Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഭീകരതയുടെ മറവില്‍ ...

ഭീകരതയുടെ മറവില്‍ മതഭ്രാന്ത് പരത്തുന്നവര്‍

text_fields
bookmark_border
ഭീകരതയുടെ മറവില്‍  മതഭ്രാന്ത് പരത്തുന്നവര്‍
cancel

129 പേരുടെ മരണത്തിലേക്കുനയിച്ച് നവംബര്‍ 13ലെ പാരിസ് ഭീകരാക്രമണത്തിന്‍െറ നടുക്കം വിട്ടുമാറുന്നതിനുമുമ്പ് പ്രശസ്ത ബ്രിട്ടീഷ് എഴുത്തുകാരന്‍ സൈമണ്‍ ജെന്‍കിന്‍സ് ലോകനേതാക്കള്‍ക്ക് നല്‍കിയ ഒരു താക്കീതുണ്ടായിരുന്നു: ‘ഭീകരവാദം നമ്മുടെ സഹായത്തോടെ മാത്രമേ വിജയിക്കുകയുള്ളൂ. ഭീകരവാദത്തിന്‍െറ വീര്യം അതിന്‍െറ ചെയ്തിയിലല്ല, അനന്തര പ്രതികരണത്തിലാണ്. സെപ്റ്റംബര്‍ 11നുശേഷം ഉസാമാ ബിന്‍ലാദിന്‍ ആഗ്രഹിച്ചതുപോലെ, ഐ.സ് ഭീകരവാദികള്‍ക്ക് വേണ്ടത് ലോകം സംഭ്രാന്തരായി പരക്കംപായുകയും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും സ്വാതന്ത്ര്യം പിച്ചിച്ചീന്തുകയും മിതവാദികളായ മുസ്ലിംകളെ പീഡിപ്പിക്കുകയും മുസ്ലിംനഗരങ്ങള്‍ ബോംബിട്ട് തകര്‍ക്കുകയുമാണ്. പാശ്ചാത്യനേതാക്കള്‍ക്ക് സാമാന്യബുദ്ധി നഷ്ടപ്പെടുന്നതുപോലെ’. ജെന്‍കിന്‍സിന്‍െറ ആശങ്ക അസ്ഥാനത്തായില്ല. ആത്യന്തിക ചിന്താഗതിക്കാരെ ആഹ്ളാദിപ്പിക്കുംവിധം ലോകം സംഭ്രാന്തരായി നെട്ടോട്ടമോടുകയും വൈകാരികമായോ വിഭാഗീയമായോ ആക്രോശങ്ങള്‍ നടത്തുകയും ചെയ്തു. മൂന്നാം ലോകയുദ്ധത്തെ കുറിച്ചാണ് ആദരണീയനായ പോപ്പ് സൂചന നല്‍കിയത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ ഹിറ്റ്ലറെയും നാസികളെയും ചരിത്രത്തില്‍നിന്ന് വര്‍ത്തമാനകാലത്തേക്ക് എഴുന്നള്ളിച്ചു. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണിബ്ളെയര്‍ വാഷിങ്ടണിലെ ഒരു ചടങ്ങില്‍ പറഞ്ഞത് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികള്‍ക്കുള്ള പിന്തുണ ‘മുസ്ലിം സമൂഹത്തില്‍ ആഴത്തില്‍ വേരൂന്നിയിട്ടുണ്ട്’ എന്നാണ്. പടിഞ്ഞാറും ഇസ്ലാമും തമ്മിലുള്ള സഹജ ശത്രുതയെ കുറിച്ചുള്ള വിശ്വാസം ചെറിയൊരു വിഭാഗത്തിന്‍െറമാത്രം പ്രത്യേകതയല്ളെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ട്രംപും വിദ്വേഷ പ്രചാരണവും
അമേരിക്കയുടെ പ്രസിഡന്‍റ് പദം മോഹിച്ച് കാമ്പയിനിറങ്ങിയ റിപ്പബ്ളിക്കന്‍ നേതാവും കോടീശ്വരനുമായ ഡൊണാള്‍ഡ് ട്രംപിന്‍െറ വിവാദ പ്രസ്താവനയെ വിശകലനം ചെയ്യേണ്ടത് ഭീകരതയുടെ മറവില്‍ ദ്രുതഗതിയില്‍ പരന്നൊഴുകുന്ന ഇസ്ലാം പേടിയെ രാഷ്ട്രീയ-മത നേതൃത്വം തങ്ങളുടെ ക്ഷണിക അജണ്ട മുന്‍നിര്‍ത്തി എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നതിലൂന്നിയാണ്. മുസ്ലിംകളെ അമേരിക്കന്‍ മണ്ണിലേക്ക് പ്രവേശിപ്പിക്കരുതെന്നും പള്ളികള്‍ അടച്ചുപൂട്ടണമെന്നും രാജ്യത്ത് ജീവിക്കുന്ന മുസ്ലിംകളെ ചാപ്പകുത്തണമെന്നും വാദിക്കുന്നതിലൂടെ ഈ തീവ്രവലതുപക്ഷ നേതാവ് ലക്ഷ്യമിടുന്നത് വോട്ടുബാങ്കാണ്. ഇതിനകം യു.എസില്‍ വേരോട്ടം നേടിയ ‘ഇസ്ലാമോഫോബിയ’യെ അദ്ദേഹം ഫലപ്രദമായി രാഷ്ട്രീയലാഭത്തിന് വിനിയോഗിക്കുമ്പോള്‍ ഒരുസമൂഹം ഒന്നാകെ അപരവത്കരിക്കപ്പെടുന്നു. അതോടെ വിജയിക്കുന്നതാവട്ടെ മുഖ്യധാരയില്‍നിന്ന് മുസ്ലിംകളെ അടര്‍ത്തിയെടുക്കാന്‍ സര്‍വതന്ത്രങ്ങളും പ്രയോഗിക്കുന്ന ഭീകരവാദികളും. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റന്‍ സൂചിപ്പിച്ചതുപോലെ ഡൊണാള്‍ഡ് ട്രംപിന്‍െറ വാക്കുകളെ തമാശയായി ഇനി കാണാന്‍ പറ്റില്ല. തെറ്റും ലജ്ജാവഹവും മാത്രമല്ല, അപകടകരവുമാണ്. മതഭ്രാന്ത് ഫലംചെയ്യുന്നുണ്ട് എന്നാണ് സര്‍വേകള്‍ തെളിയിക്കുന്നത്. ന്യൂയോര്‍ക് ടൈംസ്-സി.ബി.എസ് ന്യൂസ് പോള്‍  പുറത്തുവിട്ട കണക്കനുസരിച്ച് ദേശീയതലത്തില്‍ 35 ശതമാനം പ്രൈമറി വോട്ടര്‍മാര്‍ ട്രംപിനെ പിന്തുണക്കുന്നുണ്ട്. പാരിസ് ഭീകരാക്രമണത്തിനുശേഷമാണ് ഇദ്ദേഹത്തിന്‍െറ റേറ്റിങ് കൂടാന്‍ തുടങ്ങിയത്. ഐ.എസ് ഭീകരര്‍ അങ്കാറയിലും തൂനിസിലും ഖത്തീഫിലും സീനായിലും സിറിയയിലും ഇറാഖിലുമൊക്കെ ആക്രമണങ്ങള്‍ നടത്തി എണ്ണമറ്റ മനുഷ്യരുടെ പ്രാണനെടുത്തപ്പോള്‍ മൗനംദീക്ഷിച്ച ട്രംപുമാര്‍ പാരിസിലെയും കാലിഫോര്‍ണിയയിലെയും ആക്രമണങ്ങളെ മതയുദ്ധമായി ചിത്രീകരിച്ചാണ് പുതിയ ക്രൂസേഡിനെ കുറിച്ച് ഭീതിപരത്തുന്നത്. 2014ല്‍ ഐ.എസ് ലോകശ്രദ്ധയില്‍ വന്നതുതൊട്ട് ഈ ഭീകര ഗ്രൂപ്പിന് മതകീയമുഖം നല്‍കാനാണ് ലോകനേതാക്കളും അക്കാദമിക പണ്ഡിതരുമടക്കമുള്ളവരും ശ്രമിക്കുന്നത്. പശ്ചിമേഷ്യയുടെ ചരിത്രം ഐ.എസിന്‍െറ ആവിര്‍ഭാവത്തോടെ മാറ്റിയെഴുതപ്പെടുകയാണെന്ന സിദ്ധാന്തം മുന്നോട്ടുവെക്കുന്നത് ഒന്നാം ലോകയുദ്ധാനന്തരം പാരിസ് സമാധാന സമ്മേളനത്തിലൂടെ  മിഡിലീസ്റ്റിന്‍െറ ഭൂപടം തയാറാക്കിയവരാണ്. ഓട്ടോമന്‍ സാമ്രാജ്യത്തെ തകര്‍ക്കാന്‍ ബ്രിട്ടീഷ്-ഫ്രഞ്ച് കോളനിശക്തികള്‍ രൂപംകൊടുത്ത സൈക്സ്-പികോട്ട് ഉടമ്പടിവഴി നിലവില്‍വന്ന സിറിയയും ലെവാന്‍റും (ഇന്നത്തെ ഇറാഖ്, ഫലസ്തീന്‍ , ജോര്‍ഡന്‍ അടക്കമുള്ള പ്രദേശം ) അബൂബക്കര്‍ ബഗ്ദാദിയുടെ ഭാവനയിലുള്ള ‘ഖിലാഫ’ത്തിലേക്ക് കടന്നുവന്നതിനുപിന്നില്‍ ‘കുറ്റബോധം വിട്ടുമാറാത്ത’ പാശ്ചാത്യ മസ്തിഷ്കങ്ങളുണ്ട് എന്ന വീക്ഷണഗതിയെ തള്ളിക്കളയാനാവില്ല. 1924ല്‍ മുസ്തഫ കമാല്‍ അത്താതുര്‍ക്കിനെ കൊണ്ട് ‘ഉസ്മാനിയ്യ ഖിലാഫത്ത്’ വിപാടനം ചെയ്യിക്കാന്‍ നേതൃത്വം കൊടുത്തവര്‍തന്നെയാണ് ഐ.എസിനെക്കൊണ്ട് പുതിയ ഖിലാഫത്ത് പ്രഖ്യാപനത്തിന് ശട്ടംകൂട്ടിയതെന്ന് വിശ്വസിക്കുന്നവര്‍ ധാരാളമുണ്ട്. ബ്രിട്ടീഷ്, ഫ്രഞ്ച്, ഇറ്റാലിയന്‍ കോളനി ശക്തികളുടെ നേതൃത്വത്തില്‍ വരച്ച മിഡിലീസ്റ്റിന്‍െറ അതിരുകള്‍ മായ്ക്കാന്‍ ഇതിനുമുമ്പ് ശ്രമിച്ചത് അറബ് ദേശീയവാദികളായ ഈജിപ്ഷ്യന്‍ മുന്‍ പ്രസിഡന്‍റ് ജമാല്‍ അബ്ദുന്നാസറും ബഅസ് പാര്‍ട്ടി സ്ഥാപകന്‍ മൈക്കിള്‍ അഫ്ലാഖും ലിബിയന്‍നേതാവ് മുഅമ്മര്‍ ഖദ്ദാഫിയുമൊക്കെയാണ്. തീര്‍ത്തും മതേതരമായ മാര്‍ഗത്തില്‍  അവര്‍ പരാജയപ്പെട്ടിടത്ത് അബൂബക്കള്‍ ബഗ്ദാദി മതാത്മക, ഹിംസാത്മക രാഷ്ട്രീയംകൊണ്ട് ജയിക്കുന്നുവെങ്കില്‍ അതിനുപിന്നില്‍ ബാഹ്യശക്തികളുടെ കുടിലതന്ത്രങ്ങള്‍തന്നെയുണ്ടാവണം.  സയണിസ്റ്റുകളുടെ ഗൂഢാലോചനയാണ് ഐ.എസ് എന്ന് ചിലര്‍ സംശയിക്കുന്നത് ചുരുങ്ങിയ കാലംകൊണ്ട് അത് സൃഷ്ടിച്ച പ്രതിച്ഛായസംഹാരം ഇസ്ലാമിക ലോകത്തിനു വരുത്തിവെച്ച അപരിമേയമായ പ്രഹരം കണക്കാക്കിയാണ്. 1953ല്‍ ജറൂസലം ആസ്ഥാനമായി ഹിസ്ബുല്‍ തഹ്റീര്‍ (ദ ലിബറേഷന്‍ പാര്‍ട്ടി) എന്ന ഒരു പ്രസ്ഥാനം രൂപവത്കരിക്കപ്പെട്ടശേഷം ഖിലാഫത്തിന്‍െറ പുന$സ്ഥാപനം ലക്ഷ്യമിട്ട്  ആരും രംഗത്തുവന്നിട്ടില്ല.  
അമേരിക്കയിലെ സ്ഫോടനങ്ങള്‍
ഹിംസയോടുള്ള വിരക്തിയോ ചോരയോടുള്ള അറപ്പോ അല്ല  ട്രംപിനെ പോലുള്ളവരെ ഐ.എസിന്‍െറ മറവില്‍ മുസ്ലിംവിരുദ്ധത ഉല്‍പാദിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്. പടിഞ്ഞാറന്‍ ലോകത്തുടനീളം ‘ഇസ്ലാമോഫോബിയ’ ഇന്ന് രാഷ്ട്രീയ വലതുപക്ഷത്തിന്‍െറ കൈയിലെ ശക്തമായ ആയുധമാണ്. എഫ്.ബി.ഐയുടെ റിപ്പോര്‍ട്ടനുസരിച്ച് യു.എസിലെ ആഭ്യന്തര ഭീകരവാദികളില്‍ ഭൂരിഭാഗവും ക്രിസ്ത്യന്‍ വിശ്വാസികളായ വെളുത്തവര്‍ഗക്കാരാണ്. ഈവര്‍ഷം ഡിസംബര്‍ ഏഴുവരെ 367 കൂട്ടവെടിവെപ്പുകളാണ് 47 സ്റ്റേറ്റുകളിലെ 221 നഗരങ്ങളിലായി നടന്നത്. എന്നാല്‍, ഇവയില്‍ ചിലതിന് അമിതമായ മാധ്യമ കവറേജ് കിട്ടുമ്പോള്‍ ചിലത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുപോലുമില്ളെന്ന് ‘ദ ക്രിസ്ത്യന്‍ സയന്‍സ് മോണിറ്ററുടെ വിശകലനത്തില്‍ പറയുന്നു: (‘Two faces of mass shootings in America’). കൊല്ലപ്പെട്ടതും കൊലയാളികളും ഭൂരിപക്ഷവിഭാഗക്കാരാണെങ്കില്‍ മാധ്യമങ്ങള്‍ പരമാവധി പ്രാധാന്യം വാര്‍ത്താതമസ്കരണത്തിനു തുനിയുന്നു. ഇനി ഇരകള്‍ ക്രിസ്ത്യാനികളും ആക്രമികള്‍ മുസ്ലിംകളുമാണെങ്കില്‍ അപൂര്‍വസംഭവമായി പര്‍വതീകരിച്ചും കൂടുതല്‍ സംശയങ്ങള്‍ ജനിപ്പിച്ചും മുഖപേജ് വാര്‍ത്തകളായി അവതരിപ്പിച്ച് ഭീതിയും വിദ്വേഷവും ജനിപ്പിക്കുന്നു. മാധ്യമങ്ങള്‍ കോര്‍പറേറ്റുകളുടേത് മാത്രമല്ല, ‘ഫാര്‍ റൈറ്റി’ന്‍െറയും ദാസ്യന്മാരാണ് ലോകത്തെവിടെയും. യൂറോപ്പിലേക്കുള്ള അഭയാര്‍ഥി പ്രവാഹം മൂര്‍ധന്യതയിലത്തെിയ സന്ദര്‍ഭത്തില്‍ ഹംഗറിയില്‍നിന്നും പോളണ്ടില്‍നിന്നുമൊക്കെ ഉയര്‍ന്ന അസഹിഷ്ണുതയുടെ സ്വരമാണ് ട്രംപിലൂടെ കൂടുതല്‍ ഉച്ചത്തില്‍ കേള്‍ക്കുന്നത്. സിറിയയില്‍നിന്നുള്ള അഭയാര്‍ഥികളെ ഒരാളെയും സ്വീകരിക്കാന്‍പാടില്ല എന്ന് പറഞ്ഞാണ് അദ്ദേഹം തുടങ്ങിയത്. ഇതിനകം കുടിയേറിയവരെ പുറത്താക്കണമെന്നായി അടുത്ത ജല്‍പനം. രാജ്യത്തെ മുസ്ലിംകളുടെ ഡാറ്റാബേസ് തയാറാക്കണമെന്നും സദാ ഭരണകൂട നിരീക്ഷണത്തില്‍ കഴിയേണ്ടവരാണിവര്‍ എന്നും പരസ്യമായി പുലമ്പുമ്പോള്‍ മതസ്വാതന്ത്ര്യം ഉറപ്പാക്കാന്‍ ഭരണഘടനയില്‍ പ്രഥമ ഭേദഗതി കൊണ്ടുവന്ന ഒരുരാജ്യത്തെ ബഹുദൂരം പിറകോട്ട് വലിച്ചിഴക്കുകയാണ്. ജോര്‍ജ് ഡബ്ള്യൂ. ബുഷിന്‍െറ സര്‍വ അധിനിവേശങ്ങളെയും ന്യായീകരിക്കുകയും ഇസ്ലാമികലോകത്ത് പടിഞ്ഞാറ് എന്തു തന്ത്രമാണ് പയറ്റേണ്ടത് എന്ന് ക്ളാസെടുക്കുകയും ചെയ്യാറുള്ള പ്രശസ്ത കോളമിസ്റ്റ് ഫരീദ് സക്കറിയ വാഷിങ്ടണ്‍ പോസ്റ്റില്‍ വിലപിക്കുന്നത് ഇങ്ങനെ: ‘വാസ്തവത്തില്‍ അമേരിക്കയില്‍ മുസ്ലിംകള്‍ ഇന്ന് ഏറ്റവും വെറുക്കപ്പെട്ട ന്യൂനപക്ഷമാണ്. അവരുടെ വിശ്വാസം നിരന്തരമായി വിമര്‍ശിക്കപ്പെടുന്നു, അവര്‍ പരിഹാസവും വിവേചനവും നേരിട്ടുകൊണ്ടിരിക്കുന്നു. ഫോക്സ് ന്യൂസിലെ മാക് ഫിഷര്‍ സമര്‍ഥിച്ചതുപോലെ അവര്‍ക്കെതിരായ ആക്രമണങ്ങള്‍ കൂടിക്കൂടിവരുകയാണ്’.
ട്രംപ് മാത്രമല്ല, പ്രതിച്ഛായസംഹാരത്തിന് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. ഇസ്ലാം ഭത്സനം പടിഞ്ഞാറന്‍ലോകത്ത് ഇന്ന് ഇസ്ലാം ഭീതി ത്വരിപ്പിക്കുന്നതിനുള്ള ഉപകരണമായിരിക്കുന്നു. ന്യൂജെര്‍സി ഗവര്‍ണര്‍ ക്രിസ് ക്രിസ്റ്റി മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരിക്കുന്നത് മൂന്നാം ലോകയുദ്ധത്തെ കുറിച്ചാണ്. യു.എസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥികള്‍ രാജ്യത്തിന്‍െറ സാമ്പത്തികവും സാമൂഹികവുമായ വിഷയങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നേയില്ല. ജിഹാദില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ് സര്‍വരും. അമേരിക്കയോട് യുദ്ധംപ്രഖ്യാപിച്ച അപൂര്‍വശക്തികളെ കുറിച്ചുള്ള മുന്നറിയിപ്പുമായാണ് സെനറ്റര്‍ ടെഡ് ക്രസിന്‍െറ വരവ്. ജെബ് ബുഷിന്‍െറ വാക്കുകള്‍ ഇങ്ങനെ:  ‘നമ്മുടെ ജീവിതശൈലിയെ മാറ്റുകയാണ് ഇസ്ലാമിക ഭീകരവാദത്തിന്‍െറ ആവശ്യം. അവര്‍ക്ക് നമ്മുടെ സ്വാതന്ത്ര്യത്തെ ആക്രമിക്കണം. അവര്‍ നമുക്കെതിരെ യുദ്ധം പ്രഖ്യാപിച്ചുകഴിഞ്ഞു. അതുകൊണ്ട് നാം അവര്‍ക്കെതിരെയും യുദ്ധം പ്രഖ്യാപിക്കണം’. ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ളെയര്‍ ഒരുപടി മുന്നില്‍ കടന്ന് ഇസ്ലാമിക പ്രത്യയശാസ്ത്രത്തെ നേരിട്ട് ആക്രമിക്കേണ്ടതിന്‍െറ ആവശ്യകതയിലേക്ക് വിരല്‍ചൂണ്ടുന്നു: (ദ ഗാര്‍ഡിയന്‍, ഡിസംബര്‍ 4, 2015).
രോഗം മാരകവും വ്യാപകവുമാണ്. ഭീകരവാദികളുടെ മറവില്‍ മതഭ്രാന്ത് പരത്താനാണ് ഒരുവിഭാഗത്തിന്‍െറ ശ്രമം. അതിനെതിരെ രാഷ്ട്രീയ, സാംസ്കാരികരംഗത്തെ പ്രഗല്ഭര്‍തന്നെ മുന്നോട്ടുവരുന്നു എന്നത് ആശ്വാസകരമാണ്. ബരാക് ഒബാമയുടെയും ഫേസ്ബുക് സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗിന്‍െറയും  മുഹമ്മദലി ക്ളേയുടെയുമൊക്കെ ശക്തമായ പ്രതികരണം ട്രംപിനെ പോലുള്ളവര്‍ക്ക്  ഈസിവാക്കോവര്‍ അസാധ്യമാക്കുന്നു. ബ്രിട്ടനില്‍ തനിക്കെതിരായ വികാരം രൂക്ഷതരമായതില്‍ ട്രംപ് രോഷാകുലനാണ്. സ്കോട്ടിഷ് ഭരണകൂടം ബിസിനസ് അംബാസഡര്‍ പദവിയില്‍നിന്ന് ട്രംപിനെ നീക്കംചെയ്തതും റോബര്‍ട്ട് ഗോര്‍ഡന്‍ യൂനിവേഴ്സിറ്റി ഡോക്ടറേറ്റ് തിരിച്ചുവാങ്ങിയതുമൊക്കെ പരക്കെ സ്വാഗതം ചെയ്യപ്പെട്ടിട്ടുണ്ട്. മതദ്വേഷം പ്രചരിപ്പിക്കുന്ന റിപ്പബ്ളിക്കന്‍ നേതാവിനെ രാജ്യത്തേക്ക് പ്രവേശിപ്പിക്കരുത് എന്നാവശ്യപ്പെട്ട് മൂന്നുലക്ഷം ആളുകള്‍ ഒപ്പിട്ട നിവേദനം ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണെങ്കില്‍ വിജയിക്കുക വിവേകത്തിന്‍െറ ശബ്ദമായിരിക്കും. ആഗോളതലത്തില്‍ ഇദ്ദേഹം ഒറ്റപ്പെടുന്നതിന്‍െറ തെളിവാണ് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുപോലും ട്രംപിന്‍െറ ഭ്രാന്തന്‍ജല്‍പനങ്ങളെ തള്ളിപ്പറഞ്ഞത്.

Show Full Article
TAGS:opinion 
Next Story