‘ഗാന്ധി സെ പെഹ്ലെ ഗാന്ധി’. പത്ത് വർഷം മുമ്പ് പുറത്തുവന്നൊരു ഹിന്ദിപ്പടത്തിെൻറ പേരാണിത്. ഗാന്ധിക്കും മുേമ്പയുള്ള ഗാന്ധി എന്ന് അർഥം പറയാം. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാർക്കെതിരെ ‘ഉൽഗുലാന്’ (സ്വാതന്ത്ര്യ സമരം) നേതൃത്വം നൽകിയ ആദിവാസി പോരാളി ബിർസ മുണ്ടയെക്കുറിച്ചാണ് ഈ ചിത്രം. അതിൽ ബിർസ മുണ്ട വിളിക്കുന്നൊരു മുദ്രാവാക്യമുണ്ട്: ‘‘അബ്വാ രാജ് സിതർ ജാനാ, മഹാറാണി രാജ് തുണ്ടു ജാനാ’’ (രാജ്ഞിയുടെ രാജ്യം ഒടുങ്ങട്ടെ, നമ്മുടെ രാജ്യം വരട്ടെ). കാലങ്ങളായി തങ്ങൾ കൈവശം വെച്ചിരിക്കുന്നതും ഏക ഉപജീവന മാർഗവുമായ ഇത്തിരിയോളം ഭൂമി തട്ടിയെടുക്കാൻ ബ്രിട്ടീഷ് രാജ്ഞിയുടെ പട്ടാളം ഝാർഖണ്ഡിലെ ആദിവാസി മേഖലകളിലെത്തിയപ്പോഴാണ് ബിർസ ചരിത്രപ്രസിദ്ധമായ ആ മുദ്രാവാക്യം വിളിച്ചത്. തോക്കേന്തിയ പട്ടാളത്തെ ബിർസയും സംഘവും അമ്പും വില്ലുമുപയോഗിച്ച് നേരിട്ടുവെന്നാണ് ചരിത്രം. അതോടെ ബിർസ വീരനായകനായി. ഇതേ ബിർസയുടെ കടുത്ത ആരാധകനാണിപ്പോൾ റാഞ്ചിയുടെ അധിപൻ. ഝാർഖണ്ഡിൽ ബി.ജെ.പിയുടെ വംശീയ രാഷ്ട്രീയത്തെ കടപുഴക്കിയ മഹാസഖ്യത്തിെൻറ അമരക്കാരൻ. ഹേമന്ത് സോറൻ എന്നാണ് പേര്. പരിക്കേൽക്കാൻ സാധ്യതയില്ലാത്ത കേവല ഭൂരിപക്ഷത്തിലാണ് ഇന്ന് മുഖ്യമന്ത്രി കസേരയിൽ ഇരിക്കാൻ പോകുന്നത്. പക്ഷേ, കേവലമായൊരു സത്യപ്രതിജ്ഞ ചടങ്ങിൽ കാര്യങ്ങൾ ഒതുക്കാൻ അദ്ദേഹം തയാറല്ല. അതിലുമുണ്ടൊരു ബിർസ മോഡൽ. സഹകരിക്കാവുന്നവരുമായൊക്കെ ബന്ധം പുലർത്തുക എന്നതാണത്. രാജ്യത്ത് ബി.ജെ.പിയുമായി കൊമ്പുകോർക്കാൻ തയാറുള്ള മുഴുവൻ കക്ഷികളുടെയും ഒരു കൂട്ടായ്മക്കുള്ള വേദികൂടിയാകും അത്. ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരടക്കം 30ഓളം ദേശീയ നേതാക്കളെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. അതായത്, ഫാഷിസ്റ്റ് ഭരണത്തിനെതിരായ ‘മഹാസഖ്യ’ത്തിെൻറ ഉദ്ഘാടന വേദികൂടിയാകുമിത്. അത് ഇപ്പോൾ നടക്കുന്ന പൗരത്വ പ്രക്ഷോഭത്തെ കൂടുതൽ ചലനാത്മകമാക്കുമെന്നതിൽ മോദി പക്ഷത്തിനുപോലും തർക്കമില്ല. അതിനാൽ, സാധ്യമാകുന്ന പ്രതിരോധം മറുപക്ഷവും തീർക്കുമെന്ന് നൂറുതരം.
ബിർസ മുണ്ട വിളിച്ച മുദ്രാവാക്യം പിന്നെ നാം കേൾക്കുന്നത് ഏതാണ്ട് മൂന്നു വർഷം മുമ്പാണ്. ആ സമരനിരയുടെ മുന്നിൽ ഹേമന്ത് സോറനുണ്ടായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്തുണ്ടായ പ്രശ്നംതന്നെയാണ് അന്നും ഝാർഖണ്ഡിൽ സംഭവിച്ചത്. ആദിവാസി ഭൂമി സർക്കാറിന് യഥേഷ്ടം ഏറ്റെടുക്കാവുന്ന നിയമത്തിനൊരുങ്ങുകയായിരുന്നു രഘുഭർ ദാസിെൻറ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ. കേന്ദ്രത്തിൽ മോദിയാണ് ഭരിക്കുന്നത്; സംസ്ഥാനത്തും അവർ അടക്കിവാഴുകയാണ്. പിന്നെയെന്തിന് താമസിക്കണമെന്നാണ് അധികാരികൾ ചോദിച്ചത്. പക്ഷേ, ആ ശ്രമം നടപ്പായില്ല. ഹേമന്ത് സോറെൻറ നേതൃത്വത്തിലുള്ള സംഘം അതിനെ പഴയ മുദ്രാവാക്യങ്ങൾ അൽപസ്വൽപ ഭേദഗതികളോടെ വിളിച്ച് കൃത്യമായി പ്രതിരോധിച്ചു. അവിടന്നങ്ങോട്ട് സമരങ്ങളുടെ കാലമാണ്. സംസ്ഥാനത്തെ മുക്കാൽ ലക്ഷത്തോളം വരുന്ന അധ്യാപകരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടായിരുന്നു അതിലൊന്ന്. അത് വിജയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിറ്റഴിക്കാനുള്ള സർക്കാർ ശ്രമത്തിനും തടയിട്ടു. മദ്യവിരുദ്ധ സമരമായിരുന്നു മറ്റൊന്ന്. ബിഹാർ മാതൃകയിൽ സംസ്ഥാനത്ത് മദ്യനിരോധനമേർപ്പെടുത്തണമെന്ന് നിരന്തരം ആവശ്യപ്പെട്ടു. ഝാർഖണ്ഡിെൻറ ഗ്രാമാന്തരങ്ങളിൽ സർക്കാർ മദ്യം വിളമ്പിയാൽ അത് ആദിവാസികളെയായിരിക്കും കഷ്ടത്തിലാക്കുകയെന്ന് ആർക്കാണറിയാത്തത്? അക്കാര്യം നാട്ടുകാർക്കിടയിൽ ഫലപ്രദമായിത്തന്നെ ബോധവത്കരണം നടത്തി. സ്ത്രീകളെ സമരരംഗത്തിറക്കി പ്രക്ഷോഭം കൂടുതൽ സജീവമാക്കി. പ്രതിപക്ഷത്തുനിന്നുള്ള ഈ കളികൊണ്ടൊന്നും പക്ഷേ, ലോക്സഭ തെരഞ്ഞെടുപ്പിൽ ക്ലച്ചുപിടിച്ചില്ല. പാർട്ടി ആകെ ഒരു സീറ്റിലാണ് ജയിച്ചത്. ബാക്കിയെല്ലാം ‘മോദി പ്രഭാവ’ത്തിൽ ഒലിച്ചുപോയി. അപ്പോഴും ഹേമന്ത് കുലുങ്ങിയില്ല. സമരം തുടർന്നു. തെരഞ്ഞെടുപ്പ് എത്തിയപ്പോൾ ബി.ജെ.പി വിരുദ്ധരുമായി സഖ്യത്തിന് ശ്രമിച്ചു. കോൺഗ്രസും ആർ.ജെ.ഡിയും ഒപ്പം കൂടാൻ സമ്മതിച്ചു. മൂന്നുകൂട്ടരും പരമാവധി വിട്ടുവീഴ്ച ചെയ്തു; ചിട്ടയായ പ്രവർത്തനത്തിലൂടെ കാര്യങ്ങൾ മുന്നേറി. മറുവശത്ത്, ബി.ജെ.പി ഇക്കുറി ഒറ്റക്കായിരുന്നു. മുമ്പ് കൂടെയുണ്ടായിരുന്നവരെയെല്ലാം മൂലക്കിരുത്തിയത് രഘുഭർ ദാസിെൻറ അമിത ആത്മവിശ്വാസംകൊണ്ടായിരുന്നു. അത് പാളി. പെട്ടി പൊളിച്ചപ്പോൾ മനസ്സിലായത്, കഴിഞ്ഞ അഞ്ചുവർഷത്തെ ഹേമന്തിെൻറ സമരങ്ങൾ ഫലം കണ്ടുവെന്നുതന്നെയാണ്. ആദിവാസി മേഖലകളിെലാന്നും കാവിപ്പാർട്ടി നിലംതൊട്ടിട്ടില്ല. ജംഷഡ്പുർ പോലുള്ള നഗരങ്ങളിലും സോറൻതന്നെയാണ് താരം.
യാദൃച്ഛികമായാണ് കടുംബ പാർട്ടിയായ ഝാർഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം) രാഷ്ട്രീയ നേതൃത്വത്തിലെത്തുന്നത്. പിതാവ് ഷിബു സോറൻ തെൻറ രാഷ്ട്രീയ പിൻഗാമിയായി കണ്ടിരുന്നത് മൂത്തമകൻ ദുർഗ സോറനെയായിരുന്നു. ആ വഴിക്ക് കാര്യങ്ങൾ നീങ്ങുന്നതിനിടെയാണ് ദുർഗ അപ്രതീക്ഷിതമായി മരിക്കുന്നത്. മസ്തിഷ്കാഘാതമായിരുന്നു മരണകാരണം. അതോടെ ഹേമന്തിന് രാഷ്ട്രീയവേദികളിൽ സജീവമാകേണ്ടിവന്നു. പക്ഷേ, അതിനുമുമ്പും രാഷ്ട്രീയത്തിലുണ്ട്. 2005ൽ, അസംബ്ലി തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. പക്ഷേ, വിമതസ്ഥാനാർഥിയോട് അടിയറവ് പറയേണ്ടിവന്നു. 2009ൽ രാജ്യസഭയിലൂടെയാണ് പാർലമെൻററി രാഷ്ട്രീയത്തിന് അരങ്ങുകുറിച്ചത്. തൊട്ടടുത്ത വർഷം രാജിവെച്ച് റാഞ്ചിയിലേക്ക് മടങ്ങി. അവിടെ പിതാവ് ഒഴിച്ചിട്ടിരുന്നത് ഉപമുഖ്യമന്ത്രി കസേരയായിരുന്നു. അതിനുമുേമ്പ, ജെ.എം.എമ്മിെൻറ വർക്കിങ് പ്രസിഡൻറ് എന്ന കസേരയും പിടിച്ചിരുന്നു. 2013ൽ, 34ാം വയസ്സിൽ സംസ്ഥാന മുഖ്യമന്ത്രിയുമായി. പക്ഷേ, ഒന്നര വർഷത്തിനുശേഷം നടന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ, ബി.ജെ.പി ഭരണം പിടിച്ചു. അതോടെ പ്രതിപക്ഷ നേതാവിെൻറ കസേരയിലായി സ്ഥാനം. അത് കൃത്യമായി വിനിയോഗിച്ചതുകൊണ്ട് ഇപ്പോൾ മുഖ്യമന്ത്രിയായി സ്ഥാനം കിട്ടിയിരിക്കുന്നു. ഒപ്പം, ദേശീയ രാഷ്ട്രീയത്തിൽ ‘മോദി വിരുദ്ധ മഹാസഖ്യ’ത്തിെൻറ സംഘാടകൻ എന്ന വിശേഷണവും.
1975 ആഗസ്റ്റ് 10ന് റാംഗഢ് ജില്ലയിലെ നെംറയിൽ ജനനം. അക്കാലത്ത് അത് ബിഹാറിെൻറ ഭാഗമായിരുന്നു. ഷിബു സോറൻ- രൂപി സോറൻ ദമ്പതികളുടെ നാലു മക്കളിൽ രണ്ടാമൻ. മെട്രിക്കുലേഷൻ ആണ് വിദ്യാഭ്യാസ യോഗ്യത. അതിനുശേഷം, മെക്കാനിക്കൽ എൻജിനീയറിങ് പഠനത്തിന് ചേർന്നെങ്കിലും പൂർത്തിയാക്കാനായില്ല. എങ്കിലും അനൗപചാരിക പഠനങ്ങൾ തുടരുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ, നല്ലൊരു ‘ടെക് സേവി’യാണ്. ഏത് ഇലക്ട്രോണിക് ഗാഡ്ജറ്റുകളും ഉപയോഗിക്കാനറിയാം. മികച്ചൊരു വായനക്കാരനുമാണ്. അനുയായികളോട് പൂച്ചെണ്ടിന് പകരം പുസ്തകങ്ങളാണ് ഇപ്പോൾ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ആ സ്നേഹപുസ്തകങ്ങൾകൊണ്ടൊരു മനോഹര വായനശാല തീർക്കുകയാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. ഭാര്യ കൽപന സോറന് രാഷ്ട്രീയത്തിലല്ല, ബിസിനസിലാണ് താൽപര്യം. അവർ ആ മേഖലയിൽ സജീവം. രണ്ട് ആൺമക്കൾ.