മമതക്ക് കനത്ത പ്രഹരം, രാജ്യസഭ എം.പി പ്രകാശ് ബരൈകും രാജിവെച്ചു; ഒരാഴ്ചക്കിടെ പാർട്ടിവിടുന്ന മൂന്നാമത്തെ എം.പി
text_fieldsമമത ബാനർജി
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ, മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് (ടി.എം.സി) ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലേക്ക്. പാർട്ടി നേതൃത്വത്തിനെതിരെ എം.പിമാരും എം.എ.എമാരും പരസ്യമായി കലാപക്കൊടിയുയർത്തിയതോടെ തൃണമൂൽ പിളർപ്പിന്റെ വക്കിലെത്തിയിരിക്കുകയാണ്. ഒരാഴ്ചക്കുള്ളിൽ മൂന്ന് രാജ്യസഭാ എം.പിമാരാണ് രാജിവെച്ചത്. ഇതിന് പുറമെ ലോക്സഭയിലെ 20 തൃണമൂൽ എം.പിമാർ എൻ.ഡി.എ സഖ്യത്തെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചതോടെ കടുത്ത പ്രതിസന്ധിയാണ് ബംഗാളിൽ ഉടലെടുത്തിരിക്കുന്നത്.
വ്യാഴാഴ്ച രാവിലെ തൃണമൂൽ കോൺഗ്രസിന്റെ മുതിർന്ന നേതാവും രാജ്യസഭാ എം.പിയുമായ പ്രകാശ് ചിക് ബരൈകും തന്റെ അംഗത്വം രാജിവെച്ചതാണ് ഒടുവിലത്തെ സംഭവം. ഈ ആഴ്ചയിൽ രാജിവെക്കുന്ന മൂന്നാമത്തെ തൃണമൂൽ എം.പിയാണ് പ്രകാശ്. മുൻ കോൺഗ്രസ് നേതാവും 2021ൽ ടി.എം.സിയിൽ ചേർന്നവനിതാ നേതാവ് സുസ്മിത ദേവ് രാജിവെച്ച് തൊട്ടടുത്ത ദിവസമാണ് പ്രകാശും പടിയിറങ്ങിയത്. ഈ ആഴ്ച ആദ്യം മുതിർന്ന നേതാവ് സുഖേന്ദു ശേഖർ റോയിയും പാർട്ടിയിൽ നിന്ന് ഇറങ്ങിയിരുന്നു.
മമതാ ബാനർജി രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുയർത്തിയ ടോളിവുഡ് നടിയും എം.പിയുമായ ശതാബ്ദി റോയിയുടെ നിലപാടാണ് ഇപ്പോൾ തൃണമൂലിനെ ഏറ്റവും കൂടുതൽ ഞെട്ടിച്ചിരിക്കുന്നത്. തൃണമൂലിലെ വിമത ചീഫ് വിപ്പ് കാകോലി ഘോഷ് ദസ്തിദാറിന്റെ ഡെപ്യൂട്ടി സ്ഥാനത്താണ് ശതാബ്ദി ഇപ്പോൾ. പാർട്ടിയിലെ 20 വിമത ലോക്സഭാ എം.പിമാർ ചേർന്ന് തങ്ങൾ കേന്ദ്രത്തിലെ എൻ.ഡി.എ സഖ്യത്തെ പിന്തുണക്കുമെന്ന് കാണിച്ച് സ്പീക്കർ ഓം ബിർളക്ക് കത്ത് നൽകിയിട്ടുണ്ട്. ഈ തീരുമാനത്തെ ശതാബ്ദി റോയ് പരസ്യമായി പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
പാർട്ടിയിൽ അഭൂതപൂർവ്വമായ ആഭ്യന്തര കലാപം നടക്കുമ്പോഴും മമതാ ബാനർജിയെ പ്രതിരോധിച്ച് പ്രമുഖ രാജ്യസഭാ എം.പി സാഗരിക ഘോഷ് രംഗത്തെത്തി. തൃണമൂൽ കോൺഗ്രസ് അതിന്റെ ഏറ്റവും കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് സമ്മതിച്ച അവർ, എങ്കിലും ‘മമതാ ബാനർജിയില്ലാതെ തൃണമൂൽ കോൺഗ്രസ് ഇല്ല’ എന്ന് എൻ.ഡി.ടി.വിയോട് പ്രതികരിച്ചു. സുസ്മിത ദേവ് പാർട്ടി വിട്ടത് നിർഭാഗ്യകരമാണെന്നും എന്നാൽ അത് അവരുടെ വ്യക്തിപരമായ രാഷ്ട്രീയ ഭാവിയെക്കരുതിയുള്ള തീരുമാനമാണെന്നും സാഗരിക കൂട്ടിച്ചേർത്തു.
പാർലമെന്റിൽ മാത്രമല്ല, ബംഗാൾ നിയമസഭക്കുള്ളിലും മമതക്ക് കാര്യങ്ങൾ നിയന്ത്രണാതീതമാണ്. പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് മമത നിർദേശിച്ച ശോഭൻദേബ് ചട്ടോപാധ്യായയെ തള്ളിക്കൊണ്ട് 58 തൃണമൂൽ എം.എൽ.എമാർ വിമതപക്ഷത്തുള്ള ഋതബ്രത ബാനർജിയെ പിന്തുണച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ പാർട്ടിക്ക് മേലുള്ള മമതയുടെയും അനന്തരവൻ അഭിഷേക് ബാനർജിയുടെയും പീഠം ഇളകുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. വരും ദിവസങ്ങളിൽ ബംഗാൾ ഭരണത്തെ തന്നെ ബാധിക്കുന്ന തരത്തിലുള്ള കൂടുതൽ പ്രഖ്യാപനങ്ങൾ വിമതരുടെ ഭാഗത്തുനിന്ന് ഉണ്ടായേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

