Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightരാജ്യത്തെയും...

രാജ്യത്തെയും ജനങ്ങളെയും മറന്ന രണ്ടുവര്‍ഷം

text_fields
bookmark_border
രാജ്യത്തെയും ജനങ്ങളെയും മറന്ന രണ്ടുവര്‍ഷം
cancel

പോള്‍ചെയ്ത വോട്ടുകളുടെ 31 ശതമാനം മാത്രം നേടിയാണ് എന്‍.ഡി.എ അധികാരത്തില്‍വന്നതെങ്കിലും  യുവജനങ്ങളെ കാര്യമായി ആകര്‍ഷിക്കാന്‍ നരേന്ദ്ര മോദിക്ക് കഴിഞ്ഞിരുന്നു. നല്ല ദിനങ്ങള്‍ വരുമെന്ന് ബി.ജെ.പി വാഗ്ദാനം ചെയ്തപ്പോള്‍ രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്ന് യുവജനങ്ങള്‍ പ്രതീക്ഷിച്ചു. ആ പ്രതീക്ഷകള്‍ അസ്ഥാനത്തായെന്നാണ്   ഒൗദ്യോഗികകണക്കുകള്‍ സൂചിപ്പിക്കുന്നത്.  രാജ്യത്ത് തൊഴിലും പുതിയ അവസരങ്ങളും ഗണ്യമായി കുറഞ്ഞു.    ടെക്സ്റ്റൈല്‍, ഗാര്‍മെന്‍റ്സ്, ജ്വല്ലറി, ഐ.ടി, തുകല്‍, ഹാന്‍ഡ്ലൂം, മെറ്റല്‍, ഓട്ടോമൊബൈല്‍ എന്നീ എട്ടു പ്രധാന മേഖലകളില്‍ കേന്ദ്രസര്‍ക്കാറിന്‍െറ ലേബര്‍ ബ്യൂറോ നടത്തിയ സര്‍വേപ്രകാരം 2015ല്‍ സൃഷ്ടിക്കപ്പെട്ടത് 1.35 ലക്ഷം തൊഴിലവസരങ്ങള്‍ മാത്രമാണ്. എന്നാല്‍, 2014ല്‍ 4.9 ശതമാനം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിരുന്നു.  2009ല്‍ 12.5 ലക്ഷവും.  കണക്കുകള്‍ വ്യക്തമാക്കുന്നത് മോദി വന്നശേഷവും തൊഴിലവസരങ്ങള്‍ ഗണ്യമായി കുറയുകയാണെന്നാണ്.  

ഗ്രാമീണമേഖലയിലെ സ്ഥിതി ഇതിലും മോശമാണ്.  മൊത്തം ആഭ്യന്തര ഉല്‍പാദനവുമായി തട്ടിച്ചുനോക്കുമ്പോള്‍ കൃഷിയുടെ പങ്ക് കുറഞ്ഞുവരുന്നു.  കാര്‍ഷികമേഖലക്കുപുറത്ത് തൊഴിലവസരങ്ങള്‍ ഉണ്ടാകുന്നില്ല. ഓരോവര്‍ഷവും 1.3 കോടി ആളുകളാണ് പുതുതായി തൊഴിലന്വേഷിച്ചുവരുന്നത്. വ്യവസായവത്കരണത്തിലൂടെ മാത്രമേ പെരുകിവരുന്ന തൊഴിലില്ലായ്മ പരിഹരിക്കാന്‍ കഴിയൂ.  എന്നാല്‍, ഈ ദിശയില്‍ രണ്ടുവര്‍ഷമായി ഒന്നും നടന്നിട്ടില്ല. 2015 ഫെബ്രുവരിക്കും 2016 ഫെബ്രുവരിക്കും ഇടയില്‍ വ്യവസായ വളര്‍ച്ച വെറും രണ്ടു ശതമാനമാണ്.  എന്നാല്‍, 2014നും 2015നും ഇടക്ക് വളര്‍ച്ച 4.8 ശതമാനമായിരുന്നു.  നിര്‍മാണമേഖലയിലെ വളര്‍ച്ച ഈ കാലയളവില്‍ വെറും 0.7 ശതമാനം. അതേസമയം, മുന്‍ വര്‍ഷം (2014-2015) വളര്‍ച്ചനിരക്ക് 5.1 ശതമാനമായിരുന്നു. കേന്ദ്രത്തിന്‍െറ സ്റ്റാറ്റിസ്റ്റിക്സ്-പ്രോഗ്രാം ഇംപ്ളിമെന്‍േറഷന്‍ മന്ത്രാലയം 2016 ഏപ്രില്‍ 12ന് പുറത്തുവിട്ട കണക്കുകളാണിത്.  ഇത് വ്യക്തമാക്കുന്നത് വ്യവസായവളര്‍ച്ച പിറകോട്ടാണെന്നും തൊഴിലവസരങ്ങള്‍ ഗണ്യമായി കുറഞ്ഞുവെന്നുമാണ്.

വ്യവസായവളര്‍ച്ച മുരടിക്കുമ്പോള്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയില്ല. ക്രൂഡോയില്‍, പ്രകൃതിവാതകം, റിഫൈനറി ഉല്‍പന്നങ്ങള്‍, സ്റ്റീല്‍, കല്‍ക്കരി, സിമന്‍റ്, വളം, വൈദ്യുതി എന്നീ എട്ടു മേഖലകളില്‍നിന്നാണ് നമ്മുടെ വ്യവസായ ഉല്‍പാദനത്തിന്‍െറ 38 ശതമാനവും വരുന്നത്.  2016 മാര്‍ച്ചിലെ ഒൗദ്യോഗിക കണക്കുകള്‍ പ്രകാരം (ഇന്‍ഡക്സ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊഡക്ഷന്‍) ക്രൂഡോയില്‍, പ്രകൃതിവാതകം, ഉരുക്കുല്‍പാദനം എന്നിവ താഴേക്കുപോയി. മറ്റു മേഖലകളിലെ വളര്‍ച്ച നാലു മുതല്‍ ആറു ശതമാനംവരെ മാത്രം.  വളം മേഖലയില്‍ മാത്രമാണ് എടുത്തുപറയാവുന്ന വളര്‍ച്ച-11.3 ശതമാനം.  

മേക് ഇന്‍ ഇന്ത്യ

മോദിയുടെ ‘മേക് ഇന്‍ ഇന്ത്യ’ പ്രചാരണവും വിദേശയാത്രകളും പൊടിപൊടിക്കുമ്പോള്‍ രാജ്യത്തിനകത്തെ യഥാര്‍ഥചിത്രം ആശങ്കയുണ്ടാക്കുന്നതാണ്. 2015 സെപ്റ്റംബറിലെ റിപ്പോര്‍ട്ട് പ്രകാരം ബാങ്കുകളുടെ കിട്ടാക്കടം (എന്‍.പി.എ) 3.4 ലക്ഷം കോടി രൂപയാണ്. വ്യവസായം സ്ഥാപിക്കാനോ വികസിപ്പിക്കാനോ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയതാണ് ഇതില്‍ നല്ലപങ്കും.  വ്യവസായമുരടിപ്പും തകര്‍ച്ചയുമാണ് എന്‍.പി.എ ഇത്രയും കൂടാന്‍ കാരണമെന്ന് വ്യക്തമാണ്.  
ഗ്രാമീണമേഖലയില്‍ തൊഴിലില്ലായ്മക്ക് അല്‍പം ആശ്വാസംനല്‍കുന്നത് തൊഴിലുറപ്പുപദ്ധതിയാണ് (എം.ജി.എന്‍.ആര്‍.ഇ.ജി.എസ്). പല സംസ്ഥാനങ്ങളിലും ശരാശരി 45 ദിവസമാണ് ഇതുവഴി തൊഴില്‍ നല്‍കിയത്. കൂലിയാകട്ടെ തീരെ തുച്ഛവും-140 രൂപ. എന്നിട്ടും, 2015-16ല്‍ 8.4 കോടി ആളുകള്‍ ഈ പദ്ധതിയില്‍ ജോലിക്ക് അപേക്ഷിച്ചുവെന്ന് പറയുമ്പോള്‍ ഗ്രാമീണമേഖലയില്‍ നിലനില്‍ക്കുന്ന തൊഴിലില്ലായ്മയുടെ തീവ്രത ഊഹിക്കാവുന്നതാണ്. ഇവരില്‍ 1.2 കോടി ആളുകള്‍ക്ക് ഒരു ദിവസംപോലും പണി കൊടുക്കാന്‍ കഴിഞ്ഞില്ല. പണിയെടുത്തവരുടെ കൂലിതന്നെ കൊടുക്കുന്നില്ല.  ഈ പദ്ധതിയില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കാനുള്ളത് ഏകദേശം 12,000 കോടി രൂപയാണ്. 2016 മാര്‍ച്ച് വരെയുള്ള കണക്കാണിത്.

വിലക്കയറ്റം

അവശ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിച്ചുനിര്‍ത്തുന്നതിലും മോദിസര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു.  കഴിഞ്ഞ ഒരു വര്‍ഷമായി സാധനവില മേല്‍പോട്ടുതന്നെയാണ്.  ചെറിയ വരുമാനക്കാരുടെ ജീവിതം കൂടുതല്‍ ദുരിതമായി. പരിപ്പും പയര്‍വര്‍ഗങ്ങളുമാണ് സാധാരണക്കാരുടെയും വെജിറ്റേറിയന്‍കാരുടെയും പോഷകാഹാരം.  പരിപ്പും പയര്‍വര്‍ഗങ്ങളും ഭക്ഷണത്തില്‍നിന്ന് മാറ്റിനിര്‍ത്തേണ്ട ഗതികേടിലാണ് സാധാരണക്കാര്‍. തുവരപ്പരിപ്പിന് ഒരു വര്‍ഷത്തിനിടയില്‍ 100 ശതമാനമാണ് വില കൂടിയത്. കടലക്ക് 51 ശതമാനം.  ഉഴുന്നുപരിപ്പിന് 88 ശതമാനം.  2014-15 വര്‍ഷം പയര്‍വര്‍ഗങ്ങളുടെ ഉല്‍പാദനം കുറവായിരുന്നു. അത് മുന്നില്‍ക്കണ്ട് വന്‍കിട കച്ചവടക്കാര്‍ വലിയ തോതില്‍ പൂഴ്ത്തിവെപ്പ് നടത്തി. മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് പയര്‍വര്‍ഗങ്ങള്‍ കൂടുതലായി ഉല്‍പാദിപ്പിക്കുന്നത്.  എല്ലായിടത്തും ഭരിക്കുന്നത് ബി.ജെ.പിയാണ്. വന്‍കിട കച്ചവടക്കാര്‍ക്ക് കൊള്ളലാഭമെടുക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സൗകര്യം ചെയ്തുകൊടുത്തു.  ബി.ജെ.പിയുടെ സാമ്പത്തികസ്രോതസ്സാണ് ഈ  മേഖലയിലെ വന്‍കിടകച്ചവടക്കാര്‍.  

കാര്‍ഷിക മേഖല

കര്‍ഷകരില്‍നിന്ന് 30,000 ടണ്‍ തുവരപ്പരിപ്പും 10,000 ടണ്‍ ഉഴുന്നും സംഭരിച്ച് ബഫര്‍ സ്റ്റോക്കുണ്ടാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.  എന്നാല്‍, അതും പരാജയപ്പെട്ടു.  കര്‍ഷകര്‍ക്കുള്ള താങ്ങുവിലയില്‍ (മിനിമം സപ്പോര്‍ട്ട് പ്രൈസ്) 5.4 മുതല്‍ ആറു ശതമാനംവരെയാണ് വര്‍ധന നല്‍കിയത്. വിപണിയില്‍ 100 ശതമാനം വിലക്കയറ്റമുണ്ടായപ്പോഴാണ് കര്‍ഷകര്‍ക്ക് ആറു ശതമാനം വിലക്കൂടുതല്‍ നല്‍കാനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തതെന്ന് ഓര്‍ക്കണം. കര്‍ഷകരോടും വിലക്കയറ്റത്തില്‍ പൊറുതിമുട്ടുന്ന സാധാണക്കാരനോടും സര്‍ക്കാറിന് ഒരു പ്രതിബദ്ധതയുമില്ളെന്ന് ഇത് തെളിയിച്ചു. ജനസംഖ്യയിലെ മൂന്നില്‍ രണ്ടുഭാഗം ആശ്രയിക്കുന്ന കാര്‍ഷികമേഖലയെ മോദിസര്‍ക്കാര്‍ തീര്‍ത്തും അവഗണിച്ചു. കാര്‍ഷികമേഖലയിലെ വളര്‍ച്ച വെറും ഒരു ശതമാനമായി കുറഞ്ഞതില്‍ അദ്ഭുതമൊന്നുമില്ല.  

പെട്രോള്‍–ഡീസല്‍ വില

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2012ല്‍ മോദി ട്വിറ്ററില്‍ കുറിച്ചു: ‘പെട്രോള്‍ വില കൂട്ടുന്നത് യു.പി.എ സര്‍ക്കാറിന്‍െറ പരാജയമാണ്, ജനങ്ങള്‍ ഇത് പൊറുക്കില്ല’.  2014 മേയില്‍ മോദി അധികാരമേല്‍ക്കുമ്പോള്‍ അന്താരാഷ്ട്രവിപണിയില്‍ ഒരു ബാരല്‍ ക്രൂഡോയിലിന് 108 ഡോളറായിരുന്നു വില. വില തകര്‍ന്ന് ഒരുഘട്ടത്തില്‍ 27 ഡോളര്‍വരെയത്തെി. ഇപ്പോള്‍ 45 ഡോളറാണ് വില. പെട്രോളിന് ഡല്‍ഹിയില്‍ 60 രൂപ. ക്രൂഡോയിലിന് 59 ശതമാനം വില കുറഞ്ഞപ്പോള്‍ പെട്രോള്‍വിലയിലെ കുറവ് 16 ശതമാനം മാത്രം.  കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ ഒമ്പതു തവണയാണ് പെട്രോളിയം ഉല്‍പന്നങ്ങളുടെ എക്സൈസ് തീരുവ വര്‍ധിപ്പിച്ചത്. ക്രൂഡോയില്‍ വിലയിലെ താഴ്ചയുടെ ഫലം കേന്ദ്രസര്‍ക്കാറും എണ്ണ വിപണന കമ്പനികളും തട്ടിയെടുത്ത് ജനങ്ങളെ കൊള്ളയടിക്കുന്നു. പെട്രോളിന്‍െറ വിലനിര്‍ണയാധികാരം വിപണന കമ്പനികള്‍ക്ക് വിട്ടുകൊടുത്തത് യു.പി.എ സര്‍ക്കാറായിരുന്നു. മോദി വന്നപ്പോള്‍ ഡീസലിന്‍െറ വിലനിര്‍ണയാധികാരവും സര്‍ക്കാര്‍ കൈവിട്ടു.  

മോദിയെക്കുറിച്ചും അദ്ദേഹത്തിന്‍െറ സര്‍ക്കാറിനെക്കുറിച്ചും പ്രശസ്ത പത്രപ്രവര്‍ത്തകനും വാജ്പേയി മന്ത്രിസഭയില്‍ അംഗവുമായിരുന്ന അരുണ്‍ ഷൂരി പറഞ്ഞത് ഉദ്ധരിക്കുന്നത് അസ്ഥാനത്താവില്ല. ‘മോദിയുടേത് ഏകാംഗ സര്‍ക്കാറാണ്. പ്രസിഡന്‍ഷ്യല്‍ മാതൃകയിലാണ് ഭരണം നടത്തുന്നത്. ഒന്നിനും നിയന്ത്രണമോ പരിശോധനയോ ഇല്ല. വളരെ കുറച്ച് ആളുകളില്‍നിന്നുമാത്രമാണ് അദ്ദേഹം അഭിപ്രായം സ്വീകരിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ സംഘര്‍ഷമുണ്ടാക്കാനും അവരില്‍ ധ്രുവീകരണമുണ്ടാക്കാനും ലക്ഷ്യംവെച്ചാണ് പല പരിപാടികളും ആസൂത്രണം ചെയ്യുന്നത്’.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

Show Full Article
TAGS:modi govt 
Next Story