ഗ്രെറ്റ ദ ഗ്രേറ്റ്​​

07:27 AM
06/10/2019
Greata-thunberg

സങ്കീർണമായ ലോകസാഹചര്യങ്ങളെക്കുറിച്ചോ വികസ്വരരാജ്യങ്ങളുടെ പ്രശ്​നങ്ങളെക്കുറിച്ചോ ഒരു ധാരണയുമില്ലാത്ത പൊട്ടിപ്പെണ്ണെന്ന്​ പുടിൻ. ശോഭനമായ വിസ്​മയ ഭാവിയിലേക്ക്​ കണ്ണുനട്ട പാവം കൊച്ചു ​െപൺകുട്ടിയെന്ന്​ ട്രോളി ഡോണൾഡ്​ ട്രംപ്​. സമൂഹത്തോട്​ വിരോധം പുലർത്തുന്ന തീവ്രവാദ നിലപാടുകാരിയെന്നു ഫ്രാൻസി​​െൻറ ഇമ്മാനുവൽ മാ​ക്രോൺ. ഭാവിയിൽ എണ്ണപ്രതിസന്ധിക്കുതന്നെ ഇടയാക്കിയേക്കാവുന്ന ‘അശാസ്​ത്രീയ’ചിന്തയുടെ ചെണ്ടകൊട്ടുകാരിയെന്ന്​ എണ്ണയുൽപാദക രാജ്യങ്ങളുടെ സംഘടന ‘ഒപെകി’​​െൻറ സെക്രട്ടറി ജനറൽ മുഹമ്മദ്​ ബാർകിന്ദോ. കോലം കണ്ടിട്ട്​ നാസി പ്രോപഗണ്ട പോസ്​റ്ററി​​െൻറ ചേലെന്ന്​ അമേരിക്കയിലെ വലതു പണ്ഡിറ്റുകൾ. മനോനില തെറ്റിയ സ്വീഡിഷ്​ ​െപൺകൊച്ചെന്ന്​ ഫോക്​സ്​ ന്യൂസ്​ ചാനലിലെ അതിഥി വിദഗ്​ധൻ...ഇങ്ങനെ ലോകത്തി​​െൻറ താക്കോൽ കിലുക്കി നടക്കുന്ന എല്ലാവരെയും ഒരുപോലെ വെകിളിപിടിപ്പിക്കാൻ മാത്രം പാർക്​ലാൻഡ്​ സ്​കൂളിലെ പാവാടക്കാരിപ്പെൺകുട്ടി ഗ്രെറ്റ തുൻബെർഗ്​ എന്തു ചെയ്​തു? ഏറെയൊന്നുമില്ല. ഇനി വരുന്ന തങ്ങളുടെ തലമുറക്ക്​ ഇവിടെ വാസം സാധ്യമാകണമെന്ന്​ മുതിർന്നവർ നയിക്കുന്ന ലോക​ത്തോട്​ ഉറക്കെ​ വിളിച്ചുപറഞ്ഞു. വീടു കത്തു​േമ്പാൾ അതിനകത്ത്​ കുത്തിയിരുന്ന്​ പുത്തൻവീട്​ കെട്ടുന്നതിനെക്കുറിച്ച്​ ചർച്ച ചെയ്യുന്ന ലോകത്തി​​െൻറ മുഴുഭ്രാന്ത്​ തുറന്നുകാട്ടി. അങ്ങനെ സ്വന്തം സ്​കൂളിലെ കുട്ടികളെ വിളിച്ചുണർത്തി, കാലാവസ്​ഥാ വ്യതിയാനത്തിനെതിരെ തുടങ്ങിയ വെള്ളിയാഴ്​ചയിലെ പഠിപ്പുമുടക്കി സമരം രണ്ടുകൊല്ലം കൊണ്ട്​ ലോകം ഏറ്റെടുത്തു. ലോകത്തെ 137 രാജ്യങ്ങളിലെ അയ്യായിരത്തിലധികം സ്​ഥലങ്ങളിലേക്ക്​ ഇൗ സമരം കത്തിപ്പടർന്നു. രണ്ടായിരത്തിലേറെ ശാസ്​ത്രജ്ഞർ പിന്തുണയുമായെത്തി. അതി​​െൻറ ഉച്ചസ്​ഥായിയിലാണ്​ ന്യൂയോർക്കിലെ കാലാവസ്​ഥ ഉച്ചകോടി നടക്കുന്നത്​. 

കാർബൺ നിർഗമനത്തിലൂടെ ചുട്ടുപൊള്ളുന്ന ഭൂമിക്ക്​ ശമനം നൽകാൻ, ആഗോളതാപനം കുറക്കാൻ ലോകനേതാക്കൾ മുൻകൈയെടുക്കണമെന്ന ആഹ്വാനവുമായി ഗ്രെറ്റ ന്യൂയോർക്കിലെത്തി. വണ്ടി കയറിയും വിമാന​ത്തിൽ പറന്നുമല്ല, ബ്രിട്ടനിലെ പ്ലിമൗത്തിൽനിന്ന്​ അറുപതടി നീളമുള്ള സോളാർ പാനലും അന്തർവാഹിനി ടർബൈനുകളും ഘടിപ്പിച്ച നൗക തുഴഞ്ഞ്​. കാർബൺ നിർഗമനത്തിനു വാദിക്കുന്ന തനിക്ക്​ കാർബൺ ന്യൂട്രൽ സംവിധാനത്തിലൂടെ അറ്റ്​ലാൻറിക്​ മുറിച്ചുകടന്നും അമേരിക്ക പിടിക്കാൻ കഴിയുമെന്ന്​ കാണിച്ചു ​െകാടുക്കാനുള്ള വാശിയായിരുന്നു അത്​​. 15 ദിവസം നീണ്ട യാത്രക്കു ശേഷം അമേരിക്കയിലെത്തിയ അവർ ലോകത്തിനുനേർക്കെയ്​ത ചാട്ടുളി ചോദ്യങ്ങളിലൂ​ടെ പ്രശസ്​തിയുടെ നെറുകയിലെത്തി. ഇക്കൊല്ലം ലോകത്തെ സ്വാധീനിച്ച നൂറുപേരിലൊരാളായി അവളെ അമേരിക്കയിലെ ‘ടൈം’ മാഗസിൻ തെരഞ്ഞെടുത്തു. ‘വരും തലമുറ നേതാവ്​’ ആക്കി അവർ കവർസ്​റ്റോറിയും കാച്ചി. ​റോയൽ സ്​കോട്ടിഷ്​ ജിയോഗ്രഫിക്കൽ ​സൊസൈറ്റിയുടെ ഫെലോഷിപ്​ അടക്കമുള്ള അംഗീകാരങ്ങൾ നിരവധി തേടിയെത്തി. ഒടുവിൽ ​നൊബേൽ പുരസ്​കാരത്തിനു നാമനിർദേശം ചെയ്യപ്പെട്ടിരിക്കുന്നു. മാധ്യമങ്ങൾ അവരുടെ സ്വാധീനത്തെ ’​ഗ്രെറ്റ ഇഫക്​ട്​’ ആയാണ്​ കൊണ്ടാടുന്നത്​​.

എല്ലാംകൂ​ടി ഭൂഗോളമൊന്നാകെ ഒരു ടീനേജുകാരിയുടെ പിന്നാലെ പോകുന്നതിലല്ല ലോകമുതലാളി ചമയുന്ന രാജ്യനേതാക്കൾക്ക്​ കലിപ്പ്​. ‘നിങ്ങൾ മുതിർന്നവർ എ​​െൻറ ഭാവിക്കുമേൽവിസർജിക്കുന്നതുകൊണ്ടാണ്​ എനിക്ക്​ ഒച്ചവെക്കേണ്ടി വരുന്നത്​’ എന്ന അവളു​ടെ തുറന്നടിച്ച നിലപാട്​ വരുംതലമുറയെയൊന്നായി ‘വഴി തെറ്റിച്ചാൽ’ തങ്ങളുടെ ഭാവി ഗുണം പിടി​ക്കില്ലെന്ന ഉറച്ച ബോധ്യമാണ്​ കൊച്ചുപെണ്ണിന്​ മറുപടി പറയാൻ അവരെ പ്രേരിപ്പിച്ചത്​. ഗ്രെറ്റയും വിട്ടുകൊടുക്കുന്നില്ല. ട്രംപി​​െൻറ കളിയാക്കൽ കാര്യത്തിലെടുത്ത്​ അതേ വാചകം ത​​െൻറ ട്വിറ്റർ ബയോ ആക്കി മാറ്റിയാണ്​ പ്രതികരിച്ചത്​. പുടിൻ ശകാരിച്ചപ്പോഴും അതുതന്നെ പ്രയോഗിച്ചു. രണ്ടും സമൂഹമാധ്യമങ്ങളിൽ വൈറലായി. വിമർശനങ്ങൾ ശകാരങ്ങളിൽനിന്നു വ്യക്​തിഹത്യ വരെയെത്തി. ഇടക്ക്​ തീറ്റയും കുടിയും മിണ്ടാട്ടവും മുട്ടിപ്പോകുന്ന ആസ്​പർജർ രോഗം അലട്ടിയിരുന്നു. അവളുടെ ആക്​ടിവിസത്തെ രോഗത്തി​​െൻറ ഭാഗമായി ചിലർ ചിത്രീകരിച്ചു. അതിനും കിട്ടി ചുട്ട മറുപടി:  ‘‘ചില സന്ദർഭങ്ങളിൽ മൗനിയായിപ്പോകുന്ന ആസ്​പർജർ സിൻ​ഡ്രോം എനിക്കുണ്ട്​. അതിനർഥം അത്യാവശ്യം വന്നു മുട്ട​ു​േമ്പാൾ മാത്രമേ താൻ സംസാരിക്കൂ എന്നാണ്​. അത്തരമൊരു നിമിഷത്തിലാണ്​ താനിപ്പോൾ’’. ലോകം മുഴുവൻ നാശത്തിലേക്കു കുതിക്കു​േമ്പാൾ പണത്തി​​െൻറയും വികസനത്തി​​െൻറ യക്ഷിക്കഥകളുടെയും പിറകെപ്പോകാൻ നിങ്ങ​ൾക്കെങ്ങനെ ധൈര്യം വരുന്നുവെന്ന ഗ്രെറ്റയുടെ വികാരവിക്ഷുബ്​ധമായ ഒരൊറ്റ ചോദ്യം മതിയായിരുന്നു ലോകനായകന്മാരെ വെകിളി പിടിപ്പിക്കാൻ. 

2003 ജനുവരി മൂന്നിന്​ സ്​റ്റോക്​ഹോമിൽ ജനിച്ച ഗ്രെറ്റയുടെ അച്ഛൻ സ്വ​െന്ത തുൻ​െബർഗ്​ നടനും അമ്മ മലീന എൻമാൻ ഒാപറ ഗായികയുമായിരുന്നു. അനിയത്തി ബീറ്റയടക്കം കുടുംബം ആമോദത്തോടെ യൂറോപ്പെങ്ങും സഞ്ചാരം നടത്തി സന്തോഷപൂർവം ജീവിക്കുന്നതിനിടെയാണ്​ അഞ്ചാം ഗ്രേഡിൽ വെച്ച്​ പെ​െട്ടന്നൊരു നാൾ അന്നം മുട്ടിപ്പോയ നില കണ്ടത്​. അതോടെ,  സംസാരവും നിർത്തി അന്തർമുഖിയായി. അന്നത്തെ ആ ഞെട്ടലും തളർച്ചയുമൊക്കെ ‘ഹൃദയദൃശ്യങ്ങൾ’ എന്ന ഉടൻ പുറത്തിറങ്ങുന്ന കൃതിയിലുണ്ട്​. അതിൽനിന്നു കുടുംബം കരകയറിയത്​ ശാപം ഉപകാരമാക്കി മാറ്റുമെന്ന ദൃഢനിശ്ചയത്തിലാണ്​. അങ്ങനെ ആസ്​പർജർ രോഗം ഇല്ലായിരുന്നെങ്കിൽ താൻ ഇക്കണ്ട തലത്തിലെത്തില്ലായിരുന്നു എന്ന ആത്​മധൈര്യത്തിലേക്കാണ്​ ഗ്രെറ്റ മാറിയത്​. അതൊരു ​വൈകല്യമല്ല, ത​​െൻറ സൂപ്പർ പവറാണ്​ എന്നു തന്നെ വിശ്വസിച്ചു, അത്​ ​തെളിയിക്കുകയും ചെയ്​തു. 

സ്വന്തം രോഗ​ത്തേക്കാൾ കുഞ്ഞു ഗ്രെറ്റയെ ഞെട്ടിച്ചത്​ പരിസ്​ഥിതി പ്രതിസന്ധിയുടെ അപകടഭീഷണിയാണ്​. ​രോഗം വെളിപ്പെടുന്നതിനും മൂന്നുകൊല്ലം മുമ്പ്​ എട്ടുവയസ്സിൽ അതേക്കുറിച്ച്​ കേട്ടപ്പോൾ ഒന്നും മനസ്സിലായില്ല. പിന്നെ വളർച്ചയിൽ കൂടുതൽ പഠിച്ചപ്പോൾ കാർബൺ നിർഗമനനിയന്ത്രണത്തിന്​ വല്ലതും ചെയ്യണമെന്നായി. ആദ്യം വാശിപിടിച്ചത്​ ഗായികയായി വിമാനത്തിൽ പരിപാടിക്കു പോകുന്ന അമ്മയുടെ യാത്രക്കെതിരെ. അതിനുമുന്നിൽ മുട്ടുമടക്കിയ അമ്മ വലിച്ചെറിഞ്ഞത്​ സ്വന്തം കരിയർതന്നെയായിരുന്നു. ആ ജയത്തിൽ പിടിച്ചാണ്​ പിന്നെ വിദ്യാർഥികൾക്കിടയിലേക്ക്​ കടക്കുന്നത്​.
2018 ഫെബ്രുവരിയിൽ സ്​കൂൾ വെടിവെപ്പ്​ സംഭവത്തിനുശേഷം കുട്ടികൾ സ്​കൂളിൽ പോകാനറച്ചുനിന്നപ്പോൾ തോക്ക്​ നിയന്ത്രണത്തിനുവേണ്ടി ‘ജീവൻ മാർച്ച്​’ സംഘടിപ്പിച്ചായിരുന്നു അരങ്ങേറ്റം. കഴിഞ്ഞ മേയിൽ സ്വീഡിഷ്​ പത്രം നടത്തിയ പ്രബന്ധ മത്സരത്തിൽ കാലാവസ്​ഥ വ്യതിയാനത്തെക്കുറിച്ചെഴുതി സമ്മാനിതയായി. ‘മാനവചരിത്രം പ്രതിസന്ധിയിലായിരിക്കെ ഞാൻ എങ്ങനെ സുരക്ഷിതയാകും’ എന്ന ചോദ്യം ശീർഷകമാക്കിയ അവരു​ടെ എഴുത്ത്​ വായനസമൂഹം ഏറ്റുപിടിച്ചു. അതിൽനിന്നാണ്​ വെള്ളിയാഴ്​ച പഠിപ്പുമുടക്കി കാലാവസ്​ഥക്കുവേണ്ടി സമരം എന്ന ആശയമുദിച്ചത്​. അതി​​െൻറ പ്രചാരവേലകളുമായുള്ള പ്രയാണത്തിലാണ് ഗ്രെറ്റ ​െഎക്യരാഷ്​ട്ര സഭയും കടന്ന്​ നൊബേൽ പുരസ്​കാരപ്പടിയിൽ വന്നുനിൽക്കുന്നത്​. ഇത​ുകൊണ്ട്​ എല്ലാമായി എന്നോ, ലോകം കീഴടക്കിക്കളയാമെന്നോ ഒന്നും ​ഗ്രെറ്റ കരുതുന്നേയില്ല. ആരും മുന്നറിയിപ്പുകൊടുക്കാനില്ലാത്ത ദുരന്തത്തി​​െൻറ വക്കിൽ താൻ ലോകത്തെ വിളിച്ചുണർത്തുക മാത്രമാണ്​ എന്നേ അവൾ പറയുന്നുള്ളൂ. എന്നാൽ, ആ ​ഗ്രെറ്റ ഇഫക്​ട്​ ലോകത്തെ പിടിച്ചുകുലുക്കിയിരിക്കുന്നു. അതിൽ ഉണർന്നവരെ ചേർത്തുപിടിച്ച്​ ഉശിരുള്ള സമരത്തിലൂടെ സമാധാനത്തി​​െൻറ, സുരക്ഷിതത്വത്തി​​െൻറ ലോകം വരെ സഞ്ചാരം എന്നു മുന്നോട്ടുതന്നെയാണ്​ ഗ്രെറ്റ.

Loading...
COMMENTS