മൈക്കിൾ ജാക്സനെയും കടത്തിവെട്ടി വിജയ്; ഇന്റർനെറ്റിലെ പുതിയ രാജാവ് ഇനി തമിഴ്നാട് മുഖ്യമന്ത്രി!
text_fieldsചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിലെ അറുപത് വർഷത്തെ ചരിത്രം തിരുത്തിക്കുറിക്കുക മാത്രമല്ല, ഇന്റർനെറ്റ് ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് നടൻ വിജയ്യുടെ രാഷ്ട്രീയ പ്രവേശനം. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന മെയ് 4 മുതൽ 10 വരെയുള്ള വാരത്തിൽ വിക്കിപീഡിയയിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ പേജ് വിജയ്യുടേതാണ്.
സി. ജോസഫ് വിജയ്- 29.8 ലക്ഷം വ്യൂസ്, തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് 2026-24.7 ലക്ഷം, തമിഴ്നാട് മുഖ്യമന്ത്രി-14.0 ലക്ഷം, തമിഴക വെട്രി കഴകം (TVK)-13.1 ലക്ഷം, എം.കെ. സ്റ്റാലിൻ-5.48 ലക്ഷം എന്നിങ്ങനെയാണ് മെയ് 4 മുതൽ 10 വരെയുള്ള വിക്കിപീഡിയ കണക്കുകൾ. വാരാന്ത്യ കണക്കുകൾ പ്രകാരം വിജയ്-ടിവികെ ബന്ധപ്പെട്ട പേജുകൾക്ക് ആകെ 1.34 കോടി വ്യൂസ് ലഭിച്ചു. ഇത് പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് പേജുകൾക്ക് ലഭിച്ചതിനേക്കാൾ ഇരട്ടിയും കേരളത്തിലെ തെരഞ്ഞെടുപ്പ് പേജുകൾക്ക് ലഭിച്ചതിനേക്കാൾ എട്ട് മടങ്ങുമാണ്.
ഡേവിഡ് ആറ്റൻബറോ, ടെഡ് ടർണർ, മൈക്കിൾ ജാക്സൺ തുടങ്ങിയ ആഗോള പ്രശസ്തരായ വ്യക്തികളുടെ പേജുകളേക്കാൾ കൂടുതൽ ആളുകൾ കഴിഞ്ഞയാഴ്ച സെർച്ച് ചെയ്തത് വിജയ്യെ കുറിച്ചാണ്. വിക്കിപീഡിയയിലെ ആ വാരത്തെ 'ടോപ്പ് 10' പേജുകളിൽ അഞ്ചും തമിഴ്നാട് രാഷ്ട്രീയവുമായും വിജയ്യുമായും നേരിട്ട് ബന്ധമുള്ളവയായിരുന്നു.
ആറ് പതിറ്റാണ്ടായി ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും മാറിമാറി ഭരിച്ചിരുന്ന തമിഴ്നാട് രാഷ്ട്രീയത്തിലെ ദ്വിധ്രുവ ഭരണത്തിനാണ് വിജയ് അന്ത്യം കുറിച്ചത്. ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ 234 അംഗ സഭയിൽ 108 സീറ്റുകൾ നേടി ടി.വി.കെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. എം.ജി.ആർ, ജയലളിത, കരുണാനിധി, സ്റ്റാലിൻ തുടങ്ങിയ അതികായന്മാർ വാണിരുന്ന രാഷ്ട്രീയ ഭൂമികയിൽ വിജയ് മുഖ്യമന്ത്രിയായി അധികാരം ഏറ്റെടുത്തത് ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ ഏറെ ചർച്ചയായിട്ടുണ്ട്.
രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതാക്കളുടെ പിന്തുണയോടെ മുഖ്യമന്ത്രിയായി വിജയ് അധികാരം ഏറ്റെടുത്തത് ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്നെ ഏറ്റവും വലിയ ചർച്ചാവിഷയമായി തുടരുകയാണ്. ഇന്റർനെറ്റിലെ ഈ വൻ തരംഗം വരാനിരിക്കുന്ന ഭരണകാലയളവിൽ വിജയ്ക്ക് ലഭിക്കാനിടയുള്ള ജനപിന്തുണയുടെ സൂചനയായും വിലയിരുത്തപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

