ബഹ്റൈനിലെ മലയാളി ഡോക്ടർ ഡോ. പി. വി. ചെറിയാൻ അന്തരിച്ചു
text_fieldsമനാമ: ബഹ്റൈനിലെ ആരോഗ്യ-സാമൂഹിക-വിദ്യാഭ്യാസ രംഗങ്ങളിൽ നാലര പതിറ്റാണ്ടിലേറെ നിറസാന്നിധ്യമായിരുന്ന പ്രമുഖ ഡോക്ടർ ഡോ. പി. വർഗീസ് ചെറിയാൻ (75) നിര്യാതനായി. ഇന്നലെ പുലർച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
1979ൽ ബഹ്റൈനിലെത്തിയ ഡോ. ചെറിയാൻ, രാജ്യത്തെ ആരോഗ്യരംഗത്ത് 44 വർഷത്തിലേറെ സേവനമനുഷ്ഠിച്ചു. ബഹ്റൈനിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രിയായ സൽമാനിയ മെഡിക്കൽ കോംപ്ലെക്സിലെ ലെ അപകട-അടിയന്തര വിഭാഗത്തിൽ ദീർഘകാലം ചീഫ് റെസിഡന്റായി പ്രവർത്തിച്ച അദ്ദേഹം, ആയിരക്കണക്കിന് രോഗികൾക്ക് ചികിത്സയും അടിയന്തര വൈദ്യസഹായവും നൽകി.
തൊഴിൽനൈപുണ്യവും രോഗികളോടുള്ള കരുതലും കൊണ്ട് സഹപ്രവർത്തകരുടെയും പൊതുസമൂഹത്തിന്റെയും ആദരവ് നേടിയ വൈദ്യനായിരുന്നു അദ്ദേഹം. ആതുരസേവനത്തിനപ്പുറം പ്രവാസി സമൂഹത്തിന്റെ പൊതുജീവിതത്തിലും അദ്ദേഹം ശ്രദ്ധേയമായ പങ്കുവഹിച്ചു. ഇന്ത്യൻ സ്കൂൾ ബഹ്റൈൻ ചെയർമാനായും നിരവധി അസോസിയേഷനുകളിൽ ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്.
ജീവകാരുണ്യ പ്രവർത്തനങ്ങളിലും അദ്ദേഹത്തിന്റെ ഇടപെടൽ ശ്രദ്ധേയമായിരുന്നു. കാൻസർ കെയർ ഗ്രൂപ്പിന്റെ പ്രസിഡന്റെന്ന നിലയിൽ കാൻസർ രോഗികൾക്കായുള്ള സഹായ പദ്ധതികൾ, ആരോഗ്യ ബോധവത്കരണ പ്രവർത്തനങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ എന്നിവയ്ക്ക് നേതൃത്വം നൽകി. ബഹ്റൈൻ മെഡിക്കൽ സൊസൈറ്റി ഉൾപ്പെടെ വിവിധ ആരോഗ്യ സംഘടനകളുമായി സഹകരിച്ച് പൊതുജനാരോഗ്യ മേഖലയിൽ നിരവധി പ്രവർത്തനങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകി.
ആലപ്പുഴ ചെങ്ങന്നൂർ സ്വദേശിനിയായ പരേതയായ ഉഷ ചെറിയാനാണ് ഭാര്യ. മക്കളായ ഡോ. നിറ്റിൻ ചെറിയാൻ, നിറ്റീഷ് ചെറിയാൻ, നിദീബ് ചെറിയാൻ എന്നിവർ കുടുംബ സമേതം അമേരിക്കയിലാണ്. ഇളയ മകൾ ഡോ. നിഖിത കുടുംബത്തോടൊപ്പം ബംഗളൂരുവിൽ താമസിക്കുന്നു. അഞ്ച് പേരക്കുട്ടികളും അടങ്ങുന്ന കുടുംബമാണ് ഡോ. പി.വി ചെറിയാേന്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

