വികാരനിർഭരം! ഖാംനഈയുടെ അന്ത്യയാത്രയിൽ വിങ്ങിപ്പൊട്ടി സ്പീക്കറും വിദേശകാര്യ മന്ത്രിയും, മകൻ മുജ്തബ വിട്ടുനിന്നു?
text_fieldsതെഹ്‌റാൻ: യു.എസ്-ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ സംസ്കാര ചടങ്ങുകൾ തെഹ്‌റാനിൽ പുരോഗമിക്കുന്നു. യു.എസ്-ഇസ്രായേൽ സംഘർഷത്തിനിടെ ഫെബ്രുവരി 28നുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട ഖാംനഈയുടെ സംസ്കാരം യുദ്ധസാഹചര്യവും സുരക്ഷാ ഭീഷണികളും കണക്കിലെടുത്ത് വൈകിപ്പിക്കുകയായിരുന്നു. കഴിഞ്ഞ മാസം നടന്ന താൽക്കാലിക വെടിനിർത്തലിനെത്തുടർന്നാണ് ഇപ്പോൾ ചടങ്ങുകൾ നടത്താൻ അധികൃതർ തീരുമാനിച്ചത്.
തെഹ്‌റാനിലെ ഗ്രാൻഡ് മസല്ലയിൽ നടന്ന പ്രാർഥനാ ചടങ്ങുകൾ വികാരനിർഭരമായിരുന്നു. ഖാംനഈയുടെ ഭൗതികദേഹത്തിന് മുന്നിൽ പ്രാർഥനയിൽ പങ്കെടുത്ത ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചിയും പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫും നിയന്ത്രണം വിട്ട് കരയുന്ന കാഴ്ച വേദിയാകെ ഈറനണിയിച്ചു.
പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ഉൾപ്പെടെയുള്ള ഉന്നത ഭരണകൂട പ്രതിനിധികളും സൈനിക ഉദ്യോഗസ്ഥരും ചടങ്ങിൽ ആദരാഞ്ജലികൾ അർപ്പിച്ചു. കറുത്ത വസ്ത്രമണിഞ്ഞ ആയിരക്കണക്കിന് ആളുകളാണ് ഗ്രാൻഡ് മുസല്ലയിൽ തടിച്ചുകൂടിയത്. ശിയാ ആചാരപ്രകാരം നെഞ്ചത്തടിച്ചും കരഞ്ഞും വലിയൊരു ജനക്കൂട്ടം തങ്ങളുടെ നേതാവിന് വിട നൽകി.
ഖാംനഈയുടെ മകനും പിൻഗാമിയായി കണക്കാക്കപ്പെടുന്ന മുജ്തബ ഖാംനഈ ചടങ്ങിൽ പങ്കെടുത്തില്ല. സുരക്ഷാ കാരണങ്ങളാലാണ് അദ്ദേഹം വിട്ടുനിന്നത്. പിതാവ് കൊല്ലപ്പെട്ട ആക്രമണത്തിൽ മുജ്തബക്കും പരിക്കേറ്റതായാണ് റിപ്പോർട്ട്. ആക്രമണത്തിന് ശേഷം അദ്ദേഹം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല.
ഇറാൻ നേരിടുന്ന നിർണായക ഘട്ടത്തിൽ ഐക്യം പ്രഖ്യാപിച്ച് നിരവധി ലോക നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്, സൈനിക മേധാവി ജനറൽ ആസിം മുനീർ, റഷ്യൻ സെക്യൂരിറ്റി കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ ദിമിത്രി മെദ്‌വദേവ്, തുർക്ക്മെനിസ്ഥാൻ നേതാവ് ഗുർബാംഗുലി ബെർദിമുഹമ്മദോവ്, അർമേനിയൻ പ്രധാനമന്ത്രി നിക്കോൾ പാഷിൻയാൻ തുടങ്ങിയവർ പങ്കെടുത്തു. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റ, ബിഹാർ ഗവർണർ ലഫ്റ്റനന്റ് ജനറൽ (റിട്ട.) സയ്യിദ് അതാ ഹസ്‌നൈൻ എന്നിവർ പങ്കെടുത്തു. കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്, പി.ഡി.പി അധ്യക്ഷ മെഹബൂബ മുഫ്തി എന്നിവരടങ്ങുന്ന സംഘവും ആദരാഞ്ജലി അർപ്പിച്ചു.
അങ്ങേയറ്റത്തെ സുരക്ഷാ സംവിധാനങ്ങളാണ് തെഹ്റാനിൽ ഒരുക്കിയിരിക്കുന്നത്. സംസ്കാര ചടങ്ങുകൾ സുഗമമായി നടക്കാൻ ഉയർന്ന തലത്തിലുള്ള സുരക്ഷ ഉറപ്പാക്കുമെന്ന് തെഹ്‌റാൻ ഗവർണർ മുഹമ്മദ് സാദേഖ് മൊത്തമദിയാൻ അറിയിച്ചു.
തെഹ്‌റാനിലെ ചടങ്ങുകൾക്ക് ശേഷം മൃതദേഹം ഖുമിലേക്ക് കൊണ്ടുപോകും. തുടർന്ന് ഇറാഖിലെ നജഫ്, കർബല എന്നീ പുണ്യനഗരങ്ങളിലെ തീർഥാടനത്തിന് ശേഷം, ജൂലൈ ഒമ്പതിന് മഷ്ഹദിലെ ഇമാം റിസ മസ്ജിദിന് സമീപം സംസ്കരിക്കും. ഫെബ്രുവരി 28ലെ ആക്രമണത്തിൽ ഖാംനഈയോടൊപ്പം കുടുംബാംഗങ്ങളായ മകൾ, മരുമകൻ, പിഞ്ചു കൊച്ചുമകൾ, മരുമകൾ എന്നിവരും കൊല്ലപ്പെട്ടിരുന്നു. ഒരു ദശാബ്ദത്തിനിടെ ഇറാനിലെ ഏറ്റവും വലിയ ഔദ്യോഗിക സംസ്കാര ചടങ്ങുകൾക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

