രണ്ട് ദിവസം, 16 ലക്ഷം ഫോളോവേഴ്സ്; ഇൻസ്റ്റഗ്രാമിലും ഹിറ്റായി ‘സി.എം വിജയ്’!
text_fieldsചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം (TVK) അധ്യക്ഷൻ വിജയ് അധികാരമേറ്റതോടെ സംസ്ഥാനമാകെ ഒരു ബിഗ് ബജറ്റ് സിനിമയുടെ ആവേശത്തിലാണ്. സിനിമയെ വെല്ലുന്ന സ്റ്റൈലിലും മാസ്സിലും നടന്ന സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് പിന്നാലെ, സോഷ്യൽ മീഡിയയിലും ഭരണസിരാകേന്ദ്രങ്ങളിലും 'വിജയ് തരംഗം' ആഞ്ഞടിക്കുകയാണ്.
ആളും അനക്കവുമില്ലാതിരുന്ന തമിഴ്നാട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലേക്ക് ഇപ്പോൾ ആരാധകരുടെ വൻ പ്രവാഹമാണ്. വിജയ് അധികാരമേൽക്കുന്നതിന് മുമ്പ് വെറും നാല് ലക്ഷം ഫോളോവേഴ്സ് മാത്രമുണ്ടായിരുന്ന തമിഴ്നാട് മുഖ്യമന്ത്രിയുടെ (CMO Tamil Nadu) ഇൻസ്റ്റഗ്രാം പേജ് വെറും രണ്ട് ദിവസം കൊണ്ട് 16 ലക്ഷം പിന്നിട്ടു. മുമ്പ് മിതമായ പ്രതികരണങ്ങൾ മാത്രം ലഭിച്ചിരുന്ന സർക്കാർ പോസ്റ്റുകൾക്ക് പകരം, വിജയ് യുടെ ഓരോ നീക്കങ്ങൾക്കും പങ്കുവെക്കുന്ന പുതിയ പോസ്റ്റുകൾക്കും ലക്ഷക്കണക്കിന് ലൈക്കുകളാണ് നിമിഷങ്ങൾക്കകം ലഭിക്കുന്നത്. ഒരു ജനകീയ താരം ഭരണാധികാരിയാകുമ്പോൾ ലഭിക്കുന്ന സമാനതകളില്ലാത്ത സ്വീകാര്യതയാണിതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. തൊട്ടുപിന്നാലെ തിങ്കളാഴ്ച എം.എൽ.എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകളും പൂർത്തിയായി. എത്രയും വേഗം സഭയിൽ വിശ്വാസ വോട്ടിലൂടെ ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ മുഖ്യമന്ത്രിയോട് നിർദേശിച്ചിരിക്കുകയാണ്. നിലവിൽ തമിഴ്നാട് നിയമസഭയിലെ രാഷ്ട്രീയ ചിത്രം വിജയിക്ക് അനുകൂലമാണ്.
വിശ്വാസ വോട്ടെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, തമിഴ്നാട് രാഷ്ട്രീയ ഗോദയിൽ കരുനീക്കങ്ങൾ സജീവമാവുകയാണ്. തിരുപ്പത്തൂർ എം.എൽ.എയുടെ വോട്ടവകാശത്തിന്മേൽ ഹൈക്കോടതിയുടെ താൽക്കാലിക വിലക്ക് വന്നതോടെ നിയമസഭയിലെ ഓരോ അംഗത്തിന്റെ വോട്ടും അതീവ നിർണ്ണായകമായി മാറി. ഈ നിയമപോരാട്ടം പ്രതിപക്ഷ നിരയിൽ പുതിയ പ്രതീക്ഷകൾക്ക് വഴിതുറക്കുമ്പോൾ, ഭരണപക്ഷം അതീവ ജാഗ്രതയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

