കർണാടകയിൽ പട്ടികജാതി സംവരണ സർവേ തുടങ്ങി
text_fieldsമുഖ്യമന്ത്രി സിദ്ധരാമയ്യ ബംഗളൂരുവിൽ വാർത്തസമ്മേളനത്തിൽ
ബംഗളൂരു: പട്ടികജാതി (എസ്.സി) വിഭാഗങ്ങൾക്കായുള്ള സംസ്ഥാനതല ആഭ്യന്തര സംവരണ സർവേക്ക് തിങ്കളാഴ്ച തുടക്കമായി. നിലവിലുള്ള സംവരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സമഗ്രവും ശാസ്ത്രീയവുമായ വിവരങ്ങൾ ശേഖരിക്കുകയാണ് സർവേയുടെ ലക്ഷ്യം.
ഇപ്പോൾ നടക്കുന്ന സർവേ ജാതി സെൻസസ് അല്ലെന്നും പട്ടികജാതി സമൂഹങ്ങളെ കേന്ദ്രീകരിച്ച് മാത്രമുള്ള സർവേയാണെന്നും തിങ്കളാഴ്ച ബംഗളൂരുവിൽ വാർത്തസമ്മേളനത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. 2024 ആഗസ്റ്റ് ഒന്നിലെ സുപ്രീം കോടതി ഉത്തരവിന് അനുസരിച്ചും റിട്ട. ഹൈകോടതി ജഡ്ജി നാഗമോഹൻ ദാസ് നേതൃത്വം നൽകുന്ന ഏകാംഗ കമീഷന്റെ ശിപാർശകളുടെ അടിസ്ഥാനത്തിലുമാണ് സർവേ നടത്തുന്നത്.
കർണാടകയുടെ വികസന യാത്രയിൽ ഒരു സമുദായവും പിന്നിലാവില്ലെന്ന് ഈ സർവേ ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മൂന്ന് ഘട്ടങ്ങളായുള്ള സർവേയുടെ ആദ്യ ഘട്ടമാണ് തിങ്കളാഴ്ച ആരംഭിച്ചത്. ആദ്യഘട്ടത്തിൽ ഈ മാസം 17 വരെ അധ്യാപകർ എല്ലാ വീടുകളിലും സന്ദർശനം നടത്തി വിവരങ്ങൾ ശേഖരിക്കും.
മേയ് 19 മുതൽ 21 വരെയുള്ള രണ്ടാംഘട്ടത്തിൽ ആദ്യഘട്ടത്തിൽ വിവരങ്ങൾ ലഭിക്കാത്തവർക്ക് വിവരങ്ങൾ നൽകാൻ കഴിയുന്ന പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കും. 22 വരെയുള്ള മൂന്നാം ഘട്ടത്തിൽ ഓൺലൈൻ പോർട്ടൽ വഴി സ്വയം പ്രഖ്യാപനം നടത്താൻ അനുവദിക്കും.
സർവേ നടപടികൾക്കായി ഏകദേശം 100 കോടി രൂപ സർക്കാർ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. സർവേ നടത്താൻ ഏകദേശം 65,000 അധ്യാപകരെ നിയോഗിച്ചു. 10 മുതൽ 12 വരെ അധ്യാപകരുള്ള ഓരോ ഗ്രൂപ്പിനും ഒരു സൂപ്പർവൈസർ മേൽനോട്ടം വഹിക്കും. വിദ്യാഭ്യാസ വകുപ്പിൽനിന്ന് പ്രത്യേകം തിരഞ്ഞെടുത്ത 57,000 അധ്യാപകരെയാണ് സർവേക്കായി നിയോഗിച്ചിരിക്കുന്നത്.
സർവേയർമാർ ഡേറ്റ രേഖപ്പെടുത്തുന്നതിനായി പ്രത്യേകം വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കും. വോട്ടർ ഐ.ഡിയിൽ രേഖപ്പെടുത്തിയ വിലാസത്തിന്റെ അടിസ്ഥാനത്തിൽ വീടുകൾ സന്ദർശിക്കുകയും പട്ടികജാതി കുടുംബങ്ങളിലെ ഓരോ അംഗത്തിന്റെയും വിവരങ്ങൾ രേഖപ്പെടുത്തുകയും ചെയ്യും.
ജാതി, ഉപജാതി വിവരങ്ങൾ നിർബന്ധമായും രേഖപ്പെടുത്തും. സർവേയിൽ പങ്കെടുക്കുന്നവർക്ക് തിരിച്ചറിയൽ കാർഡുകൾ നൽകിയിട്ടുണ്ട്. ശാസ്ത്രീയ കൃത്യത ഉറപ്പാക്കാൻ മൊബൈൽ ആപ് ഉപയോഗിച്ചായിരിക്കും സർവേ നടത്തുക. 2011ലെ സെൻസസ് മുൻ സദാശിവ കമീഷൻ പട്ടികജാതി സമൂഹങ്ങളുടെ ജനസംഖ്യ നിർണയിക്കാൻ ഉപയോഗിച്ചിരുന്നുവെന്നും സിദ്ധരാമയ്യ പറഞ്ഞു.
എന്നാൽ ആദി ദ്രാവിഡ, ആദി കർണാടക, ആദി ആന്ധ്ര തുടങ്ങിയ വിവിധ പട്ടികജാതി ഉപഗ്രൂപ്പുകൾക്ക് ആഭ്യന്തര സംവരണം നിർണയിക്കാൻ കൃത്യവും ശാസ്ത്രീയവുമായ ഡേറ്റ ആവശ്യമാണ്. കർണാടകയിലെ 101 ജാതികളെ പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വിഭാഗങ്ങൾക്കിടയിൽ ആഭ്യന്തര സംവരണ ആനുകൂല്യങ്ങളുടെ ശാസ്ത്രീയ വർഗീകരണത്തിനും തുല്യമായ വിതരണത്തിനും സഹായിക്കുന്നതിനായാണ് സർവേ ഫലം ഉപയോഗിക്കുക.
രണ്ടു മാസത്തിനകം വിവര ശേഖരണത്തിന്റെ റിപ്പോർട്ട് സമർപ്പിക്കും. ഇതിനുശേഷം സർക്കാർ സംവരണ നയങ്ങൾ പ്രഖ്യാപിക്കും. സർവേയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് 94813/59000 എന്നീ ഹെൽപ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

