തഴുകുന്ന തിരിമാലകളേ... ചിരിക്കുന്ന പൂക്കളേ...

KAITHAPRAM
കൈതപ്രം ദാമോദരന്‍ നമ്പൂതിരി

കൈതപ്രം ഒരു ഗ്രാമമാണ്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും ഗ്രാമംപോലെയാണ്. മനസ്സ് നിറയെ നന്മയും പച്ചപ്പും വിശുദ്ധിയും. മനോഹരമായ വാക്കുകളും  ഗൃഹാതുരബിംബങ്ങളും ലാളിത്യത്തി​​​​െൻറ ദലമര്‍മരങ്ങളായി  മലയാളികളുടെ ഹൃദയത്തില്‍ അനുഭൂതിയുടെ പുതിയ സ്വരരാജികള്‍ തീര്‍ക്കുന്നവയാണ് കൈതപ്രം ഗാനങ്ങള്‍.  ആ മുഖത്ത് എന്നും തെളിഞ്ഞുകാണുന്ന ശോഭയും ശാന്തതയും പുഞ്ചിരിയും കെടുത്താന്‍ ഒന്നിനും സാധിക്കില്ലെന്ന്  തെളിയിച്ച് ആ പാട്ടുജീവിതം മുന്നോട്ട് ഒഴുകുകയാണ്. പക്ഷാഘാതമായി വന്ന രോഗം ശരീരത്തെ പിന്നോട്ടുവലിച്ചെങ്കിലും  മനസ്സി​​​​െൻറ കരുത്തുകൊണ്ട് അതിനെ അതിജയിച്ചിരിക്കുന്നു സ്നേഹത്തി​​​​െൻറ പാട്ടുകാരന്‍.

‘‘എന്നെ അങ്ങനെ തളര്‍ത്താനാവില്ല. എനിക്ക് ജീവിക്കണം. ഈ ഭൂമിയില്‍ ഇനിയും ഒരുപാട് ചെയ്യാനുണ്ട്. അസുഖം പൂര്‍ണമായും ഭേദമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്’’ -കോഴിക്കോട് തിരുവണ്ണൂരിലെ ‘കാരുണ്യ’ത്തില്‍ കേള്‍ക്കുന്നത് നിശ്ചയദാര്‍ഢ്യത്തിന്‍െറ പുതിയ ശീലുകളാണ്. ഒരുപാട്  കാറ്റും കോളും നിറഞ്ഞാടിയ കാലത്തെ പിന്നിലാക്കിയാണ് ആ ജീവിതം 69ലേക്ക് ഈ കര്‍ക്കടകത്തില്‍ കടന്നത്. പ്രതിസന്ധികാലം ചില തിരിച്ചറിവുകളും നല്‍കി. അതുകൊണ്ടുതന്നെ വാക്കുകളിലും നിലപാടുകളിലും ഒട്ടും പതര്‍ച്ചയില്ല. ദിവസേനയുള്ള ഫിസിയോ തെറപ്പിയിലൂടെ, ആത്മശക്തിയിലൂടെ പാട്ടും എഴുത്തും പറച്ചിലും യാത്രയുമെല്ലാം അദ്ദേഹം തിരിച്ചുപിടിക്കുകയാണ്. 

പട്ടിണി സാധാരണമായ കുട്ടിക്കാലമായിരുന്നു പയ്യന്നൂരിനടുത്ത് കൈതപ്രത്തെ ഇല്ലത്ത്. 1957ല്‍ മറ്റൊരു നമ്പൂതിരിയുടെ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമപരിഷ്കാരത്തില്‍ തളര്‍ന്നുപോയ സാധാരണ ഇല്ലം. ഭൂ പ്രഭുക്കന്മാരൊക്കെ രക്ഷപ്പെടുകയും താഴെതട്ടിലുള്ളവര്‍ തകര്‍ന്നുതരിപ്പണമാവുകയും ചെയ്ത നിയമമായിരുന്നു അതെന്നാണ് ദാമോദരന്‍ നമ്പൂതിരി പറയുക. അച്ഛന്‍ ശാന്തി കഴിച്ച് സമാഹരിച്ച പണത്തില്‍നിന്ന് വാങ്ങിയ ഭൂമിയാണ് നഷ്​ടമായത്. കൃഷി ചെയ്യാനായി ഏല്‍പിച്ച ഭൂമി അച്ഛന്‍ തിരിച്ചുവരുമ്പോഴേക്ക് കുടിയാ​​​​െൻറതായിരുന്നു. വെറും 12 രൂപയാണ് ലഭിച്ചത്. ഭൂമി പോയതിനേക്കാള്‍ സങ്കടം അത് കിട്ടിയവര്‍ അതിലെ കൃഷി നിര്‍ത്തി വിറ്റൊഴിവാക്കിയതിലാണ്. കുട്ടിക്കാലം കഷ്​ടപ്പാടായിരുന്നു. എത്രയോ പട്ടിണി കിടന്നിട്ടുണ്ട്. തിരുവോണം കഴിഞ്ഞ് അവിട്ടം എത്താന്‍തന്നെ പ്രയാസം. ഭക്ഷണത്തിന് നിവൃത്തിയില്ല. സംഗീതാധ്യാപകനായ അച്ഛന്‍ എന്നും ദൂരെയായിരുന്നു. കച്ചേരി നടത്തും. വയലിന്‍ വായിക്കും. എന്നാലും അഷ്​ടിക്ക് വകയില്ല. അഞ്ചു മക്കളില്‍ മൂത്തമകനായ ദാമോദരന്‍ വളര്‍ന്ന ശേഷമാണ് അൽപം ഭേദമായത്. 

Kaithapram Damodaran Namboothiri

സംഗീതവും സാഹിത്യവുമായിരുന്നു മനസ്സ് നിറയെ. എങ്കിലും അടുപ്പില്‍ തീ പുകയാന്‍ അമ്പലത്തില്‍ ശാന്തിക്കാരനായി.  പഠിക്കാനാഗ്രഹമായിരുന്നു. തലശ്ശേരിയില്‍ അതിനായി പോവുകയും ചെയ്തു. പ​േക്ഷ, ശാന്തി കഴിഞ്ഞിട്ട് പഠിക്കാന്‍ സമയം കിട്ടണ്ടേ. എങ്കിലും ഇതിനിടയില്‍ മലയാളം വിദ്വാന്‍ പരീക്ഷ പാസായി. കൈതപ്രത്ത് നിന്നാല്‍ ജീവിതം വഴിമുട്ടുമെന്ന് തോന്നിയപ്പോഴാണ് തിരുവനന്തപുരത്തേക്ക് നാടുവിടുന്നത്. മനസ്സില്‍ സംഗീതംതന്നെയായിരുന്നു. 
തിരുവനന്തപുരത്തുനിന്നാണ് പച്ചപിടിച്ചുതുടങ്ങിയത്. അവിടെ കാവാലം നാരായണപണിക്കരുടെയും നരേന്ദ്രപ്രസാദി​​​​െൻറയും നാടക ട്രൂപ്പുകളിലെത്തി. നെടുമുടി വേണു, ഗോപി തുടങ്ങിയവരൊക്കെ അവിടെയുണ്ട്്. പാടും അഭിനയിക്കും. എഴുത്തുമുണ്ട്. ‘മാതൃഭൂമി’യില്‍ പ്രൂഫ് വായനക്കാരനായി ജോലിയും ലഭിച്ചു. 

തിരുവനന്തപുരത്ത് 10 വര്‍ഷം ഉണ്ടായിരുന്നു. 1974 മുതല്‍ 84 വരെ. ആദ്യമായി സിനിമക്ക് പാട്ടെഴുതിയത് ഫാസിലി​​​​െൻറ ‘എന്നെന്നും കണ്ണേട്ടന്’ വേണ്ടിയായിരുന്നു. ‘ദേവദുന്ദുഭി സാന്ദ്രലയം ദിവ്യ വിഭാത സോപാന രാഗലയം...’
കൂട്ടുകാരായ നെടുമുടി വേണുവും ഇ.സി. തോമസുമാണ് ഫാസിലിന് പരിചയപ്പെടുത്തുന്നത്. ആ ഗാനയാത്ര ഇന്ന് 450ലേറെ സിനിമകള്‍ പിന്നിട്ടിരിക്കുന്നു. വായനയുടെ വലിയ നിധി കൈയിലുണ്ടായിരുന്നു. അതുകൊണ്ടാണ് എഴുത്തില്‍ ശോഭിക്കാനായത്. ആദ്യപാട്ടു മുതല്‍ ഇതുവരെ മാറ്റിയെഴുതേണ്ടിവന്നിട്ടില്ല.

 അച്ഛന്‍ കേശവന്‍ നമ്പൂതിരി കൈതപ്രത്തി​​​​െൻറ  വളര്‍ച്ച കാണാന്‍ നിന്നില്ല. 74ല്‍തന്നെ മരിച്ചു. എങ്കിലും അദ്ദേഹമാണ് പിന്നീട് ത​​​​െൻറ ജീവിതത്തിലെ പല നല്ല സ്വഭാവങ്ങള്‍ക്കും അടിത്തറയിട്ടതെന്ന് കൈതപ്രം പറയും. ഒരാളെക്കുറിച്ചും പരദൂഷണം പറയരുതെന്നായിരുന്നു പ്രധാന ഉപദേശം. ആ സമയത്ത് എന്തെങ്കിലും വായിച്ചിരുന്നോ. വല്ലാത്ത പോസിറ്റിവ് ഊര്‍ജം അദ്ദേഹം പകര്‍ന്നുതന്നിരുന്നു. അച്ഛനിപ്പോഴും ത​​​​െൻറ കൂടെയുണ്ട്. അതുകൊണ്ടാണ് അച്ഛനെയാണെനിക്കിഷ്​ടം എന്ന പാട്ടെഴുതിയത്.

വിദ്വേഷവും വെറുപ്പുമെല്ലാം നാട്ടില്‍ ഇപ്പോള്‍ വര്‍ധിച്ചുവരുകയാണെങ്കിലും ത​​​​െൻറ വീട്ടില്‍ വേറെയാരെയും ദുഷിക്കില്ലെന്ന തീരുമാനം അച്ഛന്‍ പകര്‍ന്നുതന്നതാണ്. ഇവിടെ ത​​​​െൻറ കൂടെ 12 വര്‍ഷമായി ജംഷീര്‍ എന്ന കുട്ടിയുണ്ട്. മലപ്പുറം കാളികാവ് സ്വദേശിയാണ്. കത്തെഴുതി ഇഷ്​ടപ്പെട്ട് വന്നതാണ്. ഇപ്പോള്‍ കുടുംബാംഗത്തെപ്പോലെയാണ്. ബിരുദമെടുത്തു.
മക്ക, ജറൂസലം, മൂകാംബിക എന്നിവിടങ്ങളിലെ മണ്ണ് എ​​​​െൻറ പൂജാമുറിയിലുണ്ട്. ഇതിലൊരു വ്യത്യാസവും തോന്നിയിട്ടില്ല. തോന്നുന്നവരുമായി എനിക്ക് ഒരു ഇടപാടുമില്ല. ഇതു ഉറച്ചിവിശ്വാസമാണ്. 

പാട്ടുകളില്‍ നിറഞ്ഞൊഴുകുന്ന സ്​നേഹത്തെയും നന്മയെയുംകുറിച്ച് ചോദിച്ചാല്‍ താന്‍ ഇന്നുമേറെ കൊതിക്കുന്നതും ആഗ്രഹിക്കുന്നതും അതിനായതുകൊണ്ടായിരിക്കാം എന്നാണ് കൈതപ്രത്തി​​​​െൻറ മറുപടി. എല്ലാവരെയും സ്നേഹിക്കാനും സഹായിക്കാനും ആഗ്രഹമുണ്ട്. ആവുംപോലെ ചെയ്യുന്നുമുണ്ട്്.  മനസ്സില്‍ നന്മയുണ്ടായാലേ എഴുത്തില്‍ അതുവരൂ. ‘ഉണ്ണിക്കിടാവിന് നല്‍കാന്‍ അമ്മ നെഞ്ചില്‍ പാലാഴിയേന്തി...’ എന്നെഴുതിയത് അതുകൊണ്ടാണ്. ജനങ്ങളുടെ സ്നേഹം തനിക്കര്‍ഹിക്കുന്നതിലും അധികം തിരിച്ചുലഭിക്കുന്നുമുണ്ട്. അതില്‍ ജാതിമതഭേദങ്ങളൊന്നുമില്ല. വലിയ കാര്യമാണത്. സ്നേഹമാണ് എല്ലാത്തി​​​​െൻറയും അടിസ്ഥാനം.

Kaithapram-Damodaran-Namboothiri

1984ല്‍ മാതൃഭൂമി സ്ഥലംമാറ്റം വഴിയാണ് കോഴിക്കോ​െട്ടത്തുന്നത്. ആൾട്ടിസ്​റ്റ്​ എ.എസ്. നായരാണ് അത് ശരിയാക്കിയത്. ഇനി നിനക്ക് കോഴിക്കോടാണ് നല്ലതെന്ന് പറഞ്ഞായിരുന്നു അത്. കോഴിക്കോട്ടുവെച്ചാണ് സിനിമയിലേക്ക്  ചുവടുവെക്കുന്നത്. കോഴിക്കോട് ഇനിയും നഗരമായിട്ടില്ലെന്നാണ് കൈതപ്രത്തി​​​​െൻറ പക്ഷം. ഇപ്പോഴും ഗ്രാമവിശുദ്ധി പേറുന്ന വിശാലമായ ഗ്രാമമായാണ് തനിക്ക് കോഴിക്കോടിനെ തോന്നിയിട്ടുള്ളത്. കോഴിക്കോടിന് ഇങ്ങനെയേ ആകാന്‍ സാധിക്കൂ. അതി​​​​െൻറ സംസ്കാരം അങ്ങനെയാണ്. താന്‍ 35 വര്‍ഷമായി ജീവിക്കുന്ന തിരുവണ്ണൂര്‍ അതി​​​​െൻറ ഭാഗമാണ്. നല്ല സൗന്ദര്യവും സ്നേഹവുമുള്ള ഇടം.  

തന്നേക്കാള്‍ രോഗികളാണ് സിനിമയിലുള്ളവരെന്ന് മനസ്സിലായത് താന്‍ രോഗശയ്യയിലായപ്പോഴാണെന്ന് കൈതപ്രം പറയുന്നു. അസുഖമായപ്പോള്‍ അവര്‍ തന്നെ തള്ളി. ഒരു സഹായവും ചെയ്തില്ല. താന്‍ ഒന്നും ആവശ്യപ്പെട്ടുമില്ല. സിനിമയില്‍ സാമ്പത്തിക താല്‍പര്യമേയുള്ളൂ. അതുകൊണ്ടവര്‍ക്ക് ജാതിയും മതവും കളിക്കാന്‍ സമയമില്ല. രോഗം വന്നപ്പോള്‍ താന്‍ പിണറായി വിജയനോട് പറഞ്ഞു. അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ ശ്രദ്ധയിൽപെടുത്തി. അദ്ദേഹം മന്ത്രിസഭയില്‍ പാസാക്കി അഞ്ചു ലക്ഷം രൂപ തന്നു.  പിണറായി വിജയനെ ചെറുപ്പത്തിലേ അറിയാം. 

ഇപ്പോള്‍ സിനിമയില്‍ അവസരങ്ങള്‍ കുറവാണ്. ഒരു കാലത്തും താന്‍ അവസരം ചോദിച്ച് ആരുടെയും അടുത്ത് ചെന്നിട്ടില്ല. ഇനിയും പോകാന്‍ ഉദ്ദേശിക്കുന്നില്ല. തന്നെ ആവശ്യമുള്ളവര്‍ ഇങ്ങോട്ടുവരും. താന്‍ പിന്മാറാന്‍ തീരുമാനിച്ചിട്ടില്ല. എന്നെക്കാള്‍ ശക്തി കുറഞ്ഞവരാണവര്‍. അതുകൊണ്ട് എന്നെ എതിര്‍ക്കാന്‍ അവര്‍ക്കാവില്ല. ജയരാജും സത്യന്‍ അന്തിക്കാടും കമലുമെല്ലാം നല്ല സുഹൃത്തുക്കളാണ്. പ​േക്ഷ, അവരോടും  അവസരം അങ്ങോട്ടു ചോദിച്ചിട്ടില്ല. ഒന്നും ആവശ്യപ്പെട്ടിട്ടില്ല. മകന്‍ ദീപാങ്കുരന്‍ ഇപ്പോള്‍ സിനിമയില്‍ സജീവമാണ്. ലാൽ ജോസി​​​​െൻറ സിനിമക്ക് സംഗീതം  ചെയ്യുന്നു. അവനുവേണ്ടിയും താന്‍ ആരോടും ശിപാര്‍ശ ചെയ്തിട്ടില്ല. രണ്ടാമത്തെ മകന്‍ ദേവദര്‍ശന്‍ ഡോക്ടറാണ്. അവനും നന്നായി പാടും. ഭാര്യ ദേവി വീണവായിക്കും.

20 വര്‍ഷം മുമ്പ് താന്‍ തുടക്കമിട്ട മ്യൂസിക് തെറപ്പി രോഗിയായ തനിക്കുതന്നെ ഉപകാരപ്പെട്ട കഥ പറയും കൈതപ്രം. ഒരുപാട് രോഗികള്‍ക്ക് ആശ്വാസം പകര്‍ന്ന, ഇപ്പോഴും പകര്‍ന്നുകൊണ്ടിരിക്കുന്ന ഈ ഉദ്യമത്തില്‍നിന്ന് പിന്നോട്ടില്ല. ലോകത്തി​​​​െൻറ വിവിധ ഭാഗങ്ങളില്‍ മ്യൂസിക് തെറപ്പിയുണ്ടെങ്കിലും അതിന് നിയതമായ ഒരു രീതിയില്ല. ഭാരതീയ സംഗീതവുമായി ബന്ധപ്പെട്ട സമ്പ്രദായം ഉപയോഗിച്ച് സ്വന്തം രീതിയാണ്​ താന്‍ പിന്തുടരുന്നത്. സംഗീതം മുന്നോട്ടുകൊണ്ടുപോകാന്‍ അന്ധവിശ്വാസവും ദൈവവിശ്വാസവുമൊന്നും വേണ്ട. നമ്മുടെ സ്വയം വിശ്വാസം മതി. 

സംഗീതം കഴിഞ്ഞാല്‍ പിന്നെ യാത്രയാണ് ഏറെ ഇഷ്​ടം. ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിലും ഇപ്പോഴും മുടങ്ങാതെ യാത്രചെയ്യാറുണ്ട്. അത് മടുക്കില്ല. പണ്ടൊക്കെ ബസി​​​െൻറ സൈഡ് സീറ്റിലിരുന്നാണ് പാട്ടുകളും കവിതകളും മനസ്സില്‍ കുറിക്കാറ്. പിന്നീട് വീട്ടില്‍ വന്ന് കടലാസില്‍ പകര്‍ത്തുകയാണ് ചെയ്യുന്നത്. ബസില്‍ കാറ്റുകൊണ്ടിരിക്കുമ്പോള്‍ ആശയങ്ങള്‍ വരും.  ഇടക്ക് ഉറങ്ങും. ഉറക്കമാണെ​​​െൻറ ലഹരി. മറ്റൊരു ലഹരിയും ഉപയോഗിക്കാറില്ല. ഗാനരചനയില്‍ ജീവിതപശ്ചാത്തലവും അനുഭവങ്ങളും കാഴ്ചകളുമെല്ലാം ഏറെ സ്വാധീനിച്ചിട്ടുണ്ട്. 

അസുഖമായ സമയത്ത് വെല്ലൂര്‍ ആശുപത്രിയിലായിരുന്നു ഒരു ഓണം. ത​​​​െൻറ റൂം നമ്പര്‍ 206. തൊട്ടടുത്ത 207ല്‍ ജഗതി ശ്രീകുമാര്‍. അന്ന് ജഗതിയുടെ കുടുംബവും ത​​​​െൻറ കുടുംബവുമെല്ലാം ആശുപത്രിയില്‍തന്നെയാണ്. അങ്ങനെ ഓണം ആശുപത്രിയില്‍ ആഘോഷിക്കാന്‍ തീരുമാനിച്ചു. മലയാളികളായ ഡോക്ടര്‍മാരും ഒട്ടേറെ നഴ്സുമാരും ഫിസിയോ തെറപ്പിസ്​റ്റുകളുമുണ്ട്. സൗകര്യങ്ങള്‍ കുറവാണ്. റൂമില്‍ സ്​റ്റൗ അനുവദിക്കില്ല. പ​േക്ഷ, മറ്റൊരിടത്ത് പാചകത്തിന് ആശുപത്രി അധികൃതര്‍ അനുവാദം നല്‍കി. ത​​​​െൻറ ഭാര്യ പായസം വെച്ചു. ചില മലയാളിസുഹൃത്തുക്കള്‍ വിവിധ വിഭവങ്ങള്‍ കൊണ്ടുവന്നു. ജഗതി എല്ലാം കണ്ടുകൊണ്ടിരിക്കുകയാണ്. പ്രതികരിക്കാനാവില്ല. അന്ന് ജഗതിയുടെ നാടിനെക്കുറിച്ച് താനൊരു കവിതയെഴുതി വായിച്ചുകേള്‍പ്പിച്ചു. പിന്നെ ആ കടലാസ് അദ്ദേഹത്തിന് കൈമാറി. ജഗതി അത് വാങ്ങി കീശയിലിട്ടു. മറ്റു പലരും ചോദിച്ചിട്ടും നല്‍കിയില്ല. സങ്കടപ്പെട്ട് കഴിയുന്ന രണ്ടു കുടുംബം അവിടെ ഓണം കൊണ്ടാടി. ദുഃഖങ്ങള്‍ക്കിടയില്‍ ചിരിച്ചും സംസാരിച്ചും പാട്ടുപാടിയും ഓണം കഴിച്ചത് മറക്കാനാവില്ല.

Kaithapram-Damodaran-Namboothiri-with-wife
കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും ഭാര്യയും
 

കഷ്​ടപ്പാടായിരുന്നെങ്കില്‍പോലും പഴയകാലത്തെ ഓണമാണ് നല്ലതെന്ന് തോന്നാറുണ്ട്. ഓര്‍ക്കാന്‍ അമ്മയും എപ്പോഴെങ്കിലുമെത്തു​ന്ന അച്ഛനും ഇല്ലവും  ഗ്രാമവും കൂട്ടുകാരുമെല്ലാം ഉണ്ടായിരുന്ന, ഉള്ളതുകൊണ്ടുള്ള ഓണങ്ങള്‍. വീട്ടിലുണ്ടാക്കിയ പച്ചക്കറികള്‍ കൊണ്ട് അമ്മ പാകം ചെയ്ത വിഭവങ്ങള്‍. ഇല്ലത്തെ കഷ്​ടപ്പാട് കണ്ടറിഞ്ഞ് വീട്ടില്‍ വിളിച്ചുകൊണ്ടുപോയി പായസവും മറ്റും തന്നിരുന്ന അയല്‍ക്കാര്‍. ഒന്നും മറക്കാനാവില്ല. ഇന്ന് എല്ലാം കടയില്‍ പോയി വാങ്ങുകയല്ലേ. എല്ലാറ്റിനും കൃത്രിമച്ഛായയുണ്ട്.

സിനിമയുടെ ഇപ്പോഴത്തെ പോക്കില്‍ തീരെ സംതൃപ്തനല്ല. ഭരതനെയും ലോഹിതദാസിനെയുംപോലുള്ളവരെ ഇന്ന് കാണാനില്ല. നടനെയും നിര്‍മാതാവിനെയുമെല്ലാം വെല്ലവിളിക്കാനാവുന്ന സംവിധായക പ്രതിഭകള്‍ വേണം. നടനോട് നീ എ​​​​െൻറ ആയുധം മാത്രമാണെന്ന് പറയാന്‍ ചങ്കൂറ്റമുള്ളവര്‍. എന്നാല്‍, വിജയിയെന്ന് കരുതുന്നവരൊക്കെ അമ്പേ പരാജയമാണ്. പാട്ടെഴുത്തുകാര്‍ക്ക് ഇപ്പോള്‍ വിലയില്ലാതായിരിക്കുന്നു. സിനിമയുടെ സംവിധായകനും നിര്‍മാതാവുമൊന്നുമല്ല കാര്യങ്ങള്‍ തീരുമാനിക്കുന്നത്. സംഗീതസംവിധായകന്‍  ഒന്നിച്ച് കരാറെടുക്കുകയാണ്. എന്നിട്ട് കുറഞ്ഞ നിരക്കില്‍ കിട്ടുന്ന ആളെക്കൊണ്ട് പാട്ടെഴുതിക്കും. സംഗീതംകൊണ്ട് വരികളെ അപ്രസ്കതമാക്കും.

ഇപ്പോള്‍ നായകനെ സോപ്പിടാന്‍ അയാള്‍ പറയുന്നയാളുകളെയാണ് എല്ലാ കാര്യങ്ങള്‍ക്കും വിളിക്കുക. ഈ രീതികളെല്ലാം പൊളിച്ചെറിയണം. പുതിയ തലമുറയില്‍ നല്ല എഴുത്തുകാരുണ്ടെങ്കിലും ഇനിയും മെച്ചപ്പെടാനുണ്ടെന്നാണ് താന്‍ പറയുക.  എ​​​​െൻറ പാട്ടിതാ എന്നു പറഞ്ഞ് ഒരു അനശ്വര ഗാനം ചൂണ്ടിക്കാണിക്കാന്‍ അവര്‍ക്ക് സാധിക്കണം. എല്ലാവരും ഏറ്റുചൊല്ലുന്ന ഗാനം. മറ്റുള്ളവരുടെ അവസരങ്ങള്‍ ഇല്ലാതാക്കുംവിധത്തില്‍ ഇടപെട്ടിട്ടില്ല. ദാസേട്ടന്‍ പാടണമെന്ന് ഉള്ളില്‍ ആഗ്രഹമുണ്ടെങ്കിലും അത് പറയാറില്ല. അത് മറ്റുള്ളവരുടെ അവസരം ഇല്ലാതാ​േക്കണ്ട എന്നു കരുതിയാണ്.

പീഡനത്തിനിരയായ നടിയോടൊപ്പമേ തനിക്ക് നില്‍ക്കാനാകൂ. തനിക്ക് അയാളുടെ പടം വേണ്ട എന്ന്  ചങ്കൂറ്റത്തോടെ പറയും. അതിന് ഒരു മടിയുമില്ല. ദിലീപ് നിരപരാധിയാണെങ്കില്‍  അദ്ദേഹത്തോടൊപ്പം നില്‍ക്കാന്‍ ഒരു മടിയുമില്ല. പ​േക്ഷ, ഇപ്പോള്‍ അയാള്‍ സംശയത്തി​​​​െൻറ നിഴലിലാണ്. ഇത് വ്യക്തിപരമായ പ്രശ്നമല്ല. ആശയപരമാണ്. പണമുണ്ടെങ്കില്‍ എന്തുമാകാമെന്ന അവസ്ഥയെ അംഗീകരിക്കാനാകില്ല. ഒരു സംഘടനയിലും വിശ്വസിക്കുന്നില്ല. വ്യക്തികളുണ്ടാകും. തനിക്ക് ആരെയും ഭയമില്ല. ദൈവത്തെപ്പോലും ഭയക്കുന്നില്ല. ദൈവത്തെ സ്നേഹിക്കുകയാണ്. ഈ ജീവിതത്തില്‍ സംതൃപ്തനാണ്. ബഹുമുഖ കാര്യങ്ങള്‍ ചെയ്യാനായി. സിനിമയില്‍ കഥയെഴുതി, അഭിനയിച്ചു, പാട്ടെഴുതി, പാടി... ഒന്നിലും തോല്‍വിയുണ്ടായിട്ടുമില്ല. മലയാളികള്‍ എന്നോട് കാണിക്കുന്ന ഇഷ്​ടവും സ്നേഹവും വിലമതിക്കാനാവാത്തതാണ്. വലിയ നടന്മാര്‍ക്ക് കിട്ടുന്നതിലും അധികമാണതെന്നാണ് താന്‍ പറയുക. ത​​​​െൻറ പാട്ടിലൂടെ ഇനിയും എത്രയോ കാലം അവര്‍ ഓര്‍ക്കുമെന്നുറപ്പുണ്ട്. ഇനിയും ഒരുപാട് പാട്ടെഴുതാനുണ്ട്. ഇപ്പോള്‍ പണ്ടത്തേക്കാള്‍ വേഗത്തില്‍ എഴുതാന്‍ സാധിക്കുന്നുണ്ട്. എഴുതുന്നുമുണ്ട്-ആത്മവിശ്വാസവും പ്രതീക്ഷയും നിറച്ച കൈതപ്രത്തി​​​​െൻറ വാക്കുകളില്‍ നിശ്ചയദാര്‍ഢ്യത്തി​​​െൻറ ചൂട്.

Loading...
COMMENTS