മൂന്ന് മാസക്കാലം റിയാദിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി
text_fieldsഅയ്യപ്പൻ ചൂണ്ടക്കാടൻ
റിയാദ്: കഴിഞ്ഞ മൂന്ന് മാസമായി റിയാദ് ശുമൈസി കിങ് സഊദ് മെഡിക്കൽ സിറ്റിയിൽ ചികിത്സയിലിരുന്ന പ്രവാസി മലയാളി മരിച്ചു. മലപ്പുറം കൊണ്ടോട്ടി കാണ്ടക്കാട് വട്ടപ്പറമ്പ് ഹൗസിൽ അയ്യപ്പൻ ചൂണ്ടക്കാടൻ (59) ആണ് നിര്യാതനായത്.
കഴിഞ്ഞ മേയ് 12-നാണ് കടുത്ത നെഞ്ചുവേദനയെത്തുടർന്ന് അയ്യപ്പനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെയും ജീവൻരക്ഷാ ഉപകരണങ്ങളുടെയും സഹായത്തോടെ ചികിത്സയിലായിരുന്നു.
ഒരു മാസം മുൻപ് ആരോഗ്യനിലയിൽ ചെറിയ പുരോഗതി കണ്ടതോടെ വിദഗ്ധ ചികിത്സക്കായി നാട്ടിലെത്തിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ പിന്നീട് ആരോഗ്യസ്ഥിതി വീണ്ടും വഷളായതോടെ ഡോക്ടർമാർ യാത്രാനുമതി നിഷേധിക്കുകയായിരുന്നു.
അയ്യപ്പൻ ആശുപത്രിയിലായതു മുതൽ കെ.എം.സി.സി വെൽഫെയർ വിങ് പ്രവർത്തകർ കുടുംബത്തിന് ആവശ്യമായ സഹായങ്ങളുമായി ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ 28 വർഷമായി പ്രവാസിയായ അയ്യപ്പൻ ഒന്നര വർഷം മുൻപാണ് അവസാനമായി നാട്ടിൽ പോയിവന്നത്. പരേതനായ ചാത്തന്റെയും കുഞ്ഞിയുടെയും മകനാണ്. ഭാര്യ: സുജാത. മക്കൾ: സ്നേഹ, മേഘ, അക്ഷയ്.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടിക്രമങ്ങളുമായി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ് ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, പി.എം. ബഷീർ സിയാംകണ്ടം, നസീർ കണ്ണീരി, അബ്ദുറഹ്മാൻ ചേലമ്പ്ര, ജുനൈദ് താനൂർ, ഷറഫു തേഞ്ഞിപ്പലം, സുഹൃത്ത് നബീൽ എന്നിവർ രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

