ചാവക്കാട്: ചേറ്റുവ പാലത്തിന് മുകളിൽ കണ്ടെയ്നർ ലോറിയും മിനിലോറി കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. മിനിലോറിയിലെ ജീവനക്കാരായ മേലേപട്ടാമ്പി കൊളമ്പിൽ വീട്ടിൽ കുഞ്ഞിമുഹമ്മദിെൻറ മകൻ മുഹമ്മദാലി (കുഞ്ഞുമണി -49), ഓങ്ങല്ലൂർ കൊണ്ടൂർക്കര നൂറുൽ ഹിദായ ഇസ്ലാമിക് കോംപ്ലക്സ് സമീപം കൊപ്പത്ത് പാറമ്മേൽ ബാവയുടെ മകൻ കെ.പി. ഉസ്മാൻ (60) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്കുശേഷം 2.30ഓടെ ചാവക്കാട് ഭാഗത്തുനിന്ന് വരുകയായിരുന്ന കണ്ടെയ്നർ ലോറി മറ്റൊരു വാഹനത്തെ മറികടന്ന് എതിരെ വന്ന മിനിലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മിനി ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു. ഓടിക്കൂടിയ നാട്ടുകാരും മറ്റു വാഹനങ്ങളിലെ യാത്രക്കാരും ചേർന്ന് മിനിലോറിയുടെ മുൻഭാഗം വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഉടൻതന്നെ ചേറ്റുവ ടി.എം ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുപേരും മരിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഖദീജയാണ് മുഹമ്മദലിയുടെ മാതാവ്. ഭാര്യ: ഭാര്യ റൈഹാനത്ത്. മക്കൾ: മുഹമ്മദ് മുസ്തഫ, മുഫീദ്, മസിയ. സീനത്താണ് ഉസ്മാെൻറ ഭാര്യ. മക്കൾ: ഖമറു, ശബ്ന, ജംഷി, യാസിർ, മുഹമ്മദ് ഫൈസൽ.