‘കൈ’കോർക്കും, പക്ഷേ ലയനമില്ല! നിലപാട് വ്യക്തമാക്കി കോൺഗ്രസും തൃണമൂലും
text_fieldsന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് (ടി.എം.സി) കോൺഗ്രസിൽ ലയിക്കാൻ പോകുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ ഇരുപാർട്ടികളും തള്ളി. മമത ബാനർജി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ലയന വാർത്തകൾ സജീവമായത്. എന്നാൽ, ഇത് തികച്ചും അടിസ്ഥാനരഹിതമാണെന്ന് കോൺഗ്രസും തൃണമൂലും വ്യക്തമാക്കി.
ബുധനാഴ്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും തൃണമൂൽ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയതും അഭ്യുഹത്തിന് ഇടയാക്കിയിരുന്നു. എന്നാൽ, ലയനകാര്യം ചർച്ചയായിട്ടേയില്ലെന്ന് തൃണമൂൽ നേതൃത്വം അറിയിച്ചു.
സോണിയ ഗാന്ധിയും മമത ബാനർജിയും തമ്മിലുള്ള കൂടിക്കാഴ്ചയെക്കുറിച്ച് പുറത്തുവന്ന ചില വാർത്തകൾ പൂർണമായും തെറ്റാണെന്ന് കോൺഗ്രസ് വക്താവ് ജയറാം രമേശ് എക്സിൽ കുറിച്ചു. ദീർഘകാലത്തെ വ്യക്തിബന്ധമുള്ള ഇരുവരും തികച്ചും സൗഹാർദപരമായ അന്തരീക്ഷത്തിലാണ് സംസാരിച്ചതെന്നും വ്യക്തിപരമായ കാര്യങ്ങളാണ് ചർച്ച ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
ലയന വാർത്തകൾ തള്ളിയെങ്കിലും, വരാനിരിക്കുന്ന 2029 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ ഒന്നിച്ച് പോരാടാനും ഇൻഡ്യ മുന്നണി ശക്തിപ്പെടുത്താനും ഇരുപാർട്ടികളും തീരുമാനിച്ചിട്ടുണ്ട്. ജനാധിപത്യം സംരക്ഷിക്കുന്നതിനും ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും മുന്നണി ഒന്നിച്ച് നിൽക്കുമെന്ന് രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്കുശേഷം ടി.എം.സി ഔദ്യോഗികമായി അറിയിച്ചു.
അതിനിടെ, പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര തർക്കങ്ങൾ കൂടുതൽ രൂക്ഷമാകുകയാണ്. പാർട്ടിക്ക് വലിയ തിരിച്ചടി നൽകി രാജ്യസഭ എം.പി സുഷ്മിത ദേവ് ബുധനാഴ്ച പാർട്ടിയിൽനിന്നും എം.പി സ്ഥാനത്തുനിന്നും രാജിവെച്ചു. കഴിഞ്ഞദിവസം മുതിർന്ന നേതാവ് സുഖേന്ദു ശേഖർ റോയും രാജിവെച്ചിരുന്നു.
സുഷ്മിത ദേവ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുമായി കൂടിക്കാഴ്ച നടത്തിയത് അവർ ബി.ജെ.പിയിലേക്ക് ചേക്കേറുമെന്ന സൂചനകൾ ശക്തമാക്കി. എന്നാൽ തന്റെ രാജി വ്യക്തിപരവും രാഷ്ട്രീയപരവുമായ കാരണങ്ങളാലാണെന്ന് സുഷ്മിത പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

