ബാണാസുര ഡാമിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി
text_fieldsവൈത്തിരി (വയനാട്): ഡാമില്‍ കുളിക്കുന്നതിനിടെ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. പത്താം മൈല്‍ ബൈബിള്‍ ലാൻഡ് പാറയില്‍ പൈലി-സുമ ദമ്പതികളുടെ മകന്‍ ഡെനിന്‍ ജോസാണ് (17) മരിച്ചത്. തരിയോട് പത്താം മൈലില്‍ ബാണാസുര സാഗര്‍ അണക്കെട്ടിന് സമീപം കുളിക്കുന്നതിനിടെ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു ഡെനിനെ കാണാതായത്.
പിണങ്ങോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ്. ശനിയാഴ്ച രാവിലെ ഫയർ ഫോഴ്സിനൊപ്പം തിരച്ചിലിനിറങ്ങിയ തുർക്കി ജീവൻരക്ഷാ സമിതിയാണ് മൃതദേഹം കണ്ടെത്തിയത്. തിരച്ചിലിന് പിണങ്ങോട് ബ്രേവ് എമർജൻസി ടീമും പൊലീസും ഒപ്പമുണ്ടായിരുന്നു.
കല്‍പ്പറ്റയില്‍ നിന്നുള്ള ഫയര്‍ ഫോഴ്സ് സംഘവും നാട്ടുകാരും ഇന്നലെ ഏറെനേരം തിരച്ചില്‍ നടത്തിയെങ്കിലും പ്രതികൂല കാലാവസ്ഥയും വെളിച്ചക്കുറവും മൂലം രാത്രിയോടെ തിരച്ചില്‍ അവസാനിപ്പിച്ചിരുന്നു. ഡാമിനും പരിസരത്തും നല്ല രീതിയില്‍ മഴ പെയ്യുന്നതും തണുപ്പും രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായി.

