോദ്യം ചെയ്യുന്നത് മുസ്​ലിം സ്വത്വത്തെയാണ്​. അതിനാൽ അതിനെതിരായ സമരങ്ങളിൽ അവരുടെ സ്വത്വപ്രകാശനങ്ങൾ സ്വാഭാവികമാണ്. നിങ്ങൾ ഞങ്ങളുടെ സ്വത്വത്തെയാണ് ആക്രമിക്കുന്നതെങ്കിൽ ആ സ്വത്വം ഞങ്ങൾ ഉയരത്തിൽ ഉയർത്തിപ്പിടിക്കുമെന്ന രാഷ്​ട്രീയപ്രഖ്യാപനമാണത്. ഇൻശാ അല്ലാഹ് പോലുള്ള മുദ്രാവാക്യങ്ങൾ തെരുവിലുയരുന്നത് അങ്ങനെയാണ്. ആദിവാസികൾ നടത്തുന്ന ഒരു സ്വത്വ സമരത്തിൽ ഗോത്രജീവിതവുമായി ബന്ധപ്പെട്ട മുദ്രാവാക്യങ്ങൾ ഉയരും. നിങ്ങളാ മുദ്രാവാക്യങ്ങൾ മാറ്റിയാലേ ഞങ്ങൾ നിങ്ങളോട് ഐക്യദാർഢ്യ​െപ്പടൂ എന്ന് വിവരമുള്ളവരാരും പറയില്ല. പക്ഷേ, ഞങ്ങൾ പറഞ്ഞുതരുന്ന മുദ്രാവാക്യങ്ങൾ വിളിക്കുകയേ നിർവാഹമുള്ളൂ എന്നതാണ് പൗരത്വ സമരത്തിൽ സി.പി.എം നിലപാട്. ഇനി അങ്ങനെ ചെയ്​തില്ലെങ്കിൽ നിങ്ങൾ തീവ്രവാദികളാകുമെന്ന ഭീഷണിയും (ടി.പിയെ വെട്ടിനുറുക്കാൻ ‘മാശാ അല്ലാഹ്’ ഉപയോഗിച്ചവരാണ് പൗരത്വസമരത്തിൽ ‘ഇൻശാ അല്ലാഹ്’ കേൾക്കുമ്പോഴേക്ക് വിറളിപിടിക്കുന്നതെന്നത് എന്തായാലും ചരിത്രഫലിതം തന്നെ).

അലക്കുസോപ്പും കുളിസോപ്പും ഒരേ പാക്കറ്റിൽ

ജമാഅത്തിനെയും മൗദൂദിയെയും മുൻനിർത്തിയുള്ള സി.പി.എമ്മി​​െൻറ പ്രചാരണത്തി​​െൻറ ലക്ഷ്യം തെരഞ്ഞെടുപ്പ് രാഷ്​ട്രീയം മാത്രമാണ്. ജമാഅത്ത് കേരളത്തിൽ എന്തുചെയ്യുന്നുവെന്ന് അറിയാത്തവരല്ല അവർ. മറിച്ച് ലിങ്ദോയെയും മിയാൻ മുശർറഫിനെയും നാട്ടക്കുറിയാക്കി നരേന്ദ്ര മോദി ഗുജറാത്തിൽ ചെയ്തതി​​​െൻറ ഫോട്ടോകോപ്പി മാത്രമാണത്. പൗരത്വസമരത്തോടൊപ്പം നിൽക്കുന്നതിലൂടെ നഷ്​ടപ്പെടുന്ന ഹിന്ദു വോട്ട് സംരക്ഷിച്ചു നിർത്താൻ അതിലൂടെ സാധിക്കുമെന്നാണ് അവർ വിചാരിക്കുന്നത്. തീർത്തും നൈതിക ഉള്ളടക്കമുള്ള ഒരു സമരത്തോടൊപ്പം നിന്നാൽ വോട്ട് നഷ്​ടപ്പെടുമെന്നാണ് അവർ വിചാരിക്കുന്നതെങ്കിൽ അതിൽപരം രാഷ്​ട്രീയ പാപ്പരത്തമെന്താണ്? പൗരത്വസമരത്തിലൂടെ മുസ്​ലിംവോട്ടും ‘തീവ്രവാദവിരുദ്ധത’യിലൂടെ ഹിന്ദു വോട്ടും നേടാമെന്ന വ്യാമോഹമാണത്. അങ്ങാടിയിൽ വ്യത്യസ്​ത പാക്കറ്റുകളിലായി കുളി സോപ്പും അലക്കുസോപ്പും കണ്ട ഒരു സംരംഭകൻ എന്തിനാണ് ഇത്​ ഇങ്ങനെ രണ്ടെണ്ണം, രണ്ടും കൂടെ ഒറ്റ ​േപ്രാഡക്​ട്​ ആക്കിക്കൂടേ എന്നാലോചിച്ച് രണ്ടും മിക്സ്​ ചെയ്ത് ഒരൊറ്റ പാക്കറ്റിൽ ഇറക്കുന്നതുപോലെയുള്ള കച്ചവട തന്ത്രം. പക്ഷേ, ഫലത്തിൽ സംഭവിക്കുക ആരും അത് വാങ്ങാനുണ്ടാവില്ല എന്നതാണ്. കുളി സോപ്പ് വേണ്ടവൻ അതായിട്ടുതന്നെ വാങ്ങും. അലക്ക് സോപ്പ് വേണ്ടവൻ അതും വാങ്ങും. ഇതാണ് സി.പി.എമ്മിന് കേരളത്തിൽ സംഭവിക്കാൻ പോകുന്നത്. ബംഗാളിൽ സംഭവിച്ചത് അതാണ്. ഹിന്ദുക്കളായ അനുയായികൾ കൂട്ടത്തോടെ ബി.ജെ.പിയിലേക്കും മുസ്​ലിംകൾ തൃണമൂൽ കോൺഗ്രസിലേക്കും പോയതാണ് ആ പാർട്ടിയെ അവിടെ ഇന്നത്തെ പരുവത്തിലാക്കിയത്. മുസ്​ലിംകൾക്ക് അവിടെ സി.പി.എമ്മിൽ നിൽക്കേണ്ട ഒരു ന്യായവുമുണ്ടായില്ല. സ്വന്തം ഹിന്ദു അണികളെ സാംസ്​കാരികമായി സി.പി.എം സംഘികളാക്കി മാറ്റുകയും ചെയ്തിരുന്നു. അത്തരമൊരവസ്​ഥയിലേക്ക് കേരള പാർട്ടിയെ നയിക്കുന്ന ചരിത്രപരമായ ഉത്തരവാദിത്തമാണ് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഏറ്റെടുത്തിരിക്കുന്നത്. കേരളത്തിലെ സി.പി.എം പാർട്ടി സംഘടന ഒരു തലമുറ മാറ്റത്തിലേക്ക് കടക്കേണ്ട ഘട്ടത്തിൽ ഈ രാഷ്​​ട്രീയ അവിവേകം അവർ തുടരുകയാണെങ്കിൽ ബംഗാൾ അകലത്തല്ല എന്നു മാത്രം ഓർമിപ്പിക്കുന്നു.
(അവസാനിച്ചു)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opinionmalayalam newsBJP
News Summary - Bengal lessons-Opinion
Next Story