ഒരു പാർട്ടിയെ നയിക്കാനും കാര്യങ്ങൾ നോക്കിനടത്താനുമൊ ക്കെ കെ.പി.സി.സി മോഡൽ ജംബോ സംഘം ആവശ്യമുണ്ടോയെന്നാണ് ആളു കൾ ചോദിക്കുന്നത്. മര്യാദക്കാണെങ്കിൽ കാര്യപ്രാപ്തി യുള്ള ഒന്നോ രണ്ടോ പേർ പോരേ? പുതിയ കാലത്തിെൻറ സാങ്കേതികവ ിദ്യയും മറ്റുമൊക്കെ പ്രയോജനപ്പെടുത്തി, പാർട്ടിയും ഭര ണം കൈയിലുണ്ടെങ്കിൽ അതും അവർ നോക്കിക്കൊള്ളും. ജനാധിപത്യം എ ന്ന ആശയം അങ്ങനെയല്ലേ വികസിക്കുകയുള്ളൂ. ഇക്കാര്യത്തിൽ ബി.ജെ.പിയെ കണ്ടു പഠിക്കണം സോണിയയും കൂട്ടരും. കാവിപ്പാർട്ടി ഏറക്കുറെ ഈ പുത്തൻ ‘ജനാധിപത്യ മാതൃക’യാണ് പിന്തുടരുന്നത്. അവിടെ പാർട്ടിയിലെയും പാർലമെൻറിലെയും കാര്യങ്ങൾ തീരുമാനിക്കാൻ മോദിയും അമിത് ഷായുമുണ്ട്. ഗുജറാത്ത് കാലം മുതൽ ‘കാര്യപ്രാപ്തി’ തെളിയിച്ച ഈ കൂട്ടുകെട്ടിൽ തുടർന്നും മുന്നോട്ടുപോയാൽ മതിയെന്ന് പാർട്ടിയങ്ങ് തീരുമാനിച്ചിരിക്കുന്നു. എന്നുവെച്ച് താക്കോൽ പാർട്ടി പ്രസിഡൻറ്, സെക്രട്ടറി തുടങ്ങിയ പാരമ്പര്യപദവികൾ ഉപേക്ഷിച്ചിട്ടുമില്ല. ആചാരസംരക്ഷകർ എന്ന നിലയിൽ പഴയ രാഷ്ട്രീയ ശീലങ്ങൾ പൂർണമായി ഉപേക്ഷിക്കാൻ കഴിയില്ലേല്ലാ. അതുകൊണ്ട് പഴയകാലത്തെ ‘താക്കോൽസ്ഥാന’ങ്ങളിൽ വേണ്ടപ്പെട്ടവരെ കുടിയിരുത്തി പുതിയൊരു ശൈലിക്ക് തുടക്കമിട്ടിരിക്കുകയാണ് അവർ. അതിെൻറ ഭാഗമായാണ് അമിത് ഷാ ദേശീയ അധ്യക്ഷപദവി ഒഴിഞ്ഞത്. ആ പണി ചെയ്യാൻ അങ്ങനെയൊരു കസേര ആവശ്യമില്ലെന്നിരിക്കെ പിന്നെയും എന്തിന് അവിടെ ഇരിക്കണം? അതുകൊണ്ട് വർക്കിങ് പ്രസിഡൻറ് പദവിയിൽ ആറു മാസം സ്തുത്യർഹ സേവനം കാഴ്ചവെച്ച ജെ.പി നഡ്ഡക്കുവേണ്ടി സ്ഥാനത്യാഗം ചെയ്തിരിക്കുകയാണ് ഷാ.
ജഗത് പ്രകാശ് നഡ്ഡ എന്നാണ് പൂർണ നാമധേയം. ലോകത്തിന് പ്രകാശം ചൊരിയുന്നവൻ എന്നാണ് അതിന് അർഥമെങ്കിലും നിഴലായി വർത്തിക്കാനാണ് യോഗം. വിമർശകർ പറയുന്നത് മോദി-ഷാ ജോടിയുടെ ലെഫ്റ്റനൻറ് ആണ് എന്നാണ്. ഏതായാലും ആഗ്രയിൽ നടത്തിയ ആദ്യ പ്രസംഗത്തിൽതന്നെ ഇരുവരോടും കൂറ് വിളിച്ചുപറയാൻ മറന്നില്ല. ബി.ജെ.പിയുടെ ഈ പുതിയ രാഷ്ട്രീയ ശൈലി നഡ്ഡയിൽ തുടങ്ങിയതാണെന്ന് തെറ്റിദ്ധരിക്കല്ലേ. രണ്ടാമൂഴം ലഭിച്ചപ്പോൾ ലോക്സഭ സ്പീക്കർ ആര് എന്ന ചോദ്യം വന്നപ്പോൾ മോദിയും അമിത് ഷായും ഏകസ്വരത്തിൽ പറഞ്ഞപേര് ഓം ബിർളയുടേതായിരുന്നു. സഭയിൽ കാര്യങ്ങൾ നോക്കി നടത്താൻ മോദിതന്നെ ധാരാളമാണെന്നിരിക്കെ, എന്തിന് മറ്റൊരു സ്പീക്കർ എന്നായിരുന്നു ആദ്യചിന്ത. പിന്നെ, കസേര ഒഴിച്ചിടേണ്ടതില്ലല്ലോ എന്ന ഒെരാറ്റ ന്യായത്തിെൻറ പുറത്ത് ഇഷ്ടക്കാരനായ ബിർളയെ അവിടെ ഇരുത്തി. ബിർള ആ പണി നന്നായി ചെയ്യുന്നത് ഇപ്പോൾ നാം കണ്ടുകൊണ്ടിരിക്കയാണല്ലോ. അതോടെ, ലോക്സഭ എന്നാൽ മോദിയിലേക്ക് ചുരുങ്ങി; രാജ്യസഭ അമിത് ഷായിലേക്കും. പാർട്ടിയും കുറച്ചുകാലമായി അങ്ങനെതന്നെയാണ്. മുൻ അധ്യക്ഷന്മാരായ ഗഡ്കരിയും രാജ്നാഥ് സിങ്ങുമൊന്നും എവിടെയുമില്ല. സ്വന്തം മന്ത്രിയാപ്പീസിനു പുറത്ത് അവരൊന്നും ശബ്ദിക്കുന്നു പോലുമില്ല. ആകെ കേൾക്കുന്ന ശബ്ദം ആ രണ്ടു പേരുടേതു മാത്രമാണ്. നഡ്ഡയെ അധ്യക്ഷപദവിയിൽ പ്രതിഷ്ഠിക്കുേമ്പാഴും ശബ്ദങ്ങൾ പഴയതു തന്നെയാകും. അതിനാൽ, നഡ്ഡയുടെ സൗമ്യശീലവും പുഞ്ചിരിയുമൊക്കെ ചൂണ്ടിക്കാണിച്ച് ബി.ജെ.പിയുടെ ഭാഗത്തുനിന്ന് മൃദുസമീപനം പ്രതീക്ഷിക്കുന്നവരെ നോക്കി ചിരിക്കാനേ നിർവാഹമുള്ളൂ.
അമിത് ഷാക്ക് തെറ്റിയിട്ടില്ല. ലക്ഷണമൊത്തൊരു നിഴൽരൂപത്തെത്തന്നെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. സമരങ്ങളുടെ ചരിത്രമൊക്കെ പറയാനുണ്ടെങ്കിലും അതിനെ കവച്ചുവെക്കുന്നതാണ് വിധേയത്വത്തിെൻറ വർത്തമാനങ്ങൾ. ആഗ്രയിൽ നടത്തിയ അരമണിക്കൂർ പ്രസംഗം മുഴുവൻ മോദി-ഷാ ടീമിനുള്ള പ്രശംസാവചനങ്ങളായിരുന്നു. അതിനിടയിൽ, പ്രതിപക്ഷത്തെ കാര്യമായി വിമർശിക്കാൻപോലും മറന്നു. സർവം ഈ രണ്ടുപേരിലും സമർപ്പിച്ച പാർട്ടി പ്രവർത്തകൻ കഴിഞ്ഞ പത്തുവർഷമായി കൂടെയുണ്ട്. പൂർവാശ്രമത്തിൽ ഇങ്ങനെയായിരുന്നില്ല. അടിയന്തരാവസ്ഥ കാലത്ത് ജെ.പിക്കൊപ്പം പടനയിച്ച് രാഷ്ട്രീയത്തിൽ പ്രവേശിച്ചയാളാണ്. രണ്ടു വർഷത്തിനുശേഷം രാഷ്ട്രീയ ലൈൻ മാറ്റിപ്പിടിച്ചു. നേരെ പോയത് എ.ബി.വി.പിയിലേക്ക്. അന്ന് പട്ന സർവകലാശാലയിൽ വിദ്യാർഥിയാണ്. എ.ബി.വി.പി പാനലിൽ യൂനിയൻ സെക്രട്ടറിയായി വിജയിച്ചു. എൺപതുകളിൽ രാഷ്ട്രീയ സംഘർഷ് േമാർച്ച എന്ന പാർട്ടിയുണ്ടാക്കി കോൺഗ്രസ് സർക്കാറിനെതിരെ നിരന്തരമായ സമരങ്ങൾ നടത്തി. ആ വകയിൽ കുറച്ചുകാലം അകത്തുകിടന്നിട്ടുമുണ്ട്. 1989ൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ഹിമാചൽ പ്രദേശിൽ ബി.ജെ.പിയുടെ പ്രചാരണസംഘത്തിലെ പ്രധാനിയായിരുന്നു. അന്ന് പ്രായം 29. രണ്ടു വർഷത്തിനുശേഷം യുവമോർച്ചയുടെ ദേശീയ പ്രസിഡൻറ്. യുവദേശീയ നേതാവായിരുന്ന സമയത്തും കണ്ണ് സംസ്ഥാന രാഷ്ട്രീയത്തിൽതന്നെയായിരുന്നു. അവിടെ ജയിച്ചുകയറാനുള്ള സാഹചര്യവുമുണ്ടായിരുന്നു. 1993ൽ ആദ്യമായി നിയമസഭയിലെത്തി. ആ ടേമിൽ അവസാന നാലു വർഷം പാർലമെൻററി പാർട്ടി നേതാവുമായി. ’98ൽ വിജയം ആവർത്തിക്കുകയും പാർട്ടി അധികാരത്തിൽ വരുകയും ചെയ്തതോടെ കാബിനറ്റ് അംഗവുമായി. ആരോഗ്യ-കുടുംബക്ഷേമമാണ് കൈകാര്യം ചെയ്തത്. 2007ലും അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മന്ത്രിയുമായി. എന്നാൽ, 2010ൽ മുഖ്യമന്ത്രി പ്രേംകുമാർ ധുമാലുമായി അടിയുണ്ടാക്കി പുറത്തുപോന്നു. അതിനുശേഷം, ദേശീയ രാഷ്ട്രീയത്തിലാണ് കണ്ണ്.
2012ൽ, രാജ്യസഭയിലേക്ക് കൊണ്ടുവന്നത് നിതിൻ ഗഡ്കരിയാണ്. 2014ൽ മോദി നടത്തിയ ആദ്യ മന്ത്രിസഭ വികസനത്തിൽതന്നെ കാബിനറ്റിൽ ഇടംപിടിക്കുകയും ചെയ്തു. അവിടുന്നങ്ങോട്ട് മോദിയുടെ സ്വന്തക്കാരനാണ്. എൻ.ഡി.എ സർക്കാർ കൊണ്ടാടിയ ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഉപജ്ഞാതാവ്. പക്ഷേ, അതിെൻറ ക്രെഡിറ്റ് പൂർണമായും മോദിക്ക് സമർപ്പിച്ച് മാറിനിന്ന മഹാനാണ്. കാമറക്കു മുന്നിൽ വരാൻ ഒട്ടും താൽപര്യമില്ല; അനാവശ്യമായി പ്രസ്താവനകൾ നടത്തി മാധ്യമങ്ങളെ ബുദ്ധിമുട്ടിക്കാറുമില്ല. അതുകൊണ്ടുതന്നെ നാലാളറിയുമെന്ന പേടിയുമില്ല. ആളറിയാത്തതിനാൽ അൽപസ്വൽപം അഴിമതി നടത്താമെന്ന ഗുണവുമുണ്ട്. ആ വഴിയിലും ചിലതൊക്കെ ചെയ്തുനോക്കി. എയിംസിലെ 3700 കോടിയുടെ ടെൻഡർ അഴിമതി വിവാദമൊക്കെ അങ്ങനെയുണ്ടായതാണ്. തനിക്കുമുമ്പ് ആ സീറ്റിലിരുന്നവരുടേതുപോലെ വിദ്വേഷ പ്രസംഗങ്ങൾ കാര്യമായി നടത്തിയിട്ടില്ല എന്ന പോരായ്മയുമുണ്ട്.
1960 ഡിസംബർ രണ്ടിന് ബിഹാറിലെ പട്നയിലെ ബ്രാഹ്മണ കുടുംബത്തിൽ ജനനം. നാരായൺ ലാൽ-കൃഷ്ണ ദമ്പതികളുടെ മകൻ. ബിരുദ പഠനംവരെ പട്നയിലായിരുന്നു. പിന്നീടാണ് മാതാപിതാക്കളുടെ നാടായ ഹിമാചലിലേക്ക് എത്തിയത്. ഹിമാചൽ സർവകലാശാലയിൽനിന്ന് നിയമ ബിരുദം നേടി. അക്കാലത്ത് അറിയപ്പെടുന്ന നീന്തൽ താരവുമായിരുന്നു. 1991ൽ മല്ലികയെ വിവാഹം ചെയ്തു. യുവമോർച്ചയുടെ ദേശീയ നേതാവും കോളജ് അധ്യാപികയുമായ മല്ലിക മുൻ പാർലമെൻറംഗം ജയശ്രീ ബാനർജിയുടെ മകളാണ്. രണ്ട് ആൺമക്കൾ.