വിധേയൻ
text_fieldsരാഷ്ട്രീയത്തിൽ വിരമിക്കൽ പ്രായമില്ലെന്നാണ് ചൊല്ലും കീഴ്വഴക്കവും. അല്ലെങ്കിലും ഏതെങ്കിലുമൊരു നിശ്ചിത വയസ്സെത്തുേമ്പാൾ നിർത്തിപ്പോരേണ്ട പണിയല്ലല്ലോ ഇൗ ജനസേവനമെന്നു പറയുന്നത്. പ്രായം ചെല്ലുംതോറും ഉത്തരവാദിത്തങ്ങൾ കൂടിക്കൊണ്ടേയിരിക്കും; അതിനനുസരിച്ച് ഇരിക്കുന്ന കസേരയുടെ വലുപ്പവും കൂടും. ഇൗ ത്യാഗജീവിതത്തിനിടയിൽ വല്ല ആരോഗ്യപ്രശ്നമോ മറ്റോ കാരണം അൽപം വിശ്രമം വേണമെന്ന് തോന്നിയാലും രക്ഷയില്ല; ജനസേവനം തുടരുകതന്നെ വേണമെന്നാണ് അലിഖിത നിയമം. കേന്ദ്രം ഭരിക്കുന്ന കക്ഷിയാണെങ്കിൽ പറയുകയും വേണ്ട. ഏറ്റവും ചുരുങ്ങിയത് രാജ്ഭവനിലെങ്കിലും പോയി ശിഷ്ടകാലം പണിയെടുക്കേണ്ടി വരും. അങ്ങനെ 77ാം വയസ്സിൽ കർണാടകയിലെ രാജ്ഭവനിലേക്ക് വിശ്രമജീവിതത്തിനയച്ചതാണ് വാജുഭായ് വാലയെ. ആൾ പണ്ടേയൊരു മോദി ഭക്തനാണ്; മോദിക്കു മത്സരിക്കാൻ സ്വന്തം സീറ്റു വരെ വിട്ടുകൊടുത്തിട്ടുണ്ട് ടിയാൻ. ത്യാഗിയായ ആ മനുഷ്യനു നേരെയാണ് പ്രതിപക്ഷവും മാധ്യമങ്ങളുമെല്ലാം ഉറഞ്ഞുതുള്ളുന്നത്. തെന്നിന്ത്യ പിടിക്കാനുള്ള മോദിയുടെ ശ്രമത്തിനുവേണ്ടി ഒരുകൈ സഹായം ചെയ്തുവെന്ന തെറ്റേ അദ്ദേഹം ചെയ്തുള്ളൂ. അതിനുവേണ്ടി ഭരണഘടന കുറച്ചുകാലത്തേക്ക് പണയംെവച്ചിട്ടുണ്ടെങ്കിൽ കണക്കായിപ്പോയി എന്നാണ് പാർട്ടിയുടെ ന്യായം.
‘രാഷ്ട്രീയത്തിൽ ബുദ്ധിരാഹിത്യം ഒരു വൈകല്യമല്ല, അലങ്കാരമാണെ’ന്ന് പറഞ്ഞത് നെപ്പോളിയൻ ബോണപാർട്ട് ആണ്. ഇൗ അലങ്കാരത്തോെടാപ്പം അൽപം വിധേയത്വം കൂടിയുണ്ടെങ്കിൽ പിന്നെ പറയണ്ട; വെച്ചടി കയറ്റമായിരിക്കും. നെപ്പോളിയെൻറ ഇൗ പരിഹാസത്തെ നിർഭാഗ്യവശാൽ ബി.ജെ.പിക്കാർ കാര്യമായി എടുത്തതോടെയാണ് നമ്മുടെ രാജ്യത്തിെൻറ രാഷ്ട്രീയ ശനിദശ ആരംഭിക്കുന്നത്. ഏറ്റവും കൂടുതൽ മണ്ടത്തങ്ങൾ എഴുന്നള്ളിക്കുന്നവരെയും ട്രോൾ ശരങ്ങൾക്ക് വിധേയരാകുന്നവരെയുമാണ് പാർട്ടി നേതൃസ്ഥാനത്തേക്കും അധികാര പദവികളിലേക്കും പരിഗണിക്കുന്നത്. ഇപ്പോൾ അവരുടെ ദേശീയ ഹീറോ ത്രിപുര മുഖ്യമന്ത്രി പൗരാണിക ഇൻറർനെറ്റിെൻറ ഉപജ്ഞാതാവായ ബിപ്ലവ് കുമാറാണല്ലോ. സത്യംപറഞ്ഞാൽ ബിപ്ലവ് വന്നതോടെ സാക്ഷാൽ മോദി രണ്ടാം സ്ഥാനത്തെത്തി. പക്ഷേ, ഇതിൽനിന്നെല്ലാം വ്യത്യസ്തനാണ് വാജുഭായ്. നർമം ചാലിച്ച സംസാരമാണെങ്കിലും ആളൊരു കർക്കശക്കാരനാണ്.
മോദിക്കും മുേമ്പ, ഗുജറാത്തിൽ വർഗീയതയുടെയും ഫാഷിസത്തിെൻറയും വിത്തുപാകിയവരിൽ ഒരാൾ. ഗുജറാത്തിൽ ബി.ജെ.പിയുെട ഭാഗ്യനക്ഷത്ര മണ്ഡലമായ രാജ്കോട്ട്, കോൺഗ്രസിൽനിന്ന് പിടിച്ചെടുത്ത നേതാവ്. ബി.ജെ.പി രൂപം കൊണ്ട 1980െല തെരഞ്ഞെടുപ്പ് കാലം. രാജ്കോട്ടിൽ കോൺഗ്രസിെൻറ മണിഭായ് രൺപറയുമായി മത്സരിക്കാൻ പാർട്ടി നിയോഗിച്ചത് വാജുഭായിയെ ആയിരുന്നു. രണ്ടായിരത്തോളം വോട്ടിന് അദ്ദേഹം തോറ്റു. ആ മണ്ഡലത്തിൽ കോൺഗ്രസിെൻറ അവസാന വിജയമായിരുന്നു അത്. ’84ലെ തെരഞ്ഞെടുപ്പിൽ ഹർഷ്ദബയെ മുട്ടുകുത്തിച്ച് വാജുഭായ് തുടങ്ങിയ തേരോട്ടം 2014ലാണ് അവസാനിച്ചത്. ഇതിനിടെ മന്ത്രിയായും പാർട്ടി സംസ്ഥാന അധ്യക്ഷനായും സ്പീക്കറായുമൊക്കെ പ്രവർത്തിച്ചു. ചുരുക്കിപ്പറഞ്ഞാൽ, പാർട്ടിക്ക് ഗുജറാത്തിൽ മേൽവിലാസമുണ്ടാക്കിയ ആളാണെന്നർഥം. അപ്പോൾ, പാർട്ടി ദക്ഷിണേന്ത്യയിലേക്ക് തേരോട്ടം നടത്തുേമ്പാൾ അതിെൻറ സൂത്രധാരനായി വാജുഭായിയെ തന്നെ ചുമതലപ്പെടുത്തിയതിൽ തെറ്റുപറയാനാകുമോ? പക്ഷേ, കോൺഗ്രസ് അൽപമൊന്ന് പിടിമുറുക്കുകയും നീതിപീഠം അപ്രതീക്ഷിതമായി ഇടപെട്ടതും ക്ഷീണമായി.
എന്നും അധികാര കേന്ദ്രങ്ങളോട് വലിയ താൽപര്യമാണ്. ഇപ്പോൾ കാണിച്ചുകൂട്ടുന്ന മോദി ഭക്തിയും മറ്റൊന്നല്ല. ഗുജറാത്തിൽ കേശുഭായ് നേതാവായിരിക്കുേമ്പാൾ അദ്ദേഹമായിരുന്നു കൺകണ്ട ദൈവം. ആദ്യമായി ധനകാര്യ മന്ത്രിയാകുന്നത് കേശുഭായുടെ കീഴിലാണ്. പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷമായ സാഹചര്യത്തിൽ ഡൽഹിയിൽനിന്ന് മോദി പറന്നെത്തിയതോടെ നേരെ കളം മാറി. മോദിക്കുവേണ്ടി 2002ൽ, രാജ്കോട്ട് മണ്ഡലം ഒഴിഞ്ഞുകൊടുത്തു. അങ്ങനെ മോദി മുഖ്യമന്ത്രിയായി. തൊട്ടടുത്ത വർഷം മോദി മണിനഗറിലേക്ക് മാറിയതോടെ വീണ്ടും രാജ്കോട്ടിെൻറ ഉടമയായി. സ്ഥാനത്യാഗം ചെയ്തതിന് മോദി നന്ദി കാണിക്കുകയും ചെയ്തു. വീണ്ടും ധനകാര്യവും റവന്യൂവകുപ്പുെമാക്കെ മന്ത്രിസഭയിൽ കൈകാര്യം ചെയ്തു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചതിെൻറ റെക്കോഡുണ്ട്. മോദി^വാജുഭായ് ജോടി സംസ്ഥാനം ഭരിക്കുേമ്പാഴാണ് ഗുജറാത്ത് യഥാർഥ ‘ഗുജറാത്താ’യി മാറിയത്. ആ പരീക്ഷണം രാജ്യത്തിെൻറ മറ്റു ഭാഗങ്ങളിൽ പരീക്ഷിച്ചതും പിന്നീട് മോദി പ്രധാനമന്ത്രി കസേരയിലെത്തിയതുെമാക്കെ എല്ലാവർക്കും അറിയുന്ന കഥകൾ. മോദി ഡൽഹിയിലേക്ക് വിമാനം കയറുേമ്പാൾ ആ കേസരയിൽ രാഷ്ട്രീയ നിരീക്ഷകർ പ്രതീക്ഷിച്ചത് വാജുഭായിയെ ആയിരുന്നു. അന്ന് സ്പീക്കറായിരുന്നു അദ്ദേഹം. പക്ഷേ, പരിവാറിന് ഇനിയും പിടിതരാത്ത തെക്കേ ഇന്ത്യ പിടിക്കാനായിരുന്നു വാജുഭായിക്ക് നിയോഗം.
നർമം വിതറിയ വാക്കുകൾ വജ്രായുധമാക്കിയിട്ടുണ്ട് പലപ്പോഴും. പാളിപ്പോയ സന്ദർഭങ്ങളും കുറവല്ല. രണ്ടു വർഷം മുമ്പ്, മൈസൂരുവിൽ നടന്ന ഇന്ത്യൻ സയൻസ് കോൺഗ്രസിൽ നടത്തിയ പ്രഭാഷണം അത്തരത്തിലൊന്നായിരുന്നു. പെൺകുട്ടികൾ മേക്ക് അപ്പ് ചെയ്ത് കോളജിൽ പോകുന്നത് സൗന്ദര്യ മത്സരത്തിൽ പെങ്കടുക്കാനാണോ എന്ന ചോദ്യം ആർക്കും നർമമായി അനുഭവപ്പെട്ടില്ല. വലിയ തിരിച്ചടിയായി ആ പ്രഭാഷണം. അനധികൃതമായി രാജ്കോട്ടിൽ സ്വത്തുവാങ്ങിക്കൂട്ടിയതിെൻറ പേരിലും പഴി കേട്ടിട്ടുണ്ട്. മണ്ഡലത്തിൽ ബിനാമി പേരിൽ പതിനായിരക്കണക്കിന് ഏക്കർ വാങ്ങിക്കൂട്ടിയെന്ന് നാട്ടുകാരും അടക്കം പറയുന്നുണ്ട്.
1939 ജനുവരി 13ന് രാജ്കോട്ടിൽ ജനനം. രാജ്കോട്ട് ധർമേന്ദ്ര സിങ്ജി ആർട്സ് കോളജിൽനിന്ന് നിയമ ബിരുദം. സ്കൂൾ പഠനകാലത്തു തന്നെ ആർ.എസ്.എസിൽ സജീവമായിരുന്നു. സ്വാഭാവികമായും രാഷ്ട്രീയ ഭൂമിക ജനസംഘത്തിേൻറതുമായി. ഇതിനിടയിൽ ജയപ്രകാശ് നാരായണെനാപ്പം കുറച്ചു കാലം പ്രവർത്തിച്ചിട്ടുണ്ട്. ആ കണക്കിൽ അടിയന്തരാവസ്ഥ കാലത്ത് കുറച്ചുകാലം ജയിലിലും കിടന്നു. രാജ്കോട്ട് തന്നെയായിരുന്നു പ്രവർത്തന മണ്ഡലം. എം.എൽ.എ ആകുന്നതിന് മുമ്പ് രാജ്കോട്ട് മേയറായിട്ടുണ്ട്. ’90കളുടെ മധ്യത്തിൽ സംസ്ഥാന പാർട്ടി അധ്യക്ഷനായിരുന്നു. ആ കാലത്താണ് ഗുജറാത്തിൽ ബി.ജെ.പി സർക്കാറിനെ പ്രധാനമന്ത്രി ദേവഗൗഡ ഇടപെട്ട് ഗവർണർ താഴെ ഇറക്കിയത്. അതിനുള്ള മധുര പ്രതികാരമായി, െയദിയൂരപ്പയെ സത്യപ്രതിജ്ഞക്ക് ക്ഷണിച്ചതിനെ കാണുന്നവരുണ്ട്. 2012^14കാലത്ത് സ്പീക്കറായിരുന്നു. 2014 സെപ്റ്റംബർ ഒന്ന് മുതൽ കർണാടക ഗവർണർ. കഴിഞ്ഞവർഷം ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വീണ്ടും വാജുഭായുടെ പേര് ഉയർന്നുകേട്ടിരുന്നു. പേക്ഷ, ആ കസേര 80ാം വയസ്സിലും ഒരു സ്വപ്നമായി അവശേഷിക്കുന്നു. ഭാര്യ മനോരമ ബഹൻ. നാലു മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
