സ്ത്രീ ശാക്തീകരണ നേതൃ മികവിൽ പ്രേമ പൂജാരി ഡൽഹി റിപ്പബ്ലിക് പരേഡിൽ
text_fieldsപ്രേമ പൂജാരി
മംഗളൂരു: ഡൽഹിയിൽ 75ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ ബണ്ട്വാൾ താലൂക്കിലെ സംഗബെട്ടു ഗ്രാമത്തിൽനിന്നുള്ള അമൃത സഞ്ജീവനി ഗ്രാമപഞ്ചായത്ത് തല മോഡൽ ഫെഡറേഷൻ അംഗം പ്രേമ പൂജാരിയെ പ്രത്യേക അതിഥിയായി തെരഞ്ഞെടുത്തു. സ്വയം സഹായ കൂട്ടായ്മകളിലൂടെ സ്ത്രീശാക്തീകരണ മേഖലയിൽ അർപ്പിച്ച സംഭാവനക്കാണ് ആദരം.
2016ൽ ഭ്രമരി നവോദയ സ്വയം സഹായ സംഘത്തിലെ അംഗമായാണ് പ്രേമ തന്റെ യാത്ര ആരംഭിച്ചത്. കൃഷിയും ക്ഷീരകർഷകത്വവും ഉപജീവനമാർഗമായി സ്വീകരിച്ചു. തുടക്കംമുതൽതന്നെ സമൂഹാധിഷ്ഠിത പ്രവർത്തനങ്ങളിൽ അവരുടെ താൽപര്യം പ്രകടമായിരുന്നു. 2018ൽ ഗ്രാമപഞ്ചായത്ത് തല ഫെഡറേഷന്റെ രൂപവത്കരണത്തോടെയാണ് അവരുടെ നേതൃപാടവം ഉയർന്നുവന്നത്.
ഫെഡറേഷനെ ശക്തിപ്പെടുത്തുന്നതിൽ സജീവമായി പങ്കെടുത്ത അവർ പിന്നീട് ബണ്ട്വാൾ താലൂക്കിന്റെ റിസോഴ്സ് പേഴ്സനായി സേവനമനുഷ്ഠിച്ചു. പ്രതിബദ്ധതയോടെ ഉത്തരവാദിത്തം ഏറ്റെടുത്തു. ബണ്ട്വാൾ താലൂക്കിലുടനീളമുള്ള 430ഓളം സ്വാശ്രയ ഗ്രൂപ്പുകളെ സഞ്ജീവിനി ഫെഡറേഷനുകൾക്ക് കീഴിൽ കൊണ്ടുവരുന്നതിൽ അവർ പ്രധാന പങ്കുവഹിച്ചു. വിവിധ സർക്കാർ ക്ഷേമ പദ്ധതികളെക്കുറിച്ച് സ്ത്രീകൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിൽ നിരന്തരം പ്രവർത്തിച്ചു.
നിരവധി സ്ത്രീകളെ സ്വയം തൊഴിലിലേക്ക് നയിക്കുന്നതിൽ അവർ നിർണായക പങ്ക് വഹിച്ചു. നൈപുണ്യ പരിശീലനം, വരുമാനമുണ്ടാക്കൽ പ്രവർത്തനങ്ങൾ, കമ്യൂണിറ്റി നിക്ഷേപ ഫണ്ട് വായ്പകൾ, ബാങ്ക് ലിങ്കേജുകൾ എന്നിവ സുഗമമാക്കുന്നതിലൂടെ, നിരവധി കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിരത ശക്തിപ്പെടുത്താൻ അവർ സഹായിച്ചു.
മറ്റുള്ളവർക്ക് ഉപദേശം നൽകുന്നതിനൊപ്പം, സോപ്പ് നിർമാണം, ഫിനൈൽ ഉൽപാദനം, കൃഷി എന്നിവയിൽ ഏർപ്പെടുകയും സ്ഥിരവരുമാനം നേടുകയും ചെയ്യുന്നു. ഭർത്താവ് ഗോപാല പൂജാരിയോടൊപ്പം വിമാനത്തിൽ ഡൽഹിയിലേക്ക് പുറപ്പെട്ടു. ഇതുവരെ ട്രെയിനിൽ പോലും യാത്ര ചെയ്തിട്ടില്ലെങ്കിലും വകുപ്പ് അംഗീകരിച്ചതും ഡൽഹിയിൽ പ്രത്യേക അതിഥിയായി പറക്കാൻ അവസരം ലഭിച്ചതും വളരെയധികം സന്തോഷം നൽകിയെന്ന് വിമാനം കയറും മുമ്പ് അവർ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

