ഉമ്മുല്‍ ഖുവൈനിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു
text_fieldsഅജ്മാന്‍: ഉമ്മുല്‍ ഖുവൈനിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം അടിമലത്തുറ സ്വദേശി പത്രോസിന്‍റെ മകന്‍ ജൈസൺ (35) ആണ് മരണപ്പെട്ടത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ ജൈസണെ ഉമ്മുല്‍ ഖുവൈന്‍ ശൈഖ് ഖലീഫ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
തൊഴിലാളികളേയും കൊണ്ട് പോവുകയായിരുന്ന കമ്പനിയുടെ പാസഞ്ചര്‍ വാഹനമാണ് അപകടത്തിപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. നാലു പേര്‍ ചെറിയ പരിക്കുകളോടെ ആശുപത്രിയിലാണ്. അജ്മാനിലെ കമ്പനിയില്‍ നിന്നും തൊഴിലാളികളുമായി ഉമ്മുല്‍ ഖുവൈനിലെ സൈറ്റിലേക്ക് പോകും വഴി രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. കമ്പനിയിലെ സൂപ്പര്‍ വൈസറായിരുന്നു ജൈസൺ.
വാഹനം ഓടിക്കുന്നതിനിടക്ക് ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതാണ് അപകടത്തിന് കാരണമെന്ന് പറയുന്നു. ഇതേത്തുടര്‍ന്ന് ഇവര്‍ സഞ്ചരിച്ചിരുന്ന വാന്‍ റോഡരികിലെ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. അപകടം സംഭവിക്കുമ്പോള്‍ 14 പേര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്‍റെ മുന്‍സീറ്റില്‍ ഇരിക്കുകയായിരുന്നു ജൈസൺ.
മെച്ചപ്പെട്ട ജീവിതം ലക്ഷ്യംവെച്ച് ജൈസൺ അടുത്തിടെയാണ് ഭാര്യ ലില്ലിയെ അജ്മാനിലേക്ക് കൊണ്ടുവന്നത്. ഭാര്യക്ക് അജ്മാനിലെ ഒരു സ്വകാര്യ ക്ലിനിക്കില്‍ നഴ്സായി ജോലി ലഭിച്ചതിനെത്തുടര്‍ന്ന് വിസ നടപടികള്‍ പുരോഗമിക്കുകയായിരുന്നു. മൂന്നരയും ആറും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. മാതാവ് മറിയദാസി. സഹോദരങ്ങള്‍ ജോൺസൺ, സിസ്റ്റർ മറിയം.
സലാം പാപ്പിനിശ്ശേരി അടക്കമുള്ളവരുടെ ഇടപെടലിനെ തുടര്‍ന്ന് നടപടിക്രമങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കി മൃതദേഹം കഴിഞ്ഞ ദിവസം നാട്ടിലേക്ക് അയച്ചു. അപകടത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മറ്റുള്ളവര്‍ സുഖം പ്രാപിച്ചുവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

