Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightചോറ്റിനും...

ചോറ്റിനും പേറ്റിന്നുമുള്ള യന്ത്രമോ പെണ്ണുങ്ങൾ?

text_fields
bookmark_border
women in islam 564
cancel

പൗരോഹിത്യ മതത്തിൽ നിലനിന്നിരുന്ന കടുത്ത സ്ത്രീവിരുദ്ധതയ്ക്ക് നേരെ തുളച്ചു കയറുന്ന ഈ ചോദ്യം യു.കെ. അബസഹ് ല എന്ന കവി മുസ്‌ലിം സമുദായ പരിസരത്ത് നിന്ന് ഉയർത്തുന്നത് 50 വർഷങ്ങൾക്ക് മുമ്പാണ്.

"ഇന്ന് ഇസ്‌ലാമിന്‍റെ പേരിൽ കണ്ണുകൾ തുറന്ന്
അന്ധതയകറ്റുവാനെന്തൊക്കെയോ ചെയ്യുന്ന്
എന്നിരുന്നാലും ഒരു കണ്ണ് തുറന്നിട്ടില്ല
പെണ്ണ് ലോകത്തെയതിൽ പരിഗണിച്ചിട്ടില്ല"

-എന്ന് തുടങ്ങുന്ന ഗാനം പൗരോഹിത്യ യാഥാസ്ഥികത സ്ത്രീകളുടെ മേൽ കെട്ടിയേൽപിച്ച ഭാരങ്ങളിലേയ്ക്കുള്ള ശക്തമായ ശ്രദ്ധക്ഷണിക്കലാണ്. സ്ത്രീകളുടെ അവസ്ഥ മാറ്റംവരാതെ സമൂഹത്തിൻ്റെ മുന്നോട്ടുള്ള ഗമനം സാധ്യമാവുകയില്ലെന്ന് ആവർത്തിച്ചോർമിപ്പിക്കുന്നുണ്ട് പാട്ട്. പാശ്ചാത്യൻ ജീർണ സംസ്ക്കാരം വാരിപ്പുണരുക, അല്ലെങ്കിൽ പുഷ്പിണിയാവും മുമ്പ് പഠിച്ച ചില അക്ഷരങ്ങളിൽ മാത്രം വിദ്യാഭ്യാസമൊതുങ്ങി കാലമുള്ളതൊക്കെയും അടുക്കളയിൽ ചിലവഴിച്ച് തീർക്കുക എന്ന ദൗർഭാഗ്യങ്ങൾക്കിയിൽ പെട്ടുപോവുന്ന മുസ്‌ലിം സ്ത്രീയുടെ അവസ്ഥ വിശദീകരിക്കുന്ന പാട്ട് അവസാനിക്കുന്ന വരിയാണ് ടൈറ്റിലായി ചേർത്തിരിക്കുന്നത്.

മുസ്‌ലിം സ്ത്രീകളുടെ വിദ്യാഭ്യാസം തന്നെ ആർത്തവാരംഭത്തോടെയോ പരമാവധി പത്താം ക്ലാസ്സോടെയോ അവസാനിച്ചിരുന്ന കാലമായിരുന്നു അത്. വ്യാപകമായിക്കൊണ്ടിരിക്കുന്ന പാശ്ചാത്യ / മലയാള വിദ്യാഭ്യാസത്തിൽ തങ്ങളുടെ സാംസ്ക്കാരിക സ്വത്വം അലിഞ്ഞു പോവുമോ എന്ന് ഭയപ്പെട്ട മത യാഥാസ്ഥികത്വം വിലക്കുകളാണ് എളുപ്പമുള്ള പരിഹാരം എന്നുകണ്ട്, അക്ഷരം പഠിച്ചാൽ പ്രണയലേഖനമെഴുതിക്കളയും സ്ത്രീകൾ എന്ന് വിശ്വസിപ്പിച്ചതിൻ്റെ ഇംപാക്ട് നിലനിൽക്കുന്ന ഒരു കാലം. അബൂ സഹ്‌ല ചൂണ്ടിക്കാണിച്ചത് പോലെ രണ്ട് വഴികളേ ഉണ്ടായുള്ളൂ അന്ന് മുസ്‌ലിം സ്ത്രീകളുടെ മുന്നിൽ. വിദ്യ നേടണമെങ്കിൽ പടിഞ്ഞാറൻ പരിഷ്കാരം സ്വീകരിക്കൽ, അല്ലെങ്കിൽ വിദ്യാഭ്യാസമേ വേണ്ടെന്ന് വെച്ച് അടുക്കളയിൽ മാത്രമായൊതുങ്ങൽ.

ഈ പാട്ടും അക്കാലവുമൊക്കെ ഇപ്പോഴോർക്കാൻ കാരണം മേയ് നാല് ഞായറാഴ്ച 'ദ ന്യൂ ഇന്ത്യൻ എക്സ്പ്രസി'ൽ അബ്ദുൽ ഹക്കീം അസ്ഹരിയുമായി നടത്തിയ ഇൻ്റർവ്യൂവിലെ അദ്ദേഹത്തിൻ്റെ ചില പ്രസ്താവനകളാണ്. സ്ത്രീകളുടെ പൊതുരംഗവുമായി ബന്ധപ്പെട്ട വിവേചനത്തിന് മതപരമായ അടിസ്ഥാനം കൊടുക്കുന്നതിനെ സംബന്ധിച്ച ചോദ്യത്തിന് അത്യന്തം കൗതുകകരമായ ഉത്തരം നൽകുന്നുണ്ട് അദ്ദേഹം. സ്ത്രീകൾ പൊതുരംഗത്ത് വന്നാൽ ജനസംഖ്യ കുറയും, സ്ത്രീകളെ മറ്റ് ഉത്തരവാദിത്തങ്ങൾ ഏൽപിച്ചാൽ പിന്നെ എങ്ങനെ പ്രസവം നടക്കും? കുഞ്ഞിനെ നോക്കാനും സ്ക്കൂളിൽ പോവാനും രണ്ടും കൂടി എങ്ങനെ കഴിയും എന്നൊക്കെയാണ് അദ്ദേഹത്തിൻ്റെ ചോദ്യം.

ഇൻ്റർവ്യൂവിൻ്റെ വ്യത്യസ്ത ഘട്ടങ്ങളിൽ കേരളത്തിൽ മുസ്‌ലിം സമുദായത്തിൽ വിദ്യാഭ്യാസ പുരോഗതിയുണ്ടാക്കിയത് തങ്ങളാണെന്നും 300ൽ പരം സ്കൂളുകളും ധാരാളം കോളജുകളും അവയ്ക്കൊക്കെ പുറമെ ഇപ്പോൾ നോളജ് സിറ്റിയും നടത്തുന്നു എന്നുമൊക്കെ പറയുന്നുണ്ട്. അതേ ആൾ തന്നെയാണ് സ്ത്രീ വിദ്യാഭ്യാസത്തിലും പൊതു ഇടപെടലിലും സമുദായം താണ്ടിയ ദൂരങ്ങളത്രയും തിരിച്ചു നടത്തുന്ന വിചിത്ര പ്രസ്താവന നടത്തുന്നത് എന്നതാണ് രസകരം.

ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി

സ്ത്രീ വിദ്യാഭ്യാസത്തിലെ സമുദായ ഭൂമിക

വിദ്യാഭ്യാസം ചെയ്താൽ കുട്ടികൾ വഴിപിഴച്ചു പോകും എന്ന സ്ഥാപിത ധാരണയെ മറികടക്കാൻ മുസ്‌ലിം സമുദായത്തിലെ നവോത്ഥാന സംരംഭങ്ങൾക്ക് മുന്നിൽനടന്നവർക്ക് ഏറെ പണിപ്പെടേണ്ടി വന്നിട്ടുണ്ട്. കൊളോണിയൽ വിദ്യാഭ്യാസം സൃഷ്ടിക്കുന്ന സാംസ്കാരിക ഭീഷണിയെ ചെറുതായിക്കണ്ടവരല്ല അവരൊന്നും. പക്ഷേ, ആ വിദ്യാഭ്യാസത്തിന് നേരെ വാതിൽ കൊട്ടിയടക്കുക എന്നതല്ല പരിഹാരമെന്നും മുസ്‌ലിം സമുദായത്തിൻ്റെ സാംസ്കാരിക വ്യതിരിക്തതകൾ പരമാവധി കാത്തുസൂക്ഷിച്ചു കൊണ്ടു തന്നെ പുതിയ വിദ്യാഭ്യാസ രംഗത്തെ അഭിമുഖീകരിക്കുകയാണ് വേണ്ടത് എന്നതായിരുന്നു അവരുടെ ബോധ്യം. വിദ്യാഭ്യാസം സിദ്ധിച്ചാൽ മതം ഊരിയെറിയും എന്ന സങ്കൽപത്തെ ഏറെ ത്യാഗപൂർണമായ പ്രവർത്തനങ്ങളിലൂടെയാണ് ആദ്യകാല നായകർ മറികടന്നത്. സംഘടനാപരമായി നോക്കുമ്പോൾ, മുസ്‌ലിം സമുദായത്തിൻ്റെ വിദ്യാഭ്യാസ പുരോഗതിക്കും ഉദ്യോഗലബ്ധിക്കും വേണ്ട പ്രവർത്തനങ്ങളിൽ മുജാഹിദ് പ്രസ്ഥാനവും അതിൻ്റെ നേതാക്കളും ചെയ്ത സേവനങ്ങളെ നിരാകരിച്ചും നിഷേധിച്ചും കഴിഞ്ഞ 80 കൊല്ലത്തെ മുസ്‌ലിം സമുദായത്തിൻ്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങളെ പറ്റി സംസാരിക്കാനാവില്ല. ജമാഅത്തെ ഇസ്‌ലാമിയാവട്ടെ, ദുനിയാവറിയാത്ത മുല്ലമാരും ദീനറിയാത്ത മിസ്റ്റർമാരും മാത്രമുണ്ടായത് കൊണ്ട് അതിജീവനം സാധ്യമാവുകയില്ലെന്നും അതിന് രണ്ടിനെയും സമന്വയിപ്പിച്ചുള്ള സമന്വിത വിദ്യാഭ്യാസമാണ് വേണ്ടത് എന്നും പറഞ്ഞ് സ്വന്തം വിദ്യാഭ്യാസ പദ്ധതി ഇസ്‌ലാമിയാ കോളജ് എന്ന പുതിയ സംവിധാനം ആരംഭിക്കുകയും ചെയ്തു.

മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി നേതൃത്വത്തിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ഒരു സവിശേഷത വനിതാ വിദ്യാഭ്യാസത്തിന് തുടക്കം മുതലേ അവർ നൽകിയ പ്രാധാന്യമാണ്. കൗമാരാരംഭത്തിലെ പെൺകുട്ടികളുടെ വിവാഹം വളരെ സാധാരണമായിരുന്ന അറുപതുകളിലും എഴുപതുകളിലും പെൺകുട്ടികൾക്ക് വേണ്ടി കോളജുകളും ഹോസ്റ്റലുകളും അവർ പണിതു. ഇന്ന് 45-50 വയസ്സിന് മുകളിൽ പ്രായമുള്ള മുസ്‌ലിം വനിതകളിൽ മുസ്‌ലിം കോളജുകളിൽ / ഹോസ്റ്റലുകളിൽ പഠിച്ചവരുണ്ടെങ്കിൽ അവർ പഠിച്ചിരിക്കുക മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി പ്രസ്ഥാനങ്ങൾ നടത്തിയവയിലായിരിക്കും എന്നത് തീർച്ചയാണ്. ആ ഒരു പരിശോധന മതി സമുദായ വിദ്യാഭ്യാസത്തിൽ പൊതുവിലും വനിതാ വിദ്യാഭ്യാസത്തിൽ സവിശേഷമായും മുന്നിൽ നടന്നവർ ആരായിരുന്നു എന്നറിയാൻ.

ഈ പറയുന്നതിനർഥം നവോത്ഥാന സംരംഭങ്ങൾ എന്ന് വിവക്ഷിക്കപ്പെടുന്നവയുടെ പ്രവർത്തനത്തിനുമുമ്പ് മലബാറിലെ മുസ്‌ലിംകൾക്ക് വിദ്യാഭ്യാസമുണ്ടായിരുന്നില്ല എന്നല്ല. അബ്ദുൽ ഹക്കീം തൻ്റെ ഇൻ്റർവ്യൂവിൽ ചൂണ്ടിക്കാണിക്കുന്ന പോലെ സൈനുദ്ദീൻ മഖ്ദൂമിൻ്റെ കാലം മുതലുള്ള വിദ്യാഭ്യാസ രീതികൾ, പള്ളി ദർസുകൾ എന്നിവയൊക്കെ വഴിയും അറബി മലയാള ഗ്രന്ഥങ്ങളിലൂടെയുമൊക്കെ സമുദായത്തിൻ്റെ വിദ്യാഭ്യാസാവശ്യങ്ങൾ നിറവേറിയിരുന്നു. എന്നാൽ കൊളോണിയൽ വിദ്യാഭ്യാസം വ്യാപകമായപ്പോൾ മതപരിസരത്ത് നിന്നുകൊണ്ട് അതിനോട് എങ്ങനെ പ്രതികരിക്കണമെന്ന പ്രശ്നം വന്നു. ഒരു കൂട്ടർ തീർത്തും പുറംതിരിഞ്ഞ് നിന്നപ്പോൾ പരിഷ്കരണ സംരംഭങ്ങൾ എന്നറിയപ്പെട്ടവർ അതിനോട് സക്രിയമായി പ്രതികരിച്ചു. ആദ്യ കൂട്ടർ സംഘടനാപരമായി സമസ്ത കേരളാ ജംഇയ്യത്തുൽ ഉലമാ പക്ഷത്തായിരുന്നു എങ്കിൽ രണ്ടാമത്തെ കൂട്ടർ മുജാഹിദ് പക്ഷമായിരുന്നു. 80 വർഷങ്ങൾക്കിപ്പുറം രണ്ട് സമീപനങ്ങളുടെയും ഗുണദോഷങ്ങളെ കുറിച്ച് വ്യത്യസ്ത വായനകൾക്ക് സാധ്യതകളുണ്ട് എന്നത് നേരുതന്നെ. പക്ഷെ ആധുനിക വിദ്യാഭ്യാസത്തോട് ഏറ്റവും ഗുണാത്മകമായി പ്രതികരിച്ചത് മുജാഹിദ് എന്ന് വിവക്ഷിക്കപ്പെട്ട പക്ഷമായിരുന്നു എന്ന യാഥാർഥ്യത്തെ നിഷേധിച്ചു കൊണ്ടാവരുത് അത്തരം വായനകൾ. സാംസ്കാരിക സ്വത്വത്തിൻ്റെ സുരക്ഷയും വൈജ്ഞാനിക പാരമ്പര്യത്തിൻ്റ തുടർച്ചയും പള്ളി ദർസധിഷ്ഠിത രൂപത്തിൽ തന്നെയാണെന്ന് വിശ്വസിച്ചിരുന്ന സമസ്ത ധാര ആധുനിക വിദ്യാഭ്യാസ രൂപങ്ങളിലേയ്ക്ക് മാറുന്നത് എൺപതുകളുടെ പകുതിയോടെയാണ്.

സ്ത്രീ വിരുദ്ധത അടിസ്ഥാന ഭാവമാകുമ്പോൾ

നടത്തുന്നു എന്ന് അബ്ദുൽ ഹക്കീം ഉസ്താദ് പറയുന്ന 300ൽ പരം സ്കൂളുകളിൽ നല്ലൊരു ശതമാനം സ്ത്രീകളാവുമല്ലോ ജോലി ചെയ്യുന്നുണ്ടാവുക. അദ്ദേഹത്തിൻ്റെ തന്നെ തിയറിയനുസരിച്ച് അത്രയും സ്ത്രീകളുടെ ഗർഭത്തിൻ്റെയും പ്രസവത്തിൻ്റെയും എണ്ണം കുറക്കുന്ന സാഹചര്യം സൃഷ്ടിച്ച് ഇന്ത്യയെ ജനസംഖ്യാ ചുരുക്കം എന്ന പ്രശ്നത്തിലേയ്ക്ക് തള്ളിയിടുകയാണല്ലോ ആ സ്ഥാപനങ്ങൾ ചെയ്യുന്നത്? സ്കൂളിൽ പോക്കും കുട്ടിയെ നോക്കലും ഒന്നിച്ച് നടക്കാത്ത സ്ഥിതിക്ക് തങ്ങളുടെ സ്കൂളുകളിൽ സ്ത്രീകളെ ജോലിക്കെടുക്കില്ലെന്ന് തീരുമാനിക്കുമോ? മാത്രമല്ല അദ്ദേഹം ഏറെ അഭിമാനത്തോടെ പറയുന്ന നോളജ് സിറ്റിയിൽ ഒരു ലോ കോളജും യൂനാനി കോളജുമുണ്ട്. ഡിഗ്രി സ്ഥാപനമായത് കൊണ്ട് ഒന്നാം വർഷത്തിലെ അപൂർവം ചിലരൊഴിച്ചാൽ ബാക്കിയെല്ലാവരും സർക്കാരംഗീകരിച്ച വിവാഹ പ്രായമെത്തിയവരാവും. ഇൻ്റർവ്യൂവിൽ പറഞ്ഞത് കടമെടുത്ത് ചോദിച്ചാൽ, അവരെ പ്രഫഷണൽ കോഴ്സിന് പഠിക്കുക എന്ന ഉത്തരവാദിത്തമേൽപിച്ചാൽ പിന്നെ അവർക്കെങ്ങനെ പ്രസവിക്കാൻ കഴിയും?

മാത്രമല്ല, സമസ്ത കാന്തപുരം വിഭാഗത്തിൻ്റെ നേതാവ് കൂടിയായ അദ്ദേഹത്തിൻ്റെ സംഘടനയ്ക്ക് കീഴിൽ നടക്കുന്ന കോളജുകളിൽ ധാരാളക്കണക്കിൽ പെൺകുട്ടികൾ പഠിക്കുന്നുണ്ട്, പഠിപ്പിക്കുന്നുണ്ട്. ഗർഭം ധരിച്ചും പ്രസവിച്ചും നടക്കേണ്ട സമയത്ത് അതൊന്നും ചെയ്യാതെ പഠിച്ചും പഠിപ്പിച്ചും സമൂഹത്തിന് നാശം വരുത്തുന്നവർ എന്ന നിലയിലാണോ ഇവരെയൊക്കെ അദ്ദേഹം കാണുന്നത് എന്നതാണ് ഉയരേണ്ട ചോദ്യം.

അല്ല എന്നാണെങ്കിൽ പിന്നെ ഇൻ്റർവ്യൂവിൽ അദ്ദേഹം എന്തിനിങ്ങനെ പറഞ്ഞു? ആണ് എന്നാണുത്തരമെങ്കിൽ പിന്നെ സ്ഥാപനം നടത്താതെ പെൺകുട്ടികളെ സ്വസ്ഥമായി ഗർഭം ധരിക്കാനും പ്രസവിക്കാനും വിടുകയാണല്ലോ വേണ്ടത്‍?

മതയാഥാസ്ഥിതികതയുടെ ദ്വന്ദ വ്യക്തിത്വം

ഇവിടെയാണ് മതയാഥാസ്ഥിതികതയുടെ ദ്വന്ദ വ്യക്തിത്വം വെളിപ്പെടുന്നത്. പൊതുസമൂഹത്തിന് മുന്നിൽ സ്ഥാപനങ്ങളുടെ എണ്ണവും വൈവിധ്യവും ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ വിപ്ലവ അവകാശവാദങ്ങളുയർത്തുമ്പോഴും സ്ത്രീകളുടെ ഇടം അടുക്കളയും അവരുടെ ജോലി പ്രസവവും ആണെന്ന ബോധ്യത്തിലാണ് ഇത്തരക്കാരുള്ളത്. അതുകൊണ്ടാണ് പ്രസവ കമ്മിയെ നേരെ സ്ത്രീകളുടെ വിദ്യാഭ്യാസവും സാമൂഹിക ഇടപെടലുകളുമായി കൂട്ടിക്കെട്ടുന്ന ലോജിക് വർക്ക് ചെയ്യുന്നത്.

ഏത് ശാസ്ത്രീയമായ പഠനത്തിൻ്റെ അടിസ്ഥാനത്തിലാണ് പ്രസവച്ചുരുക്കത്തിൻ്റെ കാരണം പൊതുരംഗം നൽകുന്ന അധിക ഭാരമാണെന്ന തീർപ്പിൽ എത്തുന്നത് എന്ന് അദ്ദേഹം വിശദീകരിക്കേണ്ടതുണ്ട്. വിദ്യാഭ്യാസവും തൊഴിലാഗ്രഹങ്ങളും കുറഞ്ഞുവരുന്ന ജനന നിരക്കിൻ്റെ പല കാരണങ്ങളിൽ ഒന്നാണെന്നതിനെ നിഷേധിക്കേണ്ടതില്ല. പക്ഷെ അത് മാത്രമാണോ കാരണങ്ങൾ? അല്ലേയല്ല. 15 മുതൽ 40 വയസ്സുവരെയുള്ള ദീർഘമായൊരു സ്പാനിലായിരുന്നു എൺപതുകളുടെ പകുതി വരെ മലബാറിലെ മുസ്‌ലിം സ്ത്രീകളുടെ പ്രസവം നടന്നിരുന്നത്. നിയമം വിവാഹപ്രായം 18 ൽ നിജപ്പെടുത്തിയത് ആദ്യ പ്രസവത്തിൻ്റെ പ്രായം തന്നെ 4 -5 വയസ്സോളം വർധിപ്പിച്ചു. അതിനു പുറമെ ഗർഭ പ്രസവങ്ങളെ സംബന്ധിച്ച ആരോഗ്യാവബോധത്തിൽ വന്ന വലിയ മാറ്റമാണ് കുട്ടികളുടെ എണ്ണം മുൻ തലമുറയിലെ എണ്ണത്തിൻ്റെ പകുതിയോളമെത്തിക്കുന്ന രൂപത്തിൽ സ്റ്റബിലൈസ് ചെയ്തിരിക്കുന്നത്. ശിശുപരിപാലനത്തെ സംബന്ധിച്ച മുസ്‌ലിം കുടുംബങ്ങളിലെ ബോധ്യങ്ങളിലും തൊണ്ണൂറുകൾക്ക് ശേഷമുണ്ടായ വർധിത പ്രവാസത്തോടെ വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ധാരാളം കുട്ടികളുണ്ടാവുന്നതിൻ്റെ സാമൂഹ്യ നൻമകൾ, സാമ്പത്തിക പ്രയാസങ്ങളുള്ളതോടൊപ്പം തന്നെ, ആവോളമനുഭവിച്ച തലമുറ അവരുടെ ഊഴം വന്നപ്പോൾ എണ്ണത്തോളം തന്നെ പ്രധാനമാണ് ശ്രദ്ധയാർന്ന വളർത്തലിന് വേണ്ടുന്ന മക്കൾക്കിടയിലെ പ്രായവ്യത്യാസം എന്ന തീരുമാനത്തിലെത്തുകയാണ്. ഇതാണ് സംഭവിച്ചത് എന്നറിയണമെങ്കിൽ ഉസ്താദിൻ്റെ സംഘടനാ പ്രവർത്തകരുടെ ഭാര്യമാരായി വീട്ടിലിരിക്കുന്ന സ്ത്രീകളുടെ കുട്ടികളുടെ എണ്ണമൊന്ന് പരിശോധിച്ചാൽ മതി; പൊതു ട്രെൻഡിനൊപ്പമാണ് അതെന്ന മനസ്സിലാവും. അപവാദങ്ങളില്ലെന്നല്ല, പക്ഷെ വീട്ടിലിരിക്കുന്ന സ്ത്രീകളെല്ലാവരും ധാരാളമായി പ്രസവിക്കുന്നില്ല എന്ന് ചൂണ്ടിക്കാണിച്ചതാണ്. അതേസമയം, മുസ്‌ലിം അനുഷ്ഠാനങ്ങൾ പുലർത്തി പഠനത്തിനും ജോലിക്കുമെത്തിയ ആദ്യതലമുറയിൽ പലരും ജോലിയോടൊപ്പം തന്നെ എട്ടും പത്തും പ്രസവിച്ചവരാണ് എന്നതാണ് കൗതുകകരമായ യാഥാർഥ്യം. മുസ്‌ലിം സ്ത്രീവിദ്യാഭ്യാസത്തിൽ മുന്നിൽ നിന്ന തിരൂരങ്ങാടി, അരീക്കോട് പ്രദേശങ്ങൾ പരിശോധിച്ചാൽ ഇത് വ്യക്തമാകും.

നിലനിർത്തേണ്ടുന്ന യാഥാസ്ഥിതിക മണ്ഡലം

ഇത്രയും വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ അവകാശവാദങ്ങളുള്ള ഒരാൾ എങ്ങനെയാണ് സ്ത്രീകളെ സംബന്ധിച്ച മുൻവിധി പ്രസ്താവനകൾ നടത്തുന്നത് എന്ന് ആലോചിക്കുമ്പോഴാണ് മതത്തിനകത്ത് ഇദ്ദേഹം നിലനിർത്താൻ പരിശ്രമിക്കുന്ന യാഥാസ്ഥിതിക കോൺസ്റ്റിറ്റ്യൂയെൻസിയെ കുറിച്ച് മനസ്സിലാക്കാൻ കഴിയുക. സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മതം അനുവദിച്ച സ്വാതന്ത്ര്യം പോലും നിഷേധിച്ചു എന്നേടത്ത് കൂടിയാണ് മുജാഹിദ് പ്രസ്ഥാനവുമായി സമസ്തയ്ക്ക് ഇടയേണ്ടി വന്നത്. സ്ത്രീ പള്ളി പ്രവേശവുമായി ബന്ധപ്പെട്ട് രണ്ട് പക്ഷവുമെടുത്ത നിലപാടുകൾ പരിശോധിച്ചാൽ അത് മനസ്സിലാവും. സ്ത്രീകൾക്ക് പള്ളിയിലെ സംഘടിത നമസ്കാരം നിർബന്ധമില്ലെന്ന കാര്യത്തിൽ മുസ്‌ലിംകൾക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ടായിട്ടില്ല. എന്നാൽ താൽപര്യമുള്ള സ്ത്രീകളെ അതിൽ നിന്ന് തടയരുതെന്ന മതവിധിയുണ്ടായിരിക്കെ സ്ത്രീകൾക്ക് പള്ളി പ്രവേശം നിഷിദ്ധം (ഹറാം) എന്ന നിലപാടാണ് സമസ്ത എടുത്തത്. പള്ളിയിൽ നിന്ന് മാറി പ്രത്യേക കെട്ടിടങ്ങൾ രണ്ടായിരത്തിന് ശേഷം നിർമിക്കുന്നുണ്ടെങ്കിലും സ്ത്രീകൾക്ക് പള്ളി നിഷിദ്ധം എന്നത് തന്നെയാണ് ഇപ്പോഴും നിലപാട്. ജുമുഅയും ജമാഅത്തും സ്ത്രീകൾക്ക് നിർബന്ധമില്ല എന്നതിനെ നിഷിദ്ധമാണ് എന്നാക്കി മാറ്റുകയാണ് പൗരോഹിത്യ നേതൃത്വം ചെയ്തത്. മതം എന്നത് സ്ത്രീകളുടെ വ്യക്തിത്വം അംഗീകരിക്കാതെ അവരെ അടിച്ചമർത്തുന്നതാണ് എന്ന മതവിരുദ്ധരുടെ വാദത്തിന് കരുത്ത് പകരുകയായിരുന്നു ഇപ്രകാരം മത യാഥാസ്ഥിതികത. ചുരുക്കത്തിൽ വിരുദ്ധ ധ്രുവങ്ങളിലുള്ള രണ്ട് കൂട്ടരെ ഒരേ സമയം മാനേജ് ചെയ്യേണ്ടുന്ന ഇരട്ടഭാരം പരിഷ്കരണ പ്രസ്ഥാനങ്ങൾക്ക് ഉണ്ടായി. യഥാർഥത്തിൽ മതത്തിനുള്ളിൽ ഉസ്താദിനെപ്പോലുള്ളവർ സ്ഥാപിച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന, എന്നാൽ മതപരമായി അടിസ്ഥാനമില്ലാത്ത സ്ത്രീവിരുദ്ധതയുടെ സ്വാഭാവിക നീൾച്ച മാത്രമാണ് ഇപ്പോഴത്തെ പ്രസവച്ചുരുക്ക പ്രസ്താവനയിൽ കാണാൻ കഴിയുന്നത്.

പള്ളി മാത്രം; വിദ്യാഭ്യാസമില്ലെന്ന്

മുജാഹിദുകൾ സ്ത്രീവിദ്യാഭ്യാസത്തിന് തടസ്സം നിന്നെന്നും വീട്ടിലിരുന്ന് പഠിക്കുന്നതിന് പകരം സ്ത്രീകൾ പള്ളിയിൽ പോകുകയാണ് വേണ്ടതെന്ന് പറയുകയാണ് അവർ ചെയ്തതെന്നുമുള്ള ഒരു വിചിത്ര വാദം ഉന്നയിക്കുന്നുണ്ട് ഹക്കീം ഉസ്താദ് അദ്ദേഹത്തിൻ്റെ ഇൻ്റർവ്യൂവിൽ. സൈനുദ്ദീൻ മഖ്ദൂമിൻ്റെ കാലം മുതൽ ഇവിടെ വിദ്യാഭ്യാസമുണ്ടായിരുന്നു എന്നും പറയുന്നുണ്ട് അദ്ദേഹം.

മുസ്‌ലിം സമുദായത്തിൽ വിദ്യാഭ്യാസം പ്രവാചക ദൗത്യത്തിൻ്റെ തുടക്കം മുതലേ നൽകപ്പെട്ടിരുന്നു എന്നതിലും അതിൻ്റെ പ്രാദേശികവും കാലികവുമായ വേർഷനുകൾ എക്കാലത്തും നിലനിന്നിരുന്നു എന്നതിലും മുസ്‌ലിം പാരമ്പര്യത്തെ കുറിച്ചറിയുന്ന ഒരാളും തർക്കമുന്നയിക്കില്ല. അതേസമയം, കൊളോണിയൽ വിദ്യാഭ്യാസം സൃഷ്ടിച്ച സാഹചര്യത്തെ എങ്ങനെ അഭിമുഖീകരിക്കണമെന്ന ഒരു സന്നിഗ്ധ ഘട്ടമായിരുന്നു കഴിഞ്ഞ നൂറ്റാണ്ടിൻ്റെ ആദ്യ പകുതി. അക്കാലത്ത് മുസ്‌ലിം സംസ്കാരം കാത്തുസൂക്ഷിച്ച് കൊണ്ടുതന്നെ അതിനോട് ഗുണാത്മകമായി എൻഗേജ് ചെയ്യാൻ സമുദായത്തെ പ്രേരിപ്പിച്ചതും പഠിപ്പിച്ചതും ആശയപരമായി മുജാഹിദ് പ്രസ്ഥാന പരിസരത്ത് നിന്നവരാണ്. ഈ യാഥാർഥ്യത്തെ എങ്ങനെ ഒരാൾക്ക് നിഷേധിക്കാൻ കഴിയും.

വീടുകളിൽ സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകിയിരുന്നു എന്ന് പറയുന്നതിൽ ശരിയുണ്ട്. പക്ഷേ, അതിൻ്റെ ഉള്ളടക്കവും അളവും എന്തായിരുന്നു എന്നത് കൂടി പറയണ്ടേ? മലയാളത്തിൻ്റെയും ഇംഗ്ലീഷിൻ്റെ യും കാര്യം നിൽക്കട്ടെ. അറബിയുടെയും ദീനീ വിദ്യാഭ്യാസത്തിൻ്റെയും അളവെത്രയായിരുന്നു ? പ്രായപൂർത്തിയാകുന്ന മുറയ്ക്ക് (പലപ്പോഴും അതിന് മുമ്പേ പോലും) കെട്ടിച്ച് വിടുന്നത് വരെ നൽകിയിരുന്ന പരിമിത വിവരങ്ങളെ സ്കൂൾ, കോളജ് തുടങ്ങിയ വ്യവസ്ഥാപിത സംവിധാനങ്ങൾ വഴി നൽകിത്തുടങ്ങിയ വിദ്യാഭ്യാസവുമായി താരതമ്യം ചെയ്യാൻ പോലുമാവില്ല. യഥാർഥത്തിൽ, പെണ്ണിനത്ര മതി എന്നതായിരുന്നു അന്നത്തെ കാലവും സമീപനവും.

ഇക്കാലത്ത് തന്നെ നാട്ടിലും വിദേശങ്ങളിലുമുള്ള ദർസുകളിലും യൂണിവേഴ്സിറ്റികളിലുമൊക്കെ വിദ്യാഭ്യാസം ലഭിച്ച ആളുകൾ പലരും നാട്ടിൽ പ്രാക്ടീസ് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന മതവും അവർ പഠിച്ചതും തമ്മിലുള്ള അകലം കണ്ട് അസ്വസ്ഥരായി പല നിലയ്ക്കായി ശ്രമിച്ചതിൻ്റെ ഫലമായാണ് മാറ്റങ്ങളുണ്ടാവുന്നത്. ഇവരിൽ എല്ലാവരുടെയും പ്രവർത്തനങ്ങളെ സംഘടനാ ബ്രാക്കറ്റുകളിൽ ഒതുക്കാൻ കഴിയാത്തതുമാണ്.

എന്തായാലും, സമൂഹ വളർച്ച ആഗ്രഹിച്ചവർ ആദ്യം ചെയ്ത കാര്യം സ്ത്രീകൾക്ക് മത പ്രമാണങ്ങൾ അനുവദിക്കുന്ന സ്വാതന്ത്ര്യവും അവകാശവും ലഭ്യമാക്കാൻ പരിശ്രമിക്കുക എന്നതാണ്. അതിലെ വളരെ പ്രധാനപ്പെട്ട ഒരു സ്റ്റെപ്പ് ആയിരുന്നു, സ്ത്രീകൾക്ക് പള്ളി പ്രവേശം അനുവദിക്കുക എന്നത്. ദീൻ അനുവദിച്ച ഒരു ആരാധനാനുമതി സ്ത്രീകൾക്ക് ലഭ്യമാക്കുക മാത്രമല്ല ഇതു വഴി സംഭവിക്കുന്നത്; അതിന് പുറമെ ദീനിൽ തങ്ങൾക്ക് വ്യക്തിത്വമുണ്ടെന്ന തിരിച്ചറിവ് സ്ത്രീകൾക്ക് നൽകുകയും വിദ്യാഭ്യാസത്തിൻ്റെ വലിയൊരു മേഖല അവർക്ക് മുന്നിൽ തുറക്കുകയും ചെയ്തു. മാതൃഭാഷയിലെ ജുമുഅ ഖുതുബകൾ, പള്ളികൾ കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്ന ഖുർആൻ ക്ലാസ്സുകൾ എന്നിവയൊക്കെ ചേർന്ന് വലിയ മാറ്റമാണ് മുസ്‌ലിം സ്ത്രീകളുടെ ദീനീ അവബോധങ്ങളിൽ നൽകിയത്. അതേസമയം, ജുമുഅ ജമാഅത്തുകൾക്ക് സ്ത്രീകളെ കൊണ്ടുപോവുന്നതിനെ പറ്റി യാഥാസ്ഥിതിക പക്ഷത്ത് നിന്നുയർന്നിരുന്ന അശ്ളീലോക്തി വേണ്ടുംവിധമുണ്ടായിരുന്ന പരിഹാസങ്ങൾ സ്ത്രീകൾക്ക് അവരുടെ ബോധമണ്ഡലങ്ങൾ അനുവദിച്ചിരുന്ന സ്പേസിനെ കുറിച്ച് കൃത്യമായ ധാരണ നൽകും.

സ്ത്രീപദവിയിൽ വന്ന മാറ്റം

സമുദായത്തിനകത്തെ സ്ത്രീ കേന്ദ്രീകൃത പരിഷ്കരണ പ്രവർത്തനങ്ങളുടെ നേട്ടമായി പറയാറുള്ളത് പള്ളി പ്രവേശം പോലെയുള്ള ആരാധനാ സ്വാതന്ത്ര്യങ്ങളുടെ കാര്യമാണ്. അതിനപ്പുറത്ത് സ്ത്രീകളുടെ പദവിയും അന്തസ്സും നിർവഹണവും സംബന്ധിച്ച പരിപ്രേക്ഷ്യത്തിൽ പരിഷ്കരണ സംരംഭങ്ങളുണ്ടാക്കിയ ഗുണാത്മക മാറ്റങ്ങളാണ് ചർച്ച ചെയ്യേണ്ടതും അംഗീകരിക്കേണ്ടതും.

നേരത്തെയുണ്ടായിരുന്ന മതാത്മക സുന്ദര ഭൂതകാലത്തെ പരിഷ്കരണ സംരംഭങ്ങൾ വന്ന് തകർത്തു എന്നൊരു വിമർശനമാണ് അബ്ദുൽ ഹക്കീം ധാരയിൽ നിന്ന് ഇപ്പോൾ ഉയർത്താറ്. കേവല മതാനുഷ്ഠാനങ്ങളുടെ കാര്യം പരിശോധിച്ചാൽ പോലും ശരിയല്ല ഈ പ്രസ്താവം എന്ന് കാണാനാവും. അഞ്ച് നേരത്തെ നമസ്കാരം എന്ന അടിസ്ഥാന ആരാധന പോലും അതിൻ്റെ സമയത്ത് നിർവഹിക്കാൻ അനുകൂലമായിരുന്നില്ല സാധാരണ മുസ്‌ലിം കുടുംബകങ്ങളിലെ സാഹചര്യം. ഒരു പണിയിൽ നിന്ന് അടുത്ത പണിയിലേയ്ക്ക് നീങ്ങി അവസാനം നമസ്കാരങ്ങൾ ദിനാന്ത്യത്തിൽ ഒറ്റയടിക്ക് ഖദാ ആയി നിർവഹിക്കുക എന്നതായിരുന്നു വീട്ടമ്മമാരുടെ പൊതുരീതി. കാതും കഴുത്തും കാണാത്ത വിധം ശിരോവസ്ത്രങ്ങൾ മാറിലേയ്ക്ക് താഴ്ത്തിയിടുക എന്നത് പൊതു രീതിയേ ആയിരുന്നില്ല.

അതേസമയം, പരിഷ്കരണ സംരംഭങ്ങൾ സ്ത്രീകളുടെ ദീനീ വളർച്ചയിൽ തുടക്കം മുതലേ സവിശേഷ ശ്രദ്ധ വെച്ചതിനാൽ സ്ത്രീകൾ തങ്ങളുടെ ഉത്തരവാദിത്തങ്ങളെ കുറിച്ച് കുറച്ചുകൂടി ബോധവതികളായി. അഞ്ചുനേരം പടച്ചവൻ്റെ മുന്നിൽ ഹാജറാകാനും അവനു മുന്നിൽ ഒറ്റയ്ക്കിരുന്ന് അഭിമുഖ സംഭാഷണം നടത്താനും അവൻ്റെ വേദഗ്രന്ഥം പഠിക്കാനുമുള്ള അവകാശം സ്ത്രീകൾക്കുമുണ്ടെന്ന് അവർ തിരിച്ചറിഞ്ഞു. പുരുഷാവശ്യങ്ങൾ നിർവഹിക്കപ്പെടുന്ന രീതിയിലാണ് മതബോധനങ്ങൾ കാന്തപുരം വിഭാഗത്തിൻ്റെ പ്ലാറ്റ്ഫോമുകളിൽ നൽകപ്പെടുന്നത്. അതിൻ്റെ സ്വാഭാവികതയിലാണ് മാസമുറക്കാലത്തെ ആവശ്യത്തിന് പരിഹാരം ബഹുഭാര്യാത്വം എന്നൊക്കെയുള്ള ന്യായീകരണ യുക്തികൾ രൂപംകൊള്ളുന്നത്.

അതേസമയം, ജമാഅത്തെ ഇസ്‌ലാമി, മുജാഹിദ് തുടങ്ങിയവരുടെ പ്രവർത്തന ഡിസൈനിൽ തന്നെ സ്ത്രീകളുടെ വിദ്യാഭ്യാസ ദീനീ വളർച്ചകൾ പരിഗണിക്കപ്പെടുന്നുണ്ട്. പരിപാടികളിലും സംവിധാനങ്ങളിലുമൊക്കെ സ്ത്രീ എന്നത് പരിഗണനീയ സാന്നിധ്യമാണ് അവിടെ. ഉദാഹരണത്തിന് കാന്തപുരം വിഭാഗത്തിന് സ്വാധീനമുള്ള മഹല്ലുകളിലെ മരണ വീടുകളിൽ സ്വന്ത ബന്ധുക്കളായ സ്ത്രീകളെ പോലും മയ്യിത്ത് നമസ്കരിക്കാൻ അനുവദിക്കാറില്ല. ഏറ്റവും പ്രിയപ്പെട്ടവർക്ക് വേണ്ടി ഒരു അന്തിമ പ്രാർഥനയുടെ അവസരം പോലും ഇത്തരം സ്ഥലങ്ങളിൽ നിഷേധിക്കപ്പെടുമ്പോൾ സ്ത്രീകളുടെ നമസ്കാരം കഴിഞ്ഞതിന് ശേഷമേ ജമാഅത്ത്, മുജാഹിദ് പശ്ചാത്തലങ്ങളിൽ മയ്യിത്ത് പള്ളിയിലേക്കെടുക്കാറുള്ളൂ. കേവല സാങ്കേതികതകൾക്കപ്പുറത്ത് നിന്ന് ഈ പ്രശ്നത്തെ അഡ്രസ് ചെയ്യാൻ കഴിയാത്തതിൻ്റെ കാരണം മതയാഥാസ്ഥിതികത ഉള്ളിൽ കൊണ്ടുനടക്കുന്ന സ്ത്രീകളുടെ വസ്തുവൽക്കരണം (objectification) ആണ്. അതിനെ മറികടക്കാൻ കഴിയാത്തിടത്തോളം പ്രിയപ്പെട്ടവർക്ക് അന്തിമ പ്രാർഥന നടത്താൻ കഴിയാത്ത ദുരവസ്ഥയിൽ തന്നെ തുടരും ആ സ്ത്രീകൾ; തങ്ങൾക്ക് കിട്ടേണ്ടുന്ന ഏറ്റവും ആത്മാർഥമായ പ്രാർഥന നിഷേധിക്കപ്പെട്ട അവസ്ഥയിലാകും അനുയായികൾ.

യഥാർഥത്തിൽ അബ്ദുൽ ഹകീം ഉസ്താദിനെപ്പോലുള്ള ഒരു വിദ്യാഭ്യാസ സംരംഭകൻ കൂടിയായ മതപ്രവർത്തകനിൽ നിന്ന് സമൂഹം പ്രതീക്ഷിക്കുന്നത്, ഇസ്‌ലാം വനിതകൾക്ക് നൽകുന്ന പദവിയും അധികാരാവകാശങ്ങളും അവർക്ക് തിരികെ ലഭിക്കാൻ അദ്ദേഹത്തിൻ്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കാരണമാകുമെന്നാണ്. ഇൻ്റർവ്യൂവിൽ സ്ത്രീകളെ അധികാരമേൽപ്പിച്ച ജനത വിജയിക്കുകയില്ല എന്ന് പറയപ്പെടുന്ന ചോദ്യത്തിനുള്ള മറുപടിയായാണ് അദ്ദേഹം തൻ്റെ പ്രസവച്ചുരുക്ക സിദ്ധാന്തം മുന്നോട്ട് വെക്കുന്നത്. താൻ അഭിമാനം കൊള്ളുന്ന നോളജ് സിറ്റി ലോ കോളജിൽ തന്നെ നേതൃപദവിയിൽ ഒരു വനിതയെ നിയമിച്ച ആൾ എന്ന നിലയിൽ ചോദിക്കപ്പെട്ട ഹദീസിന്റെ വ്യാഖ്യാനത്തിൽ താങ്കൾക്ക് മറ്റു അഭിപ്രായങ്ങളുണ്ട് എന്നാണ് മനസ്സിലാവുന്നത്. അതിനാൽ നല്ല മാതൃകകളെന്ന് കരുതി തൻ്റെ സ്ഥാപനത്തിൽ പ്രാക്ടീസ് ചെയ്യുന്ന കാര്യങ്ങളെ മറ്റുള്ളവർക്ക് കൂടി പകർത്താൻ ധൈര്യം നൽകുന്ന രീതിയിലായിരിക്കണം തൻ്റെ പ്രസ്താവനകളും പൊതുഇടപെടലുകളും എന്നതിൽ ശ്രദ്ധ പുലർത്തണം എന്നഭ്യർഥിക്കുകയാണ്. ഇതിന് പകരം അകത്തൊരു ശക്തമായ യാഥാസ്ഥിതിക constituency നിലനിർത്തിക്കൊണ്ട് തന്നെ പുറമെയ്ക്ക് പൊതു ഇമേജ് വളർത്തിയെടുക്കാനുള്ള സാഹസം തുടർന്നാൽ അത് ഇടയ്ക്കിടെ പ്രസവച്ചുരുക്ക സിദ്ധാന്തവും പിഞ്ഞാണമെഴുത്തിൻ്റെ ഔഷധ മൂല്യവുമൊക്കെയായി പുറത്ത് വരും.

"മാറ്റമില്ലാതേത് നാളും അന്ധകളോ ഞങ്ങൾ
ചോറ്റിനും പേറ്റിന്നുമുള്ള യന്ത്രമോ പെണ്ണുങ്ങൾ".

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WomenAbdul Hakkim Azhari'Women in Islam'
News Summary - Are women machines that only produce rice and give birth?
Next Story