രാഷ്ട്രപതിയുടെ ചോദ്യങ്ങൾ ഭരണഘടനയോടോ?
text_fieldsതമിഴ്നാട് സർക്കാർ നൽകിയ ഹരജിയിൽ സുപ്രീം കോടതി, രാഷ്ട്രപതിക്കും സംസ്ഥാന ഗവർണർമാർക്കും നിയമസഭ പാസാക്കുന്ന ബില്ലുകൾക്ക് അംഗീകാരം നൽകുന്നതിന് സമയപരിധി നിശ്ചയിച്ച് ഒരു മാസത്തിനുശേഷം ഭരണഘടനാ കോടതികൾക്ക് രാഷ്ട്രപതിക്കും ഗവർണർമാർക്കും മേൽ സമയപരിധി ഏർപ്പെടുത്താൻ കഴിയുമോ എന്ന് ചോദ്യം ചെയ്ത് പ്രസിഡന്റ് ദ്രൗപദി മുർമു സുപ്രീം കോടതിക്ക് കത്തെഴുതിയിരിക്കുന്നു.
തമിഴ്നാട് നിയമസഭ പാസാക്കിയ പത്ത് ബില്ലുകൾക്ക് അംഗീകാരം നൽകാതെ പിടിച്ചുവെച്ച ഗവർണർ ആർ.എൻ. രവിയുടെ നടപടി ചോദ്യം ചെയ്താണ് ഡി.എം.കെ സർക്കാർ നേരത്തേ സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. ഗവർണറുടെ നടപടിയെ നിയമവിരുദ്ധമെന്നാണ് ജസ്റ്റിസുമാരായ ജെ.ബി. പർദിവാലയും ആർ. മഹാദേവനും അടങ്ങുന്ന ബെഞ്ച് വിശേഷിപ്പിച്ചത്. തുടർന്ന് നിയമസഭ രണ്ടാമതും പാസാക്കിയ ബില്ലുകൾ പാസാക്കാൻ രാഷ്ട്രപതിക്കും ഗവർണർമാർക്കും മൂന്നുമാസത്തെ സമയപരിധി സുപ്രീം കോടതി നിശ്ചയിക്കുകയായിരുന്നു. ഭരണഘടനാ കാര്യങ്ങളിൽ രാഷ്ട്രപതി കോടതികളുമായി കൂടിയാലോചിക്കണമെന്നും വിധിന്യായം പറയുന്നു. നയപരമായ വിഷയങ്ങളിൽ സുപ്രീംകോടതിക്ക് അഭിപ്രായ പ്രകടനത്തിൽനിന്ന് വിട്ടുനിൽക്കാമെന്നും ബെഞ്ച് വ്യക്തമാക്കിയിരുന്നു.
‘‘ചില അസാധാരണ സാഹചര്യങ്ങളിൽ, ബിൽ ജനാധിപത്യ തത്ത്വങ്ങൾക്ക് ഹാനികരമാണെന്ന് കണ്ടാൽ അത്തരം നിയമനിർമാണത്തിന് അനുമതി നൽകണമോ വേണ്ടയോ എന്ന് ഉറപ്പാക്കാൻ ഭരണഘടനാ വ്യാഖ്യാനം ആവശ്യമാണെന്നത് കണക്കിലെടുത്ത് ഗവർണർക്ക് ബിൽ രാഷ്ട്രപതിയുടെ പരിഗണനക്കായി മാറ്റിവെക്കാം. ഭരണഘടനാ തത്ത്വങ്ങളുമായി പൊരുത്തപ്പെടാത്തതിനാലും ഭരണഘടനാ സാധുതയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉള്ളതിനാലും ഒരു ബിൽ മാറ്റിവെച്ചിരിക്കുന്ന ഘട്ടത്തിൽ, എക്സിക്യൂട്ടിവ് നിയന്ത്രണം പാലിക്കേണ്ടതുണ്ട്’’ -ഉത്തരവിൽ പറയുന്നു.
‘‘ബില്ലിന്റെ സാധുത നിശ്ചയിക്കുന്നതിൽ കോടതികളുടെ പങ്ക് കേന്ദ്ര എക്സിക്യൂട്ടിവ് ഏറ്റെടുക്കരുത്. ഒരു പ്രായോഗിക വിഷയമെന്ന നിലയില്‍, അനുച്ഛേദം 143 പ്രകാരം അത്തരം ചോദ്യങ്ങള്‍ സുപ്രീം കോടതിയിലേക്ക് റഫര്‍ ചെയ്യണം. ഒരു ബില്ലില്‍ നിയമപരമായ പ്രശ്നങ്ങള്‍ മാത്രം കൈകാര്യം ചെയ്യുമ്പോള്‍ എക്സിക്യൂട്ടിവിന്റെ കൈകള്‍ ബന്ധിതമാണെന്നും ബില്ലിന്റെ ഭരണഘടനാ സാധുതയെക്കുറിച്ച് പഠിക്കാനും ശിപാര്‍ശകള്‍ നല്‍കാനുമുള്ള അവകാശം ഭരണഘടനാ കോടതികള്‍ക്ക് മാത്രമാണെന്നും പ്രസ്താവിക്കുന്നതില്‍ ഞങ്ങള്‍ക്ക് ഒരു മടിയുമില്ല’’ എന്നും ഉത്തരവ് വ്യക്തമാക്കി.
പൊതുതാൽപര്യമുള്ള നിർണായക വിഷയങ്ങളിൽ സുപ്രീംകോടതിയുടെ അഭിപ്രായം തേടാൻ രാഷ്ട്രപതിക്ക് അധികാരം നൽകുന്ന അനുച്ഛേദം 143 (1) പ്രകാരം 14 നിയമപ്രശ്നങ്ങളാണ് രാഷ്ട്രപതി ദ്രൗപദി മുർമു ഉന്നയിച്ചിരിക്കുന്നത്. ഭരണഘടനയുടെ 200-ാം അനുച്ഛേദ പ്രകാരം ഒരു ബിൽ ഗവർണർക്ക് മുന്നിലെത്തിയാൽ അദ്ദേഹത്തിന് മുന്നിലുള്ള വഴികളെന്തൊക്കെയാണ്? അതിൽ തീരുമാനമെടുക്കുമ്പോൾ ഗവർണർ മന്ത്രിസഭയുടെ ഉപദേശത്താലും സഹായത്താലും പ്രവർത്തിക്കാൻ ബാധ്യസ്ഥനാണോ? ഭരണഘടനയുടെ 200-ാം അനുച്ഛേദമനുസരിച്ചുള്ള ഗവർണറുടെ ഭരണഘടനാപരമായ വിവേചനാധികാരം കോടതിയുടെ പരിശോധനക്ക് വിധേയമാക്കാമോ? രാഷ്ട്രപതിക്ക് നടപടിയെടുക്കാൻ ഭരണഘടന സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നിരിക്കെ കോടതിക്ക് അത്തരമൊരു ഉത്തരവിറക്കാനാകുമോ? ഗവർണറുടെയോ രാഷ്ട്രപതിയുടെയോ ഭരണഘടനാദത്ത അധികാരങ്ങൾക്കും ഉത്തരവുകൾക്കും ഏതെങ്കിലും തരത്തിൽ പകരമാവാൻ 142-ാം അനുച്ഛേദ പ്രകാരമുള്ള സുപ്രീംകോടതിയുടെ അധികാരത്തിന് കഴിയുമോ? എന്നിങ്ങനെ പോകുന്നു രാഷ്ട്രപതി ഉന്നയിച്ച ചോദ്യങ്ങൾ.
ഭരണഘടന അനുസരിച്ച് ഭരണവുമായി ബന്ധപ്പെട്ട സർവ കാര്യങ്ങളിലും ഗവർണർമാർ മന്ത്രിസഭയുടെ ഉപദേശം സ്വീകരിക്കാൻ ബാധ്യസ്ഥരാണെന്ന് ഏതൊരു നിയമ വിദ്യാർഥിക്കും അറിയാം. എന്നിരുന്നാലും അടുത്തകാലത്ത് ചില ഗവർണർമാർ ബ്രിട്ടീഷ് രാജിന്റെ പ്രതിനിധികളെന്ന മട്ടിൽ പെരുമാറുന്നുണ്ട് എന്നത് മറ്റൊരു കാര്യം.
ഗവർണറുടെ ഭരണഘടനാ വിവേചനാധികാരം പ്രയോഗിക്കുന്നത് നീതിയുക്തമാണോ എന്നും രാഷ്ട്രപതി ചോദിക്കുന്നുണ്ട്. ഗവർണർമാരുടെ തീരുമാനങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്ന് കണ്ടെത്തിയ നിരവധി കേസുകൾ ഹൈകോടതികളിലും സുപ്രീം കോടതിയിലുമുണ്ട് എന്നത് കാണാതിരിക്കാനാവില്ല. സംസ്ഥാനത്തെ ചില സർവകലാശാലകളുടെ വൈസ് ചാൻസലർമാരെ പിരിച്ചുവിടാനുള്ള കേരള ഗവർണറുടെ തീരുമാനം കേരള ഹൈകോടതി റദ്ദാക്കിയത് രണ്ടുവർഷം മുമ്പാണ്.
ഗവർണറെ ഉപയോഗിച്ച് സംസ്ഥാന സർക്കാറിനെ ഞെരിക്കാനുള്ള യൂനിയൻ ഭരണകൂടത്തിന്റെ നീക്കത്തെ നിയമപോരാട്ടത്തിലൂടെ ചെറുത്ത തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നടപടി പ്രതിപക്ഷ സംസ്ഥാനങ്ങൾക്ക് വലിയ ഊർജമാണ് പകർന്നു നൽകിയിരുന്നത്. അത് തിരിച്ചറിഞ്ഞാണ് കേന്ദ്രം ഇത്തരമൊരു അപ്രതീക്ഷിത നീക്കം നടത്തിയത് എന്നുവേണം അനുമാനിക്കാൻ. സുപ്രീംകോടതി ഇതിനകം തന്നെ വ്യക്തത വരുത്തിയ ഭരണഘടനാ സ്ഥിതിയെ അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ നീക്കമാണ് ഈ കത്ത് എന്ന് സ്റ്റാലിൻ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. നിയമത്തിന്റെ മഹത്വത്തിനും ഭരണഘടനയുടെ അന്തിമ വ്യാഖ്യാതാവ് എന്ന നിലയിൽ സുപ്രീം കോടതിക്കുള്ള അധികാരത്തെയും ഭരണകൂടം വെല്ലുവിളിക്കുന്നു. ജനവിധിയെ ദുർബലപ്പെടുത്താൻ ബി.ജെ.പിയുടെ നിർദേശപ്രകാരം തമിഴ്നാട് ഗവർണർ പ്രവർത്തിച്ചു എന്ന വസ്തുത വെളിപ്പെട്ടിരിക്കുന്നുവെന്നും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാറുകളെ കേന്ദ്ര സർക്കാറിന്റെ ഏജന്റുമാരായി പ്രവർത്തിക്കുന്ന ഗവർണർമാരുടെ നിയന്ത്രണത്തിലാക്കി ദുർബലപ്പെടുത്താനുള്ള ശ്രമമാണിതെന്നും അദ്ദേഹം തുറന്നടിക്കുന്നു.
ഗവർണർമാരെ ഇറക്കി സംസ്ഥാന ഭരണങ്ങളെ അലങ്കോലപ്പെടുത്താൻ ശ്രമിച്ചുപോരുന്ന കേന്ദ്രസർക്കാർ ഒരുപടി കൂടി കടന്നിരിക്കുന്നു. രാഷ്ട്രപതി അയച്ച ചോദ്യങ്ങൾ കോടതിയെയാണ് സംബോധന ചെയ്യുന്നതെങ്കിലും അത് ചെന്നു തട്ടുന്നത് ഭരണഘടനയിലാണ്. ഭരണഘടനാ മൂല്യങ്ങളിലൂന്നി പരമോന്നത നീതിപീഠം നടത്തിയ ഇടപെടലുകളാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഇതിന്റെ ശരിതെറ്റുകൾ കാലം വിലയിരുത്തുക തന്നെ ചെയ്യും. ഓപറേഷൻ സിന്ദൂറിന് ശേഷം രാജ്യത്ത് രൂപപ്പെട്ടതായി ഭരണപക്ഷം കരുതുന്ന ചോദ്യം ചെയ്യപ്പെടാത്ത സാഹചര്യം മുതലാക്കിയാണ് സുപ്രിംകോടതിക്ക് നേരെ ഈ ചോദ്യശരങ്ങളെയ്യുന്നത് എന്ന് ശ്രദ്ധിക്കുക. അപ്രതീക്ഷിത കരുനീക്കം പ്രതിപക്ഷ സംസ്ഥാനങ്ങളുടെ ഐക്യത്തെയും സമരവീര്യത്തെയും ശക്തിപ്പെടുത്തുമോ അതോ അട്ടിമറിക്കുമോ എന്നാണ് രാജ്യം ഇപ്പോൾ ഉറ്റുനോക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.