നഗരത്തിനുമേൽ ഇരുൾ പത്തിവിരിക്കുന്ന നേരങ്ങളിൽ കൈയിലൊരു ചെറിയ സഞ്ചിയും തൂക്കി ഇട റി നടന്നുപോയത് ഒരു നായികയായിരുന്നു. ഒരുപാട് ചലച്ചിത്രങ്ങളുടെ ഭാരിച്ച റെക്കോ ഡുകൾ ഒന്നുമിെല്ലങ്കിലും ഓർത്തിരിക്കാവുന്ന ഏതാനും ചിത്രങ്ങളുടെ മേൽവിലാസം മാത്രം ഉണ്ടായിരുന്ന നടി. അങ്ങനെയൊരാൾ തലസ്ഥാന നഗരിയിൽ ജീവിച്ചിരുന്നു എന്നുപോലും അറ ിയുന്നവർ ചുരുക്കമായിരുന്നു. അതായിരുന്നു ജമീല മാലിക് എന്ന നടിയുടെ ജീവിതത്തിൻെറ അവസാന എപ്പിസോഡ്. സേതുവിൻെറ നോവൽ ‘പാണ്ഡവപുരം’ ജി.എസ്. പണിക്കർ അതേ പേരിൽ സിനിമയാ ക്കിയപ്പോൾ ദേവി ടീച്ചർ എന്ന നായികയുടെ വേഷമിട്ടത് ജമീല മാലിക്കായിരുന്നു എന്നതിന േക്കാൾ, അവസരം നഷ്ടപ്പെട്ട സിനിമകളുടെ പേരിലായിരിക്കണം മറ്റ് ചിലർ അവരെ ഒാർമിക്കുക. ജോൺ എബ്രഹാമിൻെറ നായികയാവാൻ കാത്തിരുന്ന് അവസരമൊത്തപ്പോൾ നിർഭാഗ്യം തട്ടിയകറ്റിയത്, തമിഴിൽ എം.ജി.ആറിൻെറ നായികയാവാൻ കിട്ടിയ അവസരം വഴുതിപ്പോയത്, അങ്ങനെയങ്ങനെ...
1969ൽ പതിനാറാം വയസ്സിൽ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയം പഠിക്കാൻ ചേരുമ്പോൾ ദക്ഷിണേന്ത്യയിൽനിന്ന് ആ കോഴ്സിന് ചേരുന്ന ആദ്യ വനിതയായിരുന്നു അവർ. മലയാള സിനിമയിലെ മാസ്റ്റേഴ്സിെൻറ ഒരു വലിയ നിരയുണ്ടായിരുന്നു ജമീലക്ക് അവിടെ സീനിയർമാരായി. കെ.ജി. ജോർജ്, രാമചന്ദ്ര ബാബു, കെ.ആർ. മോഹനൻ, ഷാജി എൻ. കരുൺ, ജോൺ എബ്രഹാം, ആസാദ്... സീനിയറായി ജയ ബച്ചനും ജൂനിയറായി മിഥുൻ ചക്രബർത്തിയുമൊക്കെ.
കെ.ജി. ജോർജിെൻറ ആദ്യ നായിക ജമീലയായിരുന്നു. തൻെറ ഡിപ്ലോമ ചിത്രമായ ‘ഫെയ്സസി’ൽ ജോർജ് അവരെ നായികയാക്കി. കാമറ, അടുത്തിടെ അന്തരിച്ച രാമചന്ദ്ര ബാബു. ആദ്യമായി രാമചന്ദ്ര ബാബു കാമറ തുറന്നത് ജമീല മാലിക്കിൻെറ മുഖത്തേക്കാണ്. ജോൺ ‘അഗ്രഹാരത്തിൽ കഴുതൈ’യിൽ നായികയായി തീരുമാനിച്ചത് ജമീലയെയായിരുന്നു. ജോൺ സിനിമകളുടെ അപ്രവചനീയതയിൽ ആ അവസരം പൊലിഞ്ഞു. ‘മധുരൈ മീട്ട സുന്ദരപാണ്ഡ്യൻ’ എന്ന എം.ജി.ആർ ചിത്രത്തിെല നായികവേഷം നഷ്ടമായതും അങ്ങനെയൊരു ദൗർഭാഗ്യം. പ്രശസ്ത കാമറാമാൻ അഴകപ്പൻ അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുമ്പോൾ ആദ്യം കാമറ തിരിച്ചതും ജമീല മാലിക്കിനു നേരെ.
സ്വാതന്ത്ര്യ സമര സേനാനികളായിരുന്ന തങ്കമ്മയുടെയും മാലിക് മുഹമ്മദിൻെറയും നാലു മക്കളിൽ മൂന്നാമത്തെയാളായ ജമീല മാലികിനെ അഭിനയത്തിലേക്ക് പിച്ചവെപ്പിച്ചത് നടൻ മധുവാണ്. തിരുവിതാംകൂർ രാജാവിൻെറ പിറന്നാളിന് മധുവിൻെറ നേതൃത്വത്തിൽ കൊട്ടാരത്തിൽ അവതരിപ്പിച്ച ‘കൃഷ്ണ’ എന്ന നാടകത്തിലെ ബുദ്ധിയുറക്കാത്ത കുട്ടിയുടെ വേഷം അഭിനയം തൻെറ വഴിയാണെന്ന ചിന്ത അവരിലുറപ്പിച്ചു. പിന്നീട് മധുവിൻെറ പ്രഫഷനൽ സംഘത്തിനൊപ്പം യാദൃച്ഛികമായി തൃശൂർ പൂരത്തിന് ‘ലുബ്ധൻ ലൂേകാസ്’ എന്ന നാടകത്തിൽ വേഷമിട്ടതോടെ ആ വിശ്വാസം വേരുറച്ചു. അങ്ങനെയായിരുന്നു തങ്കമ്മ പതിനാറുകാരിയായ മകളെ അഭിനയം പഠിപ്പിക്കാൻ പുണെയിലേക്ക് അയച്ചത്.
പി.എൻ. പിഷാരടിയുടെ ‘റാഗിങ്’ എന്ന സിനിമയിലൂടെയായിരുന്നു വെള്ളിത്തിരയിൽ തെളിഞ്ഞുതുടങ്ങിയത്. ലൈൻ ബസ്, ആദ്യത്തെ കഥ, ഏണിപ്പടികൾ, രാജഹംസം, നിറമാല, ചോറ്റാനിക്കര അമ്മ, സൊൈസറ്റി ലേഡി, അവകാശം, കഴുകൻ, ഒരു മെയ്മാസ പുലരിയിൽ തുടങ്ങി മുപ്പതോളം സിനിമകളിൽ അഭിനയിച്ചു. അപ്പോഴും ‘പാണ്ഡവപുര’ത്തിലെ ദേവി ടീച്ചർ വേറിട്ടു നിന്നു. തമിഴ്നാട് മുഖ്യമന്ത്രിയായ ജയലളിത അവസാനമായി അഭിനയിച്ച ‘നദിയെ തേടിവന്ത കടൽ’ തുടങ്ങി ഏതാനും തമിഴ് ചിത്രങ്ങളിലും വേഷമിട്ടു. 1990ൽ റിലീസ് ചെയ്ത ‘ഉണ്ണിക്കുട്ടന് ജോലി കിട്ടി’ എന്ന ചിത്രമായിരുന്നു ഒടുവിലത്തേത്. അതിനിടയിൽ ആകാശവാണിക്കായി നാടകങ്ങൾ രചിക്കുകയും അഭിനയിക്കുകയും ചെയ്തു. ‘കയർ’ സീരിയലിലും വേഷമിട്ടു.
വിവാഹം നടന്നെങ്കിലും അധികകാലം നീണ്ടില്ല. മകൻ അൻസാർ മാലികുമായി പിന്നെ വാടക വീടുകളിലായിരുന്നു താമസം. ഗാന്ധിയിൽ ആകൃഷ്ടയായി വാർധയിൽ പോയി ഹിന്ദി പഠിച്ചയാളായിരുന്നു തങ്കമ്മ. അമ്മയിൽനിന്നു കിട്ടിയ ഹിന്ദിയായിരുന്നു അവസാന കാലത്ത് ആശ്രയം. തിരുവനന്തപുരം നഗരത്തിലെ വീടുകളിൽ പോയി കുട്ടികൾക്ക് ഹിന്ദി ട്യൂഷനെടുത്തും ഹോസ്റ്റൽ വാർഡൻെറ ജോലിചെയ്തുമായിരുന്നു സുഖമില്ലാത്ത മകനെയും കൂട്ടി ജീവിതം തള്ളി നീക്കിയത്.
‘മാധ്യമ’വും മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യും യൂനിമണിയും ചേർന്ന് നടപ്പാക്കുന്ന ‘അക്ഷരവീട്’ പദ്ധതിയിലെ ‘ആ’ എന്ന വീട് സമർപ്പിച്ചത് ജമീല മാലിക്കിനായിരുന്നു. ജമീല പുണെയിൽ പഠിക്കുന്ന കാലത്ത് പാപ്പനംകോടുനിന്ന് അഭിനയം പഠിക്കാനെത്തിയ ബഷീറിൻെറ സ്മരണക്കായി കുടുംബാംഗങ്ങൾ പാലോട് ഗ്രാമത്തിൽ നൽകിയ സ്ഥലത്തായിരുന്നു ‘ആ’ ഉയർന്നത്. വീടിൻെറ ശിലാസ്ഥാപനം നിർവഹിച്ചതാകട്ടെ, അഭിനയത്തിലേക്ക് കൈപിടിച്ച നടൻ മധുവും. അക്ഷരവീടിനു തറക്കല്ലിട്ട് ഞങ്ങൾ നഗരത്തിൽ മടങ്ങിയെത്തുമ്പോൾ ഇരുട്ട് വീണിരുന്നു. തമ്പാനൂരിനടുത്ത് ഒരു വനിത ഹോസ്റ്റലിൻെറ ഇടവഴിയിലെ ഇരുട്ടിലേക്ക് അവർ ആരോടൊക്കെയോ നന്ദിനിറഞ്ഞ കണ്ണുകളുമായി കയറിപ്പോകുന്നത് ഇപ്പോഴും ഓർമയിലുണ്ട്. പ്രതിഭയുണ്ടായിരുന്നിട്ടും എന്തുകൊണ്ട് വലിയൊരു നടിയായില്ല എന്ന ചോദ്യത്തിന് അവർ പറഞ്ഞ മറുപടിയിൽ അവരുടെ ജീവിതത്തിൻെറ നിർഭാഗ്യങ്ങളെ ആറ്റിക്കുറുക്കിയിരുന്നു. ‘ഞാൻ തങ്കമ്മ മാലിക്കിൻെറ മകളാണ്.. സിനിമയിലെ പലതും എനിക്ക് വശമില്ലായിരുന്നു...’