ഒമാനിൽ നാല് ബംഗ്ലാദേശി സഹോദരങ്ങളെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി
text_fieldsമസ്കത്ത്: ഒമാനിൽ കാറിനുള്ളിൽ ബംഗ്ലാദേശ് സ്വദേശികളായ നാല് സഹോദരങ്ങളെ മരിച്ച നിലയിൽ കണ്ടെത്തി. ബാതിന മേഖലയിലെ മുസന്നയിലെ മുലദ്ദയിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ബുധനാഴ്ച പുലർച്ചെ രണ്ടോടെയാണ് സംഭവം പുറത്തറിഞ്ഞത്. ബംഗ്ലാദേശിലെ ചട്ടോഗ്രാം ജില്ലയിലെ രംഗുനിയ സ്വദേശികളായ മുഹമ്മദ് റാഷിദ് (35), മുഹമ്മദ് ഷഹദ് (32), മുഹമ്മദ് സിറാജ് (27), മുഹമ്മദ് ഷാഹിദ് (24) എന്നിവരാണ് മരിച്ചതെന്ന് ഒമാനിലെ ചട്ടോഗ്രാം അസോസിയേഷൻ പ്രസിഡന്റ് മുഹമ്മദ് യാസിൻ ചൗധരി അറിയിച്ചു.
മരിച്ചവരിൽ ഒരാൾ നിസ്‌വയിലും മറ്റൊരാൾ സുവൈഖിലും ബാക്കി രണ്ടുപേർ മുലദ്ദയിലുമാണ് താമസിച്ചിരുന്നത്. ഇവരിൽ ഇളയ സഹോദരന്മാരായ സിറാജ്, ഷാഹിദ് എന്നിവർ കല്യാണത്തിനായി വെള്ളിയാഴ്ച ബംഗ്ലാദേശിലേക്ക് മടങ്ങാനിരിക്കവെയാണ് അപകടം. ചൊവ്വാഴ്ച നാല് സഹോദരന്മാരും ഒന്നിച്ച് കാറിൽ പർച്ചേസിനായി പുറത്തുപോയിരുന്നു. കാർ മുലദ്ദയിലെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട നിലയിലായിരുന്നു.
ബർക്കയിൽ താമസിക്കുന്ന ബന്ധുവിന് ഇവർ വാട്ട്സ് ആപ്പിൽ ചൊവ്വാഴ്ച രാത്രി എട്ടോടെ മെസേജ് അയച്ചിരുന്നു. ഗുരുതരമായ ആരോഗ്യ പ്രശ്നം നേരിടുന്നുണ്ടെന്നും കാറിൽനിന്ന് പുറത്തിറങ്ങാൻ കഴിയുന്നില്ലെന്നും കാണിച്ചായിരുന്നു സന്ദേശം. ഇവരുടെ ലൊക്കേഷനും അയച്ചുകൊടുത്തിരുന്നു. അർധരാത്രി ഒരുമണിയോടെ രണ്ടു ബംഗ്ലാദേശികൾ സ്ഥലത്തെത്തുകയും കാറിനകത്ത് ബോധരഹിതരായ നിലയിൽ നാലുപേരെയും കണ്ടെത്തുകയുമായിരുന്നു. തുടർന്ന് ഇവർ പൊലീസിൽ വിവരമറിയിച്ചു. റോയൽ ഒമാൻ പൊലീസ് എത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.
കാറിലെ എ.സി തകരാറിലായി വിഷവാതകം ശ്വസിച്ചതാകാം മരണകാരണമെന്ന് കരുതുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നാലേ യഥാർഥ കാരണം വ്യക്തമാവൂ. സംഭവത്തിൽ അധികൃതർ അന്വേഷണം തുടരുകയാണ്. മരണപ്പെട്ടവരുടെ ഇളയ സഹോദരൻ മുഹമ്മദ് ഇനാം ബംഗ്ലാദേശിൽ കഴിയുകയാണ്. മുഹമ്മദ് റാഷിദും മുഹമ്മദ് ഷഹദും വിവാഹിതരാണ്. മുഹമ്മദ് സിറാജ്, മുഹമ്മദ് ഷാഹിദ് എന്നിവരുടെ വിവാഹം നടക്കാനിരിക്കവെയാണ് വിധി അപകടമരണത്തിന്റെ രൂപത്തിൽ തേടിയെത്തിയത്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതായി ബംഗ്ലാദേശി പ്രവാസി സംഘടനാ ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

